എന്നെ ലൈക്കണേ....

Tuesday, June 10, 2014

നൈതികത; ലൗകികം അലൗകികം


കുമ്പസാരക്കൂടിന് മനുഷ്യനായി പിറക്കാന്‍
ആഗ്രഹമുണ്ടായിട്ടല്ല..
ചില സൃഷ്ടികര്‍മ്മ പരിണിതികളില്‍ ...

ഒടയതമ്പുരാന്‍റെ പരിമിതികള്‍
പൊടുന്നനെ
ഒരുദിവസം
പ്രതീക്ഷിക്കാതെ
വയസ്സറിയിച്ച
പെണ്‍കുട്ടിയില്‍ നിന്നിറ്റിയ
ആര്‍ത്തവരക്തത്തുള്ളികളായതായിരിക്കാം.. !
അല്ലെങ്കില്‍ തന്നെ
കുമ്പസാരം,
പാപങ്ങളുടെ ടാലി സോഫ്റ്റ്‌വെയര്‍
മരപ്പടുതകളില്‍ കൊളുത്തിവെച്ച
ചുണ്ടിനും, ചെവിക്കുമിടയിലെ
അചലകാലമായിരുന്നു... !!

താന്‍ ചെയ്തതല്ലെങ്കിലും,
നൂറ്റാണ്ടുകളുടെ പാപക്കറ പുരണ്ട
ശരീരം കൊണ്ട്
കിളി ചേക്കേറാത്ത കൂട്
മനുഷ്യനെപ്പോലെ,
അല്ല,
മനുഷ്യനായി മാറുകയാണ്..

അവന്‍റെ പാപങ്ങള്‍ തേക്കുന്ന
കുമ്പസാരക്കൂടായി മനുഷ്യനും....!!

(പരകായ പ്രവേശത്തിന്‍റെ
സാധ്യതകളുടെ പറുദീസ)

അകലെ,
ദൈവപുത്രനിലേക്ക്
തറക്കപ്പെടുന്ന കുരിശു
മൂന്നാം ദിനം
ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന
ചാനല്‍ ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി
കവി
കവിതയെ
ഷട്ട്ഡൌണ്‍ ചെയ്യുകയാവണം...

.........
 

Monday, June 9, 2014

വീണ്ടുമൊരു പെണ്‍കുട്ടിയെക്കുറിച്ച്...


-1-
എനിക്ക് പറയാനുള്ളത്,


ആകാശം നിറഞ്ഞ കണ്ണുകളും
സാഗരം നിറഞ്ഞ ചിരികളും
വേനല്‍ പഴുത്ത നോട്ടവും
മഴ തുടുത്ത വാക്കുമായി
മഞ്ഞുപുതച്ച ഒരു പച്ചക്കവിതയില്‍ നിന്നിറങ്ങി വന്ന
കുഞ്ഞു മാലാഖയെ കുറിച്ചാണ്..


പുളിങ്കുരു കൊണ്ട്
കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്
അറ്റം ചതഞ്ഞ ഒരു മയില്‍പ്പീലിത്തുണ്ട് കൊണ്ട്
അവളെന്‍റെ ബാല്യം മെനയുന്നത്
അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍
കാലം പഴയൊരു ടാക്കീസിലെ
തിരശ്ശീലയാവുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ?? 


ഇന്നും ഒരു പെണ്‍കുട്ടിയെ കുറിച്ച്
എന്തിനാണ് നീയിങ്ങനെ ഓര്‍ത്തെടുക്കുന്നത്
എന്നൊരു ചെമ്പോത്ത് വാലാട്ടുന്ന
തൊടിയിലേക്ക്‌ 
പഴയൊരു നീലനിക്കറുകാരന്‍
പുള്ളിപ്പയ്യിനെ പോലെ
തുള്ളിച്ചാടി പോകുന്നുണ്ട്...
തോട്ടിന്‍വക്കത്തെ
ഒറ്റാലിക്കൂട്ടില്‍ കുടുങ്ങിയ
പള്ളത്തിയെ പോലെ മനസ്സും..!


