എന്നെ ലൈക്കണേ....

Thursday, December 20, 2018

.......

🔅🔅🔅🔅
എന്തിനാണെന്നെയീ തീപ്പുടവ നീട്ടി
വെന്ത കിനാക്കളുടെ ചിതയിലേറ്റി..?
ഓർമ്മകൾ ചിറകായി,
കാലമാം മേഘമൗനത്തിൽ  ഞാനെന്റെ
ജീവിതം മെല്ലെ പറന്നലിയുമ്പോൾ..!

നിഴലുകൾ കൊണ്ടെന്റെ ചിത്രം വരക്കുന്നു,
നിശയും, നിലാവും, പകൽ തേഞ്ഞ വേനലും..
പിൻവഴിയിലെവിടെയോ ബാക്കിയാവുന്നു;
പാതികുടിച്ചു വറ്റിച്ച യൗവനം..!

അരളികൾ പൂത്തു കൊഴിഞ്ഞ പാടങ്ങളിൽ
ഇരുളു കൊളുത്തിച്ചിലക്കുന്ന പുള്ളുകൾ..
വേർത്ത നിനാദങ്ങൾ;
ഹൃദയം കൊരുക്കുമീയാർത്തനാദങ്ങൾ..
കടലു പോലും തോൽക്കുമുയിരിന്റെ മൗനം..!

അഴൽ കൊണ്ട് ചീർത്ത വാക്കിൻ ജഡങ്ങൾ,
നിരന്നു കിടക്കുന്ന കാവ്യശ്മശാനം..!
ഇനിയെന്ന് പൂക്കുവാനകിലിൻ മരങ്ങൾ;
പുനർജനി നൂഴുന്ന നിനവിന്റെ രഥ്യ..!!

♦♦♦♦

Saturday, May 5, 2018

▫▪▫▪▫▪▫▪

പുഴയുടെ
മനസ്സുള്ള
മനുഷ്യൻ...
കടലിന്റെ
ആഴമുള്ള
ജീവിതം....
മഴയുടെ
നനവുള്ള
കവിത..;
അവൻ
ഖബറിന്റെ
ചിറകുള്ള
മൗനത്തെ
മുറിക്കുന്നു....!

.
.

പുഴയുടെ
നേർത്ത
വിരലുകൾ
പോലെ-
തന്നിലെ
ആഴങ്ങളിലേക്ക്
നനഞ്ഞിറങ്ങിയ
വേരുകളെ,
ഓർമ്മ കൊണ്ട്
ചുംബിച്ചു
രജസ്വലമായ
യാമങ്ങളിലേക്ക്
പലായനപ്പെടുന്നവൻ....!!

.
.
.

തങ്ങളിൽ
ഘനീഭവിച്ച
മറവിയുടെ
നിശ്ചലതടാകം....
ഇക്താരയുടെ
ഒരൊറ്റകമ്പിയുടെ
താഴ്‌വാരം...
വിരഹത്തിന്റെ
വേപഥു...
നേർത്ത
കിനാവിന്റെ
നിലാക്കടൽ...;
അവൻ നനഞ്ഞു കൊണ്ടിരുന്നു...!!!

.
.
.

പുഴയുടെ
ഉയിര് കൊണ്ട്
പുഴയുടെ
ഉടല് കൊണ്ട്
അവൻ
പറഞ്ഞു കൊണ്ടിരുന്നു...
പുഴയുടെ
ഉറവ് കൊണ്ട്
അവൻ നിറഞ്ഞു കൊണ്ടിരുന്നു....!!!!

🌊

അവനൊരു ആകാശമായിരുന്നു!!!!!
🎑

Sunday, April 8, 2018

••••••••••••••••

°°°°°°°°°°°°°°

നിങ്ങളെങ്ങിനെ
തങ്ങളിൽ
ഈ ഞങ്ങളിൽ
പല നെഞ്ചിലെ
ചെഞ്ചോരയിൽ
നഞ്ചു കലക്കി....?
നിങ്ങളെന്തിനു
ഞങ്ങളെ
പല വാക്കിനാൽ
പകപോക്കിനാൽ
തമ്മിൽ തച്ചു
മരിക്കുവാൻ
ഇ(സ)ങ്ങളെ തന്നു..?

നിങ്ങളല്ലേ
ഞങ്ങളെ
നിങ്ങളാക്കിയത്..?
ഞങ്ങളല്ലേ
നിങ്ങളെ
ഞങ്ങളാക്കിയത്...??

നിങ്ങളെന്നും
നിങ്ങളാണ്..!
ഞങ്ങളെന്നും
ഞങ്ങളാണ്....!!

ചൂണ്ടുവിരലിലെ
മഷിയുങ്ങ്യാൽ;
നിങ്ങളെന്നും
നിങ്ങളാണ്‌...! 
ഞങ്ങളെന്നും
ഞങ്ങളാണ്.....!!

