എന്നെ ലൈക്കണേ....

Friday, May 31, 2019

◽◾◽◾◽◾

മരങ്ങളായ മരങ്ങളൊക്കെ
മൗനം പുരണ്ട കാറ്റിൻ തലോടലിൽ
നിശ്ചലമായ രാത്രി..
ആകാശമൊരു മുസല്ലയായി;
നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെ
സുജൂദ് ചെയ്യുന്നു.
നിലാവിന്റെ നിസ്കാരക്കുപ്പായമിട്ട് നദികൾ..
തിരകളുടെ തസ്ബീഹ് മണികളെണ്ണുന്ന കടൽ..

ഇരുപത്തേഴാം രാവ്

മണ്ണിലും വിണ്ണിലും മാലാഖമാർ നിറയുന്നു
അനുഗ്രഹത്തിന്റെ ഊദ് മരങ്ങൾ
മുളച്ചു പൊന്തുന്നു..
നന്മയുടെ കുന്തിരിക്കം പുകയുന്നു...
പള്ളിമിനാരങ്ങൾ മക്കയെന്ന മരുപ്പച്ചയിലെ
ഈന്തപ്പനകളാകുന്നു..

വ്രതശുദ്ധിയുടെ മൗനം നുകർന്ന
ഈ കാറ്റിന് സുബർക്കത്തിന്റെ മണം..
നിശ്ശബ്ദമായ ഈ രാത്രിയിൽ
നരകത്തിന്റെ വാതിലടയുന്നു..

ഇരുപത്തേഴാം രാവ്..

ഉറങ്ങാതെ പ്രാർത്ഥനാനിരതരായി
അടിമകളുടമയെ സ്മരിച്ചു കൊണ്ടിരിക്കുന്നു
ഉയിരുകൾ കൊണ്ട് കഅബം ത്വവാഫ് ചെയ്യുന്നു..
ഉടലുകൾ കൊണ്ട് ഇല്ലാത്തവന്റെ അവകാശമാം
ഫിത്റ് സക്കാത്തിൻ കിഴികൾ നിറക്കുന്നു...

ഇരുപത്തേഴാം രാവ്

ഖബറായ ഖബറിലൊക്കെ കാരുണ്യത്തിന്റെ
വെള്ളിവെളിച്ചം തൂകുന്നു
ജിന്നുകളും ഇൻസുകളും പ്രതീക്ഷയുടെ സ്വിറാത്ത് പാലത്തിലൂടെ കടന്നു പോകുന്നു..
പ്രപഞ്ചമാകെ വസന്തകാലത്തിന്റെ
മലർനിണങ്ങൾ കലരുന്നു...

ഇരുപത്തേഴാം രാവ്

സർവ്വചരാചരങ്ങളും റബ്ബിലേക്ക് തിരിയുന്നു
അർഷിലേക്ക് നീളുന്ന നൻമ പ്രയാണങ്ങൾ
ഒരൊറ്റ രാത്രിയെ ആയിരം രാത്രികൾ കൊണ്ട്
പൊതിഞ്ഞെടുക്കുന്ന വ്രതപൂർണ്ണിമ

🔹🔸🔹🔸

Friday, May 24, 2019

ഒപ്പാരി


♦♦♦

ഉസിലംപട്ടിയിൽ
ഒരുച്ചക്ക്
മരിച്ചുപോയ
മുരുകന്റെ
പായിൽ പൊതിഞ്ഞ
മൃതദേഹം
ഒപ്പാരിപ്പാട്ടുകാരെ
കാത്തുകിടന്നു.

വെയിൽ ചുട്ടു പൊള്ളിച്ച
നാട്ടുവഴിയിൽ
കൊഴിഞ്ഞുകിടന്ന
ജമന്തിപ്പൂവുകൾ;
കരഞ്ഞു പാടാനൊരു
കിളിയേയും..!

