എന്നെ ലൈക്കണേ....

Wednesday, July 17, 2019

.........

മണൽക്കടലിൽ
ഉതിർന്നു വീണ
ഓർമ്മത്തിരകൾ കൊണ്ടു
വരച്ചു തീരുന്ന ജീവിതം.. 
പ്രവാസമതിന്റെ
നഗ്ന സൂചികളാൽ
മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു..
സ്വാതന്ത്ര്യം നഷ്ടപ്പെട്ട
മൺതുറുങ്കിൽ
മൗനം കൊണ്ടു
തുരുമ്പിച്ചു പോയ
കാലങ്ങൾ..
വിതുമ്പലിന്റെ ചെകിളയണിഞ്ഞു
സ്വപ്‌നങ്ങൾ;
നിദ്രയില്ലാതടാകങ്ങളിലെ
മീനുകളായി..
നിശ്ശബ്ദമായ ഹൃദയം കൊണ്ടു
നിശകളെ തൊടുന്നു..!
അതിനേക്കാൾ
വിക്ഷുബ്ധമായ
സ്മൃതികൾ കൊണ്ടു
നിന്നെയും....!!

ഇരുളിൽ നിന്ന്
അടർന്നു വീണ
കിനാവിൽ
കറുത്ത നിറമുള്ള
നിലാവ് പരക്കുന്നു..
ചിറകു മുളക്കുന്ന നിനവ്
നിന്നിലേക്കുള്ള
വിമാനമാകുന്നു..

അകലങ്ങൾ
നമുക്കിടയിലെ
അടുപ്പമാണ്

വേർപിരിഞ്ഞു പോയ
രണ്ടു കാലങ്ങൾക്കിടയിൽ
ഒരു സാഗരം വിതുമ്പുന്നു..

ശൂന്യമായ
ആകാശം പോലെ
ജീവിതമതിന്റെ
മൂകലിപികൾ കൊണ്ടു
വരഞ്ഞുതീരുന്നു..

ചെവി മുറിഞ്ഞു പോയ
വാൻഗോഗിനെ
സൂര്യകാന്തി തിരയുന്ന പോൽ
പ്രണയം
നമുക്കിടയിലെ
താഴ്‌വരയിൽ
പരസ്പരം തേടുന്നു...

മരിക്കുന്ന മുൻപേ
ഒരു നിമിഷമെങ്കിലും
ജീവിക്കണമെന്ന്
തമ്മിൽ കൊതിക്കുന്നു...

എന്നിട്ടും
മണൽക്കാറ്റിൽ
നമുക്ക് നമ്മെ നഷ്ടപ്പെടുന്നു

മരുഭൂമി
നമുക്കിടയിലെ
മതിലാവുന്നു. 

നാം നമ്മുടെ മരീചികയാവുന്ന അത്രക്ക്..
😪😪😪

Friday, May 31, 2019

◽◾◽◾◽◾

മരങ്ങളായ മരങ്ങളൊക്കെ
മൗനം പുരണ്ട കാറ്റിൻ തലോടലിൽ
നിശ്ചലമായ രാത്രി..
ആകാശമൊരു മുസല്ലയായി;
നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെ
സുജൂദ് ചെയ്യുന്നു.
നിലാവിന്റെ നിസ്കാരക്കുപ്പായമിട്ട് നദികൾ..
തിരകളുടെ തസ്ബീഹ് മണികളെണ്ണുന്ന കടൽ..

ഇരുപത്തേഴാം രാവ്

മണ്ണിലും വിണ്ണിലും മാലാഖമാർ നിറയുന്നു
അനുഗ്രഹത്തിന്റെ ഊദ് മരങ്ങൾ
മുളച്ചു പൊന്തുന്നു..
നന്മയുടെ കുന്തിരിക്കം പുകയുന്നു...
പള്ളിമിനാരങ്ങൾ മക്കയെന്ന മരുപ്പച്ചയിലെ
ഈന്തപ്പനകളാകുന്നു..

വ്രതശുദ്ധിയുടെ മൗനം നുകർന്ന
ഈ കാറ്റിന് സുബർക്കത്തിന്റെ മണം..
നിശ്ശബ്ദമായ ഈ രാത്രിയിൽ
നരകത്തിന്റെ വാതിലടയുന്നു..

ഇരുപത്തേഴാം രാവ്..

