എന്നെ ലൈക്കണേ....

Saturday, December 15, 2012

ജീവിതം=യുദ്ധം


ജീവിതയുദ്ധം.. 
ഇത് ജീവിതയുദ്ധം..





















സ്വപ്നങ്ങളാണ് നിന്നായുധങ്ങള്‍..
സ്മരണകളാണ് നിന്നനുഗാമികള്‍..
ദുഃഖങ്ങള്‍ സിര തീര്‍ത്ത ഹൃദയമോ-
നിന്‍ പടച്ചട്ട...!
സത്യങ്ങളാണ് നിന്‍ സത്ത...!!

നിന്‍മിഴിയിലുതിരുന്ന
ശോണബാഷ്പങ്ങളില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്റെ
വര്‍ണ്ണമാകാം..
വിണ്ചെരുവിലലയുന്ന
മേഘങ്ങളൊരുപക്ഷെ
ഇനിയും ഒടുങ്ങാത്ത
മോഹങ്ങളാകാം...!
നിന്നിലിനിയും അടങ്ങാത്ത
ദാഹങ്ങളാകാം...!!

വേപഥുവിലിഴയുന്നൊരചലകാലം
നിന്റെ പാദചിഹ്നങ്ങളില്‍
തളം കെട്ടി നില്‍ക്കെ,
വര്‍ത്തമാനത്തിന്റെയാകുലതയില്‍
നിന്റെ ഹൃദയതാളങ്ങള്‍
ഇടറിവീണു..!

നിന്നെ തനിച്ചാക്കിയൊരു
പാത ബാക്കിയായ്‌;
ശിശിരമൌനങ്ങളില്‍
ഇല പൊഴിഞ്ഞിരവുകള്‍, പകലുകള്‍-
ആത്മ ശിഖരങ്ങള്‍..;
നീ കണ്ട കനവുകള്‍
കനലായെരിഞ്ഞു വിഭൂതികളായ്
മേഘരൂപന്‍ തന്റെ മാന്ത്രിക വിരല്‍ തൊട്ടു
ചിറകറ്റ ശലഭങ്ങളായ്‌..!!

ഒറ്റയ്ക്ക് താണ്ടി നീയേത്തെണ്ടതല്ലേ,
ജീവിതപ്പെരുവഴി?
ജന്മയാനങ്ങള്‍ തന്‍
ഗമനസരണി...;
ഇത് തീരാത്ത ദുര്യോഗധരണി...!!

ഇനി നിന്റെ നിനവുകള്‍
മുന തീര്‍ത്തെടുക്കുക...,
അവിശ്രാന്ത ധിഷണയാല്‍
തീ കോര്‍ത്തെടുക്കുക...,
നിന്റെ ജീവയുദ്ധത്തിന്റെ
കാഹള വിരാവങ്ങള്‍
ഏറ്റു പാടാനൊരു പുലരി വരും വരെ..!!

Friday, November 23, 2012

നിനവ്

സ്വപ്നങ്ങളില്‍ കുതിര്‍ന്നു പോയ എന്റെ രാത്രികള്‍ 
നിന്റെ പകലിനെ തിരയുകയായിരുന്നു... 
സന്ധ്യയില്‍ തുടക്കവും ഒടുക്കവും പുരണ്ട വര്‍ണ്ണങ്ങള്‍.. 
ജന്മങ്ങള്‍ പകുത്തെടുത്ത ഈ കടലോരത്തില്‍ 
നഷ്ടപ്പെട്ട നിമിഷങ്ങള്‍ മണ്‍തരികളായി.. 
ഞാന്‍ നിന്നെ ഓര്‍ത്തെടുക്കുന്നത് 
ഈ നിമിഷങ്ങളില്‍ നനഞ്ഞാണ്‌...!

തീക്കനല്‍ക്കവിതകള്‍..


