എന്നെ ലൈക്കണേ....

Sunday, February 17, 2013

അഞ്ച് ഒറ്റവരിക്കവിതകള്‍..

1.
കടല്‍.. 
ആകാശത്തിന്റെ 
കണ്ണീരുപ്പു 
കലര്‍ന്ന 
ജലപദം....!

2.
കനല്‍... 
അഗ്നിയുടെ 
സ്വപ്നങ്ങളില്‍ 
കുതിര്‍ന്ന 
വ്യഥ.....! 

3.
നിഴല്‍... 
രൂപങ്ങളുടെ 
അനുഗാമിയാവാന്‍ 
വിധിക്കപ്പെട്ട 
അരൂപി...! 

4.
നിലാവ്... 
രാത്രിയുടെ 
പൊള്ളാത്ത 
ഹൃദയത്തിന്റെ 
വേനല്‍...!

5.
കിനാവ്‌... 
ഉറക്കത്തിലേക്ക് 
അപ്-ലോഡ്‌ ചെയ്ത 
യൂടൂബിലില്ലാത്ത 
ഷോര്‍ട്ട് ഫിലിംസ്.....!

Friday, February 15, 2013

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍:1
***
ട്രെയിനില്‍ നിന്ന് 
പുറത്തേക്കു തള്ളിയിടപ്പെടുന്നത് വരെ 
അവളെ പൊതിഞ്ഞിരുന്നത് 
സ്വപ്നങ്ങളുടെയാടകളായിരുന്നു...
പാതിയില്‍ മുറിഞ്ഞ 
വിദൂരസ്വനഗ്രാഹിയിയുടെ 
മധുരാരവങ്ങള്‍   
സങ്കല്‍പ മധുവിധുവിലേക്ക് 
നയിച്ച മയക്കം..!
ഉടല്‍ നഷ്ടപ്പെട്ട്, 
വസ്ത്രങ്ങള്‍ക്ക് നാണം വന്ന 
ശേഷനിമിഷത്തില്‍ 
കരിങ്കല്‍ചീളുകള്‍ക്ക് മേല്‍ 
അവളുടെ നിണത്തുള്ളികള്‍ 
കുപ്പായങ്ങളായി...! 
സ്വര്‍ഗ്ഗത്തിലേക്കുള്ള 
മാംസവാതായനത്തില്‍ 
ഒറ്റക്കയ്യന്‍ ഞരമ്പുള്ള 
കഴുകന്റെ നഖക്ഷതം..! 
ശ്മശാനത്തിലേക്ക് 
മടക്കപ്പെട്ട നിമിഷം മുതല്‍ 
അവളെ പുതച്ചത് 
ജന്മങ്ങളുടെ കച്ചകളായിരുന്നു... 
പക്ഷെ, 
ഉയിര്‍ നഷ്ടപ്പെട്ട് 
നഗ്നമായ ഉടലില്‍ നിന്ന് 
പറന്നുയരാന്‍ മറന്നു പോയ 
ഒരു പെണ്കിനാവിന്റെ 
പട്ടടയെന്നാണെരിഞ്ഞു തീരുക..!!