ഉറങ്ങാതെ പ്രാർത്ഥനാനിരതരായി
അടിമകളുടമയെ സ്മരിച്ചു കൊണ്ടിരിക്കുന്നു
ഉയിരുകൾ കൊണ്ട് കഅബം ത്വവാഫ് ചെയ്യുന്നു..
ഉടലുകൾ കൊണ്ട് ഇല്ലാത്തവന്റെ അവകാശമാം
ഫിത്റ് സക്കാത്തിൻ കിഴികൾ നിറക്കുന്നു...

ഇരുപത്തേഴാം രാവ്

ഖബറായ ഖബറിലൊക്കെ കാരുണ്യത്തിന്റെ
വെള്ളിവെളിച്ചം തൂകുന്നു
ജിന്നുകളും ഇൻസുകളും പ്രതീക്ഷയുടെ സ്വിറാത്ത് പാലത്തിലൂടെ കടന്നു പോകുന്നു..
പ്രപഞ്ചമാകെ വസന്തകാലത്തിന്റെ
മലർനിണങ്ങൾ കലരുന്നു...

ഇരുപത്തേഴാം രാവ്

സർവ്വചരാചരങ്ങളും റബ്ബിലേക്ക് തിരിയുന്നു
അർഷിലേക്ക് നീളുന്ന നൻമ പ്രയാണങ്ങൾ
ഒരൊറ്റ രാത്രിയെ ആയിരം രാത്രികൾ കൊണ്ട്
പൊതിഞ്ഞെടുക്കുന്ന വ്രതപൂർണ്ണിമ

🔹🔸🔹🔸

Friday, May 24, 2019

ഒപ്പാരി


♦♦♦

ഉസിലംപട്ടിയിൽ
ഒരുച്ചക്ക്
മരിച്ചുപോയ
മുരുകന്റെ
പായിൽ പൊതിഞ്ഞ
മൃതദേഹം
ഒപ്പാരിപ്പാട്ടുകാരെ
കാത്തുകിടന്നു.

വെയിൽ ചുട്ടു പൊള്ളിച്ച
നാട്ടുവഴിയിൽ
കൊഴിഞ്ഞുകിടന്ന
ജമന്തിപ്പൂവുകൾ;
കരഞ്ഞു പാടാനൊരു
കിളിയേയും..!

മുരുഗച്ചാമി
പൂക്കച്ചവടക്കാരനായിരുന്നു.
ബേഗല്ലൂരിലെ
പൂന്തോട്ടങ്ങളിൽ നിന്ന്
മല്ലിയും ജമന്തിയും
മുല്ലയും ലില്ലിയും
ചറബറ, ഓർക്കിഡും
കടലു കടന്നു പോകാനുള്ള
ടെച്ച് റോസും
അവനെത്തേടി
എന്നുമെത്തും..

ചെടികളിൽ നിന്ന്
ഇറുത്തെടുത്ത്
വിൽക്കപ്പെടാനുള്ള
കണ്ണീർക്കണങ്ങളാണോരോ
പൂവുമെന്നവൻ
പയ്യാരം പറയും.
വസന്തത്തിന് മുൻപേ
ഹേമന്തമണിയുന്ന
പൂവാടികളെക്കുറിച്ച്
വിലപിക്കും..

എന്നിട്ടും മുരുഗൻ
പൂക്കച്ചവടക്കാരനായിരുന്നു...
മരിച്ചു തുടങ്ങിയ
കോശങ്ങളും കൊണ്ട്
ജീവിച്ചിരിക്കാൻ
പെടാപ്പാട് പാടുന്ന
ചിന്നമ്മാളെന്ന ഭാര്യക്ക് വേണ്ടി
കാസരോഗത്തിന്റെ
ചുമക്കലാപങ്ങളിൽ
ശബ്ദക്കടലായി മാറിയ
അപ്പാക്ക് വേണ്ടി..
അടുക്കളച്ചായ്പിൽ
ഏഴുജന്മങ്ങളുടെ
കണ്ണീരു പാറ്റുന്ന
അമ്മാക്കു വേണ്ടി..
പറക്കമുറ്റാത്ത രണ്ട്
കുഞ്ഞുപൂമ്പാറ്റകൾക്ക് വേണ്ടി
അവൻ പൂക്കച്ചവടക്കാരനായി..

മുരുഗച്ചാമിക്ക്
കാഴ്ചയില്ലായിരുന്നു.
നിറങ്ങളെ കുറിച്ച്
അവനറിയില്ലായിരുന്നു.
അവന്റെ കണ്ണുകൾ
മണങ്ങളായിരുന്നു..
അവന്റെ നോട്ടങ്ങൾ
വിരലുകളായിരുന്നു.