***
1.
തീക്കനല്‍ ചൂടില്‍ നിന്റെ വിയര്‍പ്പ് പൊടി- 
ഞ്ഞിലഞ്ഞിമരച്ചോട്ടില്‍ മറന്ന ബാല്യത്തിന്‍ 
മണ്ണപ്പം ചുട്ടു, പൊള്ളിയ വിരല്‍തുമ്പില്‍
തുടിക്കുന്നതല്ലേ സാക്ഷാല്‍ കവിതയെന്‍ മഹാശയാ..!

2.
രാഷ്ട്രമീമാംസയെ വരിച്ചു വിരിച്ച
കംബളങ്ങള്‍ നീയൊരുക്കിയിരുന്നെന്കില്‍
പരപാദസേവനത്തില്‍ നീ സ്വയം
മരിക്കാന്‍ പഠിച്ചിരുന്നെങ്കില്‍
ബുദ്ധിജീവിക്കാഷായം, മുഖസ്തുതിക്കഷായം
ബുദ്ധിക്ക് മേലെ പുതപ്പിചിരുന്നെന്കില്‍
ശീതീകരിച്ച നക്ഷത്ര സൌധങ്ങളില്‍
നിനക്കെത്ര സ്വപ്നങ്ങളെഴുതാമായിരുന്നു..!!

3.
ഭരണകൂട ഭീകരത
കൊലപാതകങ്ങള്‍ കൊണ്ട് മാത്രം
അളന്നാല്‍ തീരുന്നതല്ല..
ഒരു ദിവസം കൊണ്ടോരാളെ
നിസ്വനാക്കി, അവന്റെ വ്യസനം കൊണ്ട്
ആസനം ചൊറിയുന്ന
രണ്ടും കെട്ട ചില നിലപാടുകള്‍..!!!

4.
നീ ചുട്ടു വിളമ്പുന്ന കവിതകള്‍ മാത്രം
ബാക്കിയാവില്ല..
ബാക്കിയായാലും കേടാവാതിരിക്കാന്‍
ഫ്രീസറു വേണ്ട.!!!!

....ശുഭം...













Wednesday, September 26, 2012

മെസിയാദീന്‍..

***
ശരത്കാലം..
നഗ്നരായ മരങ്ങളുടെ
തണലില്ലാത്തണലില്‍
...നാമൊരുമിച്ച സായന്തനത്തില്‍
നക്ഷത്രങ്ങളുടെ നഖക്ഷതങ്ങളേല്‍ക്കുവാന്‍
വെമ്പുന്ന രാത്രിയുടെ
തൃഷ്ണയായിരുന്നു നിന്നില്‍..
കൊഴിഞ്ഞു വീണ ഓരോ ഇലകളിലും,
നഷ്ടപ്പെട്ടു പോയ തന്റെ സ്വപ്നങ്ങളെ തിരഞ്ഞു
നീ ഖിന്നയായി..
ഓരോ നിമിഷവും മറ്റൊരു നിമിഷത്തിനു വേണ്ടി
സ്വയം പൊഴിഞ്ഞു തീരുകയാണെന്നു
പിറുപിറുത്തു..
*
എന്നിലൊരു അവധൂതനുണ്ടെന്നും,
എനിക്ക് ജിബ്രാന്റെ ഛ>യയാണെന്നും
നീ പുലമ്പിയ വസന്തകാലത്തെ കുറിച്ച്
ഓര്‍ക്കുകയായിരുന്നു ഞാന്‍..;
വര്‍ഷരേണുക്കള്‍ ചിറകു കുടഞ്ഞു
ഭൂമിയുടെ ഗര്‍ഭപാത്രം തേടി നനഞ്ഞുടഞ്ഞു വീണ
ഋതുജാലകത്തില്‍
നേര്‍ത്ത വിരല്‍ നീട്ടി
നൈമിഷിക ചിത്രങ്ങള്‍ മെനഞ്ഞ
നിന്റെ ഭാവങ്ങളെ കുറിച്ചും..!
*
ഹിമകണങ്ങള്‍
പുല്‍ക്കൊടികള്‍ക്ക് മേലെ
നിതാന്ത സുഷുപ്തിയില്‍ സ്വയമലിഞ്ഞ
ഹേമന്തം,
എനിക്ക് പകര്‍ന്നു തന്നത്
നിന്റെ മൌനങ്ങളുടെ വാചാലതയായിരുന്നു...
*
അബോധങ്ങളുടെ ആഴങ്ങളിലേക്ക്
ഋതുഭേതങ്ങളുടെ അതിരുകളില്ലാതെ
ഒരു വെയില്‍ത്തുമ്പിയായി പറന്നിറങ്ങുമ്പോള്‍
ഞാന്‍ നിന്നെയും തിരിച്ചറിയുന്നു..
നീയെന്റെ മെസിയാദീന്‍...!!

