എന്നെ ലൈക്കണേ....

Wednesday, March 24, 2010

ഒരു കാറ്റ് മടങ്ങുന്നു..



*
ഒരു കാറ്റ് മടങ്ങുന്നു..
ചുരങ്ങളില്‍ ചുരമാന്തി
ചരിത ശല്‍ക്കങ്ങളായ്
സ്ഖലിക്കുന്ന സ്വപ്‌നങ്ങള്‍,
ഇതിഹാസ വചസ്സുകള്‍
ഈ ശ്ലഥരഥ്യയില്‍ ബാക്കി വെച്ച്
കാറ്റ് മടങ്ങുന്നു..
ശോധനയില്ലാത്ത
പ്രജാപതികള്‍ക്ക് മേല്‍
കാറ്റ്, ഒരു വാക്കിന്‍റെ മുനയായ്
കഠാരയുടെ കനമായ്
തൂങ്ങിക്കിടന്നിരുന്നു..
കടല്‍ത്തീരങ്ങള്‍
പിറവിയുടെ ഉപ്പുരസം തേച്ച
നഗ്നതയാണെന്നു
കാറ്റന്നടക്കം പറഞ്ഞിരുന്നു ..
ഊശാന്‍ താടി, കണ്ണട, ജുബ്ബ
ബുധിജീവിക്കുടുമകളല്ലെന്ന്,
യാത്രകള്‍ പലായനങ്ങളല്ലെന്ന്
കാറ്റ് കലഹിച്ചിരുന്നു...
ഇന്ദ്ര പ്രസ്തങ്ങളുടെ വന്ധ്യതയില്‍
ഇരുകാലി ദൈവങ്ങളുടെയന്ധതയില്‍
കാറ്റ് മൗനമുടച്ചിരുന്നു..
ഒടുവില്‍,
മരണ സേകത്തിന്‍റെ നോവും രുചിച്ചു
ഓര്‍മ്മയില്‍ ഉര്‍വ്വരശ്ലോകം വിതച്ചു
മറവിയുടെ മഴയെപ്പഴിച്ചു
കാറ്റ് വേര്‍പിരിയുന്നു..
--------ശുഭം----- 
















സമര്‍പ്പണം:
മലയാളത്തിന്‍റെ ഇതിഹാസകാരന്‍ ഓ. വി. വിജയന്..

Tuesday, March 23, 2010

മനസ്സ്‌



*
മനസ്സൊരു നിരാകാര ഭാവം;
ദൈവമായ്‌,
ദേഹത്തിലിണ ചേര്‍ന്ന വാദം..
മരണം വരെ നമ്മിലിടറാതെ പാടുന്ന
ദേഹിയുടെയാര്‍ദ്രമാം രാഗം..!
മൃതമാം പ്രതീക്ഷകള്‍,
നോവാളുമുണ്മകള്‍,
ചിതല്പുറ്റുമൂടും കിനാവുകള്‍,
ശിബികാ ഭരിതമാം മോഹങ്ങള്‍, മൗനങ്ങ-
ളോര്‍മ്മകള്‍ ചുട്ടുപൊള്ളിക്കുന്നവ..
ഗതകാല സന്ധ്യകള്‍ ഗര്‍ഭ നിശ്വാസങ്ങ-
ളഗ്നിശലാക പോല്‍ കത്തിപ്പടര്‍ന്നവ..
ഇരകളായ്, വേട്ടയാടും നരിക്കൂട്ടമായ്
ദ്വന്ദ ഗന്ധങ്ങളെ പുല്‍കിപ്പിളര്‍ന്നവ..
മഴയേറ്റ, വെയിലേറ്റ ചിന്തകള്‍,
പ്രത്യയശാസ്ത്ര നിബദ്ധമാം നിര്‍വ്വചനങ്ങള്‍..
ദുരന്ത നിസ്തേജമാമുള്‍കാഴ്ചകള്‍ പേറി-
യുന്മാദ ബാധകളെന്നേ പുണര്‍ന്നവ..
ചരിതായനങ്ങളില്‍
ചതി കൂര്‍ത്ത വാളായ് തുളഞ്ഞിറങ്ങുന്നതും...
അധിനിവേശത്തിന്‍റെ ദ്രംഷ്ട്രങ്ങളില്‍
ആരുടെയോ നിണച്ചോപ്പുണങ്ങുന്നതും...
പെണ്‍കഴലുകള്‍ക്കിടെ യനാഥമാം സ്വര്‍ഗ്ഗ-
മിന്നൊരുപാട് ദൈവങ്ങള്‍ വാഴുന്നതും;
ദൈവ- പുത്രരെ പെറ്റു തളരുന്നൊരുദരങ്ങള്‍
നവവേദ പുസ്തകത്താളിലെ നേരായ്‌, വിതുമ്പലായ്
നോവിന്‍റെ വന്ധ്യ ഗന്ധം തിരയുന്നതും..
അറിയുന്നുവെങ്കിലും, അറിയാതെ നിന്ദ്യമാം
മൗനത്തെ ജപമായുണര്‍ത്തുന്നവ...
*
മനസ്സൊരു നപുംസക സ്വത്വം
ദര്‍പ്പണങ്ങളില്‍ മറവിയുടെ കാഴ്ചകള്‍
ഇരവിന്നശാന്തമാം മര്‍മ്മരങ്ങള്‍;
നോവിലുടയും നിലാവിന്‍റെ ചില്ലാടകള്‍..
*
അഴലുകള്‍ നിഴല്‍ വിരിച്ചാടും നിലങ്ങളില്‍,
ജന്മാന്തരത്തിന്‍ നിയോഗങ്ങളില്‍,
നിയതമാം വിധി തന്‍റെ നിയമങ്ങളില്‍,
നിലനില്പ്പിനായ് പേറുന്ന മനസ്സെന്ന ഭാരം...!
മരണമാം വ്രണിത സമവാക്യങ്ങളില്‍
ജീര്‍ണ്ണ സാനിധ്യമായ്, വെണ്ണീര്‍ക്കിനാവുമായ്,
കണ്ണുനീര്‍ കത്തിപ്പഴുപ്പിച്ചോരോര്‍മ്മയായ്
ബാക്കിയാവുന്നുവീ മനസ്സെന്ന ഭാണ്ഡം...!!
----------------ശുഭം-------------