Wednesday, February 13, 2013

ഫെബ് 14.. ഒരു ഡയറിക്കുറിപ്പ്****
പ്രണയം ഇപ്പോള്‍ 
കലണ്ടര്‍ ചതുരത്തില്‍ "ദീനം" പിടിച്ചു കിടപ്പാ..; 
തിളച്ച യവ്വനങ്ങള്‍ മുഖപുസ്തകത്തില്‍ തിരഞ്ഞത്...!
ഹൃദയത്തില്‍ നിന്നുതിരുന്ന  നോട്ടങ്ങള്‍  
ഹൃദയം തുളച്ചിറങ്ങിയിട്ട് കാലം കുറച്ചായി......; 
മരത്തണലില്‍ വിരിച്ചിട്ട സൗഹൃദങ്ങള്‍ പൂത്തിട്ടും..!! 
നിരത്തുകള്‍ ഇപ്പോള്‍ മരണവീടുകളിലേക്ക് നീളുന്നു..; 
അഴിഞ്ഞിട്ട പെണ്മാനങ്ങള്‍ ആകാശത്തിലേക്കും....!!! 
'ചോലപ്പൊന്തചുറ്റന്‍' തിരയുന്ന പൂന്തേന്‍ 
പ്ളാസ്റ്റിക്ക് മലരിനു തിരിയാതായിരിക്കുന്നു...; 
ഓലപ്പന്തും, പമ്പരവും ബാല്യത്തിന് നഷ്ടമായ പോല്‍....!!!! 
ഇനി എന്നെ വിലക്ക് വാങ്ങാന്‍ 
ഒരു കൊലമരമെങ്കിലും ബാക്കിയുണ്ട്....; 
കഴുകന്‍ കൊത്തിവലിക്കുന്ന മുന്നേ 
കടം വെച്ച ജന്മത്തിന് വിലയിടാനാകാത്ത സ്വപ്നം പക്ഷെ, 
ഒറ്റക്കാണ്....; 

----അശുഭം----

Wednesday, February 6, 2013

ടൂര്‍സ്‌ & ട്രാവല്‍സിലേക്കൊരു ഫോണ്‍ കാള്‍..


**** 
യുക്തിവാദികളുടെ 
റിപ്പബ്ലിക്കിലേക്കൊരു 
സന്ദര്‍ശകവിസ കിട്ടാനുണ്ടോ? 
ജാതിയും, മതവും പറഞ്ഞു
തമ്മില്‍ കൊന്നു തീരാത്ത
ഒരു ദിവസത്തിന് വേണ്ടി....!
അരാഷ്ട്രീയവാദികളുടെ
രാഷ്ട്രത്തിലേക്കൊരു
ടൂറിസ്റ്റ് വിസ കിട്ടാനുണ്ടോ??
കക്ഷിരാഷ്ട്രീയക്കുടിലതകളുടെ
ക്ലാവ് പിടിക്കാത്ത
മനുഷ്യമനസ്സിനു വേണ്ടി...!!
ഹിജഡകളുടെ
ഹര്‍ഷലോകത്തിലേക്കൊരു
എഗ്രിമെന്റ് വിസ കിട്ടാനുണ്ടോ???
പെണ്മാനമുടുതുണിയഴിഞ്ഞു കിടക്കാത്ത
തെരുവുകള്‍ക്ക് വേണ്ടി
ഒരു ജന്മത്തിന് വേണ്ടി...!!!

....ശുഭം....

Tuesday, February 5, 2013

മരണശേഷം..