എന്റെ വില; നിന്റെയും..

****
എന്റെ ആകാശവും, ഭൂമിയും, സ്വപ്നങ്ങളും...,
എന്റെ പുഴകളും, മഴകളും, ഓര്‍മ്മകളും..,
എല്ലാം അവര്‍ വിറ്റു തുലച്ചു..!
...എന്റെ പ്രണയവും, പ്രണവവും, ഗ്രിഹാതുരതയും
സ്വിസ്സ് ബാങ്കിലെ ലോക്കറില്‍..
എന്റെ ദാഹവും, മോഹവും, മൃഗതൃഷ്ണയും
ജപ്പാന്‍ കുടിവെള്ളച്ചാലില്‍..
എന്റെ ഭൂതവും, ഭാവിയും, വര്‍ത്തമാനവും
അണ്ണാച്ചിബാഗില്‍ പണയത്തില്‍..!
നിന്നെയുമവര്‍ വെറുതെ വിട്ടോ?
നിന്റെ മാനവും, മേനിയും, മൌനങ്ങളും
അവര്‍ കട്ടു രസിച്ചു..
നിന്റെ നേരും, നോവും, വിലാപങ്ങളും
അവര്‍ കേട്ട് സുഖിച്ചു...
(പിന്നെ, നിന്നെയവര്‍ വിറ്റു കാശാക്കി..!)
അങ്ങനെ,
എല്ലാം നഷ്ടപ്പെട്ട ഞാന്‍
എന്നെത്തന്നെ വില്‍ക്കാന്‍ ചന്തയില്‍ ചെന്നപ്പോള്‍
എനിക്കും കിട്ടിയൊരു വില...
ഒരു ഓട്ടക്കാലണ..!!

നിനക്കാവാത്തതും, ആവുന്നതും..

എന്‍റെ സ്വപ്നങ്ങളെ,

അണുവിസ്ഫോടനം കൊണ്ടു പോലും തകര്‍ക്കാന്‍ നിനക്കാവില്ല..!
കരഞ്ഞു തേഞ്ഞ കണ്പുടവകള്‍ കൊണ്ടു മൂടി ഞാനവ
എന്‍റെ റെറ്റിനയുടെ നിലവറയില്‍ ഒളിപ്പിച്ച്‌ വെച്ചിട്ടുണ്ട്..
പക്ഷെ,
...പറഞ്ഞു മാഞ്ഞ വാക്കുകള്‍ നാവിലുറയുന്ന മുന്‍പേ
ഒരു നേര്‍ത്ത മൗനം കൊണ്ടു നീയവ തകര്‍ത്തു കളഞ്ഞേനെ..
ന്യൂക്ലിയര്‍ ബോംബിനെക്കാള്‍ ഞാന്‍ പേടിക്കുന്നത്
നിന്‍റെ മൗനമല്ലാതെ മറ്റെന്താണ്...?

