എന്നെ ലൈക്കണേ....

Friday, March 5, 2010

പ്രവാസികളെക്കുറിച്ച്..


മണലാരണ്യപ്പെരുവഴിയോരം
ചിതയെരിയും തീയാളുന്നു...
കനവുയിരില്‍ കത്തിയമര്‍ന്ന-
പ്രവാസികളുടെ മനമുരുകുന്നു...

ഇവിടെപ്പകലന്തികലുഷ്ണ-
ച്ചുടലകളില്‍, നെടുവീര്‍പ്പുകളില്‍
തളരും കാല്ച്ചുവടുകളാലെ
നിനവൊരു നൊമ്പരമണിയുന്നു...

ഒരു സ്വപ്നച്ചിറകടിയേറി-
ക്കടലു കടന്നിട്ടൊടുവില്‍ നേടി-
പ്പെരുകിയ ദുരിതപ്പാരാവാര-
ത്തിരകളിലാരു വിതുമ്പുന്നു?

ഇതു വിധിയുടെ തടവറയാകാ-
മിതു സ്വര്‍ഗത്തിന്നിടവഴിയാകാ-
മിതു നാമെന്നോ കേട്ട് മടുത്തോ-
രറബിക്കഥയുടെ മണ്‍നിഴലാകാം!

ഈ ജീവിതസമരത്താളില്‍
ചുടുനിണ മൊഴുകി പ്പോറിയ-
ചുടല മണക്കും മോഹത്തിന്റെ വചസ്സ്‌!
ഈയൂഷര മേഘച്ചെരുവില്‍
ചുട്ടു വിയര്‍ത്തു നനഞ്ഞൊരു ചിത്ത-
ക്കുരുവി കരഞ്ഞു തിരഞ്ഞ സരസ്സ്!

എവിടെ നിന്‍ നാട്ടില്‍ നിന്നും
പാറി വരുന്നൊരു ലോഹവിഹംഗം?
എവിടെ നിന്‍ പ്രേയസി തന്‍
കണ്ണീരാലാലെഴുതിയ ലിഖിത പതംഗം?

ഈ വിരഹ വിയോഗം നിന്‍റെ-
നിയോഗത്തിന്‍റെ നഖപ്പാടായി-
ക്കരളലണിഞ്ഞ മുറിപ്പാടായി-
ക്കരയും നിന്‍റെ നിഴല്‍പ്പാടായി!

ഇനി തിരികെപ്പോകാന്‍ നിന്‍റെ-
യിളം കനവേകിയ ബാല്യത്തിന്‍റെ
മരത്തണലില്‍ മണ്ണപ്പം ചുട്ടു വിളമ്പാ-
നോര്‍മ്മത്തോഴികള്‍ മാത്രം!

ഇനിയും നിന്‍ ജന്മത്തിന്‍റെ
കനല്‍പ്പുടവത്തുമ്പില്‍ കരുതുന്നു;
മണല്‍ക്കാറ്റെറ്റാലും കൊഴിയാത്ത-
മരിക്കാത്തൊരുപിടി യോര്‍മ്മകള്‍ മാത്രം!!

----ശുഭം----
സമര്‍പ്പണം:
മറ്റുള്ളവര്‍ ജീവിക്കുന്നതിനു വേണ്ടി സ്വന്തം ജീവിതം മറക്കുന്ന എന്റെ പ്രിയപ്പെട്ട പ്രവാസികള്‍ക്ക്

No comments:

Post a Comment