***
മരണവീട്ടില്‍ 
നിശബ്ദത ജനിക്കുന്നേയില്ല.. 
അടക്കം പറച്ചിലുകളുടെ 
മര്‍മ്മരങ്ങള്‍..
പൂര്‍വ്വസൂരികളില്‍ നിന്ന്
മൃതദേഹം 'ടിയാന്‍' വരെയുള്ള
ചരിത്ര സംക്രമണങ്ങള്‍...
കുറെ നാള്‍ കൂടി കൂടിച്ചേരാന്‍ കഴിഞ്ഞ
സൌഹൃദ സ്മൃതികളുടെ
വിസ്ഫോടനങ്ങള്‍..
സ്വാതന്ത്ര്യമതിന്റെ അന്ത:സത്തയില്‍
അനുഭവിക്കാന്‍ കഴിയുന്ന
ബാല്യസീല്‍ക്കാരങ്ങള്‍...
പയ്യാരം പറച്ചിലുകള്‍,
പരദൂഷണങ്ങള്‍,
'പെണ്ണുര'കളിലെ
ആര്‍ഭാടങ്ങള്‍..!
മരണവീട്ടിലെ
ശബ്ദങ്ങള്‍
മൌനം പുതപ്പിക്കുക,
ആള്‍ക്കൂട്ടത്തില്‍ തനിയെ
ആയിപ്പോയ ശവത്തെ മാത്രം..!
ഞാനെത്തുമ്പോള്‍
ചടങ്ങ് തീര്‍ന്നിട്ടില്ല...,
ഒരു നോക്ക് കാണാന്‍ വേണ്ടി
വെള്ളവസ്ത്രമുയര്‍ത്തിത്തന്നു;
ഒരു കാരണവര്‍..
"മലയാളത്തറവാട്ടിലെ
മരിച്ച കവിതയെ കണ്ടോളൂ .."
കണ്ണുനീര്‍ത്തുള്ളികള്‍
ചാലിട്ടു കുതിര്‍ന്ന ശബ്ദം..!
നല്ലൊരു ജന്മമായിരുന്നു..
പാവം; മരിച്ചു പോയി..
......
ശേഷം,
.....
മൂന്നാം ദിനം,
കുരിശില്‍ നിന്നാകാശം പൂകിയ
യേശുവിന്റെ ചരിത്രം
ഇവിടെ
മൂന്നാം നിമിഷത്തില്‍
സംഭവിച്ചു..
പരമ്പരാഗതമായ
വേഷപ്പകര്‍ചകളില്‍...
പാരതന്ത്ര്യത്തിന്റെ
വൃത്തമലങ്കാരബന്ധനങ്ങളില്‍,
വരേണ്യവത്കരണത്തിന്റെ
കുരിശുകളില്‍
തളക്കപ്പെട്ട "കവിത"
ഉയിര്‍ത്തെഴുന്നേറ്റു..

.
മരണവീട് ഇപ്പോള്‍
നിശബ്ദമാണ്..!!!!!!
.


.....അല്ല പിന്നെ......


ചന്തുക്കോമരം..


