എന്നെ ലൈക്കണേ....

Friday, March 17, 2017

......

ഡോംബിവിലിയിലെ സായാഹ്നങ്ങൾ
വടാപാവിന്റെ മണമുള്ള മൗനങ്ങൾ കൊണ്ട്
നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു..

ഒരു ട്രെയിനിന്റെ വാഗൺട്രാജഡികളിൽ നിന്ന്
പുനർജനിച്ചു
ജീവിതത്തിന്റെ നഗരകാണ്ഡത്തിലേക്ക്
നടന്നുപോകുന്ന ആൾക്കൂട്ടങ്ങൾ..
ചീഞ്ഞു തുടങ്ങിയ തക്കാളികൾ
പീറപ്പലകയിൽ നിരത്തിവെച്ച്
തന്റെ പറഞ്ഞുതേഞ്ഞ ശബ്ദം കൊണ്ട്
വിലപറഞ്ഞു കൊണ്ടിരിക്കുന്ന വൃദ്ധ..
ഇളനീർ കൂട്ടങ്ങൾക്കിടയിൽ
തന്റെ വരവുകാരെ വിളിച്ചു കൊണ്ടിരിക്കുന്ന മദ്രാസിബാബു..
ചുറ്റിലും,
ശബ്ദങ്ങളുടെ ഒരു കടലിരമ്പുന്നു..!

തകരഷീറ്റുകളുടെ ആകാശങ്ങൾ
നിരത്തി വെച്ച ചേരിയുടെ
നരച്ചുപോയ ലോകം പിന്നിൽ മറച്ചു പിടിച്ച്
ചതുരനാകാശങ്ങളുടെ കോൺക്രീറ്റ് കാഴ്ചകൾ കൊണ്ട്
നഗരം ചിരിക്കുന്നു....!

നമുക്കിടയിൽ നിന്നും മാഞ്ഞു പോയ നിമിഷങ്ങളിൽ നിന്ന്
നഷ്ടപ്പെട്ടു തുടങ്ങിയ നമ്മളെകുറിച്ചു
ഓർമ്മ വരുന്നു..
ഓരോ തെരുവിലും  ഓർമ്മകളുടെ വാണിഭശാലകൾ തുറന്നിട്ടിരിക്കുന്നു..
നിശ്ശബ്ദമായ കരച്ചിലിനൊടുവിൽ
താന്താങ്ങളുടെ ഓർമ്മകളും പേറി
എല്ലാവരും മടങ്ങുന്നു;
അഭിശപ്തമായ ജീവിതത്തിരക്കുകളുടെ ആൾക്കടലുകളിൽ ഒലിച്ചു പോകുന്നു...!

പ്രാവുകൾ ചിറകടിച്ചുയരുന്ന നടപ്പാതയിലൂടെ
കൈകൾ കോർത്ത് പിടിച്ചു നടക്കാം..
ചിറകില്ലാത്ത പ്രാവുകളാണ് നമ്മൾ എന്ന്
പരസ്പരം ഉരുവിടാം..
പ്രണയത്തിന്റെ പാദമുദ്രകൾ അണിഞ്ഞു
സ്നിഗ്ധമായിതീർന്ന വഴിയിൽ നമ്മളെ മറന്നു വെക്കാം..!

ഭാംഗിന്റെ ലഹരിപുതച്ച രാത്രിക്ക് മുൻപ്
നമ്മൾ പിരിഞ്ഞു പോവുകയാണ്..
ബീറ്റ് പോലീസിന്റെ പരുക്കൻ ശബ്ദങ്ങൾക്കും,
ബംഗാളി പിമ്പിന്റെ കുഴഞ്ഞു തുടങ്ങിയ ഇടപാടു വിളികൾക്കുമപ്പുറം,
നിരത്തിൽ നമുക്കിടയിലെ അകലങ്ങൾ കൂടി വരുന്നു..
എതിർ ദിശയിലേക്ക് ഒഴുകി പരസ്പരം നഷ്ടപ്പെട്ടു പോകുന്ന
രണ്ട് പുഴകൾ..

അതെ,
മൗനത്തിന്റെ ഈ കടലാണ്
ഇനി ബാക്കിയുള്ളത്...!!

🎑

Monday, March 6, 2017

.......

