എന്നെ ലൈക്കണേ....

Sunday, November 24, 2013

മൗനം//നൊമ്പരം


(ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)
***
ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!


---ഷിറു-----Monday, November 18, 2013

ഇനിയുള്ളത്..ഇനിയുള്ള നാളെന്റെ സ്വപ്നമാകുന്നു 
വര്‍ണ്ണങ്ങളിഴയിട്ട മഴവില്ലു പോലെ 
സ്വര്‍ണ്ണങ്ങളുതിരുന്ന സന്ധ്യ പോലെ 
കനല്‍ച്ചില്ലു പോലെന്റെ കിനാവുകള്‍...!
ഇവിടെയീ നഗരഗര്‍ത്തത്തില്‍,
വര്‍ത്തമാനത്തിന്നാര്‍ത്തനാദം
തുടല്‍ പൊട്ടിച്ചലറുന്ന ഭീകരത;
അഴലിറ്റിത്തിമിര്‍ക്കുന്നൊരാധുനികത..!!
നൂറ്റാണ്ടുകള്‍ വഴിമുട്ടിക്കിതച്ചുവോ
നിമിഷാര്‍ദ്ധവ്യാപ്തിയില്‍;
ചരിതാഹുതികളില്‍,
വ്യര്‍ത്ഥമായ് തീര്‍ന്നൊരീ രഥ്യയില്‍,
ഇരുള്‍ മാത്രം കലമ്പുന്ന പകലില്‍,
കാമാര്‍ത്ത ഭേദ്യങ്ങളുത്തരം ചൊല്ലും-
അനാഥബാല്യങ്ങളില്‍;
അമരുന്ന തഥ്യയില്‍...!
ഇനിയുള്ള നാളുകളിനിയും പിറക്കാത്ത
പിറവിയുടെ ബാധ്യത പോലെ..
കരിയുന്ന കാനല്‍ച്ചിരാതുകളായ്
കണ്ണിലെരിയും കനല്ക്കല്ലു പോലെ..!
വേര്‍ത്ത തെറ്റിന്റെ ഹിമപാതമായി
നേര്‍ത്ത രാത്രികള്‍ വരാനിരിക്കുന്നു
പേര്‍ത്തും പേര്‍ത്തുമാര്‍ക്കുന്ന വിദ്ധാംഗര്‍..
പറക്കുന്ന കഴുകന്റെ കൂര്‍ത്ത നഖങ്ങള്‍...!
നാളെയെന്‍ ചേതന ചതക്കും
നീണ്ട കൂടങ്ങളാണീ കിനാവുകള്‍
ചിതറുന്ന നൊമ്പരച്ചുടലകളില്‍
ചോര ചീറ്റുന്ന സൂര്യസായാഹ്നം..!
ഇനിയെന്റെ ചോദ്യങ്ങളിഴയുന്നു,
തലച്ചോറില്‍ പുഴുക്കളെപ്പോലെ..;
ചിന്തക്ക് മേലെ വിരിച്ച നിലാവിന്‍
ചിലന്തിവലയാകുന്നു മൌനം!!
***


ഇനിയുള്ളതെന്ത്....??
ഇനിയും നിലക്കാത്തൊരീ പ്രാണ-
നിടറിക്കിതക്കുന്ന വഴിയില്‍
പ്രാണി പോല്‍ ചിറകറ്റു കേഴുന്നൊരീ
വൃദ്ധസദനത്തിലെ രാപ്പകലുകള്‍ മാത്രം....!!!