പൂമാർക്കറ്റിൽ
മരിച്ചുകിടക്കുന്ന
ആയിരമായിരം
പൂവുകൾക്ക് വേണ്ടി
അവൻ ഒപ്പാരി
മൂളിക്കൊണ്ടിരുന്നു..

'രാസാത്തി ഉന്നൈ
വാഴ്വിൽ നിനയ്ക്കും
നേറ്റ്രോട് ഉന്നൈ
വാഴ്വായ് ഇഴയ്ക്കും'

'അമ്മാടി ആച്ചിയരേ
എന്നെ പെത്ത സെൽവതിയേ
ഏമാന്ക വരുപവനേ
ഏമാത്തി നിന്ക കാപ്പവനേ..
ഏത്താന്ക വരുപവനേ
എത്തേട്ടി നിന്ക കാപ്പവനേ..'

മുരുഗൻ മരിച്ചുപോയി
മരിച്ചുപോയ
പൂക്കൾ മുഴുവൻ
അവനുവേണ്ടി കരഞ്ഞു..
കരയാൻ മറന്നു പോയത്
ഒപ്പാരിപ്പാട്ടുകാരായിരുന്നു..

പെട്ടെന്നൊരു മഴ പെയ്തു
ഇടിമിന്നലുണ്ടായി..
മരിച്ചുകിടക്കുന്ന
മുരുഗച്ചാമിക്ക് വേണ്ടി
പ്രകൃതി ഒപ്പാരി പാടി

▪▫▪▫▪▫▪

Thursday, May 16, 2019

🔽🔽🔽🔽🔽🔽

സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണി..
കാഴ്ച്ചയുടെ പുകച്ചുരുകൾക്കിടയിൽ നിന്ന്
പലായനം ചെയ്യപ്പെടേണ്ട
ഒറ്റച്ചിറകുള്ള പക്ഷിയുടെ ഗദ്ഗദം..
(ഒറ്റപ്പെടലിന്റെ യാത്ര!)

ഓർമ്മകളുടെ സെമിത്തേരിയിലെ
മറവികളുടെ ശവക്കല്ലറ..
മൈലാഞ്ചിച്ചെടികളുടെ
തണൽപ്പകുതികളിൽ നിന്ന്
ജീവിതത്തിലേക്ക് തിരികെപ്പെയ്യുന്ന
മൗനത്തിന്റെ മേഘങ്ങൾ..

ഹൃദയമതിന്റെ രുധിരശബ്ങ്ങളാൽ
സംസാരിക്കുകയാണ്..
ഉൾക്കടലിന്റെ ജലലിപികളാൽ
എഴുതിത്തേഞ്ഞു പോയൊരു
ദ്വീപിലെ മണൽത്താളു പോലെ,
അത്രക്കത്രക്ക്
നഗ്നമായ ഉഷ്ണമാപിനിയിലെന്നവണ്ണം
സിരാധമനികളിൽ
എന്റെ ഭാഷയലിഞ്ഞുപോകുന്നു..
.
.
.

ബാൽക്കണിയിലെ വെള്ളമൊഴിക്കാൻ മറന്നുണങ്ങിയ റോസാച്ചട്ടിയിൽ
ചകിരിനാരുകൊണ്ടു മേഞ്ഞ കൂട്ടിൽ
തീമെത്ത വിരിക്കുന്നതിനു മുൻപേ
പറന്നു പോകേണ്ട കിളിയാണ് ഞാനും.

നൂറ്റിരണ്ടിലെ സഹേലി എന്നുപേരുള്ള
റെന്റിപ്പെണ്ണിന്റെ തെറിവിളികളിൽ ചതഞ്ഞ
സായന്തനത്തിൽ തന്നെ വേണമായിരുന്നു
കെട്ടിടത്തിനാത്മഹത്യ ചെയ്യാൻ..
പനിപിടിച്ചാൽ പെനഡോളിന് പകരം
ധ്യാനമിരിക്കുന്ന പെന്തക്കോസ്ത് പോളിന്റെ
മുന്നൂറ്റിമൂന്നാമത്തെ മുറിയിൽ നിന്ന്
തീ പിടിച്ചോടിത്തുടങ്ങിയതാണ്..
.
.
.