#യക്കൂസ
എന്ന് പേരുള്ള
രാജ്യം..!
കടന്നുകയറ്റങ്ങളുടെ..
കള്ളത്തരങ്ങളുടെ..
പിടിച്ചുപറിയുടെ
നിയമപുസ്തകം,
ന്യായം പറയുന്ന രാജ്യം...!

നീതിമാൻ ആവുക
എന്നത്
അവിടെ കഴുവേറ്റപ്പെടാൻ
പര്യാപ്തമായ കുറ്റമാണ്..
ഏറ്റവും വലിയ കൊള്ളക്കാരൻ
#യക്കൂസയിലെ രാജാവ്..!

ശരികളെ തെറ്റുകൾ
വിഴുങ്ങിയ ദിവസങ്ങളാണ്
അവിടെ എപ്പോഴും..
വെളിച്ചത്തെ ഇരുട്ട് വിഴുങ്ങിയ പോലെ..
അതുകൊണ്ട്,
യക്കൂസയിലെ ദിവസങ്ങൾ
രാതികൾ മാത്രം കലർന്നവയായിരുന്നു..
പകൽ
വെളിച്ചം
പ്രഭാതം
സൂര്യൻ
ചന്ദ്രൻ
നക്ഷത്രങ്ങൾ
തുടങ്ങിയ വാക്കുകൾ അവർക്ക്
അറിയുക പോലുമുണ്ടായിരുന്നില്ല..

തീ
കനൽ
വൈദ്യുതി
ബൾബ്
ടോർച്
കാഴ്ച
അവർക്ക് അറിയാത്ത വാക്കുകൾ ഇനിയുമുണ്ട്..!

അവർക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിലും
കനത്ത ഇരുട്ടിൽ കാഴ്ചയുടെ പ്രസക്തി ഇല്ലായിരുന്നു..
അതുകൊണ്ടു തന്നെ അന്ധത എന്നതും അവർക്ക് മനസ്സിലായില്ല..

ദിവസങ്ങൾക്കിടയിൽ തുടക്കവും ഒടുക്കവും ഇല്ലായിരുന്നു..
അതുകൊണ്ടു തന്നെ
സമയവും..
ജനിച്ചതു മുതൽ മരിക്കുന്നത് വരെ
ഒരൊറ്റ ദിവസം!

അവരുടെ വീടുകൾ
ഇരുട്ടുകൊണ്ടു നിർമ്മിക്കപ്പെട്ട
വെറും സാധ്യത ആയിരുന്നു.
വസ്ത്രങ്ങളും
ആഭരണങ്ങളും
ഇരുട്ടെന്ന വെറും സാധ്യത ആയിരുന്നു..
ഓരോ യക്കൂസക്കാരനും
മണം കൊണ്ട് പരസ്പരം തിരിച്ചറിഞ്ഞു..
സ്പർശനങ്ങൾ കൊണ്ട് സംസാരിച്ചു..!

ശബ്ദങ്ങളുടെ
കടലിൽ പോലും
പരസ്പരം മണത്തു
സ്പർശിച്ചു അവർ
ആശയവിനിമയം ചെയ്തു..

അവർക്ക് ശബ്ദങ്ങൾ
അവരല്ലാത്തവരെ
അകറ്റാൻ വേണ്ടിയുള്ള
ആയുധമായിരുന്നു

#യക്കൂസ
എന്ന രാജ്യത്തിൽ
വിശക്കുന്നവർ ഇല്ലായിരുന്നു;
അത് കൊണ്ട് തന്നെ പട്ടിണിയും..!

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
ജനതയെന്നു മാത്രം
അവർക്ക് അവരെ കുറിച്ച് അറിയാമായിരുന്നു..
അവരുടെ ദൈവം, സാത്താനും
അവരുടെ സാത്താൻ, ദൈവവുമായിരുന്നു...!

ഭക്ഷണം വേണ്ടാത്തത് കൊണ്ട് തന്നെ അവർക്ക്
ദഹനേന്ദ്രിയങ്ങളും,
ശൗച്യാലയങ്ങളും,
അടുക്കളയും,
കൃഷിയും,
തോട്ടങ്ങളും,
ഹോട്ടലും,
ഡയ്‌നിംഗ് ടേബിളും
ഒന്നും ആവശ്യമുണ്ടായിരുന്നില്ല..

