എന്നെ ലൈക്കണേ....

Monday, December 26, 2016

............

കാഴ്ച്ചയുടെ
ചായക്കോപ്പകൾ..
മൊഴികളുടെ
കൊടുങ്കാറ്റുകൾ..
നിന്നെ പാനം ചെയ്യുന്ന
വെയിൽച്ചുണ്ടുകൾ...
നിന്നെ കിനാവുടുപ്പിക്കുന്ന
രാവിരലുകൾ...

വെറുംവാക്ക് കൊണ്ട്
പ്രണയം പറഞ്ഞു
ഭാഷയും ലിപികളും
വറ്റിപ്പോയിരിക്കുന്നു..
മറ്റൊരു കാലത്തിലേക്ക്
അടർന്നു പോയ വസന്തമെന്നു
നീ വിലപിക്കുന്നു...!

ഉടലുകളന്യോന്യം ചുണ്ടില്ലാതെ
സംസാരിക്കുന്നത്
നിഴലുകളുടെ സർപ്പങ്ങൾ
ഇണ ചേരുന്നത്
ഒരുഷ്ണത്തിന്റെ ഭാഷയിൽ
വിയർപ്പിന്റെ ലിപിയിൽ
നാം വായിച്ചെടുക്കുന്നു....

(((അല്ലെങ്കിലെന്നും ഇങ്ങനെയാണ്
ഒരു മാംസവാതായനം
തുറന്നിട്ട ഇടനാഴിയാണ്
പ്രണയം..... )))

മുറിച്ചിട്ട പല്ലിവാൽ പോലെ
ഓർമ്മകൾ പിടക്കുന്നു..!
മരം ചുറ്റിയ ഒരു വിശുദ്ധ പ്രണയം
മനസ്സിൽ മുളക്കുന്നു...!!

പഴയ കാലമെന്നു
പ്രണയത്തിന്റെ ഋതുക്കളെ
പകുത്തു
പുതിയ കാലത്തിന്റെ
സൈബർ ചുംബനങ്ങളിൽ
നമുക്ക് മുഴുകാം...
ചുംബിക്കാൻ ചുണ്ടുകൾ പോലും വേണ്ടാത്ത
E-കാലം 😎

🎑

Monday, December 12, 2016

........

ഇവിടെ,
എണ്ണക്കിണറിനു
ചുറ്റും
എണ്ണത്തിൽ പെടാത്ത
ചില
എണ്ണക്കറമ്പൻ കവികളുണ്ട്...

നിങ്ങൾ,
കണ്ണുകൾക്ക്‌ മേൽ
തുന്നി വെച്ച
വിമർശക്കണ്ണുകൾ കൊണ്ട്
കാണാനാകാത്ത
കണ്ണാടികവിതകൾ....

മരുഭൂമിയുടെ
മണ്ണാഴങ്ങളിൽ നിന്ന്
വിണ്ണിലേക്ക് പടർന്നു കയറിയ
പയറുമണിച്ചെടിയുടെ
വിരൽത്തുമ്പു പോറിയ
കവിതകൾ..

ഒട്ടകത്തിന്റെ,
ഷേരിയുടെ,
ഷവർമ്മയുടെ,
അരീസയുടെ,
കുബ്ബൂസിന്റെ,
അമൂസിന്റെ,
ബദുവിന്റെ,
ഊദിന്റെ,
ഖാവയുടെ;
കമ്പിളിയാടിന്റെയും
മണമുള്ള കവിതകൾ....

മരുപ്പച്ചയുടെ തണുപ്പുള്ള
കാറ്റിന്റെ മണ്‍ചൂടുള്ള
വെയിലിന്റെ കനൽചൂരുള്ള
കവിതകൾ...!

അറിയുമോ,
കവിതകളെ എംബാം
ചെയ്തു വെച്ച
മോർച്ചറികളിൽ നിന്ന്
നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്...;
മെട്രോറെയിൽപ്പാളങ്ങളിൽ ,
ഭൂമിക്കും ആകാശത്തിനുമിടയിലെ
ഗമനവേഗവിഭ്രാന്തിയിൽ നിന്ന്
ഉണർന്നെണീക്കുമ്പോഴേക്കും
നഷ്ടപ്പെട്ട യാത്രകൾ പോലെ....!

നിങ്ങൾ മറന്നു പോയ
ഒരയ്യപ്പൻ
ദേരയുടെ തിരക്ക് പിടിച്ച
ഗലികളിലൊന്നിൽ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്!!!

🎑

Sunday, December 11, 2016

.....

ആകാശത്തിന്റെ അതിരുകളിൽ നിന്ന്
പൊട്ടിയൊലിക്കുന്ന പുഴയിൽ
നക്ഷത്രക്കല്ലുകൾ തിളങ്ങുന്നു..

കടലിലേക്കല്ലാത്ത പ്രയാണങ്ങളിൽ
പൊടുന്നനെ,
പുഴയിൽ
ഒരിലകൊണ്ടുണ്ടാക്കിയ
കപ്പൽ പ്രത്യക്ഷപ്പെടുന്നു...
ഗതിവിഗതികൾ നിയന്ത്രിക്കപെടേണ്ട
ആവശ്യമില്ലാത്തത് കൊണ്ട്
തുഴച്ചിൽക്കാരോ, കപ്പിത്താനോ, യന്ത്രപങ്കകളോ ഇല്ലാത്ത കപ്പലാണത്..