ഗ്രൌണ്ട് ഫ്ളോറിലെ നമ്പറില്ലാത്ത റൂമിൽ
ഒരു കവി താമസിച്ചിരുന്നു
അഗ്നിരഥമെന്ന തന്റെ നൂറാമത്തെ കാവ്യപ്രസവത്തിന്റെ തിരക്കിലായിരുന്നയാൾ..
തീ പിടിച്ച കെട്ടിടം
ബാൽക്കണി
കിളിക്കൂട്
പറക്കാൻ തുടങ്ങുന്ന കിളി
മുടി രണ്ടായി പിന്നിയിട്ട പെൺകുട്ടി
അകലെ വെയിലു പഴുത്ത ആകാശം..

പെട്ടെന്ന് ഞാനാ കവിതയിലെ
പെണ്‍കുട്ടിയായി മാറി

രണ്ടാനച്ഛന്റെ റാക്കു തേച്ച നിശ്വാസങ്ങൾ
പിൻ കഴുത്തിൽ പാമ്പുകളെ പോലെ
ഇഴയുന്നു..
'ബേൻഛൂത്!! ഇനിയും പഠിക്കാത്ത അസത്തെന്ന് അമ്മയുടെ നാഭിക്ക് ചവിട്ടുന്നു.
നാലാം നിലയിലെ ചുമരു നരച്ച ഫ്ലാറ്റിന്റെ
ബാൽക്കണിയിൽ തീ പിടിച്ച ഹൃദയത്തോടെ ഞാനിരിക്കുന്നു..
.
.
.

തീ പിടിക്കുന്നതിന് മുൻപ്
നൂറ്റിയേഴാം മുറിയിൽ ഒരു കൊലപാതകം നടന്നു.
കനത്ത നിതംബം കൊണ്ട് ആ തെരുവിലെ ആൺകണ്ണുകളെ മുഴുവൻ പണയപ്പെടുത്തിയ
റോസ്മരിയ സോഫയിൽ ചത്തുമലച്ചുകിടന്നു.
സദാ സംശയ രോഗിയും അവളേക്കാൾ
പതിനാറീസ്റ്റർ കൂടുതൽ കണ്ടവനുമായ
സിറിൽ ജോൺ എന്ന ഭർത്താവ്
രക്തം പുരണ്ട കത്തിയുമായി മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു..

ഇരുന്നൂറ്റിയൊന്നാം മുറിയിൽ
വികാരത്തീപടർന്ന രണ്ടുടലുകൾ
പരസ്പരം കത്തിക്കൊണ്ടിരുന്നു..
ഗ്രാമത്തിൽ നിന്ന് പ്രണയപൂർവ്വം നഗരത്തിലേക്ക് പലായനം ചെയ്തവർ..
പരിചയപ്പെടാത്തതു കൊണ്ട് എക്സ്, വൈ എന്നിങ്ങനെ പേരിട്ട് നമുക്ക് വിളിക്കാം..

എന്റെ കയ്യിലെ കഠാരിയിൽ നിന്ന് ഇപ്പോഴും
ചോരയിറ്റിവീഴുന്നു.
ചുമരിലെ ആനക്കൊമ്പ് കൊണ്ട് മോടി പിടിപ്പിച്ച കണ്ണാടിയിലൂടെ സിറിൽ ജോൺ എന്ന ഞാൻ
എന്നെ തുറിച്ചു നോക്കുകയാണ്.
അടഞ്ഞുകിടന്ന ബാത്രൂമിനുള്ളിൽ
അവളുടെ ജാരനൊളിച്ചിരിക്കുന്നുണ്ടെന്ന്
ഞാൻ വിചാരിക്കുന്നു.
ഇരുന്നൂറ്റിയൊന്നാം മുറിയിലേക്ക് തുറക്കുന്ന വാതിൽ
എക്സ് എന്ന് പേരുള്ള ജാരൻ
വൈ എന്ന് പേരുള്ള അല്ല റോസ് മരിയ എന്ന് പേരുള്ള എന്റെ ഭാര്യ..

മരിച്ചു കിടക്കുന്നത് ഞാനായിരുന്നു.
ബാത്ടബ്ബിലേക്ക് രക്തമിറ്റിച്ച് കമിഴ്ന്ന്..!
.
.
.

തീ..
ആത്മഹത്യ ചെയ്യുന്ന അതേ കെട്ടിടം
അതേ ബാൽക്കണി
അതേ കിളിക്കൂട്
അതേ കിളി
അതേ പെണ്‍കുട്ടി
.
.
.