••••••••••
((ഞങ്ങളെന്നാൽ
നിങ്ങൾ മേയ്ക്കും
⭕കഴുതയെന്ന
പൊതുജനം...!!!!!))
♨♨♨♨

Tuesday, March 27, 2018

⚪⚫⚪⚫⚪⚫⚪

അത്ര മേൽ ഭീകരമായ കവിത എഴുതാനാണിരുന്നത്..
കാരണം അതിനേക്കാൾ തീവ്രമായ ഒരു രാത്രിയായിരുന്നു അത്.
ഒരു തെരുവ് കത്തിയമരുകയായിരുന്നു...!
വിറകു കൊള്ളികൾക്കു പകരം പച്ച മനുഷ്യരുടെ ഉടലുകൾ ഇട്ടു കത്തിച്ച അടുപ്പുകൾ ആയിരുന്നു ഓരോ വീടും..
അഗ്രം ചെത്തിയ ലിംഗമല്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ പട്ടാളക്കാരനായിരുന്നു ഞാൻ.
അടുപ്പിനു മേലെ പാതി വെന്ത തനുവും മനവും കൊണ്ട്
ഇടുപ്പിനിടയിലെ ചെകിള ചെത്താത്ത മത്സ്യത്തെ കുറിച്ച് വികാരതീവ്രമായി ഓർത്തുകൊണ്ടിരുന്നു..

അഹമ്മദാബാദ്..
നരച്ച നിറങ്ങൾ കൊണ്ട് ചമച്ച ചതുരങ്ങളിൽ
വസ്ത്രങ്ങളുടെ നിലക്കാത്ത വർണ്ണങ്ങൾ കൊണ്ട് നമ്മെ വിളിച്ചു കൊണ്ടിരിക്കും..
കണ്ണാടികൾ കൊണ്ട് പുതച്ച ഉടയാടകൾക്കിടയിൽ നിന്ന്
കണ്ണാടികളെക്കാൾ തിളക്കമുള്ള കണ്ണുകൾ കൊണ്ട് ഹരം കൊള്ളിക്കുന്ന പെണ്ണുങ്ങൾ..
മധുരം വിളമ്പുന്ന കടകൾ..
മുംബൈയിലെ ഭാങ്ങിനെക്കാൾ വീര്യമുള്ള സർബത് ശാലകൾ..
ഉന്മാദം അതിന്റെ അമ്മവീട്ടിൽ തിരിച്ചെത്തിയ സന്ധ്യകൾ..

ആരും അന്യരായിരുന്നില്ല അവിടെ..
എല്ലാവർക്കും പരസ്പരം മനസ്സിലാകുന്ന ഒരു മൗനം
ചുറ്റിലും പടർന്നിരുന്നു...

മലബാറി ഹോട്ടലിൽ
സാമ്പാറും ചോറും തീയലും ഓലനും
നാട്ടിലേക്കുള്ള രുചിവഴികളായിരുന്നു..

തെരുവ് കത്തുന്നു...
കവിതയിലേക്ക് അടർന്നു വീണ ചൂടിൽ അക്ഷരങ്ങൾ പൊള്ളിപ്പോകുന്നു..
മലബാറി ഹോട്ടലിലെ നാണുവാശാൻ  വിറകു പോലെ കത്തിത്തീർന്നു പോയി..
മൂത്ര സംബന്ധമായ അസുഖം മൂലം ബംഗാളി ഡോക്ടർ അഷുതോഷ് ബാനർജി ചെത്തിയെടുത്ത ലിംഗാഗ്രം നാണുവാശാന്റെ ജാതകം തിരുത്തി..

നാല്പത്തേഴു വയസ്സ് വരെ വിടാതെ പിന്തുടർന്ന ശനിയുടെ അപഹാരം
ശുക്രദശയിലേക്ക് വിലയിച്ചു എണ്പത്തിമൂന്നു വയസ്സു വരെ നീണ്ടു കിടക്കുന്ന രാജയോഗത്തിന്റെ ബാല്യത്തിലായിരുന്നു അയാൾ..

തട്ടുമ്പുറത്തെ ചൂടിൽ വെന്തുരുകി പട്ടാളക്കാരൻ എഴുതി..
ഒരടുപ്പിനു മുകളിൽ വേവുന്ന  ചുവന്ന നിറമുള്ള ഹൃദയത്തെ കുറിച്ച്..

പട്ടാളക്കാരൻ ഹിന്ദുവായിരുന്നു.
ഏയ് .. അല്ല, ഇസ്ലാമായിരുന്നു...
അല്ലല്ല.. കൃസ്ത്യാനിയായിരുന്നു..

അല്ലെങ്കിൽ യഹൂദനോ പാഴ്സിയോ സിക്കോ ജൈനനോ ബുദ്ധനോ ആയിരുന്നു..