ഷവര്‍മ്മ

*
എനിക്ക് ജീവിതം മടുത്തു..
മരണത്തിന്റെ ഗന്ധം ഉന്മാദമായി ആത്മാവില്‍ നിറയുന്നു..
ഈ ചില്ലുകസേരയില്‍ എന്‍റെ നിശ്വാസങ്ങള്‍
...ഒരു ബില്ല് കടലാസില്‍ നനയുന്നു..
ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മയിലെ അവസാന തുണ്ടും
എന്‍റെ അന്നനാളം തഴുകി, ആമാശയത്തിലെ
രുചി തേഞ്ഞ ആശയങ്ങള്‍ മെഴുകി

ഒരു ചീഞ്ഞ മണമുള്ള ഓര്‍മയില്‍
എന്നെ തന്നെ അടക്കം ചെയ്ത്.. അങ്ങനെ..

വട്ട്..


**
ചിലപ്പോള്‍ എന്റെ ഓര്‍മകള്‍ക്ക് വട്ടു പിടിച്ചതാകാം..
പഴയ കാലത്തിലേക്ക് തുളുമ്പി വീഴുന്ന
മഴത്തുള്ളികളാകുന്ന എന്റെ ഓര്‍മ്മകള്‍ക്ക്
...വട്ടു പിടിച്ചതാകാം..
നിന്റെ നിദ്രയില്‍ നിന്ന് എന്റെ സ്വപ്നങ്ങളിലേക്ക്
വിരിച്ചിട്ട പരവതാനിയില്‍
തട്ടിതടഞ്ഞു വീണു കാലൊടിഞ്ഞ
എന്റെ ഓര്‍മ്മകള്‍ക്ക് വട്ടു പിടിച്ചതാകാം..
നിന്റെ കാലടിപ്പാടുകള്‍ പിന്തുടരവേ,
തിരകളുടെ വിരലുകളില്‍ നഷ്ടപ്പെട്ട
പാദചിഹ്നത്തിനായി കടലിനോട് കലഹിച്ചു
പിണക്കം പറഞ്ഞ എന്റെ ഓര്‍മ്മകള്‍ക്ക്;
അരയാള്‍പൊക്കത്തില്‍ മുറിമതിലില്‍
നിന്റെ വരവിന്റെ ചക്രവാളത്തിലേക്ക്
മുറിച്ചിടപ്പെട്ട റെറ്റിനത്തൂവലില്‍
കാത്തിരിപ്പിന്റെ ചോരക്കലപ്പുള്ള
എന്റെ അതേ ഓര്‍മ്മകള്‍ക്ക് വട്ടു പിടിച്ചത് തന്നെയാകാം..
ഞാന്‍ സമ്മതിക്കാം..!
അല്ലാതെ,
മൌനം കൊണ്ട് നീ പറഞ്ഞ യാത്രാമൊഴിയുടെ
ഇഴ പിരിച്ചു കയര്‍ കുരുക്കി
ആകാശത്തിന്റെ മച്ചില്‍ കടുംകെട്ടു കെട്ടി
കഴുത്തിലേക്ക് നീട്ടിക്കെട്ടി
"മരിക്കാന്‍ വേണ്ടി തൂങ്ങിച്ചത്ത"

എനിക്ക് വട്ടാണെന്ന് മാത്രം പറഞ്ഞു കളഞേക്കരുത്..!!

നീതി


**
നീയാരെയാണ് നോക്കുന്നത്..?
അടച്ചു പിടിച്ച കണ്ണുകള്‍ കൊണ്ട്
നീ കണ്ടതൊക്കെ സത്യമായിരുന്നോ?
...അല്ലെങ്കിലും,
വ്യവഹാരമുറിയിലെ അള്‍ത്താരയില്‍
ദേവതയായി വാഴ്ത്തപ്പെട്ടു
കൈകളില്‍ വിലങ്ങിനു പകരമൊരു ത്രാസും പൂട്ടി
നീയന്നു തൊട്ടേ തടങ്കലിലാണല്ലോ..