ഒഴുക്കിലെ പ്രിയപ്പെട്ട ഒരിലയെക്കുറിച്ച്..

*
കഥയായെരിഞ്ഞു തീരുന്നതിന്‍ മുന്‍പൊരു
കഥയുടെ വ്യഥയുമായ്‌,
വേവാത്ത മനവുമായ്,
നോവാതെ നോവുന്നോരുടലുമായിനിയും
നിലക്കാത്ത നിനവിനെ,
നിണം വാര്‍ന്ന നിഴലിനെ,
കടലിനെ, കിനാവിനെ,
മഴയെ-
മലര്‍ പോലെ വിരിയും നിലാവിനെ
മഷിവിരലാലെന്നുമെഴുതാന്‍ പിറന്നവള്‍..
*
സ്വപ്നങ്ങളില്‍,
ജന്മദര്‍പ്പണങ്ങള്‍ പോറും
അഴലിന്‍റെ ചിഹ്നങ്ങളെരിതീക്കനല്‍ പോലെ
പിറവിക്ക് കൂട്ടായിരുന്നു..,
അവളുടെയോര്‍മ്മകള്‍,
ജന്മാന്തരങ്ങള്‍ക്കുമപ്പുറം
നിയതിയുടെയിരുളില്‍ തടം തല്ലുമരുതുകള്‍,
മൗനങ്ങള്‍ കൊണ്ടുയിര്‍ പൂണ്ട ദേവോക്തികള്‍
മറവിയുടെ മന്ത്രമായിണ ചേര്‍ന്നതും
കണ്ടുറക്കെപ്പിടഞ്ഞിരുന്നു...
*
അവള്‍ തേച്ച നേരിന്‍റെ നിറമേറ്റു താളുകള്‍
ഋതുമതികളായ്,കൂര്‍ത്ത-
സ്മൃതികളുടെ മുനകളില്‍
മൃത ഗന്ധമേറ്റോരിന്നിന്‍ പരിശ്ച്ചേദമാ-
മുത്തരാധുനിക സങ്കല്‍പ്പങ്ങളില്‍
വേറിട്ട പ്രത്യയ ശാസ്ത്രമായുന്‍മാദ
സ്വേദം നനഞ്ഞ കണ്ണാടിയായിരുളിന്‍റെ
നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു..
ഈയിരുളിന്‍റെ നേര്‍ക്ക്‌ തുറിച്ചു നോക്കുന്നു...!
*
അവളെയനുധാവനം ചെയ്യുവാനിന്നും
മരണം ഭയക്കുന്നു...
പിന്നെയെന്തിനായവളീ
ജന്മങ്ങളില്‍ നിന്നും
ജന്മം പകുക്കുന്ന
പാലത്തിനരികിലൊരു
ചിരിയുമായാരെയോ കാത്തു നില്‍ക്കുന്നു...?
ഇനിയുമായിരം കഥകള്‍ തന്‍ പേറ്റു നോവെരിയുന്ന
ഹൃദയം സ്വയം മുറിക്കുന്നു...??
------------ശുഭം------------
സമര്‍പ്പണം: മലയാളത്തിന്‍റെ "പ്രിയ"പ്പെട്ട കഥാകാരിക്ക്‌..

Saturday, March 20, 2010

കതിരും പതിരും..

ഇന്ഗ്ലീഷെന്നു പറഞ്ഞാലുടലില്‍
വേഷം തീണ്ടാ യോഷ കണക്കെ..
ഭോഷന്മാരിഹ മലയാളത്തിന്‍
ഭാഷ മറന്നനുഗമനം പൂണ്ടു.
പുകഴ് പാടാനവര്‍ ജിഹ്വകളെന്തി-
പ്പുലയാടുന്ന വിദേശമഹത്വം;
പുലരാറായില്ലവരുടെ ചിന്തക-
ളുലകള്‍ കെട്ടതു പോലെ സ്വത്വം..!
അമ്മയെ നീയെന്നച്ച്ചനെ നീയെ-
ന്നമ്മട്ടാണീയാംഗല ശീലം;
ഗുരുചരണം കൈ തൊട്ടു നമിപ്പതു
ധ്വരയായാലവമാനമതത്രേ..
ഉദ്ധത പഠനം ബോധമുടച്ചവര്‍
വിദ്ധാംഗര്‍ മന്ഗ്ലീഷേ മൊഴിയു;
അധ്വാനിച്ചു വിയര്‍പ്പില്‍ മുങ്ങാ-
നന്ധന്‍മാരവരിന്നു മടിപ്പൂ..
മധു മലയാളത്തിരുമൊഴി നേരാ-
നധരം മടി കൊള്ളുന്ന യുഗത്തില്‍
മധുരം തിരിയാച്ചുണ്ടു കരിമ്പിന്‍
മധുരം നേടാനിടയൊട്ടുണ്ടോ?
സത്രം പോലൊരു മിത്രം പോലെ
മാത്രം കരുതുക ഹൌണീഭാഷ്യം..
സ്വന്തം ഭവനം, ഭാര്യ, സ്വദേശം
മറ്റെന്തും ബദലാമോവുലകില്‍??

Friday, March 12, 2010

മരിക്കുന്നവന്‍റെ ഓര്‍മ്മ..

മറവിയുടെ കറുത്ത രഥത്തില്‍
മരണത്തിന്‍റെ തണുത്ത മരവുരിയുമായ്‌
മടങ്ങുന്നതിന് മുന്‍പ്‌,
എനിക്കൊന്നു കൂടി
ചെയ്തു തീര്‍ക്കാനുണ്ട്...
ചെറിയ ചെറിയ മരണങ്ങളായ്
ഓരോ രാവിലും
ഉറക്കങ്ങളെന്നിലേക്ക്
അരിച്ചിറങ്ങുന്നതിനു മുന്‍പ്‌
ഞാന്‍ ചെയ്യാറുണ്ടായിരുന്നത്..!
ഞാന്‍ നിന്നെ ഓര്‍ക്കുകയാണ്..
എന്‍റെയോര്‍മ്മകളില്‍
നീയൊരു നൊമ്പരമായിരുന്നു..
എന്നും,
നിന്‍റെ നോവുകള്‍ പോലെ
നനുത്ത വിരല്‍ നീട്ടി
സ്വപ്നങ്ങളെന്‍റെ മനസ്സില്‍
നഖക്ഷതങ്ങളെല്‍പ്പിച്ചു.
നീയെന്‍റെ സഖിയായ്‌ തീര്‍ന്നത്
സ്വപ്‌നങ്ങള്‍
ബാധ്യതകളായ് മാറിയപ്പോഴല്ല...
പ്രത്യയശാസ്ത്രങ്ങളില്‍
പ്രണയത്തിന്‍റെ നിര്‍വചനം
മഷി പരന്നു കട്ടപിടിച്ചപ്പോഴല്ല...
ഞാന്‍ നിന്നെ സ്നേഹിച്ചത് കൊണ്ടു മാത്രം..!
ഞാന്‍ നിന്‍റെ നിഴലായ്‌ തീര്‍ന്നത്
വെയില്‍ത്തുമ്പികള്‍
സൂര്യന്‍റെ കൂട്ടിലുണര്‍ന്നത് കൊണ്ടല്ല..
നിലാവിന്‍റെ
സ്വര്‍ണ്ണനാളങ്ങള്‍
പെയ്തിറങ്ങിയത് കൊണ്ടല്ല..
നീ നിന്‍റെ നിഴലായി
എന്നെ മാറ്റിയത് കൊണ്ടു മാത്രം..!!
ഈ കടുത്ത നോവിന്‍റെ നിറങ്ങള്‍
എന്‍റെയാത്മാവില്‍
സൂചിമുനകള്‍ പോലെ
ഒലിച്ചിറങ്ങുമ്പോള്‍
എനിക്ക് ചെയ്യാനാവുന്നതും
ഇത്ര മാത്രം..;
നിന്നെയോര്‍മ്മിക്കുക...!!!

