എന്നെ ലൈക്കണേ....

Sunday, January 27, 2013

വിശ്വരൂപം


















ചിന്നുന്ന നക്ഷത്ര രാവുകളിലൊന്നില്‍
പിന്നിത്തുടങ്ങിയ സ്വപ്നങ്ങള്‍ പോലൊരാള്‍.. 
പിന്നിട്ടോരഭ്രപാളിപ്പിറവി തേടുന്ന 
മിന്നാമിനുങ്ങിന്റെ ഹൃദയമണിഞൊരാള്‍...
നരനായ്‌, നിരാമയനായ്‌, നേരിലുലയുന്ന
നൃപനായ്‌, നിലാവേറ്റ കാമുകനായ്..
നിയമചതുരങ്ങളിലൊതുക്കുവാനാകാത്ത
നായകനിയോഗമായ്‌, യാചകനായ്‌...
നാരിമാര്‍ക്കെന്നും നിരന്തരം നിദ്രയില്‍
നേരിയ കിനാവിന്റെ ലാളനമായ്‌
നീറിയ വിരഹഭാവങ്ങളില്‍ നിര്‍മലം
നിറയുന്ന നഷ്ടഹേമത്തിന്റെ നോവുമായ്‌..
പുഷ്പക വിമാനത്തിലെത്തിയൊരു രാജാ..
ഇഷ്ടതാരുണ്യമായ്‌ മാറിയൊരു റോജാ..
താമരയിതള്‍ പോലെ മൃദുലനാമന്‍..
മമകാമനകള്‍ തന്നിലെ മദനചോരന്‍..
വറുതികളിലുറയുന്ന ജീവിതച്ചുടലകള്‍
പൊറുതി മതിയാവുന്ന ജന്മചാപല്യങ്ങള്‍
ഇറുകിയിമ വെട്ടുന്നൊരാര്‍ത്ത ദൃശ്യങ്ങള്‍
നെറുകിലീ സിനിമയുടെ ദുരന്ത പരിശ്ചേദം!!
വിശ്വ രൂപം കണ്ടു തപം പൂണ്ടു പാവകള്‍
അശ്വ വേഗത്തില്‍ എതിര്‍ക്കുവാ-
നനശ്വര സര്‍ഗ്ഗ ശേഷിക്കെതിരെ വായാടുവാന്‍
പാര്‍ശ്വവത്കരണത്തിന്നായുധമായ്‌..!!
വെള്ളിത്തിര, കാശ് വാരുന്ന വാരിധി
പൊള്ളത്തരം, കാശു പൊട്ടുന്നതീ വിധി..
കള്ളത്തരം കൊണ്ടൊരശരീരി സംവിധി
കള്ളിത്തിരി മതി സിനിമയുടെ കൊലവിളി..!!
ആരാണ് മതത്തിന്റെ അപ്പോസ്തലന്മാര്‍??
ആരാണ് സിനിമയെ വെല്ലാനിവര്‍..??
ആദ്യമായ്‌ തന്നിലെ ജീര്‍ണ്ണത തുടക്കുക..
നേദ്യമായ്‌ മുന്നിലെ ജീവിതം കാണുക..
എന്നിട്ട് പോരെ, ഈ വിശ്വ രൂപം?
കലകളെ വധിക്കുന്ന ശാപധൂപം???

....ശുഭമല്ല....



Friday, January 25, 2013

എനിക്ക് മൂന്നു പേരെ കുറിച്ച് പറയാനുണ്ട്..