മ(മ)രണം


**
മരണം ഒരു സ്വപ്നമില്ലാത്ത ഉറക്കാണ്‌..
ജന്മങ്ങള്‍ക്കിടയിലെ നേര്‍ത്ത നൂല്പ്പാലത്തില്‍
"വഴിച്ചീട്ടിനായ്‌"നില്‍ക്കുന്ന ദേഹിയെ കാത്ത്‌
...ജീര്‍ണ്ണിക്കാനായൊരു ദേഹശകടം..
പറഞ്ഞു തീര്‍ത്ത പഴം പുരാണങ്ങള്‍
പറയാതെ ചീര്‍ത്ത പുതു പാഠകങ്ങള്‍
മുന്‍പേ നടന്നവര്‍ക്ക് വേണ്ടിയും
പുറകെ വരാനുള്ളവര്‍ക്ക് വേണ്ടിയും...

മരണം നിറമില്ലാത്ത സ്ഫടികവിതാനമാണ്..
ആകാശങ്ങള്‍‍ക്കിടയിലെ ശൂന്യതകള്‍
എത്ര നക്ഷത്രങ്ങള്‍ കൊണ്ട് നിറച്ചിട്ടും
സ്വയമണിയാന്‍ മറന്നു പോയ വര്‍ണ്ണം പോലെ..
നെയ്തു വെച്ച നിലാവുകളും
കൊയ്ത് വെച്ച വെയിലുകളും
കിനാവുകളും, നിനവുകളുമായി..!
അടുത്ത ജന്മതിലെക്കുള്ള കിളിവാതിലില്‍
ഒരു റൂഹാനിക്കിളിയുടെ ചിലപ്പ്..
ബാക്കി വെച്ച ഏതോ സ്വപ്നത്തിന്റെ ചില്ല തേടി
ഞാനും തിരിച്ചു വരുമായിരിക്കും..!!


മുഖപുസ്തകം അടക്കുമ്പോള്‍..


***
മുഖപുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍
കാലമൊളിപ്പിച്ചു വെച്ച
സൌഹൃദത്തിന്റെ മയില്‍പ്പീലികള്‍ തേടിയാണ്
...അവന്‍ വന്നത്..
'പൊയ്നാമ'ങ്ങളില്‍ ഒളിഞ്ഞിരുന്നു
അവരവനെ നോക്കി കൊഞ്ഞനം കുത്തി..
സോഫ്റ്റ്‌വെയര്‍ ക്ലീഷെകളില്‍
ഹാര്‍ഡ്‌വെയര്‍ ഈഗോകളില്‍
മൂക്കും കുത്തി മറിഞ്ഞു വീണ ആദര്‍ശങ്ങള്‍
ശൌച്യ കര്മ്മത്തിനുള്ള നാപ്കിനുകളായി..!
പ്രണയം ഇപ്പോള്‍ ലൈകിനും കംമെന്റിനും വേണ്ടിയുള്ള പോസ്റ്റുകളാണ്..
കാമത്തിലേക്ക് തുറക്കുന്ന കാമറകള്‍ പോലെ
അവരുടെ കണ്ണുകള്‍ കുറുകുന്നു..
നാവിന് മൌനത്തിന്റെ പൂപ്പല്‍ പിടിച്ചിരിക്കുന്നു..
വിരല്തുമ്പുകളാണിപ്പോള്‍ സംസാരിക്കുന്നത്..
എഴുതാന്‍ മഷി വേണ്ടാത്ത തൂവല്‍പ്പേനകള്‍..!!
എല്ലാത്തിനും മേമ്പൊടിയായി
മരണത്തിന് മുന്‍പേ, ആഡ് ചെയ്തു,
ടാഗ് ചെയ്തു ജീവിതമെന്ന ചിത്രം..!
ആരും അന്യോന്യം ഷെയര്‍ ചെയ്യപ്പെടുന്നെയില്ല..!!
****
(ആകാശത്താളുകളില്‍ മാലാഖമാര്‍
ഒളിപ്പിച്ചു വെച്ച
സ്വര്‍ഗ്ഗത്തിന്റെ മയില്‍പ്പീലികള്‍ തേടിയാണ്
അവന്‍ മരിക്കുന്നത്...
അവിടെയും പൊയ്മുഖങ്ങളുമായി
അവരുണ്ടാകുമോ എന്തോ??)
----ശുഭം----
സമര്‍പ്പണം: ഫേക്ക് ഐഡികളില്‍ ഒളിപ്പിച്ച കാമസൌഹൃദത്തിന്റെ വിഷലിപ്തമായ വ്യര്‍ത്ഥതയില്‍ മനം നൊന്തു ഫേസ്ബുക്കില്‍ നിന്നും വിട പറഞ്ഞ എന്റെ സുഹൃത്തിന്..