പടുതയുടെ കാഴ്ച


*
ഷര്‍ബത് ഗുല,
നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
കാലം നെയ്ത മൂടുപടങ്ങളെക്കുറിച്ച്
ഞാന്‍ പറയട്ടെ...
ചരിത്രങ്ങളെ മൂടുവാന്‍
കറുത്ത മറവികളുടെ
കൂര്‍ത്ത തിരുത്തലുകളുടെ
മുഖം മൂടികളെന്നുമുണ്ടായിരുന്നു!
'തോറാബാറ'യുടെ ചെരിവുകളിലെ
പൊടിക്കാറ്റെല്‍ക്കാതിരിക്കാനോ
ദുരന്തങ്ങളെ കണ്ടു പേടിക്കാതിരിക്കാനോ
ഒന്നിനുമായിരുന്നില്ല
ആ മുഖപടങ്ങളെന്നെനിക്കറിയാം.
നിനക്ക് മുന്‍പില്‍
കാഴ്ചകള്‍ നഗ്നങ്ങളായിരുന്നു!
ഇനിയും മരിക്കാത്ത രാമനു വേണ്ടി
പണി തുടങ്ങുന്ന സ്മാരകങ്ങളും,
അധിനിവേശങ്ങളുടെ കോമരങ്ങളും,
ജനതയെ ജിഹാദിന്‍റെയിരകളാക്കുന്ന
ലാദന്‍റെ മാരണങ്ങളും
നിന്‍റെ റെറ്റിനയില്‍ പ്രതിഫലിച്ചിരുന്നു..
തുളയുന്ന നിന്‍റെ നോക്കില്‍,
കാലത്തിനോടുള്ള കലഹവും
ഭൂതത്തിനോടുള്ള ഭയവും
യാത്രകളുടെ ദൈന്യതയും
തളംകെട്ടി നിന്നിരുന്നു..
ഷര്‍ബത് ഗുല,
ഇനി നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
നീ കാഴ്ചകളുടെ പടുതയിടുക;
അവര്‍ക്ക്‌ എറിഞ്ഞുടക്കുവാനിനി
ആ കണ്ണുകള്‍ മാത്രമല്ലേ ബാക്കിയുള്ളൂ..!?


----------ശുഭം-----------

സമര്‍പ്പണം:
അഭ്യന്തര യുദ്ധത്തിനിടയില്‍, തീവ്രവാദത്തിനിടയില്‍ അവഗണിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തിന്..
(തോറാബാറ: അഫ്ഗാനിലെ ഒരു പര്‍വതം)

അകവിയുടെ കവിതകള്‍1

നിശാഗന്ധികള്‍ക്ക്

വിരിയാനായൊരു പകലിനി

വരാനില്ല..

രാക്കനവുകള്‍ക്ക്

നുറുങ്ങിവീണ നിലാവിന്‍റെ

നോവിലുറയുന്ന മധുരം..

പകല്‍ക്കിനാവുകള്‍

അനാഥമായ മഴ പോലെ..

ഓര്‍മ്മകള്‍ക്ക് മേലെ

ഗ്രിഹാതുരതയുടെ മേലങ്കിയണിഞ്ഞ്

ഭൂതകാലം..

അര്‍ദ്ധവിരാമാത്തിന്‍റെ

വര്‍ണ്ണചിഹ്നവുമേന്തിയാണ്

സന്ധ്യകള്‍ വിരുന്നെത്തുക..

പകലും രാത്രിയും

ഇണകളെപ്പോലെ പരസ്പരമലിഞ്ഞു

കടലിനു മേലെ

മേഘത്താളിലെഴുതി നിറച്ച

നിറങ്ങളിലേക്ക് വിലയിച്...!

ജന്മങ്ങള്‍ക്കിടയിലെ

സന്ധ്യയിലാണ് ഞാനിപ്പോള്‍

ചക്രവാളത്തിനും,

ചക്രവാകങ്ങള്‍ക്കും,

മേഘങ്ങള്‍ക്കും

കടല്ത്തിരകള്‍ക്ക് പോലും

ഒരേ നിറം..

(മരണത്തിനു പലപ്പോഴും കറുത്ത നിറമാണ്..!)

Thursday, March 11, 2010

ചാരുകസേരകളുടെ രാഷ്ട്രീയം

*
ചാരുകസേരകള്‍ക്ക്
മരണത്തിന്‍റെ മണമാണ്..
തൈലത്തിന്‍റെ വാടയും
മുറുക്കാന്‍ ചുവപ്പിന്‍റെ പാടയും
ജീവിതരോധത്തിന്‍റെ ബാധയും കലര്‍ന്നത്..
മൗനത്തിന്‍റെ മര്‍മ്മരങ്ങള്‍
നരച്ച നൈലോണ്‍ നാരുകളാല്‍
തമ്മില്‍ പുണര്‍ന്നത്..
ആഢൃത്വത്തിന്‍റെ ആസനങള്‍ക്ക്
വിശ്രമകേന്ദ്രമായത്..
ആദര്‍ശങ്ങളുടെ അര്‍ബുദങ്ങള്‍,
മസ്തിഷ്ക പ്രക്ഷാളനങ്ങള്‍,
പൊങ്ങച്ചത്തിന്‍റെ ഹര്‍മ്യങ്ങള്‍,
പരദൂഷണ പ്രവാഹങ്ങള്‍,
ജാരസേകങ്ങള്‍
എല്ലാം പാരസ്പര്യത്തിന്‍റെ
ചങ്ങലക്കണ്ണികളായത്..
ചാരുകസേരകള്‍ക്ക്
ഏകാന്തതയുടെ നിറമാണ്..
ഗ്രിഹാതുരതയുടെ ഹരിതാഭകള്‍ക്കും
സ്വപ്നങ്ങളുടെ ശോണിമക്കും
ദുഖങ്ങളുടെ കാളിമക്കുമപ്പുറം
ജന്മങ്ങളുടെ ജാലകക്കാഴ്ചകളിലേക്ക് തുറക്കുന്ന
കണ്ണുകളില്‍ തിളയ്ക്കുന്ന
വെളിച്ചത്തിന്‍റെ അതേ നിറം..!

