എന്നെ ലൈക്കണേ....

Monday, December 26, 2016

............

കാഴ്ച്ചയുടെ
ചായക്കോപ്പകൾ..
മൊഴികളുടെ
കൊടുങ്കാറ്റുകൾ..
നിന്നെ പാനം ചെയ്യുന്ന
വെയിൽച്ചുണ്ടുകൾ...
നിന്നെ കിനാവുടുപ്പിക്കുന്ന
രാവിരലുകൾ...

വെറുംവാക്ക് കൊണ്ട്
പ്രണയം പറഞ്ഞു
ഭാഷയും ലിപികളും
വറ്റിപ്പോയിരിക്കുന്നു..
മറ്റൊരു കാലത്തിലേക്ക്
അടർന്നു പോയ വസന്തമെന്നു
നീ വിലപിക്കുന്നു...!

ഉടലുകളന്യോന്യം ചുണ്ടില്ലാതെ
സംസാരിക്കുന്നത്
നിഴലുകളുടെ സർപ്പങ്ങൾ
ഇണ ചേരുന്നത്
ഒരുഷ്ണത്തിന്റെ ഭാഷയിൽ
വിയർപ്പിന്റെ ലിപിയിൽ
നാം വായിച്ചെടുക്കുന്നു....

(((അല്ലെങ്കിലെന്നും ഇങ്ങനെയാണ്
ഒരു മാംസവാതായനം
തുറന്നിട്ട ഇടനാഴിയാണ്
പ്രണയം..... )))

മുറിച്ചിട്ട പല്ലിവാൽ പോലെ
ഓർമ്മകൾ പിടക്കുന്നു..!
മരം ചുറ്റിയ ഒരു വിശുദ്ധ പ്രണയം
മനസ്സിൽ മുളക്കുന്നു...!!

പഴയ കാലമെന്നു
പ്രണയത്തിന്റെ ഋതുക്കളെ
പകുത്തു
പുതിയ കാലത്തിന്റെ
സൈബർ ചുംബനങ്ങളിൽ
നമുക്ക് മുഴുകാം...
ചുംബിക്കാൻ ചുണ്ടുകൾ പോലും വേണ്ടാത്ത
E-കാലം 😎

🎑

Monday, December 12, 2016

........

ഇവിടെ,
എണ്ണക്കിണറിനു
ചുറ്റും
എണ്ണത്തിൽ പെടാത്ത
ചില
എണ്ണക്കറമ്പൻ കവികളുണ്ട്...

നിങ്ങൾ,
കണ്ണുകൾക്ക്‌ മേൽ
തുന്നി വെച്ച
വിമർശക്കണ്ണുകൾ കൊണ്ട്
കാണാനാകാത്ത
കണ്ണാടികവിതകൾ....

മരുഭൂമിയുടെ
മണ്ണാഴങ്ങളിൽ നിന്ന്
വിണ്ണിലേക്ക് പടർന്നു കയറിയ
പയറുമണിച്ചെടിയുടെ
വിരൽത്തുമ്പു പോറിയ
കവിതകൾ..

ഒട്ടകത്തിന്റെ,
ഷേരിയുടെ,
ഷവർമ്മയുടെ,
അരീസയുടെ,
കുബ്ബൂസിന്റെ,
അമൂസിന്റെ,
ബദുവിന്റെ,
ഊദിന്റെ,
ഖാവയുടെ;
കമ്പിളിയാടിന്റെയും
മണമുള്ള കവിതകൾ....

മരുപ്പച്ചയുടെ തണുപ്പുള്ള
കാറ്റിന്റെ മണ്‍ചൂടുള്ള
വെയിലിന്റെ കനൽചൂരുള്ള
കവിതകൾ...!

അറിയുമോ,
കവിതകളെ എംബാം
ചെയ്തു വെച്ച
മോർച്ചറികളിൽ നിന്ന്
നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്...;
മെട്രോറെയിൽപ്പാളങ്ങളിൽ ,
ഭൂമിക്കും ആകാശത്തിനുമിടയിലെ
ഗമനവേഗവിഭ്രാന്തിയിൽ നിന്ന്
ഉണർന്നെണീക്കുമ്പോഴേക്കും
നഷ്ടപ്പെട്ട യാത്രകൾ പോലെ....!