ചന്തുക്കോമരത്തിനു ഇന്ഗ്രീസ് 
മുക്കാനും മൂളാനും അറിയാമായിരുന്നു.. 
എന്ന് വെച്ച്, പരിഷ്കാരത്തിന്റെ ചിഹ്നങ്ങളൊന്നുമണിഞ്ഞില്ല.. 
കാല്‍ശരായി കാലില്‍ പോയിട്ട് 
കൈ കൊണ്ട് തൊട്ട് നോക്കിയിട്ട് പോലുമില്ല...
കുന്നത്തു ബനിയനും 
മടക്കിക്കുത്ത് ലുങ്കിയും 
അതിനും താഴെ തല നീട്ടുന്ന വള്ളിനിക്കറും 
കറുത്തിരുണ്ട കോമരത്തിനു 
വേഷത്തിന്റെ വര്‍ണ്ണങ്ങളെഴുതി..! 
എള്ളും, പൂവും, പൊരിയും, ത്രിത്താവും 
വാളിന്റെ തുമ്പില്‍ ചേര്‍ത്ത് 
ധ്യാനിച്ച്‌ പൂജിച്ച് 
ഭക്തജനങ്ങള്‍ക്ക്‌ മേലെ ചൊരിയുമ്പോള്‍ മാത്രം, 
ചുവന്ന പട്ടും, ചിലങ്കയും, 
മേല്‍മുണ്ടും, ഗോപിയും 
കോമരത്തിന്റെ തനുവില്‍ 
ആര്‍ഭാടത്തിന്റെ അടയാളങ്ങളായി..! 
ഗുളികനും, ചാത്തനും, 
കാളിയും, കൂളിയും, നാഗത്താന്മാരും 
ചന്തുക്കോമരത്തിന്റെ നാവില്‍ 
അരുളപ്പാടുകളായ് 
പിറവിയെടുത്തു കൊണ്ടേയിരുന്നു... 
മറുതയും, യക്ഷിയും, ഒടിയനും, മായനും 
ചന്തുക്കോമരത്തിന്റെ വഴിവരവില്‍ 
പേടിചൊളിച്ചു കൊണ്ടേയിരുന്നു... ! 
.
ചന്തുക്കോമരത്തിനു 
വായിക്കാനറിയാമായിരുന്നു.. 
എന്ന് വെച്ച് കണ്ണിക്കണ്ട- 
മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചിട്ടേ ഇല്ല.. 
ദിനപത്രങ്ങളും, ആനുകാലികങ്ങളും 
അക്ഷരങ്ങള്‍ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം 
ഇടക്ക്.... 
കലാവേദി ലൈബ്രറിയില്‍ നിന്ന് 
നോവലുകളും, കഥകളും 
ഇടയ്ക്കിടയ്ക്ക്...... 
ചെമ്മീന്‍ വായിച്ചു തീര്‍ന്ന രാത്രി, 
പരീക്കുട്ടിയെ പ്രാകിക്കൊന്ന് 
നേരെ അമ്മിണിച്ചോത്തിയുടെ വീട്ടില്‍ ചെന്ന് 
അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നു.... 
പിറ്റെന്നാള്‍ വേറാരോ താലി കെട്ടേണ്ട 
അവളുടെ കഴുത്തില്‍ 
അമ്പലമുറ്റത്ത് വെച്ച് 
മഞ്ഞച്ചരട് ചാര്‍ത്തി 
കോമരം മൂളി; 
"മുത്തപ്പന്റെ അരുളപ്പാടാ...!" 
കോമരത്തിനു വേണ്ടി 
കാലങ്ങളായി സൂക്ഷിച്ചു വെച്ച 
അവളുടെ പ്രണയം 
അങ്ങനെ ഒരു വഴിക്കായി..! 
.
ചന്തുക്കോമരത്തിനു 
പാടാനറിയാമായിരുന്നു... 
എന്ന് വെച്ച് ശാസ്ത്രീയം, അശാസ്ത്രീയം 
അങ്ങനെ 
വകഭേദങ്ങളുടെ ചതുരങ്ങളൊന്നും 
കോമരത്തിന്റെ പാട്ടിലില്ലായിരുന്നു.. 
കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരിയെ കുറിച്ച് 
ചന്തുക്കോമരം തന്നെ പാടണം.. 
കൊടുങ്ങല്ലൂര്‍ ഭരണിക്ക് 
പോകുന്ന വഴിക്കാണ് 
കോമരത്തിന്റെ 
അനര്‍ഗ്ഗള സ്വരതാരുണ്യം 
ജനങ്ങള്‍ക്ക്‌ സ്വായത്തമാകുക..! 
തെറിപ്പാട്ട് പടാവോ എന്ന് 
സന്ദേഹം പറഞ്ഞ അബ്ദുമൂപ്പനെ 
ഉപ്പ,യുപ്പൂപ്പമാര്‍ക്ക് വിളിച്ച് 
തെറിപ്പാട്ടില്‍ കുളിപ്പിച്ചിട്ടും 
വര്‍ഗ്ഗീയ കലാപങ്ങളൊന്നും 
ഉണ്ടായുമില്ല...!! 
.
ചന്തുക്കോമരത്തിനു 
ജീവിക്കാനറിയില്ലായിരുന്നു.. 
നാടാറുമാസം പോലെ 
കാവുകളിലെ പൊറുതിയും, 
കാടാറുമാസം പോലെ 
വേലയില്ലാ വറുതിയും 
ജീവിതത്തിന്റെ അരുളപ്പാടുകള്‍ 
തെറ്റിച്ചുകൊണ്ടിരുന്ന
ഒരു കര്‍ക്കിടകത്തില്‍, 
ചന്തുക്കോമരം 
മഴ നനഞ്ഞ മരത്തിന്റെ 
താഴേക്കു തൂങ്ങിയ ചില്ലയായി..!! 

....ശുഭം...