Wednesday, March 10, 2010

കലി.കോം

ഇതു വഴി;
ഭൂലോക ചന്തയുടെ
അകത്തളങ്ങളിലേക്കുള്ള
മൂഷിക വഴി.
മൂന്നാംഗലേയവും
പിന്നെ നാമവും കോമും
ഈ വഴിയിലേക്കുള്ള
താക്കോല്‍ മൊഴി.
ഒരീമെയിലില്‍

ആഗോളവത്കരിക്കപ്പെട്ട
പ്രണയാക്ഷരിയുടെ
പ്രലോഭന മിഴി.
വലക്കണ്ണികള്‍

വഴിക്കണുകളാവുന്ന
ഉത്തരാധുനികതയുടെ
വാണിഭചുഴി.
അധിനിവേശങ്ങളുടെ
ശ്വേത വൈറസുകള്‍
ഇളകിയാര്‍ക്കുന്ന
ചതിക്കുഴി.
ഭൂമിക
ഭൂപടങ്ങളുടെ
ഇത്തിരിവട്ടത്തിലെക്ക്
ഒതുങ്ങും നിലവിളി;
ഒരെലിയുടെ കൊലവിളി!!

വെയിലിനെക്കുറിച്ച്..

നഷ്ടപ്പെട്ട സൂര്യകിരണങ്ങള്‍
എനിക്ക്
വര്‍ഷകാലത്തിന്‍റെ ദുഖമാകുന്നു.
ഒരു കഴുമരം
എനിക്കായ് കാത്തിരുന്ന
ഭൂതകാലത്തില്‍,
ചിതറിത്തെറിച്ച തലച്ചോറില്‍
അബോധങ്ങളുടെ രക്തബിന്ദുക്കള്‍ പരന്നൊഴുകിയ
പഴമയുടെ സ്വപ്നത്തില്‍
ഞാന്‍ സ്വയമൊരുക്കിയ ശവക്കുഴി.
എന്‍റെ നഗ്നത
പിറവിയുടെ വിഭ്രമകത.
ഒരു നിഴലില്‍ നിന്ന്
മറ്റൊരു നിഴലിലേക്കുള്ള
പ്രവാഹദൂരങ്ങളില്‍ നിന്ന്
ഞാനെന്നെ;
നിന്നെയും തിരിച്ചറിഞ്ഞു.
എന്‍റെയോര്‍മ്മയുടെ ചിതല്‍
നിന്‍റെ ചിന്തയെ കാര്‍ന്നുതിന്നത്
ഞാനറിഞ്ഞിരുന്നു.
*
ഇപ്പോള്‍
നഷ്ടപ്പെട്ട നിന്‍റെ വെയില്‍ച്ചൂട്
മനസ്സിലെരിയുന്ന സത്യമാണ്..!