അതുമല്ലെങ്കിൽ യുക്തിവാദി..

അപ്പോഴും പട്ടാളക്കാരൻ എന്ന ഞാനായിട്ട് പോലും
മനുഷ്യൻ എന്ന കോളത്തിലേക്ക് എന്നെ ഒതുക്കാൻ വയ്യാത്ത അത്രക്ക് ഭീകരമായ ഒരു കവിത തന്നെയാണ് സഹോ,
(ഇന്നത്തെ) അന്നത്തെയും  ഇന്ത്യ.....!!!

.......
കടപ്പാട്: അടുപ്പിനു മുകളിൽ വെന്ത് തീർന്ന രാത്രിയിലെ പ്രിയപ്പെട്ട *പട്ടാളക്കാരന്

Sunday, February 18, 2018

.......

മരിച്ചുപോയ പൈൻമരക്കാടിന്റെ ശിശിരശ്മശാനം..
ഗദ്ഗദങ്ങളിൽ ഖബറടക്കിയ നിന്റെ മൗനം..
യാത്രാമൊഴിയുടെ ജിപ്സിക്കലമ്പലിൽ
ലിപി നഷ്ടപ്പെട്ട നിനവിന്റെ വായ്ത്താരി..!

ഒരു നിശ്ശബ്ദതയുടെ കടൽ
നമുക്കിടയിൽ നുരയുന്നു..
അശാന്തിയുടെ ദ്വീപ് പോലെ
നമ്മുടെ ഓർമ്മ!!

നീയും ഞാനും തിരസ്‌കരിക്കപ്പെട്ട
ഒരു കവിതയുടെ വരികകളാണ്..
അവരവരാൽ
ഉപേക്ഷിക്കപ്പെട്ടു പോയ
ഒരു കിളിക്കൂട് പോലെ..
നിറം മാഞ്ഞു ചിഹ്നങ്ങളുടെ നിർവികാരത പേറിയ ചൂണ്ടുപലക പോലെ..
സ്വയം തങ്ങളിലേക്ക് പെയ്തു തീർന്ന മഴയുടെ മേഘജഡം പോലെ..
എത്രക്ക്
എത്രക്കെത്രക്ക്
ശൂന്യമായ വിക്ഷുബ്ധതയാണിത്..!

വാക്കുകൾ എന്ന് പേരുള്ള 
മീസാൻ കല്ലുകൾ നിരത്തിയ
ശവപ്പറമ്പുകളാണോരോ കവിതയും..;
എന്നിട്ടും വായനയുടെ മാമോദീസ മുങ്ങി അവയൊക്കെ പുനർജ്ജനിക്കുന്നു..!!

നിന്റെ സ്വപ്നത്തിന്റെ വേനലിൽ പൊള്ളി
എന്റെ നിദ്രയുടെ നിലാവുരുകുന്നു..
നിന്റെയാശ്ലേഷത്തിന്റെ കുളിരിൽ തെന്നി
മൗനങ്ങൾ വീണു മരിക്കുന്നു..!

ഞാനെന്നേ മരിച്ചു പോയതാണ്..
എനിക്ക് പോലും ഓർമ്മയില്ല..!
നിന്റെ നിശ്ശബ്ദമായ കണ്ണീർമൊഴികളിൽ നിന്ന്
വായിച്ചെടുക്കാൻ വേണ്ടി മാത്രം, 
ഞാൻ ജീവിച്ചിരുന്നു എന്നൊരു മുൻ‌കൂർ ജാമ്യം..!!

എന്റെ ഡയറിയിൽ നിന്ന്
നിങ്ങളത്രക്ക് അളവറിയാത്ത  വികാരവിക്ഷോഭങ്ങളിലേക്കാണ് പറിച്ചു നടപ്പെടുന്നത്..
എനിക്ക് മനസ്സിലാവും..

എന്നിട്ടും മരണപ്പെട്ടുപോകാതെ
ബാക്കിയായ
ഒരുയിരിന്റെ നിനാദങ്ങൾ നിങ്ങൾക്ക് കേൾക്കുവാനാകില്ല..

ഉയിരിന്റെ പേച്ചുകൾക്കു ഭാഷയില്ല..
ലിപിയില്ലാത്ത,
അച്ചുകൂടങ്ങൾ നിരത്തി വെച്ച് മഷിയുടെ ഉടുപ്പുകൾ ഇടാനാവാത്ത
തികച്ചും വിശുദ്ധമായ
മൗനത്തിന്റെ
വിസ്ഫോടനങ്ങളാണത്...

അല്ലെങ്കിലും ഞാൻ ജീവിച്ചിരുന്നു എന്നതിന്,
ഞാൻ മരിച്ചു പോയി എന്നതു തന്നെയാണ്
 തെളിവ്..;
നിന്നെ കുറിച്ച് വീണ്ടും ഓർക്കുന്നു
എന്നതും...!!

........