ഒരു പൈങ്കിളിക്കവിത


***
ഇനി ഞാനിതെന്തിനെന്‍ തൂലികയാല്‍
നിന്റെ മൌനം മുറിക്കുന്നു തോഴീ..
ഇനിയെന്തിനായീ ചരല്പാതയില്‍
താന്തനൊരുവന്റെ പദനിസ്വനങ്ങള്‍..?
നീയാണ്ടു പോയൊരു മൂകസമാധിയി-
ലെന്‍ നിഴല്പ്പാടും പിടഞ്ഞു..
ഇന്നുമീ നീറുന്നൊരഴലായി നിന്‍
വിരഹനാളങ്ങലെന്നെ പൊതിഞ്ഞു..!
വെറുതെയൊരു കാലൊച്ച കേട്ട നേരം
ഞാനറിയാതെ വാതില്‍ തുറക്കേ
ഒരു മാത്രയേതോ വെയില്പാതയില്‍
നിന്റെ നിഴലനങ്ങുന്ന പോല്‍ തോന്നി..!
ഇരുള്‍ വീണുടഞ്ഞ നിലാചില്ലുകള്‍
എന്റെ മുറിവേറ്റ ചിത്രം രചിക്കേ,
രാസ്തലി പോലുമെന്നിണ തന്റെ മൌനം
സഹിക്കുവാനാകാതെ തേങ്ങി.!

കാല്‍ചിലമ്പിന്‍ നേര്‍ത്ത നാദമെങ്ങോ
കേട്ട മാത്ര ഞാന്‍ നിന്നെ തിരഞ്ഞു,
മുന തേഞൊരമ്പിതിന്നെന്‍ പിന്‍വിളി
നിന്റെ മറുവിളിക്കായ്‌ വിതുമ്പുന്നു..!

ഇനിയെത്ര കാലമീ വത്മീക ശയ്യയില്‍
നീയുറങ്ങിത്തീര്‍ക്കുമെന്റെ തോഴീ..?
അത് വരെ ഞാനീ മഷിപ്പേനയെ
മൌനശാപം വിധിച്ചുറക്കട്ടെ...!!!!
------------ശുഭം----------

ഒരു എമെര്‍ജിംഗ് സ്വപ്നം..


***
എന്റെ സ്വപ്നത്തിന്റെ
നേരും നിറവും ചോദിക്കരുത്..
...ഹൃദയം പിളര്‍ന്നു അവര്‍ നിറച്ച
വിഷരക്താണുക്കളെ
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ ശുദ്ധീകരിച്ചത്...!
തലച്ചോറ് തുളച്ചു അവര്‍ തളിച്ച
ആശയങ്ങള്‍ക്ക് മേല്‍
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ വിജയം വരിച്ചത്..!!

നിറങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്നു
ഞാനറിയുന്ന മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നിറങ്ങളുണ്ടായിരുന്നിരിക്കണം..!
നേരുകള്‍ നുണകള്‍ക്ക്
ഓഹരി വില്‍ക്കുന്നതിന്‍ മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നേരു തികഞ്ഞിരുന്നിരിക്കണം..!

