എന്നെ ലൈക്കണേ....

Monday, September 16, 2013

ഒരു കവിയുടെ ഓണം..



ഇന്നലെയാണ് കവി തീരുമാനിച്ചത്
ഓണം ആഘോഷിക്കണം..!
സൂപര്‍ മാര്‍കറ്റില്‍ പോയി
സാധനങ്ങള്‍ വാങ്ങിക്കണം..
പൂക്കളത്തിനു പൂവ്
കവിതയെഴുതാന്‍ ഒരു പേന
ഭാവനയില്‍ കരയുന്ന കിളിക്കൊരു കൂട്!!
മുക്കുറ്റിക്കും, തുമ്പക്കും
പേറ്റന്റ് എടുത്തത്‌ അമേരിക്കയാണ് പോലും..
വാങ്ങിയ പേനയില്‍ കവിതയ്ക്ക് മഷിയില്ല..
ഭാവനയിലെ കിളി കൂട്ടിലുറങ്ങില്ലെന്നു..!!!

അങ്ങനെയാണ് കവിക്ക്‌ മനസ്സിലായത്‌
ഓണം ഓര്‍മ്മ കൊണ്ട് നെയ്തെടുക്കണം!
ഹൃദയത്തിന്റെ ചില്ലയില്‍ കെട്ടിയ
ഊഞ്ഞാലയില്‍ മാനം തൊട്ടു വരണം
തലച്ചോറില്‍ നുരക്കുന്ന വര്‍ണ്ണങ്ങള്‍ കൊണ്ട്
പൂക്കളമിടണം..
ബാക്കിയൊക്കെ സ്വപ്നം കൊണ്ട്
തിരിച്ചു പിടിക്കണം..!!

ശേഷം,
സൂപര്‍മാര്‍കറ്റില്‍ വില്പനയ്ക്ക് വെച്ച
ഇന്‍സ്റ്റന്റ് ഓണവുമായി
കവി മരമില്ലാക്കൂട്ടിലേക്ക്!!


...ശുഭം...

Sunday, September 8, 2013

ക(വി?)ഥ എഴുതാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം..


ആലിമുഹമ്മദിന്‍റെ സ്വപ്നവും, ഈ കഥയും
ഒരേ നിമിഷാര്‍ദ്ധത്തില്‍ നിന്നാണ് പിറവിയെടുത്തത്..
അതും ബോധപൂര്‍വ്വമായ ഒരു ശ്രമം തന്നെ,
സമ്മതിച്ചു...
പക്ഷെ അവയുടെ കാലികമായ സ്വത്വം
അനുവാചകരുടെ സാഹചര്യങ്ങള്‍ക്കനുസൃതമായി
മാറ്റങ്ങള്‍ക്കു വിധേയമാണ്..
ആലിമുഹമ്മദിന്‍റെ തലയോട്ടിക്കുള്ളില്‍
സ്തോഭജനകങ്ങളായ ഇമേജുകളായി
സ്വപ്നം സ്ഖലിച്ചുതുടങ്ങിയത്-
(അതുകൊണ്ട് തന്നെ;
ഈ കഥയാരംഭിച്ചതും)- ഇങ്ങനെയായിരുന്നു.....,

അരണ്ട വെളിച്ചം പടര്‍ന്നു കിടന്ന
മരുഭൂമിയിലൂടെ അയാള്‍ നടന്നു..
മണല്‍വിരലുകള്‍ നീട്ടി ഒരു കാറ്റ്
അയാള്‍ പിന്നില്‍ മറന്നിട്ടു പോന്ന
പാദചിഹ്നങ്ങളെ മായ്ച്ചു കൊണ്ടിരുന്നു..
ദിശാബോധം അരണ്ട വെളിച്ചമായി
മനസ്സില്‍ പുരണ്ടത് കൊണ്ടാവണം,
അസ്വസ്ഥമായ കണ്ണുകള്‍
ദൂരെയെവിടെയോ ഉള്ള
'അദൃശ്യ' ദൃശ്യങ്ങളെയാണ് കാണാന്‍ ശ്രമിച്ചത്..!
ബോധപൂര്‍വ്വമായ കാഴ്ച..

വിജനമായ ആ മരുസ്ഥലി പോലെ
സ്വപ്നവും ഊഷരമായിത്തീരുകയാണ്..
ആവിഷ്കാരസ്വാതന്ത്ര്യമെന്നത്
സ്വപ്നത്തെ സംബന്ധിച്ചിടത്തോളം
വെറുമൊരു മിഥ്യയാണ്‌...!
എഴുത്തുകാരന്റെ തൂലികയില്‍ നിന്ന്
അയാളുടെ അനുവാദമില്ലാതെ സ്വയമുതിര്‍ന്ന്
കട്ട പിടിക്കുന്ന അക്ഷരങ്ങളെപ്പോലെ
സ്വപ്നം സ്വയംപര്യാപ്തവുമാണ്...!!
[സ്വപ്നം കാണുന്നവര്‍ക്ക്
സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച്
മുന്നോട്ടു പോകാനാവില്ല എന്നര്‍ത്ഥം..
സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണരുകയാണ്
പിന്നെ നമുക്ക് ചെയ്യാനാവുന്ന
ആകെയുള്ള പ്രതിവിധി..!
അതോടെ ആ സ്വപ്നം കൂടി നമുക്ക്
നഷ്ടമാവുകയും ചെയ്യും..!!]
ഇവിടെ കഥയിനിയുമൊരു വഴിത്തിരിവിലേക്ക്
എത്തിചേര്‍ന്നിട്ടില്ലാത്തത് കൊണ്ട്
ആലിമുഹമ്മദിന് ഞെട്ടിയുണരാനുമാകില്ല!
സ്വപ്നം കാണുന്നവന്റെയും,
അതു പിന്തുടരാന്‍ വധിക്കപ്പെട്ടവന്റെയും
സന്നിഗ്ദ്ധതയെക്കുറിച്ച്
ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസ്സിലായോ??

******
ബോധപൂര്‍വ്വമായ ഒരു പിന്‍കുറിപ്പ്:
അയാളൊരു പ്രവാസിയാണ്..!!!!

......ശുഭം.....