മുരുഗച്ചാമി
പൂക്കച്ചവടക്കാരനായിരുന്നു.
ബേഗല്ലൂരിലെ
പൂന്തോട്ടങ്ങളിൽ നിന്ന്
മല്ലിയും ജമന്തിയും
മുല്ലയും ലില്ലിയും
ചറബറ, ഓർക്കിഡും
കടലു കടന്നു പോകാനുള്ള
ടെച്ച് റോസും
അവനെത്തേടി
എന്നുമെത്തും..

ചെടികളിൽ നിന്ന്
ഇറുത്തെടുത്ത്
വിൽക്കപ്പെടാനുള്ള
കണ്ണീർക്കണങ്ങളാണോരോ
പൂവുമെന്നവൻ
പയ്യാരം പറയും.
വസന്തത്തിന് മുൻപേ
ഹേമന്തമണിയുന്ന
പൂവാടികളെക്കുറിച്ച്
വിലപിക്കും..

എന്നിട്ടും മുരുഗൻ
പൂക്കച്ചവടക്കാരനായിരുന്നു...
മരിച്ചു തുടങ്ങിയ
കോശങ്ങളും കൊണ്ട്
ജീവിച്ചിരിക്കാൻ
പെടാപ്പാട് പാടുന്ന
ചിന്നമ്മാളെന്ന ഭാര്യക്ക് വേണ്ടി
കാസരോഗത്തിന്റെ
ചുമക്കലാപങ്ങളിൽ
ശബ്ദക്കടലായി മാറിയ
അപ്പാക്ക് വേണ്ടി..
അടുക്കളച്ചായ്പിൽ
ഏഴുജന്മങ്ങളുടെ
കണ്ണീരു പാറ്റുന്ന
അമ്മാക്കു വേണ്ടി..
പറക്കമുറ്റാത്ത രണ്ട്
കുഞ്ഞുപൂമ്പാറ്റകൾക്ക് വേണ്ടി
അവൻ പൂക്കച്ചവടക്കാരനായി..

മുരുഗച്ചാമിക്ക്
കാഴ്ചയില്ലായിരുന്നു.
നിറങ്ങളെ കുറിച്ച്
അവനറിയില്ലായിരുന്നു.
അവന്റെ കണ്ണുകൾ
മണങ്ങളായിരുന്നു..
അവന്റെ നോട്ടങ്ങൾ
വിരലുകളായിരുന്നു.

പൂമാർക്കറ്റിൽ
മരിച്ചുകിടക്കുന്ന
ആയിരമായിരം
പൂവുകൾക്ക് വേണ്ടി
അവൻ ഒപ്പാരി
മൂളിക്കൊണ്ടിരുന്നു..

'രാസാത്തി ഉന്നൈ
വാഴ്വിൽ നിനയ്ക്കും
നേറ്റ്രോട് ഉന്നൈ
വാഴ്വായ് ഇഴയ്ക്കും'

'അമ്മാടി ആച്ചിയരേ
എന്നെ പെത്ത സെൽവതിയേ
ഏമാന്ക വരുപവനേ
ഏമാത്തി നിന്ക കാപ്പവനേ..
ഏത്താന്ക വരുപവനേ
എത്തേട്ടി നിന്ക കാപ്പവനേ..'

മുരുഗൻ മരിച്ചുപോയി
മരിച്ചുപോയ
പൂക്കൾ മുഴുവൻ
അവനുവേണ്ടി കരഞ്ഞു..
കരയാൻ മറന്നു പോയത്
ഒപ്പാരിപ്പാട്ടുകാരായിരുന്നു..

പെട്ടെന്നൊരു മഴ പെയ്തു
ഇടിമിന്നലുണ്ടായി..
മരിച്ചുകിടക്കുന്ന
മുരുഗച്ചാമിക്ക് വേണ്ടി
പ്രകൃതി ഒപ്പാരി പാടി

▪▫▪▫▪▫▪

Thursday, May 16, 2019

🔽🔽🔽🔽🔽🔽

സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണി..
കാഴ്ച്ചയുടെ പുകച്ചുരുകൾക്കിടയിൽ നിന്ന്
പലായനം ചെയ്യപ്പെടേണ്ട
ഒറ്റച്ചിറകുള്ള പക്ഷിയുടെ ഗദ്ഗദം..
(ഒറ്റപ്പെടലിന്റെ യാത്ര!)

ഓർമ്മകളുടെ സെമിത്തേരിയിലെ
മറവികളുടെ ശവക്കല്ലറ..
മൈലാഞ്ചിച്ചെടികളുടെ
തണൽപ്പകുതികളിൽ നിന്ന്
ജീവിതത്തിലേക്ക് തിരികെപ്പെയ്യുന്ന
മൗനത്തിന്റെ മേഘങ്ങൾ..

ഹൃദയമതിന്റെ രുധിരശബ്ങ്ങളാൽ
സംസാരിക്കുകയാണ്..
ഉൾക്കടലിന്റെ ജലലിപികളാൽ
എഴുതിത്തേഞ്ഞു പോയൊരു
ദ്വീപിലെ മണൽത്താളു പോലെ,
അത്രക്കത്രക്ക്
നഗ്നമായ ഉഷ്ണമാപിനിയിലെന്നവണ്ണം
സിരാധമനികളിൽ
എന്റെ ഭാഷയലിഞ്ഞുപോകുന്നു..
.
.
.

ബാൽക്കണിയിലെ വെള്ളമൊഴിക്കാൻ മറന്നുണങ്ങിയ റോസാച്ചട്ടിയിൽ
ചകിരിനാരുകൊണ്ടു മേഞ്ഞ കൂട്ടിൽ
തീമെത്ത വിരിക്കുന്നതിനു മുൻപേ
പറന്നു പോകേണ്ട കിളിയാണ് ഞാനും.

നൂറ്റിരണ്ടിലെ സഹേലി എന്നുപേരുള്ള
റെന്റിപ്പെണ്ണിന്റെ തെറിവിളികളിൽ ചതഞ്ഞ
സായന്തനത്തിൽ തന്നെ വേണമായിരുന്നു
കെട്ടിടത്തിനാത്മഹത്യ ചെയ്യാൻ..
പനിപിടിച്ചാൽ പെനഡോളിന് പകരം
ധ്യാനമിരിക്കുന്ന പെന്തക്കോസ്ത് പോളിന്റെ
മുന്നൂറ്റിമൂന്നാമത്തെ മുറിയിൽ നിന്ന്
തീ പിടിച്ചോടിത്തുടങ്ങിയതാണ്..
.
.
.

ഗ്രൌണ്ട് ഫ്ളോറിലെ നമ്പറില്ലാത്ത റൂമിൽ
ഒരു കവി താമസിച്ചിരുന്നു
അഗ്നിരഥമെന്ന തന്റെ നൂറാമത്തെ കാവ്യപ്രസവത്തിന്റെ തിരക്കിലായിരുന്നയാൾ..
തീ പിടിച്ച കെട്ടിടം
ബാൽക്കണി
കിളിക്കൂട്
പറക്കാൻ തുടങ്ങുന്ന കിളി
മുടി രണ്ടായി പിന്നിയിട്ട പെൺകുട്ടി
അകലെ വെയിലു പഴുത്ത ആകാശം..

പെട്ടെന്ന് ഞാനാ കവിതയിലെ
പെണ്‍കുട്ടിയായി മാറി

രണ്ടാനച്ഛന്റെ റാക്കു തേച്ച നിശ്വാസങ്ങൾ
പിൻ കഴുത്തിൽ പാമ്പുകളെ പോലെ
ഇഴയുന്നു..
'ബേൻഛൂത്!! ഇനിയും പഠിക്കാത്ത അസത്തെന്ന് അമ്മയുടെ നാഭിക്ക് ചവിട്ടുന്നു.
നാലാം നിലയിലെ ചുമരു നരച്ച ഫ്ലാറ്റിന്റെ
ബാൽക്കണിയിൽ തീ പിടിച്ച ഹൃദയത്തോടെ ഞാനിരിക്കുന്നു..
.
.
.

തീ പിടിക്കുന്നതിന് മുൻപ്
നൂറ്റിയേഴാം മുറിയിൽ ഒരു കൊലപാതകം നടന്നു.
കനത്ത നിതംബം കൊണ്ട് ആ തെരുവിലെ ആൺകണ്ണുകളെ മുഴുവൻ പണയപ്പെടുത്തിയ
റോസ്മരിയ സോഫയിൽ ചത്തുമലച്ചുകിടന്നു.
സദാ സംശയ രോഗിയും അവളേക്കാൾ
പതിനാറീസ്റ്റർ കൂടുതൽ കണ്ടവനുമായ
സിറിൽ ജോൺ എന്ന ഭർത്താവ്
രക്തം പുരണ്ട കത്തിയുമായി മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു..

ഇരുന്നൂറ്റിയൊന്നാം മുറിയിൽ
വികാരത്തീപടർന്ന രണ്ടുടലുകൾ
പരസ്പരം കത്തിക്കൊണ്ടിരുന്നു..
ഗ്രാമത്തിൽ നിന്ന് പ്രണയപൂർവ്വം നഗരത്തിലേക്ക് പലായനം ചെയ്തവർ..
പരിചയപ്പെടാത്തതു കൊണ്ട് എക്സ്, വൈ എന്നിങ്ങനെ പേരിട്ട് നമുക്ക് വിളിക്കാം..

എന്റെ കയ്യിലെ കഠാരിയിൽ നിന്ന് ഇപ്പോഴും
ചോരയിറ്റിവീഴുന്നു.
ചുമരിലെ ആനക്കൊമ്പ് കൊണ്ട് മോടി പിടിപ്പിച്ച കണ്ണാടിയിലൂടെ സിറിൽ ജോൺ എന്ന ഞാൻ
എന്നെ തുറിച്ചു നോക്കുകയാണ്.
അടഞ്ഞുകിടന്ന ബാത്രൂമിനുള്ളിൽ
അവളുടെ ജാരനൊളിച്ചിരിക്കുന്നുണ്ടെന്ന്
ഞാൻ വിചാരിക്കുന്നു.
ഇരുന്നൂറ്റിയൊന്നാം മുറിയിലേക്ക് തുറക്കുന്ന വാതിൽ
എക്സ് എന്ന് പേരുള്ള ജാരൻ
വൈ എന്ന് പേരുള്ള അല്ല റോസ് മരിയ എന്ന് പേരുള്ള എന്റെ ഭാര്യ..

മരിച്ചു കിടക്കുന്നത് ഞാനായിരുന്നു.
ബാത്ടബ്ബിലേക്ക് രക്തമിറ്റിച്ച് കമിഴ്ന്ന്..!
.
.
.

തീ..
ആത്മഹത്യ ചെയ്യുന്ന അതേ കെട്ടിടം
അതേ ബാൽക്കണി
അതേ കിളിക്കൂട്
അതേ കിളി
അതേ പെണ്‍കുട്ടി
.
.
.

താരതമ്യേന നിശ്ശബ്ദമായ
മദ്ധ്യാഹ്നത്തിന് ശേഷം
എല്ലായിടത്തേം പോലെ ശബ്ദക്കടലിരമ്പുന്ന
പോക്കുവെയിൽത്തെരുവിലേക്ക്
ജഡ്ക്കയിൽ വന്നിറങ്ങിയ
ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി.
രണ്ടുവശത്തേക്കും മുടി പിന്നിയിട്ട
പെൺകുട്ടിയെ വിലക്കു വാങ്ങാൻ വന്ന
ഏജന്റായിരുന്നു അയാൾ.
ചുവന്ന തെരുവിന്റെ ഇരുൾപ്പകലുകളിലേക്ക്
മുറിച്ചെറിയപ്പെടുന്ന
പനിനീർച്ചെടിയുടെ മുൾവേദനകൾ
എന്നെപ്പൊതിയുന്നു..
.
.
.

സ്വയം വെന്തു മരിച്ചുതുടങ്ങിയ
എന്നെക്കുറിച്ചാണ് ഞാൻ പറയുന്നത്
അതേ ബാൽക്കണിയിൽ
തീക്ഷ്ണമായ ചിന്തകളും
പൊള്ളിത്തുടങ്ങിയ ഉടലുമായി ഞാൻ..
അഗ്നിച്ചിറകു മുളച്ച്, കെട്ടിടം ഒരു പക്ഷിയെപ്പോലെ പറന്നു തുടങ്ങുന്നു..
വെയിൽ പഴുത്ത ആകാശത്തിലേക്ക്..!!

▪▫▪▫▪▫▪

Saturday, May 11, 2019

........

ഉറക്കത്തിന്‍റെ വിമാനത്താവളത്തിൽ നിന്ന്
സ്വപ്നത്തിന്‍റെ ഊബർടാക്സി പിടിച്ചാണ്  നിന്നരികിലെത്തുക..
കണ്ടുമുട്ടുന്ന നിമിഷം,
നമുക്കിടയിലെ കൺദൂരങ്ങൾ
ഏഴുജൻമങ്ങളിലെ മഴ കൊണ്ട് നിറയും..
ചുംബനം കൊണ്ട് ആയിരം രാത്രികൾ
പെയ്തു തീരാവുന്ന അത്രയും
പ്രണയലിപികൾ പരസ്പരമണിയും..

നീയറിയുന്നില്ലേ..!!
മൗനത്തിന്റെ ചിലന്തിവലയിൽ കുടുങ്ങിപ്പോയ
നമ്മുടെ വർത്തമാനങ്ങൾ
കടലുപോലെയിരമ്പുന്നത്..??

ഉണർച്ചയിലെ ഓർമ്മപ്പുഴയിൽ
നമ്മൾ നനഞ്ഞുകുതിരുന്ന പകൽ
ആകാശദർപ്പണത്തിൽ പരസ്പരം കാണുന്ന
സായന്തനങ്ങൾ..

മറവികളുടെ ശ്മശാനത്തിലേക്ക്
നടന്നുപോകുന്ന ഇലഞ്ഞിമരങ്ങൾ..
നാമതിന്റെ തണലിൽ പകുത്ത
ജൻമാന്തരങ്ങൾ..

ഒരിക്കൽ
പറഞ്ഞുതേഞ്ഞ വാക്കുടലുകളിൽ
നമ്മുടെ പ്രണയം തപസ്സിരിക്കുന്നു..
പതിനൊന്നു മാസം
ഒച്ചിന്റെ പുറംതോടിനുള്ളിൽ ഉണക്കാനിട്ട്
ഒരുമാസം പെയ്യുന്ന മേഘമാണെന്റെ രതി..

ഗുൽമോഹറെന്നു പേരുമാറ്റി വിളിച്ച
ഓർമ്മകളുടെ പൂക്കളാണിത്..
നിന്റെ വിയർപ്പിന്റെ മണമുള്ള രാത്രികളിലേക്ക്
തിരികെപ്പറക്കുന്ന ചിറകില്ലാപക്ഷികൾ..

മരുഭൂമിയിൽ നിലാവിന്റെ
മുസല്ല വിരിച്ച റമദാനിൽ
നിന്റെ പ്രണയത്തിന്റെ ഈന്തപ്പഴങ്ങൾ
നിറയുന്നു..

ഒരു കടലിനപ്പുറമിപ്പുറം
നമ്മളെപ്പകുത്ത വിരഹദൂരങ്ങൾ;
മോശയുടെ വടിയാണെന്റെ കിനാവുകൾ..!

ഹൃദയമതിന്റെ ആഴങ്ങൾ കൊണ്ട്
സംസാരിക്കുന്നു..
ഋതുഭേദങ്ങൾ നിറം തേച്ച ജീവിതം
നമ്മുടെ വിഷാദങ്ങളെത്തൊടുന്നു..

അതേ...
നിശ്ശബ്ദമായ ഈ രാത്രികളിൽ
നിദ്രയുടെ ലോഹപ്പക്ഷികൾക്ക് ചിറകു മുളയ്ക്കുന്നു..
എന്നും നിന്നിലേക്കുള്ള പ്രയാണങ്ങൾ
നീയറിയാതെ പോകുന്നതങ്ങിനെയാണ് സഖീ.....

🌼🌼🌼