അവർക്കിടയിൽ ആണും പെണ്ണും
ഇല്ലായിരുന്നു
അല്ലെങ്കിൽ അവർ ഒരേ സമയം
ആണും പെണ്ണുമായിരുന്നു..
മുന്നിൽ ലിംഗവും
പിന്നിൽ യോനിയും
വലിയ മുലകളും
എല്ലാവർക്കും ഉണ്ടായിരുന്നു..
ആർക്കു ആരെയും ഭോഗിക്കാമായിരുന്നു..
അത് കൊണ്ട് തന്നെ
യക്കൂസയിൽ പീഡനം ഉണ്ടായിരുന്നില്ല..

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
സാത്താന്റെ സന്തതികൾ
എന്ന് അവർ പാടിക്കൊണ്ടേയിരുന്നു..

#യക്കൂസ
എന്ന രാജ്യത്തിലെ
ദിവസം
ഇരുട്ടിന്റെ
നഗ്നതയാണ്..
മണങ്ങളുടെ
വേഴ്ചയാണ്....!

സമയമാപിനികളുടെ
ഇങ്ങേയറ്റത്തെ
വെളിച്ചത്തിന്റെ രാജ്യത്തു നിന്ന്
പകലുകളുടെ മറവിലെ
ഇരുട്ടുകളിൽ പൂക്കുന്ന
ലിംഗങ്ങൾ കൊണ്ട്
സംസാരിക്കുന്ന പ്രജകളിലൊരാളായി
നിൽക്കുമ്പോൾ
യക്കൂസയിലെ കറുത്ത നിറമുള്ള
ദിവസത്തെ സ്നേഹിച്ചു പോകുന്നു..

കാരണം
യക്കൂസയിൽ
പത്തുവയസ്സുള്ള
(ആൺ/പെൺ)കുട്ടികൾ
തൂങ്ങിമരിക്കാറില്ല......!

പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള
സാത്താന്റെ ജനത
ഒരേസമയം
ഇരകളും, വേട്ടക്കാരുമായി
തങ്ങളുടെ ദൈവപുസ്തകത്തെ
സ്വാർത്ഥകമാക്കുന്നു..!!

....🎑....

Friday, March 3, 2017

..........

ഒറ്റയടിപ്പാതകൾ
ഇടയ്ക്കു മുറിയുന്ന
നദികളാണ്..
കടലിന്റെ മണമുള്ള
പെരുവഴിയിലേക്ക്
ചേരുവാനാകാതെ
ഓരോ പാതയും
മരിച്ചു തീരുന്നു..!

ഇടയിലൊരു
ഇലഞ്ഞിമരത്തിന്റെ
ഇല്ലാത്തണൽ..
വെയിൽ കത്തിവീഴുന്ന
പകൽച്ചുരങ്ങൾ..
വിയർപ്പിന്റെ ചൂരുള്ള
യാത്രകൾ..

മുറിഞ്ഞു പോയ
പരശ്ശതം നദികളെ
പാദമുദ്രകൾ കൊണ്ട്
അളന്നെടുക്കുന്നു..
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
സംക്രമിക്കുവാൻ
നിശ്വാസങ്ങളുടെ
പാലം മെനയുന്നു..

മൗനത്തിന്റെ മേഘശാഖികൾ
മഴപ്പൂവുകളുതിർത്തു
നനഞ്ഞു തീർന്ന ജീവിതം,
എന്നിട്ടും
മരുഭൂയിലെ മണൽ വഴിയിൽ
ചുട്ടു പൊള്ളുന്നു..

ഒറ്റയടിപ്പാതകൾ
തന്നിലേക്ക് തന്നെ മടങ്ങുന്ന
നമ്മിലെ സ്വത്വമാണ്..
നഷ്ടപ്പെട്ടു പോയ കാലങ്ങളെ
പിന്നിലെ കാലടിപ്പാടുകളിൽ
മനപ്പൂർവ്വം മറന്നു വെച്ച്
യാത്ര തുടരുന്നു...
സത്യത്തിൽ,
നാം നമ്മളെ തന്നെയാണ്
ഉപേക്ഷിക്കുന്നത്...!!

🎑