-2-
അപ്പോഴും,
ആ പെണ്‍കുട്ടി
സ്വപ്നം നിറഞ്ഞു
നിദ്രയും കടന്നു
രാത്രികളെ കവിഞ്ഞു
പകലുകളിലേക്കെയ്യുന്ന
ചില ചോദ്യങ്ങളുണ്ട്..


ആ ചോദ്യങ്ങളില്‍,
മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ വാവലുകളാകുന്ന 
ചുവന്നു നരച്ച ബാല്‍ക്കണികള്‍ക്കപ്പുറത്ത്
രാതികള്‍ മാത്രം കാണാനുള്ള
കണ്ണുകളുറങ്ങുന്ന ചില ഇടങ്ങളുമുണ്ട്...!


മാലാഖയുടെ വെളുത്ത ചിറകുകളില്‍ 
രുധിരവര്‍ണ്ണം കലര്‍ന്നതെങ്ങിനെയെന്ന
ചോദ്യം ഇപ്പോള്‍ ഉത്തരമാകുന്നു....!!.............

Sunday, June 8, 2014

ഒളിച്ചോട്ടമെന്ന കവിത വായിക്കുമ്പോള്‍ഒളിച്ചോടിപ്പോയ ഒരു പെണ്‍കുട്ടിയെ കുറിച്ച്
 റെയില്‍പ്പാളങ്ങള്‍ വേവലാതിപ്പെട്ടത് എന്തിനാണെന്ന്
 തീവണ്ടിക്കറിയുമായിരുന്നിരിക്കും..
എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേയെന്ന ചൂളംവിളിയില്‍
ഓര്‍മ്മപ്പുകകള്‍ അലിയിച്ചു ചേര്‍ത്ത്
 തീവണ്ടി ഇരുമ്പുപാലത്തെ ഭോഗിച്ചു....
ഒളിച്ചോടിപ്പോയതു പെണ്‍കുട്ടിയായിരുന്നില്ല
 എന്ന് നിങ്ങള്‍ക്കുമറിയാം..
അല്ലെങ്കില്‍ പെണ്‍കുട്ടി തന്നെ ഉണ്ടായിരുന്നില്ല..
ഒളിച്ചോടിപ്പോയത് ചിലപ്പോള്‍ ചില സ്വപ്നങ്ങളായിരുന്നിരിക്കണം
 അല്ലെങ്കില്‍ ഒരു പ്രണയം
 ഒരു ബാല്യം;
കൌമാരം
 അതുമല്ലെങ്കില്‍ പാതിയടര്‍ന്ന ഒരു കാമം
 അല്ലെങ്കില്‍ ഒന്നും തന്നെ ഒളിച്ചോടിയില്ല എന്നും വരാം!


പക്ഷെ,
റെയില്‍പ്പാളത്തിനപ്പുറത്തെ
 കരിങ്കല്‍ചീളുകളില്‍ പടര്‍ന്നു നനഞ്ഞൊട്ടിയ
 ചില രക്തവൃത്തങ്ങള്‍ക്ക്
 ഒളിച്ചോടാനാകുമായിരുന്നില്ല...

പെണ്‍കുട്ടി ഒളിച്ചോടാന്‍ ശ്രമിച്ചത്
 ആ വൃത്തങ്ങളില്‍ നിന്നാണെന്നു
 നീയും ഞാനുമറിയുന്നത്
 കവിതയെ കൂടുതല്‍ സങ്കടകരമാക്കുന്നിടത്ത്
 തൂലികയുടെ ചുണ്ടുകള്‍ വിതുമ്പണം..!

ഇടറിവീണ കവിതയില്‍ നിന്ന് കവിക്ക്
 ഒളിച്ചോടണം....!!


...ശുഭമല്ല....


 

Friday, June 6, 2014

ഭൗതിക ഭ്രമകല്‍പ്പനകളില്‍ ഒരൌലികബഹിര്‍സ്ഫുരണം പതിച്ച ചോദ്യം

---- ആരോടാണ് ഞാന്‍ പറയുക ----

-1-
ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്നും
പൊട്ടിയൊലിച്ച്,
എന്‍റെയോര്‍മ്മകളെ പൊള്ളിക്കുന്ന
ലാവാപ്രവാങ്ങളെക്കുറിച്ച്...
മന്വന്തരങ്ങളുടെ ദൈര്‍ഘ്യത പേറുന്ന
ഉഷ്ണതപസ്സില്‍
മൗനം പോലെയുറഞ്ഞു പോയ
*യമിയെ കുറിച്ച്...