Friday, March 5, 2010

രാത്രി


*
*
കറുത്ത ചേലയുടുത്ത രാത്രി;
ആര്‍ത്തനെന്‍ വ്യര്‍ത്ഥ സ്വപ്നങ്ങളെ
നെഞ്ചിലേറ്റുന്ന രാത്രി.
കറുത്ത വേശ്യയായ് രാത്രി;
നേര്‍ത്ത വിങ്ങലായുള്‍പ്പരപ്പിലേക്ക്
ബീജങ്ങളിഴയുന്ന രാത്രി.
കടുത്ത പ്രവാഹങ്ങളായോര്‍മ്മ-
യിഴ പൊട്ടിയാര്‍ക്കുന്ന രാത്രി;
സ്മരണശാപങ്ങളുടെ ധാത്രി.
ഉറയുന്ന ചങ്ങലക്കണ്ണിക-
ളുള്‍ക്കണ്‍ണ് പൊതിയുന്ന രാത്രി;
ഭഗ്ന ശാപാര്‍ത്ഥകത്തിന്‍റെ സാക്ഷി..!
*
നിഴലുകളിലെന്നെ ഞാന്‍ തിരയുന്ന രാത്രി..
എന്‍ കാല്‍പ്പാടു തേടുന്ന മിഴികളെ,
നഗ്നമാം ചേതനകളിറ്റും മനസ്സിനെ,
ബോധങ്ങളുള്‍ക്കാമ്പ് പോറും തലച്ചോറിനെ,
സ്വരചീളാലുണര്‍ത്തുന്ന രാത്രി.
കനത്ത മാറു ചുരന്ന രാത്രി,
ദുഗ്ദ്ധമായ് മഴത്തുള്ളിയിരച്ചെത്തി-
യെന്‍റെ നഗ്നതയിലഴയുന്ന രാത്രി.
നനുത്ത പ്രണയം നരച്ച രാത്രി,
എന്‍റെ രഥ്യയിലൊരീറനാം മയില്‍‌പ്പീലി
കാമ നേദ്യമായുതിരുന്ന രാത്രി.
പലായനങ്ങളുടെ രാത്രി....
ഇരുളിന്‍റെ മറപറ്റിയകലേക്ക്
ഒരേകന്‍റെ പദനിസ്വനങ്ങള്‍ ;
ചക്രവാളത്തിന്‍ മരീചിക.
നഗരായനങ്ങളിലെ രാത്രി....
ത്വരപൂണ്ട ജീവിതപ്പാശങ്ങളില്‍
പെട്ട് ചതയുന്ന വനരോദനങ്ങള്‍;
ഗലികളുടെ നിര്‍വ്വികാരത.
അധിനിവേശങ്ങളുടെ രാത്രി....
ആര്‍ത്തനാദങ്ങലുള്‍ത്തടം-
കോറുന്നോരായോധനങ്ങള്‍;
വിപ്ലവത്തിന്‍റെ വന്ധ്യത..!
*
ഇനിയെന്‍റെയവസാന രാത്രി..
മഹാപ്രളയമേകും
വിരാമ ചിഹ്നങ്ങളായ്
ഓര്‍മ്മയില്‍ മറവിയുടെ
മൗനശാപങ്ങള്‍;
ഇരുളിന്‍റെ ശാന്തത...!

----shubham----

*സന്തുഷ്ടരും, ഞാനും..


*
സന്തുഷ്ടരായ അവര്‍
കുറച്ച്‌ പേരുണ്ടായിരുന്നു...
ദുര്‍ഗന്ധമുള്ള ചതുപ്പുകളില്‍ നിന്ന്
ഉയിര്‍ത്തെഴുന്നേറ്റവര്‍!
ആന്ദ്രെഴീദ് സമ്മാനിച്ച
സുവര്‍ണ്ണ മോതിരവുമായി
ട്രൂമാന്‍ കെപ്പോട്ടി,
അല്‍ബേര്‍ കാമുവിന്‍റെ
പ്രണയസ്പര്‍ശങ്ങളെ ക്കുറിച്ച്
വാചാലനായി.
പീറ്റര്‍ ഓര്‍ലോവിസ്കിയെന്ന ഭാര്യയുമായി
അലന്‍ ഗിന്‍സ്ബെര്‍ഗ്
മധുവിധുവിന്‍റെ ലഹരി നുകര്‍ന്നു.
ടെന്നിസി വില്യംസ്...
ഗോറേ വിദാല്‍...
എല്ലാവരും കാമത്തിന്‍റെ
പരസ്പരദര്‍പ്പണങ്ങളായിരുന്നു.
നീയാരുടെ പ്രണയഭാജനമാണ്...?
സ്വപ്നത്തിന്‍റെ രതിമൂര്‍ച്ചക്കിടയില്‍
അവരെന്നോട് ചോദിച്ചു.
ഞാന്‍...! എന്‍റെ...!!
സ്ഖലിച്ചു നഷ്ടപ്പെട്ട എന്‍റെ ഉത്തരത്തില്‍
അവര്‍ സന്തുഷ്ടരായില്ല;
ഞാനും...!

-----ശുഭം----
*സന്തുഷ്ടര്‍:
സ്വവര്‍ഗ്ഗ രതിക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന
ഇന്ഗ്ലീഷ് പദത്തിന്‍റെ മലയാള അര്‍ഥം.
M.T.യുടെ ഒരു ലേഖനമാണ് ഈ കവിതയുടെ പ്രചോദനം.

പ്രവാസികളെക്കുറിച്ച്..


മണലാരണ്യപ്പെരുവഴിയോരം
ചിതയെരിയും തീയാളുന്നു...
കനവുയിരില്‍ കത്തിയമര്‍ന്ന-
പ്രവാസികളുടെ മനമുരുകുന്നു...

ഇവിടെപ്പകലന്തികലുഷ്ണ-
ച്ചുടലകളില്‍, നെടുവീര്‍പ്പുകളില്‍
തളരും കാല്ച്ചുവടുകളാലെ
നിനവൊരു നൊമ്പരമണിയുന്നു...