താരതമ്യേന നിശ്ശബ്ദമായ
മദ്ധ്യാഹ്നത്തിന് ശേഷം
എല്ലായിടത്തേം പോലെ ശബ്ദക്കടലിരമ്പുന്ന
പോക്കുവെയിൽത്തെരുവിലേക്ക്
ജഡ്ക്കയിൽ വന്നിറങ്ങിയ
ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി.
രണ്ടുവശത്തേക്കും മുടി പിന്നിയിട്ട
പെൺകുട്ടിയെ വിലക്കു വാങ്ങാൻ വന്ന
ഏജന്റായിരുന്നു അയാൾ.
ചുവന്ന തെരുവിന്റെ ഇരുൾപ്പകലുകളിലേക്ക്
മുറിച്ചെറിയപ്പെടുന്ന
പനിനീർച്ചെടിയുടെ മുൾവേദനകൾ
എന്നെപ്പൊതിയുന്നു..
.
.
.

സ്വയം വെന്തു മരിച്ചുതുടങ്ങിയ
എന്നെക്കുറിച്ചാണ് ഞാൻ പറയുന്നത്
അതേ ബാൽക്കണിയിൽ
തീക്ഷ്ണമായ ചിന്തകളും
പൊള്ളിത്തുടങ്ങിയ ഉടലുമായി ഞാൻ..
അഗ്നിച്ചിറകു മുളച്ച്, കെട്ടിടം ഒരു പക്ഷിയെപ്പോലെ പറന്നു തുടങ്ങുന്നു..
വെയിൽ പഴുത്ത ആകാശത്തിലേക്ക്..!!

▪▫▪▫▪▫▪

Saturday, May 11, 2019

........

ഉറക്കത്തിന്‍റെ വിമാനത്താവളത്തിൽ നിന്ന്
സ്വപ്നത്തിന്‍റെ ഊബർടാക്സി പിടിച്ചാണ്  നിന്നരികിലെത്തുക..
കണ്ടുമുട്ടുന്ന നിമിഷം,
നമുക്കിടയിലെ കൺദൂരങ്ങൾ
ഏഴുജൻമങ്ങളിലെ മഴ കൊണ്ട് നിറയും..
ചുംബനം കൊണ്ട് ആയിരം രാത്രികൾ
പെയ്തു തീരാവുന്ന അത്രയും
പ്രണയലിപികൾ പരസ്പരമണിയും..

നീയറിയുന്നില്ലേ..!!
മൗനത്തിന്റെ ചിലന്തിവലയിൽ കുടുങ്ങിപ്പോയ
നമ്മുടെ വർത്തമാനങ്ങൾ
കടലുപോലെയിരമ്പുന്നത്..??

ഉണർച്ചയിലെ ഓർമ്മപ്പുഴയിൽ
നമ്മൾ നനഞ്ഞുകുതിരുന്ന പകൽ
ആകാശദർപ്പണത്തിൽ പരസ്പരം കാണുന്ന
സായന്തനങ്ങൾ..

മറവികളുടെ ശ്മശാനത്തിലേക്ക്
നടന്നുപോകുന്ന ഇലഞ്ഞിമരങ്ങൾ..
നാമതിന്റെ തണലിൽ പകുത്ത
ജൻമാന്തരങ്ങൾ..

ഒരിക്കൽ
പറഞ്ഞുതേഞ്ഞ വാക്കുടലുകളിൽ
നമ്മുടെ പ്രണയം തപസ്സിരിക്കുന്നു..
പതിനൊന്നു മാസം
ഒച്ചിന്റെ പുറംതോടിനുള്ളിൽ ഉണക്കാനിട്ട്
ഒരുമാസം പെയ്യുന്ന മേഘമാണെന്റെ രതി..

ഗുൽമോഹറെന്നു പേരുമാറ്റി വിളിച്ച
ഓർമ്മകളുടെ പൂക്കളാണിത്..
നിന്റെ വിയർപ്പിന്റെ മണമുള്ള രാത്രികളിലേക്ക്
തിരികെപ്പറക്കുന്ന ചിറകില്ലാപക്ഷികൾ..

മരുഭൂമിയിൽ നിലാവിന്റെ
മുസല്ല വിരിച്ച റമദാനിൽ
നിന്റെ പ്രണയത്തിന്റെ ഈന്തപ്പഴങ്ങൾ
നിറയുന്നു..