....ആരോടാണ് ഞാന്‍ പറയുക...?

ആത്മാവില്‍ നിന്നുമാത്മാവിലേക്ക്
മഴവില്‍നൂലാലിഴ ചേര്‍ത്ത് കെട്ടിയ
പ്രണയപ്പാലത്തില്‍ നിന്നടര്‍ന്ന
നേരിന്‍റെ നിറവുകളെ ക്കുറിച്ച്...
നിദ്രാടനങ്ങളില്‍ തേഞ്ഞുതീര്‍ന്ന
സ്വപ്നപാദുകങ്ങളെ
തേടിത്തളര്‍ന്നു വിതുമ്പുന്ന
രാവിന്‍റെയേകാന്ത ധ്യാനങ്ങളെക്കുറിച്ച്...
ആരോടാണ്;
ആരോടാണ് ഞാന്‍ പറയുക...??

-2-
ഇവിടെപ്പൊഴിയുന്ന 
ആയുസ്സിന്‍റെ മഴത്തുള്ളികളില്‍
മരുഭൂമികള്‍ തേച്ച ഉഷ്ണജ്വരത്തിന്‍റെ 
പ്രവാസതാപങ്ങള്‍...
ഉരുകിത്തീരുവാന്‍ 
മെഴുതിരിപ്പിറവിയുടെ
ശാപജന്മപ്പുടവകള്‍ പുതച്ച
പ്രയാസ പര്‍വ്വങ്ങള്‍...
ഹൃദയങ്ങളില്‍ ഗൃഹാതുരതയുടെ
സിരാധമനികള്‍;
തലച്ചോറില്‍ ബാല്യകാലത്തിന്‍റെ
സ്മൃതി തരംഗങ്ങള്‍....!

എല്ലാം,
ഇതെല്ലാം ആരോടാണ് ഞാന്‍ പറയുക...???

-3-
ഭൂതം!
വര്‍ത്തമാനം!!
ഭാവി!!!

അവസ്ഥാന്തരങ്ങള്‍,
പ്ലാസ്മയും കടന്ന്
ഇനിയും കണ്ടെത്തപ്പെടാത്ത തലങ്ങളിലേക്ക്
വിലയിക്കപ്പെടുന്നതും........
മാനവീയങ്ങള്‍,
സ്ത്രൈണതയുടെ ഉപഭോഗസാധ്യതകളില്‍ 
കച്ചവടത്തെരുവുകളിലെ
സ്ഫടികസ്തൂപങ്ങളായ്
പരിണമിക്കപ്പെടുന്നതും........
ഇരകളും, വേട്ടക്കാരും 
കൂട് വിട്ടു കൂടുമാറി കളിക്കുന്ന
രാഷ്ട്രമീമാംസയുടെ
കളിക്കളങ്ങളില്‍,
ഇനിയുമവതരിക്കാതെ
ഒടുവിലെല്ലാമൊടുക്കുവാന്‍
അവതാരപ്പിറവി പൂകാനിരിക്കുന്ന
ഒരു വേട്ടക്കാരനെക്കുറിച്ചും 

ആരോടാണ് ഞാന്‍ പറയേണ്ടത്????


------------ശുഭം?--------

*യമി: മഹര്‍ഷി, സന്യാസി


 