എനിക്ക് മൂന്നു പേരെ കുറിച്ച് പറയാനുണ്ട്.. 
ആരെ കുറിച്ചെന്ന് പേര് ചോദിക്കരുത്.. 
കാരണം അവര്‍ക്ക് പേര് ആവശ്യമില്ല.. 
ഒരു നീട്ടലും കുറുക്കലും തന്നെ ധാരാളം.. 
വേണമെങ്കില്‍ ചില വിശേഷണങ്ങള്‍ ആകാം..! 
പറഞ്ഞു വരുന്നത് ലവന്മാരെ കുറിച്ചാണ്..
ഒരു രക്ഷയുമില്ലാത്ത കക്ഷികള്‍..
കവിതയുടെ ഉത്തരാധുനികത്തിന്‍റെ ദക്ഷിണധ്രുവത്തില്‍
ദക്ഷിണയില്ലാതെ വരരുചിപ്പുതുമ..!
ഒരുത്തന്‍ ബൊമ്മയെ മനുഷ്യനും, മനുഷ്യനെ ബൊമ്മയുമാക്കി
പരകായപ്രവേശത്തിന്‍റെ കവിത;
ഒരു രക്ഷയുമില്ലാത്ത കവിത പടച്ചവന്‍..
വേറൊരുത്തന്‍ ശകടം തവിടുപൊടിയായിട്ടും
നടുറോഡില്‍ ദാണ്ടെ, കുത്തിയിരുന്ന് ചിരിയെ;
ഒരു രക്ഷയുമില്ലാത്ത ചിരിയെപ്പിണച്ചവന്‍....
ഇനിയുമൊരുത്തന്‍ കൂടിയുണ്ട്..
ഒരു രക്ഷയുമില്ലാത്ത മൂന്നാമന്‍..
പത്തുവര്‍ഷം മലയാളത്തില്‍ നഷ്ടപ്പെട്ട കവിതയുടെ തനിമ..
ഗരിമ.. പമഗരിസ.. എന്നൊക്കെ
ആരൊക്കെയോ പുലമ്പിക്കലമ്പി
വാതോരാ സ്വരതോരണങ്ങള്‍ ചാര്‍ത്തി
പോകുന്ന വഴിക്ക്
ഒരു രക്ഷയുമില്ലാക്കവിതയുമായി
മുന്നില്‍ തന്നെ തല്‍സമയസംപ്രേഷണം!!
..
(നാലാമനും, അഞ്ചാമനും, ആറാമനും
ഒക്കെയുണ്ട്..
ഒരു രക്ഷയുമില്ലാത്ത പുമാന്മാര്‍..
അവരെ കുറിച്ച് വല്ല രക്ഷയുമുണ്ടെങ്കില്‍ പിന്നീട്...)

ഒരു രാത്രിയിലെ പാഴ്കിനാവ്..


***
രാത്രിക്ക് ഇത്രയ്ക്കു നീളമുണ്ടെന്ന് 
ഇന്നലെയാണെനിക്ക് മനസ്സിലായത്‌.. 
നക്ഷത്രങ്ങളൊഴിഞ്ഞ ആകാശക്കോണില്‍ 
ഓര്‍മ്മത്തെറ്റു പോലെ ഏതോ സ്വപ്നം
എന്റെ നിദ്രയെ കാത്തു നിന്നിരുന്നു..
മഴമേഘങ്ങള്‍ തപസ്സ് ചെയ്ത ചക്രവാളത്തില്‍
പെയ്യാനാവാതെ മോഹങ്ങള്‍..
വഴിയില്‍ ചൂട്ടു പിടിക്കാന്‍
ഒരു നേര്‍ത്ത നിലാവ് പോലും ബാക്കിയില്ല..
തളര്‍ന്നു തുടങ്ങിയ കാലുകള്‍ കൊണ്ട്
ഇനിയും താണ്ടാനുള്ള യാമങ്ങള്‍ എത്രയാണ്..?
ഹൃദയത്തിന്റെ പുസ്തകത്താളില്‍
കരുതി വെച്ച സൌഹൃദത്തിന്റെ മയില്‍പ്പീലികള്‍
ആകാശം കണ്ടത് എപ്പോഴായിരുന്നു..?
അസ്വസ്ഥതയുടെ മൂടുപടങ്ങള്‍ കൊണ്ട്
മുഖപുസ്തകം മറച്ചുപിടിച്ചത് ആരായിരുന്നു..?
ഇടനാഴികള്‍ കാലൊച്ചകള്‍ കൊണ്ട് നിറക്കാന്‍
അവള്‍ മറന്നു പോയിരുന്നു...
ഉറക്കിലേക്ക് ചായുന്ന മുന്‍പേ
കനവുകള്‍ കൊണ്ട് തോരണം തീര്‍ക്കുന്ന
നിദ്രയെ കുറിച്ച് നിനവു കണ്ടു
അവളൊരു പ്രഹേളികയായി മറഞ്ഞു പോയി..
അസ്തമിച്ച സൂര്യന് ഉദിക്കാതിരിക്കാന്‍ ആവില്ലല്ലോ..!
അത് കൊണ്ട്
ഉറങ്ങാത്ത രാത്രിക്ക് ശേഷം
അവള്‍ ഉണരാതെ ഉണര്‍ന്നു..!!

............ശുഭം.................