ഒരു സ്വപ്നച്ചിറകടിയേറി-
ക്കടലു കടന്നിട്ടൊടുവില്‍ നേടി-
പ്പെരുകിയ ദുരിതപ്പാരാവാര-
ത്തിരകളിലാരു വിതുമ്പുന്നു?

ഇതു വിധിയുടെ തടവറയാകാ-
മിതു സ്വര്‍ഗത്തിന്നിടവഴിയാകാ-
മിതു നാമെന്നോ കേട്ട് മടുത്തോ-
രറബിക്കഥയുടെ മണ്‍നിഴലാകാം!

ഈ ജീവിതസമരത്താളില്‍
ചുടുനിണ മൊഴുകി പ്പോറിയ-
ചുടല മണക്കും മോഹത്തിന്റെ വചസ്സ്‌!
ഈയൂഷര മേഘച്ചെരുവില്‍
ചുട്ടു വിയര്‍ത്തു നനഞ്ഞൊരു ചിത്ത-
ക്കുരുവി കരഞ്ഞു തിരഞ്ഞ സരസ്സ്!

എവിടെ നിന്‍ നാട്ടില്‍ നിന്നും
പാറി വരുന്നൊരു ലോഹവിഹംഗം?
എവിടെ നിന്‍ പ്രേയസി തന്‍
കണ്ണീരാലാലെഴുതിയ ലിഖിത പതംഗം?

ഈ വിരഹ വിയോഗം നിന്‍റെ-
നിയോഗത്തിന്‍റെ നഖപ്പാടായി-
ക്കരളലണിഞ്ഞ മുറിപ്പാടായി-
ക്കരയും നിന്‍റെ നിഴല്‍പ്പാടായി!

ഇനി തിരികെപ്പോകാന്‍ നിന്‍റെ-
യിളം കനവേകിയ ബാല്യത്തിന്‍റെ
മരത്തണലില്‍ മണ്ണപ്പം ചുട്ടു വിളമ്പാ-
നോര്‍മ്മത്തോഴികള്‍ മാത്രം!

ഇനിയും നിന്‍ ജന്മത്തിന്‍റെ
കനല്‍പ്പുടവത്തുമ്പില്‍ കരുതുന്നു;
മണല്‍ക്കാറ്റെറ്റാലും കൊഴിയാത്ത-
മരിക്കാത്തൊരുപിടി യോര്‍മ്മകള്‍ മാത്രം!!

----ശുഭം----
സമര്‍പ്പണം:
മറ്റുള്ളവര്‍ ജീവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം മറക്കുന്ന എന്റെ പ്രിയപ്പെട്ട പ്രവാസികള്‍ക്ക്

ഒരു ദിവസം


ഒരു രാത്രിക്ക് മുന്‍പ്
സൂര്യന്‍റെ നഖക്ഷതങ്ങള്‍
ആകാശത്താഴ്വരയിലേക്ക്
രജസ്വലമാര്‍ന്ന സ്വപ്നങ്ങളായ്
പടര്‍ന്നിറങ്ങുകയാണ്...
.
ചിറകറ്റ ചക്രവാകത്തിന്‍റെ മൗനങ്ങള്‍ക്ക്
പ്രണയത്തിന്‍റെ വാചാലത..
ചക്രവാളത്തിലെ ചോര പുരണ്ട മേഘങ്ങള്‍ക്ക്
വിരഹത്തിന്‍റെ വര്‍ണ്ണഭാരം..!
പകലിനും ഇരവിനുമിടയില്‍
ഗൌളീകാഷ്ഠത്തിന്‍റെ തത്വശാസ്ത്രം;
ഇരുളും വെളിച്ചവും,
ഇരുപുറം പേറിയ നിര്‍വചന നാണയം..!
.
ഒരു പകലിനു മുന്‍പ്,
കനവിന്‍റെ കനലുകള്‍
നിലവിന്‍റെ നിഴല്‍പ്പൂക്കളാവുന്ന
സത്രഗലി;
അവിശുദ്ദിയുടെ താരാട്ട്!!

-----ശുഭം------

Thursday, March 4, 2010

ഞാനൊറ്റപ്പെടുമ്പോള്‍..