Monday, June 2, 2014

മനുഷ്യപുരാണം


——————————————
സീനയുടെ പര്‍ദ്ദയുടെ പേര്
‘ഹ’ എന്നായിരുന്നിരിക്കണം;
കാരണം,
പര്‍ദ്ദയിട്ടപ്പോള്‍ സീനയുടെ പേര്
‘ഹസീന’യെന്നായിരുന്നു!
സ്വല്‍പ്പം പരിഷ്കാരം
പേര്‍ഷ്യന്‍ ‘ഊദി’നൊപ്പം പൂശിയ
മാമന്‍മാരുണ്ടായിരുന്നത് കൊണ്ട്
‘കമലാനെഹ്രുവില്‍’ എസ്സെസ്സെല്‍സിയും
‘മായ ആര്‍ട്സ് കോളേജില്‍’ പ്രീഡിഗ്രിയും
ഹസീനക്ക് സ്വായത്തമായി…
കെട്ടുപ്രായം കഴിഞ്ഞിട്ടും
’17′ വയസ്സില്‍ തയ്യലു പഠിക്കാന്‍ പോയി…!
കവലയില്‍ വെച്ച്
കണ്ടുമുട്ടാറുള്ള ക്രിസ്ത്യാനിച്ചെക്കന്‍
അവളുടെ മനസ്സിന്‍റെ ‘കഅബയെ’ ‘ത്വവാഫ്’ ചെയ്യാന്‍ തുടങ്ങിയ
ഒരു വേനല്‍ക്കാലം മുതല്‍
ആദ്യാനുരാഗത്തിന്‍റെ സൂര്യകിരണങ്ങള്‍
അന്തരാത്മാവിനെ തൊട്ടുണര്‍ത്തിയതും,
നിദ്രാവിഹീനങ്ങളായ രാത്രികളും
മൗനജനീനങ്ങളായ പകലുകളും
അവളുടെ കനവുകളും, നിനവുകളും പകുത്തതും,
എല്ലാം,
കഥയിലെ മഴ പോലെ
കവിതയിലെ കടല്‍ പോലെ
പെയ്തു; നുരഞ്ഞു….!!
***
സ്നേഹം നിറഞ്ഞുതുളുമ്പിയ ഹൃദയങ്ങള്‍
ഇരുവര്‍ക്കും താങ്ങാനാവാത്ത ഭാരങ്ങളായപ്പോള്‍
പരസ്പരം പകര്‍ന്നു തീര്‍ക്കുവാന്‍
ജന്മങ്ങള്‍ കൊണ്ടവര്‍ കടം മെനഞ്ഞു;
കോയമ്പത്തൂരിലേക്കുള്ള ആനബസ്സില്‍
അവരുടെ പ്രണയം നിറച്ച ശരീരങ്ങളും….!
***
കൊവെയിലെ വറുഗീസുമാപ്ല
ഹൃദയവിശാലത കൊണ്ടല്ല അവരെ സ്വീകരിച്ചത്,
മരണത്തെക്കാള്‍ വേദന പകരുന്നതായിരുന്നു
‘തറവാട്ടുപയ്യന്‍റെ എരണം കെട്ട ഏര്‍പ്പാട്.
ഇനിയെങ്ങനെ നാട്ടാരെ കാണാനാണ്??
ഈശോ,
കുടുംബത്തിന്‍റെ മാനം കപ്പലു കയറിയല്ല്…!!’
പക്ഷെ, മറിയാമ്മചേടത്തി നയതന്ത്രജ്ഞയായിരുന്നു;
അതുകൊണ്ട് തന്നെ,
അന്ന് മുതല്‍ ഹസീന ആന്‍റണി കെട്ടിയ സീനയായി!
കുരിശുമൂട്ടില്‍ തറവാടിന്‍റെ മണവാട്ടിയായി!!
***
പ്രണയത്തിന്‍റെ മാമോദീസ മുങ്ങിനിവര്‍ന്നപ്പോള്‍
‘ഹ’ യെന്ന പര്‍ദ്ദയഴിഞ്ഞു വീണ സീനയെ
ആന്‍റണി ചേര്‍ത്തു പിടിച്ചു:
‘അലിഞ്ഞു പോയത് നീയല്ല, ഞാനല്ല….
നമ്മിലെ ജാതിമതങ്ങളാണ്….!
നമുക്കിടയിലെ അതിര്‍വരമ്പുകളാണ്…!!’
***
ദൈവത്തെ പോലെ
മതമില്ലാതെ രണ്ടു മനുഷ്യര്‍
ജീവിതം തുടങ്ങിയത് അങ്ങനെയാണ്…!!!

******ശുഭം******

(വെട്ടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കവിത)