ഒരു കടലിനപ്പുറമിപ്പുറം
നമ്മളെപ്പകുത്ത വിരഹദൂരങ്ങൾ;
മോശയുടെ വടിയാണെന്റെ കിനാവുകൾ..!

ഹൃദയമതിന്റെ ആഴങ്ങൾ കൊണ്ട്
സംസാരിക്കുന്നു..
ഋതുഭേദങ്ങൾ നിറം തേച്ച ജീവിതം
നമ്മുടെ വിഷാദങ്ങളെത്തൊടുന്നു..

അതേ...
നിശ്ശബ്ദമായ ഈ രാത്രികളിൽ
നിദ്രയുടെ ലോഹപ്പക്ഷികൾക്ക് ചിറകു മുളയ്ക്കുന്നു..
എന്നും നിന്നിലേക്കുള്ള പ്രയാണങ്ങൾ
നീയറിയാതെ പോകുന്നതങ്ങിനെയാണ് സഖീ.....

🌼🌼🌼

Tuesday, January 8, 2019

........നിശ്ശബ്ദത,
നിന്റെ മൗനത്തിന്റെ ചിറകുകളണിഞ്ഞു പറക്കുന്ന
പറവയാണ്...
ഇടയ്ക്കു മുറിഞ്ഞു പോയ
ചാറ്റൽമഴ പോലെ
നമുക്കിടയിലൊരു വാക്കിടം;
ഓർമ്മയുടെ ദ്വീപ്..!

ഉടഞ്ഞു പോയ വെയിൽച്ചില്ലാണ്‌
പ്രണയം..
കാലമതിന്റെ കൽവഴിയിലെവിടെയോ മറന്നു പോയ
കിനാവിന്റെ കാൽപാടുകൾ..!

മറവിയുടെ കടൽക്കരയിൽ
നാം നമ്മളെ ഉണക്കാനിട്ടിരിക്കുന്നു..
നിശ്ശബ്ദത,
നിലാവിന്റെ വിരൽത്തുമ്പുകൾ കൊണ്ടെന്ന പോലെ
നമ്മുടെ രാവിനെത്തൊടുന്നു..!

ചിതറിത്തെറിച്ചുപോയ
ചിന്തകളിൽ നിന്ന്
പെറുക്കിയെടുത്ത
നിന്റെയുടലിന്റെ ചൂര്;
മോഹമാമെരിവുള്ള ചൂട്...!

നിശ്ശബ്ദത,
ഉയിരിന്റെയുടുപ്പാണ്...
നമുക്കിടയിൽ
മൗനത്തിന്റെ നൂലകലം..!!

പരസ്പരമകന്നുപോയ
പാദപതനങ്ങളിൽ
കാലം തളംകെട്ടികിടക്കുന്നു....!!!

🔸🔹🔸🔹🔸

Thursday, December 20, 2018

.......

🔅🔅🔅🔅
എന്തിനാണെന്നെയീ തീപ്പുടവ നീട്ടി
വെന്ത കിനാക്കളുടെ ചിതയിലേറ്റി..?
ഓർമ്മകൾ ചിറകായി,
കാലമാം മേഘമൗനത്തിൽ  ഞാനെന്റെ
ജീവിതം മെല്ലെ പറന്നലിയുമ്പോൾ..!

നിഴലുകൾ കൊണ്ടെന്റെ ചിത്രം വരക്കുന്നു,
നിശയും, നിലാവും, പകൽ തേഞ്ഞ വേനലും..
പിൻവഴിയിലെവിടെയോ ബാക്കിയാവുന്നു;
പാതികുടിച്ചു വറ്റിച്ച യൗവനം..!

അരളികൾ പൂത്തു കൊഴിഞ്ഞ പാടങ്ങളിൽ
ഇരുളു കൊളുത്തിച്ചിലക്കുന്ന പുള്ളുകൾ..
വേർത്ത നിനാദങ്ങൾ;
ഹൃദയം കൊരുക്കുമീയാർത്തനാദങ്ങൾ..
കടലു പോലും തോൽക്കുമുയിരിന്റെ മൗനം..!

അഴൽ കൊണ്ട് ചീർത്ത വാക്കിൻ ജഡങ്ങൾ,
നിരന്നു കിടക്കുന്ന കാവ്യശ്മശാനം..!
ഇനിയെന്ന് പൂക്കുവാനകിലിൻ മരങ്ങൾ;
പുനർജനി നൂഴുന്ന നിനവിന്റെ രഥ്യ..!!