ഇപ്പോള്‍ എന്റെ സ്വപ്നങ്ങളെ
കാണ്മാനില്ല..
ഞാനറിയാതെയാരാണു
അവ കട്ടെടുത്തത്?
അല്ലെങ്കില്‍ വിറ്റ്തുലച്ചത്??
അതുമല്ലെന്കില്‍ കൂട്ടികൊടുത്തത്???
ദിനപത്രങ്ങളില്‍, ചാനലുകളില്‍
കാണാതെ കണ്ടെത്തപ്പെടാന്‍ വേണ്ടി
ഒരു കോളം വാര്‍ത്ത..!
ഒരു ലൈവ് ചര്‍ച്ച....!!

പിന്കാഴ്ച..


**
തീരാത്തൊരഴലിന്റെ
മഷിയില്‍ മുക്കിത്തേച്ച
മായാതെ മായുന്ന
...പടമാണ് ജീവിതം..
ഉടയാത്ത മൌനത്തിന്‍
കടലായിരം തീര്‍ത്ത
വാചാലമാം തിരക-
ളാണെന്റെ പ്രണയം..
മഴയുടെ കുളിര്‍വിരല്‍
തുമ്പു കൊണ്ടീ കാല-
ദര്പ്പണത്തില്‍ പോറു-
മീറനാം ബാല്യം...
പുലരിയില്‍ വെയില്‍ മേഞ്ഞ
പാതയില്‍ പതിയെ-
യലിയുന്ന ഹിമബിന്ദു-
വാണെന്റെ യൌവനം..
പുഴയുടെ പുളിനപദനങ്ങളില്‍
ഒഴുകി..
ഒഴുകിയലയുന്നൊരോടങ്ങ-
ളോര്‍മ്മകള്‍..!
ഇരവിലെയിരുള്‍ തേഞ്ഞ
നിലവിന്റെ നെറുകയില്‍
ചന്ദനം ചാര്‍ത്തുന്ന
സ്മൃതിയുടെ സുഗന്ധം..!!
**



ദൃക്സാക്ഷിയോട്..


***
കണ്ണേ മടങ്ങുക;
കണ്ണാടി പോലും
നടുങ്ങുന്ന നേരാണ് മുന്നില്‍..
...മണ്ണോടു ചേരുന്നതിന്‍ മുന്‍പ് കാണുവാന്‍
മണ്ണിലൊരു നരകം വിളിക്കുന്നു..!
ആതുരഗൃഹത്തിന്റെ മൌനങ്ങളില്‍
ആകുലവേപമാലാര്‍ക്കുമീ നഗ്നത..
ആരോ വിശപ്പിന്റെ തീച്ചൂളയില്‍
അഗ്നിനാളമായുരുകിത്തിളക്കുന്നു..!
കണ്ണേ മറക്കുക;
കണ്ണീര്‍ തുടക്കുക..
ഭഗ്നമാം ദുസ്വപ്നമൂറുന്നൊരോര്‍മ്മയെ
വെണ്ണീറു കൊണ്ട് പുതക്കുക
വിഷഗന്ധമേറ്റ നെല്മണികള്‍ വിതക്കുക
വിധി മൌനമായേറ്റു വാങ്ങാന്‍ പഠിക്കുക..!
പൊട്ടിപ്പിളര്‍ന്ന കപാലങ്ങള്‍ തേടി
നട്ടതീ വിദ്യാകലാപങ്ങള്‍;
കെട്ട നപുംസകസ്പന്ദനങ്ങള്‍
നാട്ടിന്നിച്ചയറിയാത്ത സചിവാരവങ്ങള്‍..!!
കണ്ണേയൊടുങ്ങുക;
മണ്ണായ്‌ നുറുങ്ങുക...
മതില്‍ കെട്ടി മുറിയുന്ന,
ചിത നീറ്റിയെരിയുന്ന,
മലയാണ്മ തന്‍ ചരിതായനത്തില്‍..
നില തെറ്റി വീഴുന്ന യൊവ്വനത്തില്‍..
ഈ നന്ഗ്ന ശോകത്തില്‍..;
മണ്ണിനെ, മരങ്ങളെ,
പുഴയെ, മേഘങ്ങളെ,
ചിന്തകളിറ്റുന്ന സിരയെ-
സംസ്കൃതിയെ
വില പേശി വില്‍ക്കുന്ന ജാരസേകത്തില്‍
ഇനിയെന്തിനായ്‌ കാത്തുനില്‍ക്കുന്നു..??
*
ഇനിയെറിയാനൊരു പരശുവില്ലത്രേ...!
ഇനിയും വരാനൊരു രാമനില്ലത്രേ....!!