-1-
ഞാനൊറ്റപ്പെടുന്നയിരവില്‍;
മനസ്സിനെ പൊതിയുന്നത്
ഉറക്കത്തിന്‍റെ കറുത്ത വാവ്.
ഓര്‍മ്മക്കുത്തുകളുടെ
ചാവടിത്തിരിവുകളില്‍
ഇഴ പൊട്ടിയ കനവ്.
ഭ്രാന്തമാര്‍ന്ന നിശ്വാസങ്ങളുടെ
രഥവേഗങ്ങളില്‍
പിറവികളുറയുന്ന
മറവിയുടെയെരിവ്.
അന്ധമായ കാഴ്ചകള്‍
പുഴുക്കുത്തു നീറ്റുന്ന
കണ്ണിണപ്പടവുകളിലെ
ഇരുളിന്‍റെ മുറിവ്.
ചുവന്ന വൃത്തങ്ങളില്‍
ചോര തളിര്‍ക്കുന്ന
രക്തസാക്ഷികളുടെ
കബന്ധത്തിന്‍റെ നിറവ്‌.
പ്രണയഗന്ധങ്ങളുടെ
ഗന്ധര്‍വ ചാപത്തില്‍
അഗ്നി തിണര്‍ക്കുന്ന
ജീവന്‍റെയുറവ്..
-2-
ഞാനൊറ്റപ്പെടുന്ന നഗരത്തില്‍;
വ്യഥിത ശീതങ്ങളായ്
പലവഴി പിരിയുന്ന
കറുത്ത രഥ്യകളുടെ
പടരുന്ന സീല്‍ക്കാരം.
അറുത്തെറിയപ്പെടുന്ന
തനുവിന്‍റെ വിലാപം;
കിനിഞ്ഞിറ്റുന്ന
നിണപ്രവാഹ സത്കാരം.
ഉദിച്ചുയര്‍ന്ന സൂര്യന്‍റെ
താപവുമുഷ്ണവും;
കരിയിലക്കുരുവിയുടെ
കരച്ചിലിന്‍ "ധിക്കാരം".
സിമെന്ടുകൂടാരങ്ങള്‍
ആകാശച്ചെരിവുകള്‍ക്ക്
ചിത്രങ്ങള്‍ നെയ്യുന്ന
ചരിത്ര ബലാല്‍ക്കാരം.
-3-
ഞാനൊറ്റപ്പെടുന്ന ജീവിതത്തില്‍;
ഒഴിവു ദിവസത്തിന്‍റെ
ആലസ്യ ഭാവമായി
ചിറകടിച്ചെത്തുന്ന
ഉറക്കത്തിന്‍റെയീണം..
മരണം...
മറവിയുടെ മണമുള്ള
ശ്മശാനം...!

സ്വം


*
നിലാപൂക്കള്‍ വാടുമീ പുലര്‍ കാല വേനലില്‍..
നിരാലംബനായി ഞാന്‍ വരുംകാല വീഥിയില്‍..
സുഖമോ, യിരുള്‍ തൊടും ദുഖമോ
പ്രണയമയ ഹൃദയങ്ങള്‍ മുറിവേല്‍ക്കവേ..?
പറയൂ കനല്‍ ചുട്ട മൗനമോ
നിണമേറെ വാര്‍ന്ന നിഴല്‍ മൃതി കൊര്‍ക്കവേ..?
തിരികെ തരാനില്ലയിനിയെന്‍റെ പേലവ-
പുടങ്ങളില്‍ സ്വപ്‌നങ്ങള്‍ രാതോര്‍ന്നു പോയ്‌..
കൊടിയ ദുരിതങ്ങള്‍ തന്നിടനാഴികള്‍
കടും നിറമാര്‍ന്ന നേര്‍ത്ത നെടുവീര്‍പ്പുകള്‍
നെഞ്ചിലുടയുന്ന സ്ഫടികങ്ങളായ് വാക്കുകള്‍..
കണ്ണിലുറയുന്ന ശ്യാമലിപിയായ് നോക്കുകള്‍..!
ഒരു നിമിഷമെന്‍ ചാരെ നില്ക്ക നീ
വേര്‍ത്തോരുടലിനെ നിന്നോട് ചേര്‍ക്ക നീ;
നിന്‍ നിഴലിലെന്‍ നിഴലിനെ ചേര്‍ത്ത പോലെ..
നിന്നുയിരിലെന്നുയിരിനെ ചേര്‍ത്ത പോലെ..
ഒരു നിമിഷമെങ്കിലും വേള്‍ക്ക നീ,
ഉള്‍ത്തടങ്ങളില്‍ മഴനൂലിനാല്‍ കോര്‍ക്കുമീ-
യാലിലത്താലി മാറോടെല്‍ക്ക നീ;
ഈയെന്നെ നീയായ് നിന്നിലിളവേല്‍ക്ക നീ..
നീ ചോന്ന സമ്മതമാണെന്‍ മതം
നിന്‍റെ പേരിനാലുടല്‍ തീര്‍ത്തതാണെന്‍ പദം
നിന്‍റെ ഹൃദയമാണെന്‍ വഴിയിലുരുളും രഥം
നിന്‍റെ സ്വപ്നമാണെന്‍ രാവിലമരും രദം
നീ തന്ന സ്നേഹമാണെന്‍ വസന്തം
നീ തന്ന പ്രണയമാണെന്‍ സുഗന്ധം
നിന്‍റെ ജന്മങ്ങള്‍ മാത്രമാണെന്‍റെ സ്വന്തം..!
നിന്‍റെ വേര്‍പാടില്‍ മാത്രമാണെന്‍റെയന്ത്യം..!!

-----------ശുഭം-----------