Thursday, January 24, 2013

നഗരങ്ങള്‍


***
നഗരങ്ങള്‍ ഉറങ്ങുന്നില്ല.. 
എന്നേക്കുമായ്‌ തുറന്നിട്ട ജാലകങ്ങളാണവ.. 
അവക്ക് മൂടാന്‍ വിരികളിലെന്നല്ല, 
നഗരങ്ങള്‍ക്ക് മൂടുപടങ്ങളുണ്ട്.. 
ചതുരനാകാശത്തെക്കെത്തുന്നവ; 
അവക്കുമപ്പുറം ചേരികളുടെയിരുളില്‍ 
ജീവിതം പുഴുത്തു നാറുന്നു.. 
ഇവിടെ, 
നഗരായനങ്ങളിലെ പുക നിറഞ്ഞ ആകാശക്കീറില്‍ 
ലോഹ വിഹഗങ്ങളുടെ ഭ്രാന്തത..! 
വിശന്നു മൊഴി വറ്റിയ തെരുവിന്റെ ശാപങ്ങള്‍ക്ക് 
വെടിയുണ്ടകളുടെ മൃഷ്ടാന്നത..!! 
നഗരമൊരു വേശ്യയാണ്... 
ചായങ്ങളിണ ചേര്‍ന്ന ചുണ്ടുകളും, 
പ്രലോഭനങ്ങളുടെ നഖക്ഷതം പേറുന്ന 
കനം നിറഞ്ഞ മാര്‍വ്വിടങ്ങളും 
എല്ലാം വെറും പുറംമോടികള്‍ മാത്രം.. 
ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ചാലില്‍ 
പിണഞ്ഞൂറുന്നതത്യുഷ്ണ രേണുക്കള്‍.. 
പുടവയുരിഞ്ഞാല്‍ ബാക്കിയാവുന്നത് 
യോനിയിലെ പകരുന്ന പുഴുക്കള്‍...




Monday, January 21, 2013

സ്തൂപികാഗ്രകള്‍ക്കിടയിലൂടെ..






സഖീ..
കാല്പാടുകള്‍ കൊഴിയുന്ന പൂവിതളുകളായി
പിന്നിട്ട പാതയില്‍ ബാക്കിയാവുന്നത്
ഓര്‍മ്മകള്‍ കൊണ്ട് നീ കണ്ടെടുക്കണം..
ഏകാന്തതയെന്നോ, വിജനതയെന്നോ,
പേരുകള്‍ കൊണ്ട് മുറിച്ചിടാനുള്ള
ഈ ഒറ്റപ്പെടലില്‍, നിഴലെങ്കിലും
നിനക്ക് കൂട്ടിനുണ്ടല്ലോ..
നിശബ്ദതയെന്നോ, നിസ്സഹായതയെന്നോ,
നോവുകള്‍ നനഞ്ഞിറ്റുന്ന
ഈ പഥികതയില്‍ നിന്‍റെ
ഹൃദയമെങ്കിലും മിടിക്കുന്നുണ്ടല്ലോ..
.
സ്തൂപികാഗ്രകള്‍ നിന്‍റെ യാത്രയില്‍
ദിശാസൂചകങ്ങള്‍...
സ്വപ്‌നങ്ങള്‍ നിന്‍റെയനുഗാമികള്‍..!
.
പിന്നിലേക്ക്‌
കണ്ണുകള്‍ കൊണ്ട് നോക്കരുത്..
മുന്നിലേക്ക്‌ മനസ്സ് കൊണ്ടും..!
ഏതോ പാദപതനങ്ങള്‍
ഏകാനതയും, മൌനവും കൊന്നു
നിന്‍റെ സ്വത്വവും കവര്‍ന്നു പോയേക്കാം..!!
.
വഴിയില്‍ കിളിര്‍ക്കുന്ന നോവ്‌ മരങ്ങള്‍
നിന്‍റെ വിരല്‍തുമ്പുകളില്‍ ‍അലിഞ്ഞിറങ്ങി
മഷിച്ചാലുകളിലേക്ക് സംക്രമിക്കും മുന്‍പ്
ഒരു കറുത്ത സ്വപ്നത്തിന്‍റെയില
എനിക്കു വേണം.. 
നീ തിരിച്ചെത്തുന്ന വഴിയുടെയറ്റം
നിനക്ക് തന്നെ തിരിച്ചു നല്‍കാന്‍..

----ശുഭം---
കടപ്പാട്: (വര: ജസി കാസിം)








Thursday, January 10, 2013

അറുപതു വയസ്സുകാരന്‍ ദുഫായ്ക്കാരന്റെ ജന്മദിനക്കുറിപ്പ്..



