എന്നെ ലൈക്കണേ....

Friday, January 24, 2014

ക്വൊട്ടേഷന്‍
 മരിച്ചു വീണത്‌ നീയാണെന്ന്
നീയോര്‍ത്തു നോക്കിയിട്ടുണ്ടോ???

കഠാര തുളഞ്ഞുകയറിയത്
നിന്‍റെ തൊണ്ടക്കുഴിയിലൂടെയാണെന്ന്...
കൊടുവാള്‍ കുടഞ്ഞെറിഞ്ഞത്
നിന്‍റെ കുടല്‍മാലയാണെന്ന്..
കറുത്ത പാതയില്‍ നിമിഷതടാകമായി
നിന്‍റെ ചോര തളം കെട്ടിയത്..
നേര്‍ത്ത നിശ്വാസം ഇരുമ്പുകൂടത്തില്‍ ‍
ശ്വാസം മുട്ടിക്കിതച്ചത്....

ഇര നീ തന്നെയായിരുന്നു

സ്വയം കൊല്ലുന്നത് ആത്മഹത്യയാണെങ്കില്‍
നീ ചെയ്യുന്നതും.....!!
നീ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ..???


വേട്ടക്കാരാ,
നിന്‍റെ കാല്‍ശരായിയുടെ തുണിഗര്‍ത്തം
ഗാന്ധിപ്പടങ്ങള്‍ കൊണ്ട് നിറച്ചു വെക്കാം
കറുത്ത നിയമച്ചിറകണിഞ്ഞ വവ്വാല്‍മനുഷ്യന് ‍‍ 
കൊലക്കയറില്‍ നിന്ന്,
കല്‍ത്തുറുങ്കില്‍ നിന്നു പോലും നിന്നെ രക്ഷിക്കാനാകും...!


പക്ഷെ,
നിരത്തിലെ ഈ രാത്രിക്കൊപ്പം
എരിഞ്ഞെരിഞ്ഞു തീരുന്നത്
നിന്‍റെ ജീവന്‍ തന്നെയാണെന്ന്
നീ മനസ്സിലാക്കിയിട്ടുണ്ടോ...??

നാളെ പുലരുമ്പോള്‍
ഒരു ബൈക്ക് മാത്രം
ആര്‍.സി. ബുക്കിലെ അതിന്‍റെ  യജമാനന്‍
നഷ്ടപ്പെട്ടതറിയാതെ അനാഥമാകും..
പിന്നെ ആക്രിക്കാരുടെ
ക്വട്ടെഷനില്‍ ആ ബൈക്കും
ലോഹഭൂതങ്ങളായ് വിഘടിക്കും... !


വേട്ടക്കാരാ,
നീ ഇരയെ കോര്‍ക്കുന്ന ചൂണ്ടയില്‍
നീ തന്നെ പിടയുമ്പോള്‍
ഞാന്‍ എന്തിനു അസ്വസ്ഥമാകുന്നു
എന്നാണെങ്കില്‍‍...

നീ തന്നെയല്ലേ ഞാന്‍??
_______________________________________________________
(അശരീരി: മനുഷ്യാ എല്ലാം ചെയ്തു വെച്ചിട്ട് നീ തന്നെ കുറ്റം
പറയുന്നോ??)

ആമയും, മുയലും
നിന്‍റെ ശിരോലിഖിതം
എഴുതപ്പെടാത്ത ചരിത്രമാണ്;
നിന്‍റെ ജാതകം
പറക്കാനാവാത്ത പറവയും....!
ഒരിക്കലും നിന്‍റെ ചിറകു നീ വീശാതിരിക്കുക
ഒരു മറവിയുടെ ശവക്കുഴിയില്‍
നീ നിന്നെ വില പേശാതിരിക്കുക...
നീ ഇഴയുക,
മണ്ണിന്‍റെ ചതുപ്പിലൂടെ....!
ചിറകുകള്‍
ആകാശത്തെ കീഴടക്കാനാവാത്ത
മുയല്‍ച്ചിന്തയാണ്;
ഇഴയുന്ന നീ
മണ്ണിനെ വെല്ലാനാവുന്ന
പഴയൊരാമയാണ്............!!

......
2002

Friday, January 3, 2014

അഹം

അച്ഛനെ ഒളിപ്പിച്ചു വെച്ച 
മണ്‍ കൂട്ടിലേക്ക് 
വഴി ചോദിച്ചു ഒരു ഉറുമ്പിനു 
പിറകെ 
നടന്നെത്തിയ 
ശ്മശാനത്തില്‍ 
എന്റെ കുഴിമാടം 
കണ്ടു പേടിച്ച് 
തിരിച്ചോടി 
ഈ സൈബര്‍ ലോകത്തില്‍ 
ഞാനൊളിച്ചിരിക്കുന്നു...!!