കപ്പൽ ഒരു ഒഴുകിക്കൊണ്ടേയിരിക്കുന്ന
രാജ്യമായി രൂപാന്തരപ്പെടുന്നു..

യാത്രക്കാരെ ജനമെന്നു പേര് മാറ്റുന്നു..

ജനങ്ങളെ മറ്റനേകം കള്ളികളിലേക്ക് വിഭജിച്ചെഴുതി
കപ്പലിനുള്ളിൽ തന്നെ രാജ്യങ്ങൾ സൃഷ്ടിക്കുന്നു..

കച്ചവടക്കാർ വിലകൊടുത്തു കൊണ്ടുവന്ന പാവയെ
കപ്പിത്താനെന്നു വിളിച്ചു യാത്രക്കാരെ പറ്റിക്കുന്നു
നരച്ച മീശയും താടിയുമുള്ള പാവയെ കാണുമ്പോൾ
യാത്രക്കാർ/ജനങ്ങൾ എണീച്ചു നിന്ന് വണങ്ങിതുടങ്ങുന്നു..

കപ്പലിപ്പോൾ രാഷ്ട്രീയമായ ചില  കീഴടങ്ങലുകളുടെ കണക്കു പുസ്തകമാണ്..
പുഴയുടെ ഒഴുക്ക് പോലും തങ്ങളുടെ ചൊല്പടിക്കാണെന്നു പാവഗവണ്മെന്റ് പ്രഖ്യാപിക്കുന്നു.

തുഴച്ചിൽ നിരോധിക്കപ്പെട്ട യാത്രയിൽ
നമുക്ക് പോകേണ്ടത് ആകാശത്തിന്റെ അതിരിലേക്കാണെന്നു വേവലാതിപ്പെട്ട ചില യുവാക്കൾക്ക്
മാത്രം
നക്ഷത്രക്കണ്ണുകളുണ്ടായിരുന്നു...!

കൈകൾ തുഴകളാക്കി
ഒഴുക്കിനെതിരെ തുഴഞ്ഞു കൊണ്ടിരുന്ന അവരുടെ കഴുത്തിനു മേൽ തലകളുണ്ടാകരുതെന്നു
കച്ചവടക്കാർ വിധി കൽപ്പിക്കുന്നു

പാവപ്പൊലീസുകാർ
വെട്ടിയെടുത്ത തലകളിൽ
അനേകം
നക്ഷത്രക്കണ്ണുകൾ തിളങ്ങികൊണ്ടിരുന്നു..!

കപ്പലെന്നു പേരുള്ള രാജ്യത്തിന്
ദിശ നഷ്ടപ്പെടുന്നു
പുഴ ഒഴുകികൊണ്ടേയിരിക്കുന്നു
ആകാശത്തിന്റെ അതിരുകളിൽ നിന്നു
ഇല്ലാക്കടലിലേക്കുള്ള യാത്രയിൽ
കപ്പലിലെ യാത്രക്കാർക്ക് നക്ഷത്രക്കണ്ണുകൾ മുളച്ചു തുടങ്ങുന്നു..

മുറിച്ചു മാറ്റപ്പെടുന്ന ഓരൊ തലകളിലും നക്ഷത്രക്കണ്ണുകൾ
തിളങ്ങി കൊണ്ടിരുന്നു..

കണ്ണുകൾ ആവശ്യമില്ലാത്ത പാവകൾ മാത്രം ബാക്കിയാവുന്നതു വരെ തലയെടുക്കലുകൾ തുടരുന്നു...

കപ്പലിപ്പോൾ ശ്മശാനമാണ്
തലകളില്ലാത്ത ശവങ്ങളുടെ അഴുകിയ മണം..
മൌനത്തിന്റെ അലർച്ചകൾ...

പുഴ വറ്റിപ്പോയിരിക്കുന്നു;
മരുഭൂമിയുടെ മണൽച്ചുഴിയിൽ
ഒഴുക്ക് നഷ്ട്ടപ്പെട്ട കപ്പലെന്ന രാജ്യം...!
പാവത്തലകൾ മാത്രം
യാത്രയുടെ ലഹരിയിലാണ്...
കാരണം;
അവക്ക് കണ്ണുകളില്ലല്ലോ....!!

🙈🙊🙉

Friday, December 9, 2016

ജിപ്സി

ഇസ്‌താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
*എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
ഓർമ്മയെന്നു പേരുള്ള വീഞ്ഞ് കുടിച്ചു
മറന്നു പോയ സ്വപ്നത്തിലേക്ക് നിഷ്ക്രമിക്കുന്ന അബോധത്തെ കുറിച്ച് മാത്രം നമുക്ക് മനസ്സിലാക്കാനാവുന്നു..

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ് മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
**സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതല്ലേ  നല്ലത്.......??

💖
*ഷിറാസ് റോസ് (വൈൻ)
** വിനോദ് വാക്കയിൽ എന്ന പ്രിയകവിസുഹൃത്ത്