-------അശുഭം------

Monday, July 2, 2012

തലയും, വാലും...



തലക്കഷ്ണം: 

ഇന്നെന്റെ ദിവ്യദൃഷ്ടിയില്‍... 
ഒരു സുനാമിയുടെ പരകായ പ്രവേശം..!
ആര്‍ത്തട്ടഹസിച്ചു,
തിരമാലകളില്‍ സ്വയം കൊരുത്ത്,
ജനസമുദ്രത്തിന്റെ പുറപ്പാട്..!!
വിപ്ലവത്തിന്റെ ചായക്കോപ്പകള്‍
ഉരുക്കിപ്പണിത വാള്‍മുനകളില്‍
പിടഞ്ഞ രക്തസാക്ഷികളുടെ
പുനര്‍ജന്മ കാണ്ഡം..
തകര്‍ത്തെറിയാന്‍
വിഷലിപ്തമായ ആശയങ്ങള്‍..;
ആമാശയങ്ങള്‍ക്ക് വേണ്ടി
''ആരോ'' തിരുത്തിയ ആദര്‍ശങ്ങള്‍...!
വക്ക് പൊട്ടിയ "ബക്കറ്റുകള്‍" പണിയുന്ന
വിസ്മയ രമ്യഹര്മ്മ്യങ്ങള്‍..!!
*
നടുക്കഷ്ണം:

ഇന്നെന്റെ ആറാമിന്ദ്രിയം
ഒരു ബൈക്കിന്റെ ഇരമ്പമറിയുന്നു...
തലച്ചോറില്‍ സ്വപ്നങ്ങളുടെ പുഴുക്കളരിച്ചു,
അമ്പത്തൊന്നു ഖട്ഗക്ഷതങ്ങളില്‍
സ്വയം സ്വപ്നമായി തീര്‍ന്നോരാള്‍
എന്നോട് മെല്ലെ മന്ത്രിക്കുന്ന പോലെ:
""രക്തസാക്ഷിയെന്നു എന്നെ വിളിക്കരുത്,
ഞാനെന്റെ സ്വപ്നങ്ങളുടെ സാക്ഷിയാണ്......!!
എന്റെയോര്‍മ്മയില്‍ നുരഞ്ഞു പതയുന്ന
വാക്കുകളെടുത്തു വിതച്ചു കൊയ്ത്
നീ,
നിന്‍റെ ആശയം കൊണ്ടോരായുധം പണിയുക..!
കൊല്ലാനല്ല; കൊല്ലപ്പെടാതിരിക്കാന്‍..!!
ഇനിയെന്നെയാരാണ് വധിക്കുക?
ഞാനിനിയെന്നേക്കുമായി ജനിച്ചു കഴിഞ്ഞില്ലേ??""
*
വാല്‍ക്കഷ്ണം:

"അഭിനവ" സഖാക്കളെ..
നിങ്ങളൊരുക്കുന്ന കല്തുരുങ്കില്‍
കരയുന്ന മാര്‍ക്സ്, ഏന്‍ഗല്‍സ്..
പിടയുന്ന ചെഗുവേര..!!


----ശുഭം??----