എന്നെ ലൈക്കണേ....

Friday, November 14, 2014

കവിത

ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 



......... 
വര: അസ്രൂസ് 

Tuesday, November 11, 2014

ഋതു

വേനല്‍ക്കാടുകളില്‍
ഹിമകണങ്ങള്‍
ഒളിച്ചിരിക്കുന്ന
ഒരിലപൊഴിയാമരമുണ്ട്…
ശരത്കാലത്തോട്
പിണങ്ങി,
വസന്തത്തിനോട്
കുണുങ്ങി,
വര്‍ഷത്തിനോട്
ചിണുങ്ങി,
ഹേമന്ദത്തിനോട്
ഇണങ്ങിയങ്ങനെയങ്ങനെ….! 

നിനവിന്‍റെ നിഴല്‍ വീണ
മരത്തണലില്‍
ഇരുളും, നിലാവും,
പകലും, വെയില്‍, മാരിയും
കണ്ണാരം പൊത്തിക്കളിച്ചു..
മസ്തിഷ്കങ്ങളിലേക്ക്
ഒഴുകിപ്പരക്കുന്ന
ചിന്തകളുടെ പുഴകളില്‍
കുളിച്ചീറനാകുന്ന ഭാവനകള്‍….
ഋതുക്കളില്‍ നിന്ന്
അടര്‍ന്നു വീണ
പേരറിയാത്ത കാലങ്ങള്‍
ചിറകില്ലാപക്ഷികളായി
കവിതകളിലേക്ക് ചേക്കേറുന്നു…!
(ജനിമൃതികള്‍ക്കിടയിലെ
ഋതുഭേദങ്ങള്‍ക്ക് പക്ഷെ,
ഒരൊറ്റ നിറമാണ്;
ജീവിതം..!!) 

........................
വെട്ടം ഓണ്‍ലൈന്‍ 
(നവംബര്‍-2014)

Friday, November 7, 2014

ശവപാത്രം*

മൗനമായിരുള്‍ മേഞ്ഞ 
മാംസഗേഹത്തിലെന്‍ 
ജന്മമൊരു രുധിര സ്വപ്നത്തില്‍ 
നിമഗ്നമായ്..; 
പിറവിക്കു മുന്‍പേയുറഞ്ഞതാ- 
ണോര്‍മ്മകള്‍ 
മറവിയുടെ വെട്ടം പൊതിഞ്ഞതാ- 
ണെന്‍ മനം..! 


ഒരു രതിനിമന്ത്രണം 
പിന്‍വഴിയിലെവിടെയോ 
എന്‍റെ സ്വത്വം രചിക്കുന്നു.. 
നിഴലുകളിലുരഗങ്ങ- 
ളുള്‍ ചേര്‍ന്ന കാമത്തി-
ലെന്‍ പിറവി മൗനം ഭജിക്കുന്നു..! 


ഹൃദയം നുറുങ്ങുന്നതെന്തിനോ?
എന്നാത്മശിഖരം നടുങ്ങുന്നതെന്തിനോ? 
ലിപികളണിയാത്തൊരെന്‍ ഭാഷയാലീ 
പ്രജ്ഞ തന്‍താളിലെഴുതുന്ന നേരം?? 


ഒരു പിണം മാത്രമായ് 
ഞാന്‍ പിറക്കും 
നാളെ ഒരു മണ്‍കിനാവെന്ന- 
യേറ്റു വാങ്ങും 
അറുത്തു മാറ്റും മുന്‍പറുത്ത ബന്ധം 
അറിഞ്ഞൊരുപൊക്കിള്‍ കൊടി മാത്രം- 
വേദനിക്കും ...! 


ഒരുതരിസുഖത്തിനായ് 
നിമിഷസേകത്തിന്‍റെ 
സന്താപസന്തതിയാകുന്നു ഞാന്‍ 
മറുനിമിഷചിന്തയില്‍ 
പ്രായോഗികത്തിന്‍റെ 
കത്രികപ്പാടിന്‍റെ'യിര'യായി ഞാന്‍..! 


എന്‍റെ സ്വപ്നങ്ങളെ 
വേട്ടയാടിക്കൊന്ന 
കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍ 
എന്‍റെ മോഹങ്ങളെ 
തൂക്കിലേറ്റിക്കൊന്ന 
സദാചാരക്കഴുമരങ്ങള്‍....! 


ആരാണ് ജന്മത്തിനവകാശി 
ദൈവമേ? 
ആരാണ് മരണത്തിനുപചാരം 
ചൊല്ലുവോന്‍..?? 
നീയാണ് ജനിക്കുവാന്‍, 
മരിക്കുവാന്‍, പിഴക്കുവാന്‍ 
കാരണമതെങ്കിലെന്‍ വിധിയുടെ ന്യായവും, 
നിന്‍റെ നയവും പറഞ്ഞീടുക?? 


ഇനിയേതു ജന്മത്തില്‍ 
ഞാന്‍ പിറക്കും 
നിന്‍റെ പിറവിക്കു താതനായ് 
കൂട്ടിരിക്കും..?? 
ചാപിള്ളയായ് നീ പിറക്കുന്ന മുന്നേ 
എന്‍റെ ജീവനെ പകരം തരും??? 



............ 

Saturday, November 1, 2014

പെണ്ണ്

ആണ്‍കടലുകള്‍
പെണ്‍പുഴകളിലേക്ക്
രതിയുടെ വേലിയേറ്റങ്ങള്‍
രചിക്കുന്ന രാത്രികള്‍...
തിരകളെ തടുക്കാന്‍ 
പുലിമുട്ടുകള്‍
പോലുമില്ല.....!
തിരികെയൊഴുകാന്‍
അവളുടെയുടലിനു
പാകമുള്ള ജലവഴിയുമില്ല..!

പെണ്‍ചൂരിനെ
ചുറ്റിപ്പറക്കുന്ന
ലിംഗക്കഴുകന്‍മാര്‍
സദാചാരച്ചങ്ങലയില്‍
കോര്‍ത്തെടുക്കുന്നുണ്ട്,
അവളുടെ സ്വാതന്ത്യം...!
ഒടുവിലൊരു മലവെള്ളപ്പാച്ചില്‍
കടലുകളെ മുക്കിക്കൊന്നു..
പാതിജീവനറ്റ
ചക്രവാളത്തില്‍
സൂര്യനും ചന്ദ്രനും
ഫെമിനിസ്റ്റുകളായി.. !

മരിക്കാത്ത മണ്‍കടല്‍
നോഹയുടെ പെട്ടകം
വാടകയ്ക്ക് വിളിച്ചു
സദാചാര ക്കോടതി കൂടി
പെണ്‍പ്രളയത്തിനു
മേലേ ആണ്‍കുരുതിയുടെ
കഴുമരമുയര്‍ന്നു....!
അവളുടെ ജീവിതത്തെ
ബലാല്‍സംഗം ചെയ്യാന്‍
കഴുമരമൊരു കറുത്ത ലിംഗമായി !!
......  ........
സമര്‍പ്പണം:  റെയ്ഹാനേ ജബ്ബാറി