എന്നെ ലൈക്കണേ....

Thursday, September 11, 2014

നീ



ഹൃദയമൊരു ചഷകം;
പ്രണയം നുരക്കുന്ന
വീഞ്ഞാണ് നിന്‍ നിണം...!
നിലാവിന്‍റെ നനവുള്ള
സിരാധമനികള്‍;
കിനാവിന്‍റെ ലഹരി...!
നിദ്ര, തിര മൂടുന്ന
കണ്‍കടലുകള്‍;
രതിമധുരമാഴം..
ഓര്‍മ്മകള്‍ പറവകള്‍
കൃപാലമാകാശം;
മറവി മേഘങ്ങള്‍..!

മഴയാണ് നിന്‍ വിരല്‍
വെയിലാണ് നിന്‍ നിഴല്‍
മഞ്ഞാണ് നിന്നഴല്‍
ഇനിയെന്നുമെന്നിലെ,
ഋതുവാണ് നീ...!


Saturday, September 6, 2014

ഉപ്പിലിട്ട കവിതകള്‍

കവിതയെ  
അവന്‍ ഉപ്പിലിട്ടു വെച്ചിരുന്നു...! 

നെല്ലിക്കയുടെ ചവര്‍പ്പും  
മുളകിന്‍റെ എരിവും 
പാവക്കയുടെ കയ്പ്പും 
മാങ്ങയുടെ പുളിപ്പും, 
ഉപമകളും 
ഉല്‍പ്രേക്ഷകളും 
വൃത്തങ്ങളും 
സമാസങ്ങളുമായി 
വേര്‍തിരിക്കപ്പെടാത്ത 
രുചിഭേദങ്ങളായി 
ചില്ലുകുപ്പികളില്‍ ധ്യാനം പൂണ്ടു! 

കുഴൂരിലെ 
കഴുവേറ്റപ്പെടാത്ത 
ചില നിമിഷങ്ങളില്‍ നിന്ന് 
തിരിച്ചിറങ്ങാന്‍ 
ഇഷ്ടമുണ്ടായിട്ടല്ല! 
പ്രവാസത്തിന്‍റെ 
അറബിച്ചങ്ങലയില്‍ 
കാലും, കാലവും 
പണയം വെച്ചവന്‍റെ ദുര്യോഗം! 

പല മാസം കരിഞ്ഞു 
ഒരു മാസം കിളിര്‍ക്കുന്ന 
ഒരശോക മരത്തെക്കുറിച്ച് 
അവന്‍ ഓര്‍ത്തെടുത്ത പോലെ...!

***
നിലാവ് പെയ്തിറങ്ങുന്ന മുന്നേ 
സ്വച്ഛമായ കിനാവ്‌ പോലെ 
'സച്ചിതാനന്ദ'കാവ്യം 
അന്നെനിക്ക് മോന്തിക്കൂട്ടായി.. 

ആറ്റിന്‍കരയില്‍, 
പാട വരമ്പത്തും നട്ട 
കവിതമരങ്ങള്‍ക്കൊപ്പം 
എന്‍റെ ഹൃദയത്തിലും 
ചില മരപ്പിറവികള്‍...! 

***
തിരികെപ്പോകാന്‍ 
നേരത്താണ് 
കവിതകളെ  
ഉപ്പിലിട്ടു വെച്ച ഭരണിയില്‍ 
നിന്നിത്തിരി 
അവനെനിക്ക് തന്നത്...! 

കാ‍ന്താരി മുളകിനെക്കാള്‍ 
എരിവുള്ള 
അവന്‍റെ കവിതയെ 
രുചിച്ചു രുചിച്ചു 
കൊതി തീര്‍ന്നിരുന്നില്ല... 

എരിഞ്ഞു ചോന്ന 
ചുണ്ടുകള്‍ കൊണ്ട് 
അലിഞ്ഞു ചേര്‍ന്ന 
ഉള്ളുകള്‍ കൊണ്ട് 
യാത്ര പറയാതെ 
യാത്ര തുടര്‍ന്നു.. 

ഇനിയും തീരാത്ത 
എന്നേലും തീരേണ്ട പ്രവാസം...!