----അശുഭം----


Saturday, November 16, 2013

കുന്നത്തങ്ങാടികുന്നേലച്ചന്റെ വരവിനു മുന്‍പ്
'കുന്നത്തങ്ങാടിയുടെ' പേരിന്
അവസ്ഥാന്തരങ്ങളില്ലായിരുന്നു..!
ദ്വയാര്‍ഥങ്ങള്‍ കന്മഷം തീണ്ടാതെ
കുന്നിന്‍ പുറത്തെ അങ്ങാടിയായി
പരിലസിച്ച നാളുകള്‍...
'നാടന്‍' എന്ന സാമാന്യവാക്കിനു പിറകെ,
കായക്കുല, ചേന, ചക്ക, മാങ്ങ
ഇനിയും പേരു പറഞ്ഞും, പറയാതെയും
ഗ്രാമത്തിന്‍റെ വിശുദ്ധവിളകള്‍
വില്‍ക്കപ്പെടുന്ന ഇടം..!
പരിശുദ്ധ അന്തോണീസ് പുണ്യാളനെ
വാഴ്ത്താനും; ഇടവകയിലെ കുഞ്ഞാടുകളെ
നേര്‍വഴിക്കു നടത്താനും
ഗ്രിഗരീസ് അച്ഛനെ സെമിനാരി നിയോഗിച്ച ദിവസം,
ആകാശത്തെ നക്ഷത്രങ്ങള്‍
ഓട്ടകണ്ണിട്ട് നോക്കിയത്
കുന്നത്തങ്ങാടി ചന്തയുടെ
ജാതകത്തിലേക്കായിരിക്കാം.....!
തൊലി വെളുത്ത അച്ഛന്‍
മനം കൂടി വെളുത്തവനായിരുന്നു..
ശീമയില്‍ നിന്നു കിഴക്കിന്റെ സീമയിലേക്ക്
ഉദിച്ച സൂര്യനെ പോലെ...
ആംഗലേയത്തില്‍
പേരു വിളിക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടും
'കുന്നത്തെ അങ്ങാടിയുടെ' പാതിരിയെ
കുന്നേലച്ചനായി
നാട്ടുകാര്‍ വാഴ്ത്തിത്തുടങ്ങിയത്
അങ്ങനെയായിരുന്നു..
(ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന മുന്നേയാണെ..)
അങ്ങനെ കുന്നേലച്ചന്‍
മനസാ വാചാ കര്‍മണെ അറിയാതെ
കുന്നത്തങ്ങാടിയെ പേര് വിളിച്ചു ഭര്‍സിച്ചു തുടങ്ങി!
അങ്ങാടിയുടെ പേരില്‍ പുരണ്ട
അശ്ലീലത്തെ അപലപിക്കാന്‍
അന്ന് മുഖപുസ്തകങ്ങള്‍ തുറന്നിരുന്നില്ല..
ലൈവ് ചര്‍ച്ചകളോ, ചാനലുകളോ
മാധ്യമസിണ്ടിക്കേറ്റുകളോ ഉണ്ടായിരുന്നില്ല..
മനസ്സിലെ സ്നേഹം മുഴുവന്‍ ചാലിച്ച്
കുന്നെലച്ചന്‍
കുന്നത്തങ്ങാടിയെ വിളിച്ചു നടന്ന തൊടികളില്‍
ശീമക്കൊന്നകളും, വേലിപ്പത്തലുകളും
അശ്ലീലത്തെക്കുറിച്ച് ചിന്തിച്ചുമില്ല...
നല്ല ശമരിയാക്കാര്‍ കൂലംകഷമായി ചര്‍ച്ച ചെയാന്‍
അതൊരു സഭാവിഷയമായില്ല...

കാലങ്ങള്‍;
ചെളി നനഞ്ഞ പാടങ്ങളില്‍ നിന്നു
പറന്നു പോകുന്ന ദേശാടനക്കിളികളുടെ
ചിറകടികളായി...!!

കുന്നത്തങ്ങാടിയിലെ പഴയ ചന്ത
ഇപ്പോഴില്ല,
കുന്നേലച്ചനുമില്ല,
നാടന്‍ പാട്ടിലെ
കൈതോലപ്പായ വിരിച്ചു
പറെലൊരുപിടി നെല്ല് പൊലിച്ച്
കുഞ്ഞിന്‍റെ കാതുകുത്താന്‍ പോയ
അമ്മാവന്‍മാര്‍ കുടിക്കാന്‍ കേറിയ
ഷാപ്പുമില്ല..!!

സ്വാതന്ത്ര്യം കിട്ടിയ
എല്ലാ ഗ്രാമത്തെയും പോലെ
കുന്നത്തങ്ങാടിയിപ്പോള്‍
ആധുനികതയുടെ വില്‍പ്പനശാലയാണ്..!
നമ്മള്‍ മറന്നു പോയ
ഗ്രാമത്തിന്‍റെ വിശുദ്ധിയുടെ വിളപ്പില്‍ശാല!!


-------
ഇത് കുന്നത്തങ്ങാടിയുടെ ചരിത്രമല്ല.
വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് മാത്രം..