എന്നെ ലൈക്കണേ....

Friday, March 12, 2010

പടുതയുടെ കാഴ്ച


*
ഷര്‍ബത് ഗുല,
നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
കാലം നെയ്ത മൂടുപടങ്ങളെക്കുറിച്ച്
ഞാന്‍ പറയട്ടെ...
ചരിത്രങ്ങളെ മൂടുവാന്‍
കറുത്ത മറവികളുടെ
കൂര്‍ത്ത തിരുത്തലുകളുടെ
മുഖം മൂടികളെന്നുമുണ്ടായിരുന്നു!
'തോറാബാറ'യുടെ ചെരിവുകളിലെ
പൊടിക്കാറ്റെല്‍ക്കാതിരിക്കാനോ
ദുരന്തങ്ങളെ കണ്ടു പേടിക്കാതിരിക്കാനോ
ഒന്നിനുമായിരുന്നില്ല
ആ മുഖപടങ്ങളെന്നെനിക്കറിയാം.
നിനക്ക് മുന്‍പില്‍
കാഴ്ചകള്‍ നഗ്നങ്ങളായിരുന്നു!
ഇനിയും മരിക്കാത്ത രാമനു വേണ്ടി
പണി തുടങ്ങുന്ന സ്മാരകങ്ങളും,
അധിനിവേശങ്ങളുടെ കോമരങ്ങളും,
ജനതയെ ജിഹാദിന്‍റെയിരകളാക്കുന്ന
ലാദന്‍റെ മാരണങ്ങളും
നിന്‍റെ റെറ്റിനയില്‍ പ്രതിഫലിച്ചിരുന്നു..
തുളയുന്ന നിന്‍റെ നോക്കില്‍,
കാലത്തിനോടുള്ള കലഹവും
ഭൂതത്തിനോടുള്ള ഭയവും
യാത്രകളുടെ ദൈന്യതയും
തളംകെട്ടി നിന്നിരുന്നു..
ഷര്‍ബത് ഗുല,
ഇനി നിന്‍റെ കണ്ണുകള്‍ക്ക്‌ മേല്‍
നീ കാഴ്ചകളുടെ പടുതയിടുക;
അവര്‍ക്ക്‌ എറിഞ്ഞുടക്കുവാനിനി
ആ കണ്ണുകള്‍ മാത്രമല്ലേ ബാക്കിയുള്ളൂ..!?


----------ശുഭം-----------

സമര്‍പ്പണം:
അഭ്യന്തര യുദ്ധത്തിനിടയില്‍, തീവ്രവാദത്തിനിടയില്‍ അവഗണിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന, ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തിന്..
(തോറാബാറ: അഫ്ഗാനിലെ ഒരു പര്‍വതം)

5 comments: