എന്നെ ലൈക്കണേ....

Tuesday, December 15, 2015

...........

പഴുത്ത ഒരില കൊഴിഞ്ഞു വീഴവെ
മരമെന്തിനാവും സങ്കടപ്പെടുന്നത്??
തന്നിൽ നിന്നടർന്നു വീണു  നഷ്ടപ്പെടുന്ന ഓർമ്മകളെ കുറിച്ച് മേഘങ്ങൾ വേവലാതിപ്പെടുന്നത് പോലെ.....

മരുഭൂമിയിലെ കാറ്റുകൾ വിതുമ്പുന്നത് കേട്ടിട്ടുണ്ടോ??
ഒരുഷ്ണക്കിനാവിന്റെ തീവിരലുകൾ വരച്ചിട്ട ചിത്രം പോലെ ഒരൊറ്റ നിമിഷത്തിൽ വരഞ്ഞ,ലിഞ്ഞു പോകുന്ന
സന്നിഗ്ധതയാണത്....!

ശിശിരകാലത്തിന്റെ മുറിവുകളിൽ
ഇലകൾ ചോരത്തുള്ളികളാവുന്നു
നാട്ടുവഴികളിൽ ചോര തളം കെട്ടിക്കിടക്കുന്നു...
എന്നിട്ടും,
ഒരു നോക്കിന്റെ കടൽ കൊണ്ട് നീയാ രക്തക്കറകൾ കഴുകിക്കളയാൻ വരുമെന്നു ഞാൻ കൊതിക്കുന്ന പോലെ..

എനിക്കറിയാം,
നീ കുടഞ്ഞിട്ട നിലാവിന്റെ പൂക്കളിൽ
വരാനിരിക്കുന്ന ഒരു വസന്തത്തിന്റെ പരാഗങ്ങളുണ്ട്‌..!

ആ വസന്തത്തിനു മുൻപ്,
മൌനത്തിന്റെ ഋതുവിൽ നിന്ന്
തെന്നിവീണു മരിക്കുന്നതിനു മുൻപ്
മറക്കാതെ ഈ ഓർമ്മകളെ മുഴുവൻ ഒരു ഭാണ്ഡമാക്കിയെടുത്ത് വെക്കണം..
മരണമെന്ന സമാഹാരത്തിൽ ചേർക്കാൻ ഇതിലും നല്ല കവിതകൾ  വേറെ ഇല്ല .!!

Friday, November 20, 2015

............

ഒറ്റപ്പെടലൊരാകാശം നഷ്ടപ്പെട്ട
ദ്വീപിന്റെ നോവാണ്..
കടലോളം ദൂരങ്ങൾക്കിടയിൽ
തന്നിലേക്കെത്താതെ
അമർന്നു പോയ തിരയെ കുറിച്ചാണ്
വ്യസനിക്കുന്നതെന്നു
പതം പറയുമെങ്കിലും...!

നോക്കൂ..
നക്ഷത്രങ്ങൾ തൂങ്ങിക്കിടക്കുന്ന
മച്ചുള്ള ഒരു വീടിനെ കുറിച്ച്
ഓർമ്മ വരുന്നില്ലേ??
ഓർമ്മയുടെ
പിരിയൻ ഗോവണിയിലൂടെ
വീടിന്റെ ബാൽക്കണിയിലേക്ക് കയറിപ്പോകുന്ന ഋതുക്കൾ..
വിയർത്തു നനഞ്ഞ മുകിലുകളിൽ നിന്ന് ഉതിർന്നു വീഴുന്ന കാലം..

ഒറ്റപ്പെടൽ, മരണം പുരട്ടിയ മൗനമാണ്‌..
ഹൃദയമിടിക്കുമ്പോഴും, സിരാധമനികളിലൂടെ നിണമൊഴുകുമ്പോഴും,
ഒരു വിരഹത്തിന്റെ ശീതമാപിനിയിൽ
ആത്മാവ് നിശ്ചലമാകുന്നു..
ചിന്തകളുടെ മാറാലപ്പശയിലൊട്ടി
മനസ്സും...!!

ആകാശത്തെക്കുറിച്ച്
മറന്നുപോകുന്ന നിമിഷം,
കടലിൽ
ഒറ്റപ്പെട്ടുപോയ തിരകളെ കുറിച്ച്
ഓർത്തു തുടങ്ങുന്ന നിമിഷം,
വിജനമായ ദ്വീപെന്നു പേരുള്ള
കവിതയിലിരുന്ന്
അറ്റമില്ലാത്ത കടലാകാശത്തിൽ,  അല്ലെങ്കിൽ ആകാശക്കടലിൽ,
നഷ്ടപ്പെട്ട നക്ഷത്രത്തിരകളെണ്ണിത്തുടങ്ങുന്നു;
ഒറ്റക്കായിപ്പോയ ഒരു കര..!!

Monday, November 16, 2015

.........

ചില പുസ്തകങ്ങൾ..
മറവിയിലേക്ക് നഷ്ടപ്പെടുന്ന നമ്മുടെ വസന്തകാലത്തെ തിരിച്ചു തരും..
ഒരു പക്ഷെ ഉയിരിലേക്ക് അലിഞ്ഞു മാഞ്ഞു പോയെന്നു നാം വിശ്വസിച്ചു തുടങ്ങിയ പ്രണയമായിരിക്കാം..
നിലാവിന്റെയത്രക്ക്
സ്നിഗ്ധമായ സൗഹൃദമായിരിക്കാം..
ഒരമ്മത്താരാട്ടായിരിക്കാം..

ചിലപ്പോൾ ഭീതിയുടെ ഇടനാഴിലേക്ക് നമ്മെ കൈപിടിക്കും
ഒരിക്കൽ മാത്രം നൂഴ്ന്നിറങ്ങിയ ഇടുങ്ങിയ  ഇരുൾഗുഹയിലെന്ന പോലെ ഞെട്ടിത്തരിക്കും..

ചില പുസ്തകങ്ങൾ...
ആകാശം പൂക്കുന്ന ഏടുകളിൽ
കടല് കുളിർക്കുന്ന മഴവിരലുകൾ കൊണ്ട് നമ്മെ ത്തൊടും..
ചിലപ്പോൾ ഊഷരമായ സാകേതങ്ങളിലേക്ക്
മറ്റു ചിലപ്പോൾ സ്വപ്നങ്ങളുടെ ഇല പൊഴിയുന്ന ശിശിരധ്രുവങ്ങളിലേക്ക്  നമ്മെ നടത്തിക്കും..

ചിലപ്പോൾ നാം ഒറ്റപ്പെടും.. മറ്റുചിലപ്പോൾ അത്രമേൽ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് എത്തപ്പെടും..
ഇടവഴിയിൽ
ഇലഞ്ഞിമരത്തണലിൽ
കടൽക്കരയിൽ
നഗരവീഥിയിൽ
കോഫീഷോപ്പിൽ
കിടപ്പറക്കിനാവിൽ
അതുമല്ലെങ്കിലൊരു
കഴുമരക്കയറിൽ
നമുക്ക് നമ്മെ കണ്ടെടുക്കാം..

വായിച്ചു തീരുന്നത് വരെ നാം മറ്റൊരു ലോകത്തിലേക്ക്‌ നാട് കടത്തപ്പെടും....ഒറ്റപ്പെടൽ

ഒറ്റപ്പെടൽ
അതിന്റെ മൂർച്ചയുള്ള
കഠാരത്തലപ്പു കൊണ്ട്
ഉയിരിൽ വരയുന്ന
മുറിവുകളുണ്ട്‌...
രാത്രിക്കിടാത്തികളുടെ
സ്വപ്നദുപ്പട്ടകൾ  കൊണ്ട്
കെട്ടിവരിഞ്ഞിട്ടും
നിണമൊലിപ്പിക്കുന്നവ...
ഒരു വിതുമ്പൽ
മനസ്സിന്റെയാകാശത്തിൽ
ചിറകുപിടഞ്ഞ പക്ഷിയാകുന്നു..!

ഭൂമിയുടെ അറ്റത്തേക്ക്
ഒലിച്ചുപോകുന്ന പുഴയിൽ
ഓർമ്മയുടെ കടലാസ്സുതോണിയുണ്ട്..
പെയ്യാൻ മറന്ന മുകിൽച്ചോലകൾ
നെയ്തുനിറക്കുന്ന
മോഹവല്ലങ്ങളും...!

ഒറ്റപ്പെടൽ
അതിന്റെ കൂർത്ത ദ്രംഷ്ട്രങ്ങൾ കൊണ്ട്
ചിന്തകളിലേക്കാഴ്ന്നിറങ്ങുന്ന
സന്ധ്യകളിൽ
കിളി ചേക്കേറാനില്ലാത്ത കൂടിന്റെ മണമാണ്  ഹൃദയത്തിന്..

മരുഭൂമിയിൽ
കാറ്റ് വരച്ചു ചേർത്ത
ഒരു വഴിപ്പിറവിയുടെ
നൈമിഷികതയിൽ നിന്ന്
തിരികെ ജീവിതത്തിന്റെ
കാല്പാടുകൾ തേടി
പിന്നോട്ട് നടക്കുമ്പോൾ,

ഒറ്റപ്പെടൽ
അതിന്റെ അർബുദവേഗതയിൽ
മസ്തിഷ്കത്തെ പൊതിയുന്നു..
വഴി മറന്നു പോകുന്ന
കവിതയിൽ നിന്ന്
ഗൃഹാതുരമെന്നു പേരുവിളിച്ചൊരു
മൌനത്തെ മാത്രം അടർത്തിയെടുക്കുന്നു...

കവി തികച്ചും ഒറ്റപ്പെടുന്നു...!!
������

Wednesday, November 11, 2015

......

വാഴ്‍വിന്റെയാഴങ്ങളിൽ
നീയഴൽ ചൂടി
മരുവിന്റെ ചുഴികളെ-
ന്നുയിരിൽ പഴുക്കവേ..
പതിയെ മഴയഴിയുന്ന
വെയിൽ നൂലുകൾ
കൊണ്ടൊരിടവഴിയിൽ കാലമൊരു
പുടവ തുന്നീടവേ...

ഈയുഷ്ണ വൈതരണി
തമ്മിലൊന്നായ് താണ്ടി-
യിന്നിതാ പിന്നിട്ടതെത്ര
സംവത്സരം...!
ഇതു വേർത്ത യാത്രയുടെ
നേർത്ത മദ്ധ്യാഹ്നം;
സ്മൃതി കൂർത്ത പാതകളിൽ
കോർത്ത കാൽപ്പാടുകൾ...!

ഒരു സ്വപ്നമിനിയും
മുളക്കാത്ത ചിറകുമായ്
വിരഹമൗനം തേച്ചൊ-
രിരവിനെ പ്പൊതിയെ,
ഒരു മോഹമിനിയും
കിളിർക്കാത്തൊരിലയുമായ്‌
ഗതകാലശിഖരിയായ്‌
ജന്മരൂഹങ്ങളിൽ....!!

......

....

തനിച്ചായിപ്പോയ
എന്റെ ഫ്ലാറ്റിലേക്ക്
കയറി വരുന്നൊരു കടൽ..
ഉപ്പുചുവയുള്ള
വിരലുകൾ കൊണ്ട്
എന്റെ സ്വപ്നത്തിൽ
തിരകൾ വരച്ചു ചേർക്കുന്നു..

ലിഫ്റ്റിൽ വെച്ച്
ഒരു മരുഭൂമിയെ കണ്ടുമുട്ടുന്നു
ഉഷ്ണച്ചില്ലിട്ട
റെയ്ബാൻ കണ്ണടക്കുള്ളിൽ
സൂര്യന്റെ മണമുള്ള കണ്ണുകൾ;
എന്റെ ദിവസങ്ങളിലേക്ക്
അരിച്ചിറങ്ങുന്ന നോട്ടങ്ങൾ...

പാർക്കിംഗ് ഗ്രൗണ്ടിൽ
ആകാശമെന്നോട്
മഴഗോവണിയിറങ്ങി വന്ന്
സംസാരിക്കുന്നു..
കറുത്ത സ്വപ്‌നങ്ങൾ
പൊട്ടിയൊലിച്ചു തീരുന്നത്;
ഹൃദയം നനഞ്ഞു കുതിരുന്നത്..
കാലമൊരീറൻ തൂവാല പോലെ
ആത്മാവിനെ പൊതിയുന്നു..

ബാൽക്കണിക്കരികിലെ
ചില്ലുകുപ്പായമിട്ട പുഴയിൽ
എന്റെ ജീവിതമൊരു
മീൻ പിറവി തേടുന്നു..

ഏഴാം നിലയിൽ നിന്ന്
കോണിപ്പടിയിറങ്ങിപ്പോകുന്ന
ഒരു മലയെക്കുറിച്ച്
മറക്കുവാൻ വേണ്ടി
ഞാനൊരു
മുലയെ കുറിച്ച്
ഓർത്തു തുടങ്ങുന്നു..!
........

Thursday, October 22, 2015

വീടുകൾ

അവരുടെ വീടുകൾ പണിയുമ്പോൾ
ചാണകവരടികൾ കൊണ്ട്
ഭിത്തികൾ അലങ്കരിക്കണം...
വായു പോലും കടക്കാത്ത
ചെറിയ ജനാലകൾ കൊണ്ട്
പുറത്തെ വെളിച്ചത്തിലേക്ക്
നീണ്ടു കിടക്കുന്ന ഒരിടനാഴി...
മെലിഞ്ഞു വയറൊട്ടിയ
നായും നരനും..
പിന്നെ മുറ്റത്തെ
ചൂടിക്കയറു നെയ്ത കട്ടിലും..

വീട് എപ്പോഴും കത്തിപ്പടരാൻ വെമ്പുന്ന ചിതയൊരുക്കമാണ്‌..
കുട്ടികൾ അഗ്നിയിൽ കുളിപ്പിച്ചെടുക്കുന്ന കറുത്ത ചന്ദനമുട്ടികൾ പോലെ...

ഓരോ ഗലികളിലും എത്ര ചിതകളാണ് വീടിന്റെ ഉടുപ്പുകളണിഞ്ഞു കാത്തിരിക്കുന്നത്???

വൈക്കോലും തകരഷീറ്റും കൊണ്ട്
ജീവിതത്തെ മേഞ്ഞവർ
പക്ഷെ,
സ്വയം ജീവിക്കാൻ മറന്നു പോയി..

അല്ലെങ്കിലും
മരിക്കാൻ തുടങ്ങുന്ന അവസാന
നിമിഷത്തിലാണ്
ഒരാൾ മനുഷ്യനാവുക....
ജനിച്ചത്‌ മുതൽ അയാൾ
ബ്രാഹ്മണനോ, ക്ഷത്രിയനോ,
വൈശ്യനോ,
നാലാംവേദക്കാരനോ,
അല്ലെങ്കിൽ
ഇതേപോലെ ചുട്ടെരിയപ്പെടാൻ
ഏറ്റവും ചുരുങ്ങിയത്
ഒരു ദലിതനോ (ശൂദ്രനോ)
ആയിരിക്കും...

......
അടുത്ത ഗ്രാമത്തിലെ
ബുദിറാമിന്റെ വീട് കത്തിക്കുമ്പോൾ നിങ്ങൾ  എങ്ങനെയാണ്
അമ്മയെ സംരക്ഷിക്കുക??
കാരണം ബുദിറാമിന്റെ പശുവും
അവരുടെ വീട്ടിൽ തന്നെയാണ്..
അല്ലെങ്കിൽ ബുദിറാം താമസിക്കുന്നത്
തൊഴുത്തിൽ തന്നെയാണ്...

(ഹോ ഞാൻ മറന്നു:
ദലിതന്റെ പശു നിങ്ങളുടെ
അമ്മയാകില്ല അല്ലെ??)

..........

Sunday, October 11, 2015

നീയും ഞാനും...

കൂർത്ത കത്തിതൻ
തിളക്കങ്ങളിളകുന്ന
തടാകങ്ങളാകുന്നു
നിന്റെ കണ്‍തടങ്ങൾ..
വേർത്ത വെയിൽ തേച്ചൊ-
രുഷ്ണക്കിനാവിന്റെ
ഇടനാഴി നീളുന്നു
നിന്നുയിർത്തെളിമയിൽ...!

നമുക്കിടയിലുടയുവാൻ
മൗനങ്ങൾ പോലുമില്ലെന്നോ??
നമുക്കായിടക്കിടെ
ചിറകാട്ടിയൊരു കുഞ്ഞു-
തുമ്പിയും പോയ്‌ മറഞ്ഞെന്നോ??

ഓരോണമാകുന്നതും-
കാത്തെന്റെ യോർമ്മതൻ
തുമ്പകൾ പൂവിട്ട
ബാല്യ കൌമാരവും,
ഒരു പെരുന്നാൾ തീർത്ത
ബിരിയാണി മണവുമായ്‌
നീയെന്റെ പടി കടക്കുന്ന
ഗത കാലവും,
ഇനിയുമിനി നമ്മിലേക്കിനിയും
വരില്ലയോ??

നീ നീർത്തിയെൻ നാവു
കോർക്കും കഠാരിയിൽ
എന്റെ- മൗനങ്ങൾ മാത്രം
മുറിഞ്ഞു പോകും..
നീവാളെറിഞ്ഞറ്റു പോയെന്റെ
വിരലുകൾ
എഴുതുവാൻ മാത്രം
പുനർജനിക്കും....!

നീയിന്നു മണ്ണിട്ട്‌ മൂടിയതെൻ ഖബർ
നീ തന്നെ നിന്നെ കൊല്ലുന്ന പോലെ...
നീ മരിക്കുന്നതോർത്ത്‌ കരയുന്ന ഞാൻ
മരിക്കുവാൻ പോലും മറന്ന പോലെ...!!
************ 

Saturday, September 26, 2015

......

പലായനത്തിനും തീർത്ഥയാത്രക്കുമിടയിലെ
ഒരു പെരുന്നാൾ പുലരി...
നൊന്ത ചിറകുകളും
വെന്ത ചങ്കുമായി
ദേശാടനപ്പക്ഷികൾ...
അതിജീവനത്തിന്റെ
ഗമനതാളങ്ങൾ
ഹൃദയത്തിലണിഞ്ഞ
പ്രവാസം...
പുറകിൽ നടന്നു തേഞ്ഞ
മരുഭൂമി
ചുട്ടു പഴുത്ത ആകാശം
തിരിച്ചു പോക്കിന്റെ
സ്വപ്നം പോലെ കെട്ടിക്കിടക്കുന്ന കടൽ...!

അടുത്ത പെരുന്നാൾ വരെയെങ്കിലും
പഴുക്കാത്ത ഈന്തപ്പഴം പോലെ
ചില മോഹങ്ങൾ...!!

....
Eid Mubarak

Friday, September 11, 2015

....

ബുഡാപെസ്റ്റിലേക്കുള്ള
അടഞ്ഞുകിടന്ന പാതകളിൽ
കൊഴിഞ്ഞു വീണ ജീവിതങ്ങൾ
പെറുക്കിയെടുത്തു കളിക്കുകയാണ് രണ്ട്‌ കുട്ടികൾ..
നെജാദും, എമിലിയും...!
പലായനവിസ്ഫോടനത്തിന്റെ
രാപ്പകലുകളിൽ
സൂര്യൻ ഉദിക്കുകയോ
അസ്തമിക്കുകയോ ചെയ്തിരുന്നില്ല.
വെയിൽ നിലാവും
നിലാവ് വെയിലുമായി
വെളിച്ചത്തിന്റെ ഇരുട്ടിൽ
ഇരുട്ടിന്റെ വെളിച്ചങ്ങൾ..!

തോക്കിന്റെ പാത്തി കൊണ്ട്
നജാദിന്റെ മുഖത്തിടിക്കുന്നു;
കുരുമുളക് സ്പ്രേയും കൊണ്ട്
എമിലിയുടെയും, അമ്മയുടെയും
നേർക്കടുത്ത അതേ പൊലീസുകാരൻ..
യാത്രയുടെ ഉഷ്ണമാപിനിയിൽ
വെന്തുപോയ സിരാധമനികളിൽ നിന്നൊരു തുള്ളി പോലും ഇറ്റിവീഴുന്നില്ല..

ജനപദമൊരു
പുഴപ്പിറവിയുടെയുടുപ്പണിഞ്ഞത്‌
പലായനമെന്ന
ഒഴുക്കായവ അതിരുകളെ താണ്ടിയത്..
അവർ നിലക്കാതെയൊഴുകുന്ന
ദു:ഖമാണ്..
ദുരിതമാണ്‌...
ദുരന്തമാണ്..

*പെട്രോ ലാസ്ല എന്ന
ധർമ്മം മറന്ന മാധ്യമപ്രവർത്തകക്ക് മാത്രം
പക്ഷെ, അവർ പുറംകാലു കൊണ്ട് തൊഴിക്കേണ്ട തെരുവുനായ്ക്കളാണ്...!

.....

യാത്ര

ഒരു യാത്ര പോകണം.. മ്മടെ ചങ്ങായിമാരുടെ കൂടെ..
നാട്ടിലെ വഴികളിലൂടെ, കാടുകളിലൂടെ,
മഴയും വെയിലും മഞ്ഞും നിലാവും പുഴയും മലയും ഒരുക്കിയ നിനവുകളിലേക്ക്

ഇനിയും വാക്കുകളിൽ ധ്വനിപ്പിക്കാൻ ആകാത്ത  സ്മൃതികളുടെ പുനർജനി നൂഴ്ന്ന്..
ഗൃഹാതുരമായ ഒരു ലോകത്തിലേക്ക്‌ തിരിച്ചു  തുറക്കുന്ന ഒരിടനാഴിയിലൂടെ....

ഒരു യാത്ര പോകണം
നമ്മിലെ ബാല്യത്തിലൂടെ  പറന്നു കൗമാരത്തിന്റെ  ആകാശത്തേക്ക് കയറിപ്പോയ ഒരു പട്ടത്തെ തിരിച്ചെടുക്കണം..
കൊത്തം കല്ല്‌
പുളിങ്കുരു
മുളംതോക്ക്
വളപ്പൊട്ട്
പമ്പരം
ഗോലി
നമ്മിലെ കളിത്തട്ടുകൾ വീണ്ടും നിറയണം..
മണ്ണപ്പം ചുട്ടു കളിവീടുകളിൽ
അച്ഛനും അമ്മയുമായി വീണ്ടും..

...
ഒടുവിൽ..
ഒരു യാത്ര പോകണം..
ഒറ്റക്കൊറ്റക്ക് !!
അമ്മയുടെ ഗർഭ പാത്രത്തിലേക്ക്..
വെളിച്ചത്തിന്റെ ഇരുട്ടിലേക്ക്..
പൊക്കിൾ കൊടിയുടെ
തണലിലേക്ക്...
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വീട്ടിലേക്ക്...

Friday, September 4, 2015

കാട്ടുകവിതചുരമേന്തി മേവുന്ന മാമല മേലെ
നില്പാണ് നാട്ടുകാണി...!
കാട്ടുതേനൊത്ത ചാട്ടുപാട്ടിൽ
വെന്ത വറുതിയുടെ നൊമ്പരങ്ങൾ;
തീരാദുരിതങ്ങളാളുമീണങ്ങൾ....

കാറ്റുവാക്കിൽ നുരഞ്ഞെത്തിയ നേരിന്റെ
നീറ്റലായാരണ്യകാണ്ഡം..!
സൂനം കരിഞ്ഞു, മരന്ദം കൊഴിഞ്ഞു,
ശാപം തികഞ്ഞ വനമൗനം പിടഞ്ഞു..!

കടുംതുടിത്താളം കുടഞ്ഞിട്ട മഴയില്ല
പടുമുളങ്കൂട്ടങ്ങളതിരിട്ട വഴിയില്ല
പുലർമഞ്ഞുലാവുന്ന പുൽക്കൊടിത്തുമ്പില്ല
പനിമതി നീരാടുന്ന കാട്ടുനീർ ചോലയില്ല..!

പകലകത്തിന്റെ ചൂടിൽ തേച്ച ഗന്ധം..
അരവയറിലലിയാത്ത മുളയരിത്തുണ്ടം..
പേറ്റുനോവിന്റെ ചെത്തങ്ങളിലൂരിലെ
താലിയില്ലാപ്പെണ്‍കിനാവിന്റെ ഗദ്ഗദം..!

നാട്ടരചരുടെ കുടിലതകളൊഴിയാത്ത ദുരകളി-
ന്നടവിയുടെ ഹൃദയം കവർന്നു..!
ഇരുൾ ചൂഴ്ന്നു കേഴുന്ന രാവിന്നു കാവലായ്‌
നിൽപാണ്‌ നാട്ടുകാണി..!!
.......
Vettam Kavitha 2015

Saturday, August 8, 2015

........

ചില സ്വപ്നങ്ങളിലേക്കുള്ള ഉണർച്ചയാണ് ഓരോ ഉറക്കവും..
മറന്നു തുടങ്ങിയ ഒരോർമ്മയിലേക്കുള്ള
വീഴ്ചയാണ് ഓരോ ഉണർച്ചയും..
നിനവിനും കനവിനുമിടയിലെ ഇടനാഴിപ്പഴുതിലൂടെ ഓരോ ദിവസവും ഒഴുകിയൊലിച്ചു തീരുന്നു..

ഒരുപ്പൻ ഇലഞ്ഞിത്തലപ്പിൽ
ഒളിച്ചിരിക്കുന്ന പോലെ
ഒരു മോഹമുണ്ടാകും നമ്മുടെ മനസ്സിൽ...
ഒരു മരംകൊത്തി ഉണക്കമരത്തിൽ  തല'യുളി' കൊണ്ട് ചീവുന്ന പോലെ
ഒരു വേദന കൂടിയുണ്ടാകും  നമ്മുടെയുള്ളിൽ..

ഒരു സ്വപ്നം കടല് പോലെ
മസ്തിഷ്കത്തിൽ പരന്നു കിടക്കുന്നു..
നിദ്രയാ കടലിടുക്കിലൂടെ ഒരു യാനയാത്രയായ്....

ഒരോർമ്മ, വെയിൽ ചുട്ടുപഴുത്ത
മരുഭൂമിയാകുന്നു..
ജീവിതം ഉഷ്ണമാപിനിയിൽ തിളയ്ക്കുന്നു..

വണ്ണാത്തിപ്പുള്ളിനെ കുറിച്ച് രാത്രി ചോദിക്കുന്നു;
തുമ്പപ്പൂവിനെ കുറിച്ച്, തുമ്പികളെ കുറിച്ച് പകലും....!

പക്ഷെ,

സ്വപ്നത്തിൽ നിന്ന് ഓരോർമ്മയിലേക്കുള്ള
മുളംപാലത്തിൽ വെച്ച്
മരണത്തിന്റെ ഒരിടവേളയെകുറിച്ച്
ആരാണ് മന്ത്രിക്കുന്നത്...??

Thursday, July 30, 2015

.....

എന്റെ സ്വപ്‌നങ്ങൾക്ക് മേലെ
വിരിച്ചിട്ടൊരാകാശമുണ്ട്...
നിനവുകളുടെ മുന്തിരിപ്പാടങ്ങൾക്ക്മേൽ
നിലാവിന്റെ പടുതയിടുന്ന ഒരു രാത്രിയും..

വഴിവിളക്കുകൾ നക്ഷത്രങ്ങളിലേക്ക്
കൂടുവിട്ടു കൂടുമാറിയ
പാതകളിൽ നിന്ന്
മറ്റൊരാകാശം കണ്ടെടുക്കുകയാണ്..!

നിന്റെ മൌനങ്ങൾ നുരയുന്ന
കടൽപ്പിറവിയിലേക്ക്
എന്റെ ചക്രവാളമലിയുന്നു...!

വിരഹത്തിന്റെ
പുറംകുപ്പായമണിഞ്ഞ്‌
മറ്റൊരു വർഷം കൂടി
പെയ്തുതോർന്നേക്കും....!! 

Monday, July 20, 2015

ലാസ എന്ന് പേരുള്ള കവിതയിൽ നിന്നും


ഞാൻ എഴുതിത്തുടങ്ങിയ കവിതയിൽ നീയിത്ര സുന്ദരിയായിരുന്നില്ല..
പേടമാൻ മിഴികളിലേക്ക്  നിന്റെ കണ്ണുകൾ വിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല...
ഖലിൽ ജിബ്രാന്റെ സാഹിത്യമോ
മൊസ്സർട്ടിന്റെ സിംഫണിയോ
വാൻഗോഗിന്റെ സൂര്യകാന്തിയോ ഒന്നും.. ഒന്നും തന്നെ നിന്റെയോർമ്മയിലേക്കുള്ള പാലങ്ങളായിരുന്നില്ല...
എന്റെ കവിതയിൽ നിന്ന് നിനക്കു  നിന്നിലേക്ക്‌ പറക്കാനൊരു ചിറകുപോലുമുണ്ടായിരുന്നില്ല...

എന്റെ കവിത ബൈലകുപ്പയിലെ തിബത്തൻ സ്വപ്നങ്ങളിലേക്ക് പുനർജനിക്കുന്നതിനു മുൻപ്‌
നിനക്കൊരു പേര് പോലും..!

നിന്നെ ലാസ എന്ന് വിളിച്ചു തുടങ്ങിയ സായാഹ്നം..
ഞാൻ ഒരവാച്യമായ സന്നിഗ്ധതയിലേക്ക് തെന്നി വീണു.. ലാസ എന്ന് പേരുള്ള പെണ്‍കുട്ടിയുടെ ഉടുപ്പിൽ നിന്റെ തനുവിനു കൂടുതൽ മൃദുലത കൈവന്നു..
വിറകു കൂട്ടിയിട്ടു കത്തിച്ചു തണുപ്പിനോട് യുദ്ധം ചെയ്യുന്ന രാവുകളിലൊന്നിൽ നിനക്കൊരുപാട് ഭംഗിയുണ്ടെന്നു തോന്നിത്തുടങ്ങുകയായിരുന്നു..
ലാസ എന്ന് പേരിട്ടു ഞാൻ കവിതകൾ എഴുതിത്തുടങ്ങിയത് അങ്ങനെയാണ്..
(എന്റെ കവിതകൾ അത്രയ്ക്ക് ഭംഗിയുള്ളവയായിരിക്കണം എന്ന് തോന്നുന്നത് അത്ര വലിയ തെറ്റാണോ??)

ഇറുകിയ കണ്‍കോണുകളിൽ നീ കരുതിയ കടൽതിരകളിൽ നനഞ്ഞു
എന്റെ നോട്ടങ്ങൾ നക്ഷത്രമത്സ്യങ്ങളായി മാറിത്തുടങ്ങി..
ലോകത്തിന്റെ അറ്റം നിന്റെ കാലടിപ്പാടുകളിലേക്ക് തേഞ്ഞു തീരുന്ന പോലെ...
അറിയുമോ...? ലാസ എന്ന് പേരുള്ള സ്വപ്നത്തിൽ നാമൊരു രാജ്യം പണിയുകയായിരുന്നു...
'തിന്താരു' എന്ന് പേരുള്ള കവിയെ  നമ്മുടെ അപദാനങ്ങൾ വാഴ്ത്തുവാൻ വേണ്ടി മാത്രം നിയമിച്ചിരുന്നു..
അല്ലെങ്കിലും കവിത എന്നത് ജോലിയും, കവി എന്നത് ഒരു ഉദ്യോഗവും ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(അങ്ങനെയാണെങ്കിൽ  തെരുവുകൾ കത്തിയെരിയുമ്പോൾ, ഗർഭം പേറിയ വയറുകളിലേക്ക് വാൾത്തലകൾ ആഞ്ഞിറങ്ങുമ്പോൾ
ജീവിതങ്ങൾ മായ്ച്ചു കളയുന്ന സർഗ്ഗപ്രക്രിയയിൽ, കവിതകൾ  കൊണ്ട് വളരെ ഹൃദ്യമായ ന്യായങ്ങൾ നിരത്താമായിരുന്നു..
അന്വേഷണക്കമ്മീഷനുകൾ വർഷങ്ങളോളം തിന്നു കൊഴുത്ത് കൊളസ്ട്രോൾ പിടിക്കുന്നത്‌ ഒഴിവാക്കാമായിരുന്നു.. )

ഹോ ഇത് ലേഖനമല്ല കവിതയാണെന്ന കാര്യം മറന്നു പോയി!
അല്ലെങ്കിലും ഇക്കാലത്ത് കവിതയാണ് എഴുതുന്നത്‌ എന്ന് മറന്നു പോകുന്നത് കവിയുടെ ഒരു സ്ഥിരം എടവാടായിരിക്കുന്നു..!
ഇതൊരു രോഗമാണോ ഡോക്ടർ എന്ന് ചോദിച്ചു പോയാലും അത്‌ഭുധമില്ല...!

പറഞ്ഞുവന്നത് ലാസ എന്ന കവിതയിലെ ലാസ എന്ന നിന്നെ കുറിച്ചാണ്..
കവിത എഴുതി തുടങ്ങിയപ്പോൾ ഇല്ലാത്ത സൗന്ദര്യം എഴുതിതീരുമ്പോൾ എങ്ങിനെയുണ്ടായി എന്ന് ഞെട്ടുന്ന സ്മൈലി ഇട്ടു പ്രശ്നം സോൾവ് ചെയ്യാം..!

ലാസ എന്ന് പേരിട്ടാലും ഇല്ലെങ്കിലും കവിതയെ ഫേഷ്യൽ ചെയ്യാനൊരു ബ്യൂട്ടിപാർലർ അത്യാവശ്യമായിരിക്കുന്നു..
(ആയിരം പേർക്ക് ആയിരത്തൊന്നു കവികളുള്ള മലയാളം എന്ന് പേരുള്ള രാജ്യമാണെങ്കിൽ വിശേഷിച്ചും!!)
😄😄😄😄😄

കടപ്പാട്: തിന്താരു (കുഴൂർ വിത്സണ്‍)*

Thursday, June 25, 2015

പ്രവാസിയുടെ ഡയറിയിൽ നിന്ന്..

ഒറ്റക്കാവുന്ന ചില ഓർമ്മകളിൽ നിന്ന്
തെന്നി വീഴുന്ന മൗനം കൊണ്ട്
ഒരൊറ്റ കവിത കൂടി എഴുതിത്തീർക്കാനുണ്ട്..!

എന്റെ പ്രണയം, വറ്റിവരണ്ട നിളപോലെ വിലപിക്കുന്നില്ലെന്ന്
നിന്നോടാണയിടണം..

ഗുൽമോഹർ പൂത്ത വഴിയരികിൽ
നിന്നെ കുറിച്ചോർക്കുകയാണെന്ന്
വെയിൽ പഴുത്ത മരുവിലൊരു നുണ ചവച്ചിറക്കണം...
സ്വപ്‌നങ്ങൾ കൊണ്ട് ചുവന്നു തുടുത്ത രാത്രികളെ കുറിച്ച്
മൂട്ടച്ചോരയിൽ കുതിർന്ന് നിന്നോട്  ഗീർവാണിക്കണം..

ചുംബനങ്ങളെന്നു പനിച്ചൂടിൽ പിടച്ച നിശ്വാസങ്ങളെ പേര് മാറ്റിവിളിക്കണം..
മറുതലക്കൽ ചിരികൾ കൊണ്ട് നീനെയ്ത ഉടയാടകളുടെ മഴവിൽനിറങ്ങളെ മനസ്സിൽ നിറയ്ക്കണം..

ഒടുവിൽ കണ്‍കോണിൽ അടർന്നു വീണ അവസാനതുള്ളിയിൽ
ദുഃഖങ്ങൾ എല്ലാമലിഞ്ഞുപോയെന്നു വീണ്ടും സ്വയം കടം പറഞ്ഞു നിദ്രയിലേക്ക് വീണുടയണം....!


Tuesday, May 5, 2015

യാ ഇലാഹീ....


നിരാമയനാണു നീ
പരബ്രഹ്മസാരമേ
മന്വന്തരങ്ങളില്‍
നിരന്തരസുഗന്ധമേ
ജന്മാന്തരങ്ങളില്‍
ജനിമൃതി പെടാത്തവന്‍
അനാദിപതിയാണു  നീ
നിയതിയുടെ ഗീതമേ....!

പാപഹരനാണു നീ
കോപ'രിപു'വാണു നീ
ഹര്‍ഷവര്‍ഷങ്ങളാല്‍
ഈര്‍ഷ്യ മണ്ണേറ്റുവോന്‍
കാരുണ്യവാരിധേ
ലോക സംരക്ഷകാ
കൈവല്യദായകാ
കാല-മെന്നും തവ നിദാനം....!

മണ്ണില്‍  പരസ്പരം
കണ്ണു ചൂഴുന്നവര്‍
വിണ്ണിലെ  നക്ഷത്ര-
മെണ്ണമറിയാത്തവര്‍
എത്ര നിസ്സാരമീ-
മര്‍ത്യത; മരണത്തി-
ലത്ര വരെ നീളുന്ന
വ്യര്‍ത്ഥ ഗമനം  വിഭോ....!

ഇന്നീ  നിറങ്ങള്‍ക്കു
മഴവില്ലു  ചാരുത
എന്നോ  നിറം വറ്റു-
മഴലിന്‍റെ ചാരമായ്...
അന്നും  ത്രികാലപതി;
ഊഴിയും, ആഴിയും
ഗഗനഭുവനങ്ങളും
കാക്കും  വിധുര്‍വ്വേ പ്രണാമം....!!


..........

Monday, April 13, 2015

....

ഇരുള് മുളച്ച രാത്രിമരം
കരളു മുറിച്ച നോവിന്‍റെ വേരുകള്‍..
ജലച്ചില്ലകള്‍ കടലിലേക്ക് നീട്ടിയെറിഞ്ഞു
മണ്ണ്‍ പുതച്ച ഒരു പുഴപ്പാട്ട്...
നരച്ചമാനത്ത്
ചിരിക്കുന്നത്,
എന്നോ മരിച്ച നക്ഷത്രങ്ങള്‍..
ആഴങ്ങളിലേക്ക്,
നീ നട്ട മൂകതയുടെ വിത്തുകള്‍ മുളയ്ക്കുന്നു..
വിരഹമെന്നു പേരുമാറ്റി വിളിക്കുന്നു..
വസന്തത്തെ അടര്‍ത്തിമാറ്റി
ഗ്രീഷ്മം എന്ന് സ്വയം പറയുന്ന
ശരത്കാലം നിറയുന്നു...
ഒരൊറ്റ രാത്രിയെ രണ്ടു പകല് കൊണ്ട്
അമര്‍ത്തിപ്പിടിച്ചു
ദിവസമെന്ന് മുരളുന്ന
ഒരിക്കലും പെയ്യാത്ത
തോരാമഴയിലേക്കാണ്
എന്‍റെ നിദ്രയെ ഞാന്‍ അഴിച്ചു വിടേണ്ടത്...! 


.....

Wednesday, March 18, 2015

തെരുക്കവി

അന്നു നീ കനവുകള്‍ കൊണ്ടൊ- 
രത്താഴം ഒരുക്കിവെച്ചു; 
നിന്‍റെ- പിഞ്ചു മോഹങ്ങളെ  
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-  
ലുദാത്തമാം കവിതകള്‍ മാത്രം; 
അത് നിന്‍റെ പശിയടക്കുന്നു.. 
നീ നിന്‍റെയഴല്‍ മറക്കുന്നു..! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ കനലാണ് നീ...! 

നേരുള്ള നിനവുകള്‍ 
എരിവുള്ള ജീവിതം 
പിടയുന്ന വാക്കുകള്‍ 
പടരുന്ന കവിത...!!! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ നിഴലാണ് നീ...! 

(എരിതീയിലുരുകുന്നൊരീയലോ ജന്മം?? 
വറുതിയില്‍ വിരിയുന്ന 
പൂക്കളോ  കാലം?? 
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍ 
മരണശേഷം പാടിവാഴ്ത്തുന്ന  ലോകമേ...!! )

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....! 

നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍ 
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ.. 
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍ 
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു.. 

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ.. 

നീ കെട്ടിയാടിയ വേഷങ്ങള്‍ 
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;  
സദാചാര ത്തെരുവിലെ 
വിഷപാന പാത്രമായ്  
നീ തന്നെ  മാറിയും....!! 

ഒടുവില്‍, 
ഉറുമ്പരിച്ച  കവിതയായ്  
നീ തന്നെ നിന്നെ വായിച്ച്  വായിച്ച്.....!

....
വര: സുരേഷ് കണ്ണന്‍


മാര്‍ത്തഹള്ളിയിലെ നായ്ക്കള്‍


****
നായ്ക്കളെ കുറിച്ച്
കവിതയെഴുതുമ്പോള്‍
അറ്റം കൂര്‍ത്ത അണപ്പല്ലുകള്‍ 
ഓര്‍മ്മയില്‍ ആഴ്ന്നിറങ്ങുന്നു..!
മാര്‍ത്തഹള്ളിയില്‍
മോണോറെയിലിനു
കുറുകെ കടന്നു
ചിന്നപ്പനള്ളിയിലേക്കുള്ള
മണ്‍റോട്ടിലൂടെ
അര്‍ദ്ധരാത്രിക്ക് ഒരിക്കല്‍ മാത്രം
പോയാല്‍ മതി..
അരിച്ചിറങ്ങുന്ന
ചിവീടുകളുടെ
രാപ്പാട്ടുകള്‍ക്ക് മേലെ
ശ്വാനമര്‍മ്മരങ്ങള്‍
കൂട്ടുകിടക്കുന്ന പാതയില്‍
ഒരിക്കലെങ്കിലും
ഒറ്റപ്പെട്ടു പോവാത്തവര്‍
ഉണ്ടാവില്ല..
സംഭീതമായ
അവസ്ഥയാണത്..!
കുളിരുന്ന ഡിസംബറിലും
ഉഷ്ണമഴ പെയ്യുന്ന
മേഘമാകും നമ്മുടെ മേനി!!
ഷെട്ടി പോലീസിന്‍റെ
മുന്‍പില്‍ പോലും
ഇത്രയ്ക്കു ചൂളേണ്ടി വന്നിട്ടുണ്ടാകില്ല...
മാര്‍ത്തഹള്ളിയിലെ
തെരുവുനായ്ക്കള്‍
പകല്‍മാന്യന്മാരാണ്..
വാലാട്ടിക്കൊണ്ടല്ലാതെ
അവരെ കാണുവാനാകില്ല,
നാവു നീട്ടി യാചിക്കുന്നതു പോലെ
നമ്മള്‍ക്ക് അനുഭവപ്പെടും..
ചാവാലിപ്പട്ടികള്‍;
കാലു മടക്കി തൊഴിച്ചാല്‍ പോലും
നീട്ടി ഞരങ്ങി
കച്ചറഡബ്ബയുടെ ചാരത്ത്;
അഴുക്കുചാലിന്‍റെ ഓരത്ത്
ഒറ്റപ്പെടും; ഓരോ നായ്ക്കളും.. !
പകല്‍ 'സംഘടിക്കാത്ത' ഇസങ്ങളാണ്
ഓരോ നായ്ക്കുരകളും..!!
രാത്രിവണ്ടിയുടെ
അവസാനശ്വാസവും
അലിഞ്ഞു തീര്‍ന്ന
അന്തരീക്ഷത്തില്‍
നായ്ക്കളുടെ
വിറ പൂണ്ട അമറലുകള്‍
ഹാര്‍മണിചൂടും..
നായ്ക്കള്‍
ഒരൊറ്റ മേനിയുടെ
ഫ്രെയിമില്‍ പകുക്കപ്പെടുന്നതു
നമുക്ക് മനസ്സിലാകും..
പിന്തിരിയാന്‍
കാലുകള്‍ ശ്രമപ്പെടുമ്പോഴേക്കും
ഇരുട്ടില്‍ നിന്ന്
ഒരായിരം കാലുകളുള്ള
ഒരു നായ നമ്മുടെ നേര്‍ക്ക്‌
ആയം പിടിക്കുന്നുണ്ടാകും..
ചില തെരുവുകളിലെ
മനുഷ്യനായ്ക്കളെ
കുറിച്ച് വായിച്ചു തീര്‍ന്ന
ദിവസം
മാര്‍ത്തഹള്ളിയിലെ നായ്ക്കളെ
ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി..
പിന്തിരിഞ്ഞോടിയ
ആരൊക്കെയോ ആണ്
മാര്‍ത്തഹള്ളിയിലെ നായ്ക്കളുടെ
കടി കൊണ്ടത്‌..
ധൈര്യത്തോടെ അവയെ
കവച്ചു കടന്ന
ഒരാളെയും
അവയുടെ കോമ്പല്ലുകള്‍
പിന്തുടര്‍ന്നില്ല..!
മാര്‍ത്തഹള്ളിയില്‍
ഇപ്പോള്‍ നായ്ക്കള്‍
ബാക്കിയുണ്ടോ എന്തോ?
വന്ധ്യംകരിച്ചു
വരിയുടച്ച്
മനുഷ്യര്‍
അവയുടെ
എണ്ണം കുറച്ചു
തങ്ങളില്‍  ചേര്‍ത്തു... !!
.....
മാര്‍ത്തഹള്ളി : ബാങ്ലൂരിലെ ഒരു സ്ഥലം 

Sunday, March 1, 2015

കവിതയെന്ന രാജ്യം


എവിടെയാണെന്‍റെ സിംഹാസനം..? 
അധികാരചിഹ്നമായ് 
ശിരസ്സിലണിയിക്കുവാന്‍
വിശ്വം വണങ്ങുന്ന പൊന്‍കിരീടം ??

കവിതയാണെന്‍റെ യാഗാശ്വം..!
ദിഗ് വിജയത്തിനായിരം ഹൃദയരാജധാനികള്‍
പലായനത്തിന്‍ പാദ-
ചിഹ്നങ്ങളണിയുന്ന ജീവിതപ്പെരുവഴി..
പഴയ വേടന്‍റെയമ്പു ജന്മങ്ങളില്‍ പേറും
പ്രാക്കളുടെ ചിറകടി;
മുനികളുടെ മൗനസേകങ്ങള്‍…!
ഉത്തരാധുനികത !!

എന്‍റെ കുതിരക്കുളമ്പടിയൊച്ചകള്‍
കടിഞ്ഞാണില്ലാ ഭാവനകളാണതിന്‍ പ്രതിധ്വനി.. !
അവിടെ രത്നാകരത്തിരകള്‍ തിളക്കുന്നു..
മഴ പെയ്തിരമ്പുന്ന പൂക്കള്‍ തളിര്‍ക്കുന്നു..
വെയിലേറ്റ നൊമ്പരച്ചുടലകളില്‍
മഞ്ഞു പൊള്ളുന്ന മൗനമുരുകുന്നു..! 

ആരൊക്കെയോ സ്വയം തീര്‍ത്തു സിംഹാസനം
ആസനങ്ങള്‍ കൊണ്ടു മൂടുവാന്‍
ആസുരപദാവലികള്‍ കൊണ്ടു നാവാടുവാന്‍
സുര പോലെ നുരയുന്ന ബഹുമതികള്‍ നുണയുവാന്‍
സിരകളില്‍ കലഹവും, ശിലയൊത്ത ഹൃദയവും
പേറിയവരെന്നേ സ്വയം തികഞ്ഞു.. ! 

വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
തപ സാധകവുമായ് കാത്തിരിക്കുന്നു..
അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
കനല്‍വഴികളില്‍ പാദപതനമാടുന്നു..!

എവിടെയാണെന്‍റെ സിംഹാസനം..?
ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍ 
കീറിപ്പിളര്‍ക്കുന്നു..
നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
നേര്‍ത്ത താളിന്‍റെ മാറിലടരുന്നു.......!!!

.........................
(വെട്ടം ഓണ്‍ലൈന്‍ March 2015) 

Friday, February 27, 2015

കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലൊരു പുഴയനക്കംമൗനത്തിന്‍റെ നുരയും പതയും
കലരുന്ന നിശ്വാസങ്ങള്‍ക്ക്
പ്രണയത്തിന്‍റെ ഗന്ധമാണ്;
ലവണനിണം വാര്‍ന്ന
സിരാധമനികള്‍ കൊണ്ട്
വിരഹത്തിന്‍റെ ചുഴികളിലേക്ക്
നനഞ്ഞിറങ്ങുങ്ങുന്നുണ്ടെങ്കിലും!
കടല്‍ത്താളുകളില്‍
സ്വയമെഴുതിമാഞ്ഞുപോകുന്ന
ജലലിപികളില്‍ നിന്ന്
തിരകള്‍ക്കൊരു
കരയുടെ ഹൃദയം തൊടാ-
നിത്തിരി ബാക്കി വെക്കണം...
ഓരോ നിലാവും
ഊര്‍ന്നിറങ്ങുന്ന
വേലിയേറ്റങ്ങളില്‍
രതിയുടെ
ഗതിവിഗതികള്‍ കലര്‍ത്തണം...
ആഴങ്ങളില്‍ ഒളിപ്പിച്ചു വെച്ച
മഞ്ഞുമലകള്‍ക്ക് മേലെ
നിലയില്ലാക്കയങ്ങളുടെ
നിസ്സഹായത..
ചക്രവാളങ്ങളിലേക്കു
പരന്നിരമ്പുന്ന ജലപദത്തിന്‍റെ
അപാരസാധ്യതയില്‍
ഒരു പുഴയനക്കത്തിന്‍റെ
നിസ്സാരത...
.....................
അതെ,
നിന്‍റെയോര്‍മ്മകളുടെ
കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലെന്നും
എന്‍റെ കാത്തിരിപ്പിന്‍റെ
പുഴയനക്കം...........! 

Sunday, February 22, 2015

.......

ജ്വരമാണു പ്രണയമേ
നീ, യെന്നിലുഷ്ണത്തി-
നിടനാഴി പണിയുന്നു
വിരഹബാഹുക്കളാല്‍...!
വ്രണിതസ്വപ്നങ്ങളേ 
നിങ്ങളെന്നന്തിയില്‍
ഇരുളിന്നുടല്‍ പൂകു-
മുയിരില്‍ വിതുമ്പുന്നു...!

പാലങ്ങളാകുന്ന കാലങ്ങളില്‍,
ജന്മങ്ങളാം ജനല്‍പാളികളില്‍
മഴ നെയ്ത ഋതുവാണു
പ്രണയം, നീയെങ്കിലും;
വെയില്‍ വിണ്ട വീഥിയില്‍,
വ്യഥിത ഗമനങ്ങളാ-
മീ പ്രവാസത്തിന്‍റെ
മരുമര്‍മ്മരങ്ങളില്‍..
ഓര്‍മ്മകള്‍ ലിപിയാര്‍ന്ന
കവിതയാകുന്നു നീ;
ഗൃഹാതുരമൊരു നിഴല്‍
പുനര്‍ജനിക്കുന്നിതാ................!!

Friday, January 16, 2015

മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍

ചിരിയിലകള്‍ കൊഴിഞ്ഞു വീഴും
മരമായതെന്നു നീ ??
ചിതലരിച്ചു പോയ്‌
നിനവിന്‍റെ വേരുകള്‍;
പ്രണയമാം തായ്ത്തടി..!
വെയില്‍ തിന്നു പോയ്‌
കനവിന്‍റെ ശിഖരികള്‍;
ജന്മമുകുളങ്ങള്‍..!
വിയര്‍ക്കുന്ന
മഴമേഘങ്ങള്‍ക്ക് താഴെ
മരുഭൂമിയുടെ ഖബറുണ്ട്..
തണുത്തുറഞ്ഞ ഉടലഴകില്‍
ബെല്ലെ നൃത്തത്തിന്‍റെ ചൂടും..!
പെണ്‍ചിറകുകളില്‍ പറക്കുന്ന
ഒരു കുതിര ക്കിനാവില്‍
ആയിരത്തൊന്നു രാവുകളിലെക്കുള്ള
ഇടനാഴി തുടങ്ങുന്നു....
ഷെഹരസാദ്,
കഥകളുടെ ഒട്ടകങ്ങളെ
കെട്ടിയ ലായവും...!
എന്നിട്ടും,
ആണുടുപ്പിട്ട അടിമച്ചന്തകള്‍
നിന്‍റെ ചന്തികള്‍ക്ക് വില പറയുന്നു..
ഫുലൂസിന്‍റെ ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട
ഇരയാണ് നീയെന്നു
ഞാനറിയുന്നു..
അറബിയുടെ
അറുപതാണ്ടെത്തിയ ലിംഗസ്രവം
നിറഞ്ഞു തൂവുന്ന കോളാമ്പിക്ക്
നിന്‍റെ മുഖച്ഛായ..!
ഞാന്‍ കാണുന്നു;
പര്‍ദ്ദക്കുള്ളില്‍ നീയതു
ഭംഗിയായ് മറയ്ക്കുന്നുണ്ടെങ്കിലും..!!

..................
സമര്‍പ്പണം: അറബിക്കല്യാണങ്ങളുടെ  ഇരകള്‍ക്ക്


Friday, January 9, 2015

മഴ..


മഴ കളിക്കൂട്ടായിരുന്നെനിക്ക്,
എന്‍റെ ബാല്യകാലത്തിലെ കടലാസുതോണികള്‍..
ചേമ്പില കൊണ്ട് മെനഞ്ഞ മഴക്കുട;
മഴയെന്‍റെ ജന്മസ്വരമായിരുന്നു!!
എങ്ങിനെയാണീ മഴ മേലെ നിന്നും
തുമ്പികള്‍ പോലെ പറന്നിറങ്ങി?
ആരുടേതാണീ ചിലമ്പുന്ന മണികള്‍;
ഏത് കൊലുസില്‍ നിന്നടര്‍ന്നു വീണു?
ചോദ്യങ്ങളൊരു മഴച്ചില്ല് പോലന്നു
ചേതനകളില്‍ വീണലിഞ്ഞു..
ചേതോഹരമാം നിഗൂഡത പോല്‍-
ചരല്‍ക്കല്ലു പോല്‍ മഴയിറ്റു വീണു..

മഴ പിന്നെ പ്രണയിനിയായിരുന്നു..
എന്‍റെ രഥ്യയെ ത്തേടി-
മുകില്‍ തേരിലേറി-
യവളെന്നുമെന്‍ ചാരത്തണഞ്ഞിരുന്നു..

മഴക്കെത്ര ഭാവങ്ങളായിരുന്നെന്നോ?

പിറവിയുടെ ബാധ്യത പൂണ്ട മഴ...
ഇരവിന്‍റെ നേര്‍ത്ത കിനാവുകളില്‍
നിഴല്‍ചാറലായിറ്റുന്ന രാത്രിമഴ...
വേനലായിടറി വിള്ളുന്ന നിനവില്‍
ദുഗ്ധമായുതിരും പകല്‍മഴ...
അമ്മയെപ്പോലെയമ്മിഞ്ഞ നീട്ടുന്നവ...
ദാരത്തെപ്പോലെ കെട്ടിപ്പിടിക്കുന്നവ...
ഭ്രാന്തിയെപ്പോലെയുന്മാദം നിറഞ്ഞവ...
തോഴിയെപ്പോലെ പയ്യാരം പറഞ്ഞവ...!


നൂറ്റാണ്ടുകള്‍ പേറും
ചരിതാവാശിഷ്ടങ്ങള്‍
വേട്ടയാടും അധിനിവേശങ്ങളില്‍...
വ്യഥയുടെ വഹ്നിയാളുന്ന ബോധങ്ങളില്‍...
യമിയുടെ മൌന സത്വങ്ങളില്‍...
തൈജസ-കീടമായ് ചിതറുമീ 

രുധിര ശീതങ്ങള്‍...!

മാറാട് കണ്ടവ...
ഗുജറാത്തിലാര്‍ത്തവ...
ബഗ്ദാദിനൊപ്പം കരഞ്ഞവ...
മ്യാന്മാറില്‍, റുവാണ്ടയില്‍, സയറില്‍, സിലോണില്‍,
തീരാത്ത മര്‍ത്യദുഖങ്ങളില്‍ പെയ്യാതെ-
പെയ്തു തളര്‍ന്നു തോരുന്നവ...

മഴ ശവക്കച്ചയാണിന്നെനിക്ക്...
എന്റെ മരണത്തിനും മുന്‍പേ
യിരുള്‍ നൂലുകള്‍ നൂറ്റ
പടുതയാലെന്നെ(യീ)
മറവികള്‍ പൊതിയുന്ന മുന്‍പേ...
മഴത്തുള്ളികള്‍ വിരുന്നെത്തി-
യെന്നോര്‍മ്മയിലൂടെ തുളചിറങ്ങട്ടെ!!!

-----ശുഭം------