♦♦♦♦

Saturday, May 5, 2018

▫▪▫▪▫▪▫▪

പുഴയുടെ
മനസ്സുള്ള
മനുഷ്യൻ...
കടലിന്റെ
ആഴമുള്ള
ജീവിതം....
മഴയുടെ
നനവുള്ള
കവിത..;
അവൻ
ഖബറിന്റെ
ചിറകുള്ള
മൗനത്തെ
മുറിക്കുന്നു....!

.
.

പുഴയുടെ
നേർത്ത
വിരലുകൾ
പോലെ-
തന്നിലെ
ആഴങ്ങളിലേക്ക്
നനഞ്ഞിറങ്ങിയ
വേരുകളെ,
ഓർമ്മ കൊണ്ട്
ചുംബിച്ചു
രജസ്വലമായ
യാമങ്ങളിലേക്ക്
പലായനപ്പെടുന്നവൻ....!!

.
.
.

തങ്ങളിൽ
ഘനീഭവിച്ച
മറവിയുടെ
നിശ്ചലതടാകം....
ഇക്താരയുടെ
ഒരൊറ്റകമ്പിയുടെ
താഴ്‌വാരം...
വിരഹത്തിന്റെ
വേപഥു...
നേർത്ത
കിനാവിന്റെ
നിലാക്കടൽ...;
അവൻ നനഞ്ഞു കൊണ്ടിരുന്നു...!!!

.
.
.

പുഴയുടെ
ഉയിര് കൊണ്ട്
പുഴയുടെ
ഉടല് കൊണ്ട്
അവൻ
പറഞ്ഞു കൊണ്ടിരുന്നു...
പുഴയുടെ
ഉറവ് കൊണ്ട്
അവൻ നിറഞ്ഞു കൊണ്ടിരുന്നു....!!!!

🌊

അവനൊരു ആകാശമായിരുന്നു!!!!!
🎑

Sunday, April 8, 2018

••••••••••••••••

°°°°°°°°°°°°°°

നിങ്ങളെങ്ങിനെ
തങ്ങളിൽ
ഈ ഞങ്ങളിൽ
പല നെഞ്ചിലെ
ചെഞ്ചോരയിൽ
നഞ്ചു കലക്കി....?
നിങ്ങളെന്തിനു
ഞങ്ങളെ
പല വാക്കിനാൽ
പകപോക്കിനാൽ
തമ്മിൽ തച്ചു
മരിക്കുവാൻ
ഇ(സ)ങ്ങളെ തന്നു..?

നിങ്ങളല്ലേ
ഞങ്ങളെ
നിങ്ങളാക്കിയത്..?
ഞങ്ങളല്ലേ
നിങ്ങളെ
ഞങ്ങളാക്കിയത്...??

നിങ്ങളെന്നും
നിങ്ങളാണ്..!
ഞങ്ങളെന്നും
ഞങ്ങളാണ്....!!

ചൂണ്ടുവിരലിലെ
മഷിയുങ്ങ്യാൽ;
നിങ്ങളെന്നും
നിങ്ങളാണ്‌...! 
ഞങ്ങളെന്നും
ഞങ്ങളാണ്.....!!

••••••••••
((ഞങ്ങളെന്നാൽ
നിങ്ങൾ മേയ്ക്കും
⭕കഴുതയെന്ന
പൊതുജനം...!!!!!))
♨♨♨♨

Tuesday, March 27, 2018

⚪⚫⚪⚫⚪⚫⚪

അത്ര മേൽ ഭീകരമായ കവിത എഴുതാനാണിരുന്നത്..
കാരണം അതിനേക്കാൾ തീവ്രമായ ഒരു രാത്രിയായിരുന്നു അത്.
ഒരു തെരുവ് കത്തിയമരുകയായിരുന്നു...!
വിറകു കൊള്ളികൾക്കു പകരം പച്ച മനുഷ്യരുടെ ഉടലുകൾ ഇട്ടു കത്തിച്ച അടുപ്പുകൾ ആയിരുന്നു ഓരോ വീടും..
അഗ്രം ചെത്തിയ ലിംഗമല്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ പട്ടാളക്കാരനായിരുന്നു ഞാൻ.
അടുപ്പിനു മേലെ പാതി വെന്ത തനുവും മനവും കൊണ്ട്
ഇടുപ്പിനിടയിലെ ചെകിള ചെത്താത്ത മത്സ്യത്തെ കുറിച്ച് വികാരതീവ്രമായി ഓർത്തുകൊണ്ടിരുന്നു..

അഹമ്മദാബാദ്..
നരച്ച നിറങ്ങൾ കൊണ്ട് ചമച്ച ചതുരങ്ങളിൽ
വസ്ത്രങ്ങളുടെ നിലക്കാത്ത വർണ്ണങ്ങൾ കൊണ്ട് നമ്മെ വിളിച്ചു കൊണ്ടിരിക്കും..
കണ്ണാടികൾ കൊണ്ട് പുതച്ച ഉടയാടകൾക്കിടയിൽ നിന്ന്
കണ്ണാടികളെക്കാൾ തിളക്കമുള്ള കണ്ണുകൾ കൊണ്ട് ഹരം കൊള്ളിക്കുന്ന പെണ്ണുങ്ങൾ..
മധുരം വിളമ്പുന്ന കടകൾ..
മുംബൈയിലെ ഭാങ്ങിനെക്കാൾ വീര്യമുള്ള സർബത് ശാലകൾ..
ഉന്മാദം അതിന്റെ അമ്മവീട്ടിൽ തിരിച്ചെത്തിയ സന്ധ്യകൾ..

ആരും അന്യരായിരുന്നില്ല അവിടെ..
എല്ലാവർക്കും പരസ്പരം മനസ്സിലാകുന്ന ഒരു മൗനം
ചുറ്റിലും പടർന്നിരുന്നു...

മലബാറി ഹോട്ടലിൽ
സാമ്പാറും ചോറും തീയലും ഓലനും
നാട്ടിലേക്കുള്ള രുചിവഴികളായിരുന്നു..

തെരുവ് കത്തുന്നു...
കവിതയിലേക്ക് അടർന്നു വീണ ചൂടിൽ അക്ഷരങ്ങൾ പൊള്ളിപ്പോകുന്നു..
മലബാറി ഹോട്ടലിലെ നാണുവാശാൻ  വിറകു പോലെ കത്തിത്തീർന്നു പോയി..
മൂത്ര സംബന്ധമായ അസുഖം മൂലം ബംഗാളി ഡോക്ടർ അഷുതോഷ് ബാനർജി ചെത്തിയെടുത്ത ലിംഗാഗ്രം നാണുവാശാന്റെ ജാതകം തിരുത്തി..

നാല്പത്തേഴു വയസ്സ് വരെ വിടാതെ പിന്തുടർന്ന ശനിയുടെ അപഹാരം
ശുക്രദശയിലേക്ക് വിലയിച്ചു എണ്പത്തിമൂന്നു വയസ്സു വരെ നീണ്ടു കിടക്കുന്ന രാജയോഗത്തിന്റെ ബാല്യത്തിലായിരുന്നു അയാൾ..

തട്ടുമ്പുറത്തെ ചൂടിൽ വെന്തുരുകി പട്ടാളക്കാരൻ എഴുതി..
ഒരടുപ്പിനു മുകളിൽ വേവുന്ന  ചുവന്ന നിറമുള്ള ഹൃദയത്തെ കുറിച്ച്..

പട്ടാളക്കാരൻ ഹിന്ദുവായിരുന്നു.
ഏയ് .. അല്ല, ഇസ്ലാമായിരുന്നു...
അല്ലല്ല.. കൃസ്ത്യാനിയായിരുന്നു..

അല്ലെങ്കിൽ യഹൂദനോ പാഴ്സിയോ സിക്കോ ജൈനനോ ബുദ്ധനോ ആയിരുന്നു..

അതുമല്ലെങ്കിൽ യുക്തിവാദി..

അപ്പോഴും പട്ടാളക്കാരൻ എന്ന ഞാനായിട്ട് പോലും
മനുഷ്യൻ എന്ന കോളത്തിലേക്ക് എന്നെ ഒതുക്കാൻ വയ്യാത്ത അത്രക്ക് ഭീകരമായ ഒരു കവിത തന്നെയാണ് സഹോ,
(ഇന്നത്തെ) അന്നത്തെയും  ഇന്ത്യ.....!!!

.......
കടപ്പാട്: അടുപ്പിനു മുകളിൽ വെന്ത് തീർന്ന രാത്രിയിലെ പ്രിയപ്പെട്ട *പട്ടാളക്കാരന്