******

ഇരുപതു വര്‍ഷം ഞാന്‍ 
ട്രാഫിക്കിലായിരുന്നു... 
അഞ്ചു കൊല്ലം ലിഫ്റ്റിലും... 
ഇരുപത്തഞ്ചു കൊല്ലം ഞാന്‍ 
ഉറങ്ങുകയായിരുന്നു... 
*
(സ്വപ്നങ്ങളുടെ ശവഘോഷയാത്രകള്‍; 
ആയുസ്സിന്റെ മരത്തില്‍ നിന്നടര്‍ന്ന 
ദലമര്‍മ്മരങ്ങള്‍..!!)
*
ഒടുവിലീ അബാക്കസിന്റെ 
കണക്കുമണികളില്‍ കുടുങ്ങി 
തികയാത്ത ഷഷ്ടിപൂര്‍ത്തിക്കെനിക്ക് 
പത്തു വയസ്സ് തികഞ്ഞു..!!!
*

കടപ്പാട്: 
ഇത് ആദ്യം പറഞ്ഞ ആ ദുഫായ്ക്കാരനോട്..

Tuesday, January 1, 2013

പുതുവത്സരാശംസകള്‍..

കാലങ്ങള്‍ക്കിടയിലെ അക്കങ്ങളുടെ ചതുരങ്ങള്‍ 
കറുപ്പും ചുവപ്പും പുതച്ചു കിടക്കുമ്പോള്‍ 
ഒരു ഹിമകണത്തിന്റെ ശീത സൌന്ദര്യം 
കലണ്ടര്‍ക്കിനാവുകളില്‍ കലരുകയാണ്.. 
അസ്തമിച്ച പകലിനും 
വീണ്ടുമുദിച്ച മറുപകലിനുമിടയില്‍ 
ഇരവു നുരഞ്ഞ വീഞ്ഞുപാത്രത്തില്‍ 
നിലാവലിഞ്ഞു വീണു..! 
ആശംസകളില്‍ പ്രത്യാശ കലരുന്നതു 
മാനവീയത്തിന്റെ ഉദാരത .. 
തെരുവില്‍ പടര്‍ന്ന ചോരച്ചുവപ്പ് കൊണ്ട് 
ചക്രവാളത്തോളം നിറവുള്ള സാധ്യത പോലെ 
പുതിയൊരു കാലപ്രകര്‍ഷം..! 
അഴിഞ്ഞുലഞ്ഞ പെണ്‍കനവുകള്‍ക്ക് 
തിരികെ നല്‍കാന്‍ റെഡിമെയ്ഡ് മാനം..!! 
(മുഷിയില്ല....!)
പുതു വസന്തങ്ങള്‍ കാത്തുകിടക്കുന്ന 
ഈ കലികാല സരണിയില്‍ 
പ്രതീക്ഷകളുടെ ദലമര്‍മ്മരങ്ങള്‍ 
മന്ത്രിച്ചു കൊണ്ടിരിക്കട്ടെ.. 
ഇനിയും പുലരാത്ത നിയമകല്പനകള്‍ 
പെയ്തൊഴിയാന്‍ മേഘങ്ങളാകട്ടെ.. 
ബാല്യങ്ങളും കൌമാരങ്ങളും യൌവ്വനങ്ങളും 
ഭീതിയേതുമില്ലാതെ രാവിലും, തെരുവിലും, 
ബസ്സിലും, ട്രെയിനിലും ചരിക്കുമാറാകട്ടെ.. 
വിഷം തളിച്ച് അര്‍ബുദം ബാധിച്ച സ്വപ്ങ്ങള്‍ 
പറങ്കി മാങ്ങകള്‍ പോലെ ചവര്‍ച്ച മധുരം 
കാസര്‍ഗോഡിനു തരാതിരിക്കട്ടെ.. 
ലാലൂരും, വിളപ്പില്‍ശാലയും 
മലയാളത്തിന്റെ ചവറ്റു കൊട്ടയാവാതിരിക്കട്ടെ.. 
നാദാപുരവും, മാറാടും 
മലയാളിയുടെ മാനം കെടുത്താതിരിക്കട്ടെ.. 
ലോകാസമസ്തോ സുഖിനോ ഭവന്തു..! 
അതാട്ടെ, നമ്മുടെ നവവത്സരാശംസ..!!