നിങ്ങൾ മറന്നു പോയ
ഒരയ്യപ്പൻ
ദേരയുടെ തിരക്ക് പിടിച്ച
ഗലികളിലൊന്നിൽ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്!!!

🎑

Sunday, December 11, 2016

.....

ആകാശത്തിന്റെ അതിരുകളിൽ നിന്ന്
പൊട്ടിയൊലിക്കുന്ന പുഴയിൽ
നക്ഷത്രക്കല്ലുകൾ തിളങ്ങുന്നു..

കടലിലേക്കല്ലാത്ത പ്രയാണങ്ങളിൽ
പൊടുന്നനെ,
പുഴയിൽ
ഒരിലകൊണ്ടുണ്ടാക്കിയ
കപ്പൽ പ്രത്യക്ഷപ്പെടുന്നു...
ഗതിവിഗതികൾ നിയന്ത്രിക്കപെടേണ്ട
ആവശ്യമില്ലാത്തത് കൊണ്ട്
തുഴച്ചിൽക്കാരോ, കപ്പിത്താനോ, യന്ത്രപങ്കകളോ ഇല്ലാത്ത കപ്പലാണത്..

കപ്പൽ ഒരു ഒഴുകിക്കൊണ്ടേയിരിക്കുന്ന
രാജ്യമായി രൂപാന്തരപ്പെടുന്നു..

യാത്രക്കാരെ ജനമെന്നു പേര് മാറ്റുന്നു..

ജനങ്ങളെ മറ്റനേകം കള്ളികളിലേക്ക് വിഭജിച്ചെഴുതി
കപ്പലിനുള്ളിൽ തന്നെ രാജ്യങ്ങൾ സൃഷ്ടിക്കുന്നു..

കച്ചവടക്കാർ വിലകൊടുത്തു കൊണ്ടുവന്ന പാവയെ
കപ്പിത്താനെന്നു വിളിച്ചു യാത്രക്കാരെ പറ്റിക്കുന്നു
നരച്ച മീശയും താടിയുമുള്ള പാവയെ കാണുമ്പോൾ
യാത്രക്കാർ/ജനങ്ങൾ എണീച്ചു നിന്ന് വണങ്ങിതുടങ്ങുന്നു..

കപ്പലിപ്പോൾ രാഷ്ട്രീയമായ ചില  കീഴടങ്ങലുകളുടെ കണക്കു പുസ്തകമാണ്..
പുഴയുടെ ഒഴുക്ക് പോലും തങ്ങളുടെ ചൊല്പടിക്കാണെന്നു പാവഗവണ്മെന്റ് പ്രഖ്യാപിക്കുന്നു.

തുഴച്ചിൽ നിരോധിക്കപ്പെട്ട യാത്രയിൽ
നമുക്ക് പോകേണ്ടത് ആകാശത്തിന്റെ അതിരിലേക്കാണെന്നു വേവലാതിപ്പെട്ട ചില യുവാക്കൾക്ക്
മാത്രം
നക്ഷത്രക്കണ്ണുകളുണ്ടായിരുന്നു...!

കൈകൾ തുഴകളാക്കി
ഒഴുക്കിനെതിരെ തുഴഞ്ഞു കൊണ്ടിരുന്ന അവരുടെ കഴുത്തിനു മേൽ തലകളുണ്ടാകരുതെന്നു
കച്ചവടക്കാർ വിധി കൽപ്പിക്കുന്നു

പാവപ്പൊലീസുകാർ
വെട്ടിയെടുത്ത തലകളിൽ
അനേകം
നക്ഷത്രക്കണ്ണുകൾ തിളങ്ങികൊണ്ടിരുന്നു..!

കപ്പലെന്നു പേരുള്ള രാജ്യത്തിന്
ദിശ നഷ്ടപ്പെടുന്നു
പുഴ ഒഴുകികൊണ്ടേയിരിക്കുന്നു
ആകാശത്തിന്റെ അതിരുകളിൽ നിന്നു
ഇല്ലാക്കടലിലേക്കുള്ള യാത്രയിൽ
കപ്പലിലെ യാത്രക്കാർക്ക് നക്ഷത്രക്കണ്ണുകൾ മുളച്ചു തുടങ്ങുന്നു..

മുറിച്ചു മാറ്റപ്പെടുന്ന ഓരൊ തലകളിലും നക്ഷത്രക്കണ്ണുകൾ
തിളങ്ങി കൊണ്ടിരുന്നു..

കണ്ണുകൾ ആവശ്യമില്ലാത്ത പാവകൾ മാത്രം ബാക്കിയാവുന്നതു വരെ തലയെടുക്കലുകൾ തുടരുന്നു...

കപ്പലിപ്പോൾ ശ്മശാനമാണ്
തലകളില്ലാത്ത ശവങ്ങളുടെ അഴുകിയ മണം..
മൌനത്തിന്റെ അലർച്ചകൾ...

പുഴ വറ്റിപ്പോയിരിക്കുന്നു;
മരുഭൂമിയുടെ മണൽച്ചുഴിയിൽ
ഒഴുക്ക് നഷ്ട്ടപ്പെട്ട കപ്പലെന്ന രാജ്യം...!
പാവത്തലകൾ മാത്രം
യാത്രയുടെ ലഹരിയിലാണ്...
കാരണം;
അവക്ക് കണ്ണുകളില്ലല്ലോ....!!

🙈🙊🙉

Friday, December 9, 2016

ജിപ്സി

ഇസ്‌താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
*എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
ഓർമ്മയെന്നു പേരുള്ള വീഞ്ഞ് കുടിച്ചു
മറന്നു പോയ സ്വപ്നത്തിലേക്ക് നിഷ്ക്രമിക്കുന്ന അബോധത്തെ കുറിച്ച് മാത്രം നമുക്ക് മനസ്സിലാക്കാനാവുന്നു..

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ് മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
**സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതല്ലേ  നല്ലത്.......??

💖
*ഷിറാസ് റോസ് (വൈൻ)
** വിനോദ് വാക്കയിൽ എന്ന പ്രിയകവിസുഹൃത്ത്

Wednesday, November 23, 2016

..........

മറവിമരങ്ങളിൽ നിന്നടർന്നു വീണ
ഓർമ്മദലങ്ങളുടെ ഫോസിലുകൾ
മണ്ണ് പുതച്ചു കിടന്നു;
ഒരാകാശം മുറിഞ്ഞു മഴച്ചോര വാർന്നു
നഗ്നമാക്കപ്പെടുന്നത് വരെ...!
നിശ്ചലമായ ഒരു തടാകമെന്നു
ജീവിതത്തെ വ്യാഖ്യാനിച്ചു
മൌനത്തിന്റെ കടലിലേക്ക് നടന്നു പോയ
പ്രവാചകനാണ് ഞാൻ..
ഓർമ്മയുണ്ടോ??

പ്രണയം നുരച്ച സ്ഫടികചഷകങ്ങളെന്നു
നിന്റെ കണ്ണുകളെ മൊത്തിക്കുടിച്ച
എന്റെ കവിത തന്നെയായിരുന്നു
ഏറ്റവുമൊടുവിൽ എന്നെ ഒറ്റിക്കൊടുത്തത്‌..

പുഴച്ചില്ലകളിൽ നിന്ന് മണ്‍പഴങ്ങൾ പറിച്ചെടുത്ത
യന്ത്രശകടപേലവങ്ങൾ
എന്റെ മറവിയിൽ നിന്ന്
ഓർമ്മകളെ അരിച്ചെടുക്കുന്നു..

ഗൃഹാതുരമെന്ന് പേരിട്ടു നഷ്ടപ്പെട്ട ഗതകാലം
ഗമനതാളം മുറിഞ്ഞു പോയ കാറ്റിന്റെ സ്പർശം..

ഒരിക്കലും എഴുതി മുഴുമിപ്പിക്കാനാകാത്ത
വേദപുസ്തകത്തിന്റെ
അവസാന താളിലാണ്
ഓർമ്മയും മറവിയും മണക്കുന്ന
നമ്മുടെ തുടക്കങ്ങൾ.....!!!!

......🎑

Wednesday, November 9, 2016

............

നിക്ക് സങ്കടം വന്നൂ...
മണ്ണായ മണ്ണ്‍ മുഴോൻ
സങ്കടപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സങ്കടനക്ഷത്രങ്ങൾ...
കടലായ കടല് മുഴോൻ
സങ്കടമത്സ്യങ്ങൾ...
സന്തോഷമെന്നു
നിന്റെ പ്രണയവിരലെന്റെ
സങ്കടത്തെ പേര് മാറ്റി വരയ്ക്കുന്ന മുന്നാണേ....!!

നിന്റെ പ്രണയവിരലെന്നെ
തൊട്ടപ്പോൾ
നിക്ക് സന്തോഷം വന്നൂ..
മണ്ണായ മണ്ണ്‍ മുഴോൻ
സന്തോഷപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സന്തോഷനക്ഷത്രങ്ങൾ....
കടലായ കടല് മുഴോൻ
സന്തോഷമത്സ്യങ്ങൾ....

നിക്ക് സങ്കടവും സന്തോഷവും വരുന്നു.......!!!!!

Monday, October 3, 2016

............

മൗനം
അതിന്റെ
ആഴങ്ങൾ കൊണ്ട്
എന്റെ
ഹൃദയത്തെ
വിഴുങ്ങിത്തുടങ്ങുന്നു..

നിന്റെ
കാലടിപ്പാടുകൾ
മാഞ്ഞു തുടങ്ങിയ
കടൽത്തീരം;
എന്റെ ഓർമ്മയുടെ
ശ്‌മശാനം...!

ആകാശത്തിലേക്ക്
മുറിഞ്ഞു വീണ
മേഘമരങ്ങളിൽ നിന്ന്
മഴപ്പൂവുകൾ
അടർന്നു വീഴുന്നു..

മഴത്തണലിലെ
വെയിൽവീടുകൾ;
എന്റെ വിചാരശവങ്ങളുടെ
കിടപ്പറ..!

മൗനം
അതിന്റെ
നഖമുനകൾ കൊണ്ട്
എന്റെ
കവിതയെ
നോവിക്കുന്നു..

ഞാൻ വീണ്ടും ഒറ്റക്കാവുകയാണ്...!!

Saturday, September 17, 2016

...............

പുതിയൊരാകാശത്തിലേക്ക്
പറന്നുതുടങ്ങിയ
പിറവിപ്പറവയുടെ ചിറകിൽ
ഒറ്റയിതൾപ്പൂവിലെന്ന പോലെ
നെറ്റിനനഞ്ഞു പോയ
ഒരിറ്റു മഞ്ഞു കണമുണ്ട്....
നമുക്കിടയിലെ രാപ്പകലുകളിലേക്ക്
ഉതിർന്നു വീണ ഗുൽമോഹറെന്നു
നീയുരുവിട്ട ഹിമദലം!!

ഒറ്റപ്പെടൽ
ഖബറിലെ പുഴുവരിച്ച
മൗനം കൊണ്ടെന്നെ
മുകരുമ്പോഴും
അളിഞ്ഞു തുടങ്ങിയ  മുഖത്തിൽ നിന്ന്
അഴിഞ്ഞു വീണു പോയേക്കാവുന്ന
ഒരു ചിരിയെ കുറിച്ചായിരുന്നു എന്റെ വേവലാതി..!

ഏകാന്തതയെന്ന കടലിൽ നിന്ന്
പൊന്തി  വന്ന നോവെന്ന ദ്വീപിലെ
ശോകാന്തമായ സന്ധ്യയിൽ
ഹൃദയതാളങ്ങൾ ഇടറുമ്പോഴും,
ആത്മാവിൽ നുരയുന്ന
നിന്നെ കുറിച്ചുള്ള കവിതകൾ
വരി തെറ്റാതെ പകർത്തുന്നതിനെ കുറിച്ചായിരുന്നു
എന്റെ ചിന്ത....!

ഒരഗ്നിപർവതം
ഉള്ളിൽ ചുമക്കുന്ന ജീവിതമെന്ന
ദുരന്തസ്ഥലിയിൽ നിന്ന്
നിന്റെ ഓർമ്മകൾ മാത്രം
ഉരുകിയുറഞ്ഞു പോകാതെ കാത്തെടുക്കണം;

ഉരുകിത്തിളയ്ക്കുന്ന എന്റെ
ഹൃദയവിചാരങ്ങളെ
വെറുമൊരു കവിതയെന്നു പേരിട്ടു
നീ പുറംതള്ളുമെങ്കിലും......!!

🍁🍁🍁

Friday, September 2, 2016

.........


ആഗ്നേയശയ്യയിൽ 
ഞാനുറങ്ങുന്നുവെൻ 
സ്മൃതികളും, 
സ്വപ്നസൂനങ്ങളും,  
മൗനവു- 
മനലവിശുദ്ധിയിൽ 
കഴുകിച്ചുവക്കുന്നു... 

ഇനി തുടർഗമനമാ- 
ണുയിർമാത്രമാണുടൽ; 
പാദചിഹ്നങ്ങൾ 
പകുക്കാത്ത പാതകൾ 
ഇത് ശോണനിറമുള്ള 
മൃതിതന്റെ നാളം; 
ഇത് ജന്മജന്മാന്തരങ്ങളുടെ താളം..! 

നിന്റെ കണ്ണീർക്കണങ്ങൾ പേറി- 
യൊരു മണ്‍കുടം വീണുടഞ്ഞു; 
എന്റെ തനുവിലന്നഗ്നി തൻ 
നടനം തുടങ്ങി.. 
എല്ലാമൊടുങ്ങി; 
ചാരമാണിന്നുടൽ 
ചിത നെയ്ത മൌന- 
മെന്നുയിരിലെരിയുന്നു...! 

മൗനം... 
മരണമെന്നപരനാമം.. 
ഈയഗ്നിയിൽ പിറവിയുടെ 
വാചാലയാമം  
ഇന്നെന്നെ പുണരുവാനൊരു ജന്മമിനിയും കാത്തിരിക്കുന്നു; 
ഞാനുണരുന്നു....!! 


...... 
🎑

Saturday, July 9, 2016

............

കാട് തളിർക്കുന്നത്
ഞെട്ടറ്റു വീണുപോയ ദലങ്ങളുടെ
ശവമണം പേറിയാണ്...
പേരറിയാത്തൊരു മരച്ചില്ലയിൽ നിന്ന്
കാറ്റുരഞ്ഞു വാക്കണിഞ്ഞ
നിലവിളികൾ പെയ്യുന്നു..;
കാട്ടുതീയുടെ ചൂടും ചൂരുമുള്ള
നാട്ടുകാണിയുടെ ചാറ്റുപാട്ട് പോലെ..!

നെഞ്ചറയിൽ കനലു ചിന്തിയ
അടിയോരെ കരിങ്കനവിൽ
സങ്കടക്കടല് നീന്തിയ വരാലുണ്ട്..
മുളയരിപ്പഴങ്കഞ്ഞി പാതി മോന്തി
മാടത്തിലന്തിക്ക് ചായുന്ന
ചെറുമി  പേറുന്ന
നിനവിന്റെ ഒറ്റാലും..!

കാട് തളിർക്കുന്നത്
അഴിഞ്ഞു വീണ മേഘവിഷാദങ്ങളുടെ
വിവസ്ത്രമായ മൗനത്തിൽ നിന്നാണ്...
കാട്ടാറു ചവച്ചു തുപ്പിയ
വെള്ളാരംകല്ലുകൾ പോലെ
ഋതുക്കളിൽ നിന്ന് വസന്തം ഒറ്റപ്പെടുന്നു.

കാട്
തളിർക്കുന്നത്
പൂക്കളുടെ
മരണങ്ങളിൽ നിന്നാണ്
അടർന്നു വീണ
ഒരൊറ്റയിതളും
ഓർമ്മയിൽ
ബാക്കിയാവില്ല..

ഒടുവിൽ,
അഗ്നിയുടെ
ചുവന്ന പൂക്കൾ
പൂക്കുവാനുള്ള
ഈ കാടുപോലും...!!


🎑

Wednesday, June 22, 2016

.........

ഉന്മാദികളുടെ നഗരത്തിൽ
എനിക്കുമൊരു വീടുണ്ടായിരുന്നു..
വാതിലുകൾക്കു പകരം
മൗനം തേച്ച ശൂന്യത...!
അവിടെ,
മേൽക്കൂരയില്ലാത്ത അടുക്കളയിലെ
പാതി വെന്ത കൂടോത്രപ്പാത്രത്തിൽ നിന്ന്
വാരിത്തിന്നു വിശപ്പാറ്റി
ദിവസങ്ങൾ മരിച്ചു വീണിരുന്നു..

ശിരസ്സുകൾ മുറിഞ്ഞുപോയ
ആളുകൾക്കിടയിൽ
സ്വയം തിരയുന്ന എന്നെ കുറിച്ച്
ഞാനോർക്കുന്നു..
നഗരത്തിൽ,
ഉദ്ധരിച്ച ലിംഗങ്ങൾ കൊണ്ടാണ് ഓരോരുത്തരും തിരിച്ചറിയുക..
മുഖങ്ങളെക്കാൾ സ്വാഭാവികത
അവക്കുണ്ടായിരുന്നത് കൊണ്ടാവാം..
മുഖംമൂടികളുടെ മറവികളിൽ പൊതിയപ്പെടാത്തതു കൊണ്ടുമാകാം...

തിരിച്ചറിവിന്റെ തീസിസ് കബന്ധങ്ങളിൽ നിന്ന് പഠിച്ചു തുടങ്ങണം..
നിറമില്ലായ്മയിൽ നിന്നൊരു മഴവില്ലു തെളിയുന്നതു പോലെ
അത്രക്ക് സന്നിഗ്ധമാണത്..

നഷ്ടപ്പെട്ട തല തേടി
ഉന്മാദികളുടെ നഗരത്തിൽ നിന്ന്
ഞാനും പലായനം ചെയ്യുന്നു..
മുഖംമൂടികൾ കൊണ്ട് പരസ്പരം തിരിച്ചറിയുന്ന നഗരത്തിലേക്ക്..
ലിംഗങ്ങൾക്ക്‌ പകരം ഒരു തല മുളച്ചു പൊന്തുമെന്നും
തലച്ചോറിന് പകരം ശുക്ലം സ്രവിക്കുമെന്നും അറിയാതെയല്ല;
ഞാനെന്നെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നതിന് മുൻപ്‌
തലയില്ലാത്തവരുടെ നഗരം
എന്നെ വേട്ടയാടികൊല്ലുമെന്നും....!

പലായനം പലപ്പോഴും രക്ഷപെടലല്ല;
യാത്രയുടെ നൈരന്തര്യം
ഒരു സത്രത്തിലേക്കും നമ്മെ നയിക്കുന്നില്ല..
ഒടുവിൽ നഷ്ടപ്പെടലിന്റെ കടലിലേക്ക്
ഒഴുകിത്തീരാനുള്ള പുഴകളായ്
നമ്മൾ മാറുക മാത്രമാണ്...!!

......

Saturday, June 4, 2016

........

നമുക്കിടയിലെ ദൂരങ്ങളിൽ
ഒഴുകി നിറയുന്ന കടലിനെ
മൗനമെന്നു പേരു മാറ്റിവിളിക്കുന്നു..
#കടൽ... #മൗനം...
ക്ലീഷേയുടെ ഉപ്പുരസം ചവർക്കുന്നു...!

നീയെന്നും  കാത്തിരിക്കുന്ന 'ലോഹ'പ്പക്ഷിയെ കുറിച്ച്
ഒരു ചിറകുടഞ്ഞ ഇണക്കിളിയെന്നോട് കരളു പിടഞ്ഞു പാടുന്നുണ്ട്..

നമുക്കിടയിലെ കറുത്ത രാത്രികളെ
വിരഹമെന്നു പേരിടുന്നു ഞാൻ!

ആയുസ്സിന്റെ ആൽമരത്തിൽ നിന്നും
അടർന്നു വീഴുന്ന ഇലത്തുമ്പുകളെ
പ്രവാസമെന്ന വേനൽക്കാലം
ചുട്ടുപൊള്ളിക്കുന്നു..
എന്നിട്ടും,
നിന്റെ പ്രണയത്തിന്റെ വർഷങ്ങൾ
പെയ്തുനിറയുന്ന സാകേതം
എന്റെ ഓർമ്മവിരലുകൾ തൊട്ടറിയുന്നു...!

നമുക്കിടയിലെ വെളുത്ത പകലുകളെ
സ്വപ്നങ്ങളെന്നു പേര് മാറ്റുന്നു..

മണ്‍പുടവയണിഞ്ഞ ഈ ഭൂമിയിൽ
പിന്നിൽ ബാക്കിയാക്കിയ ഒരോ കാൽപ്പാടുകളും നമുക്ക് വേണ്ടി നൊന്തു പിറന്ന കാത്തിരിപ്പിന്റെ കുഞ്ഞുങ്ങളാണ്...
പാതയിൽ ഇനി പിറക്കാൻ പോകുന്ന പ്രതീക്ഷകളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രം സംസാരിക്കാം...

നമുക്കിടയിലെ കടൽത്തീരങ്ങൾ
ഓർമ്മനൗകകൾ നങ്കൂരമിട്ട
ഈ വേർപാടിന്റെ ശിശിരകാലത്തിനു ശേഷം
നാമൊരൊറ്റ കടൽ മാത്രമാകുന്ന ഋതു വരാനിരിക്കുന്നു..

പേര് മാറ്റി വിളിക്കുവാൻ പക്ഷെ,
ആ ഋതുവിനു പേരില്ല...!!


🎑

Tuesday, May 31, 2016

.......

ജീവിതം..
ഇരുളിലേക്ക്
വേരുകളാഴ്ത്തിയ
പകൽമരങ്ങൾ..

സന്ധ്യ..
ചോരചുമച്ചു ചത്ത
പകൽക്കിനാവുകൾ...

രാത്രി..
കൂടണഞ്ഞ
നിദ്രക്കിളികളുടെ
പകൽച്ചില്ലകൾ..

പകൽ...
ഉണർച്ചയിൽ
ചില സ്വപ്നങ്ങളുടെ
ചിത...!

മരണം..
മൂന്നു പകലുകൾ
ഒരുമിച്ചു പുതച്ച
രാത്രി...!!

Sunday, May 15, 2016

...............

മൗനമെന്ന രാജ്യത്തേക്ക് നാടു കടത്തപ്പെട്ട ഞാൻ
വിരഹമെന്ന മരുഭൂമിയിലൂടെ
കാറ്റു മായ്ച്ച വഴികളെ തിരയുന്നു..
തേടലിന്റെ ഒരുഷ്ണജലപ്രവാഹമുള്ളിൽ
ഒളിപ്പിച്ചു വെച്ചാണ്
ഓരോ മരുഭൂമിയും
വിയർത്തു പൊള്ളുന്നത്...!

ചില നേരം,
ആകാശം (മരു)ഭൂമിക്കു നേരേ പിടിച്ച  കണ്ണാടി പോലെയാണ്..
നരച്ച മണ്‍ശീല പോലെ നിവർത്തിയിട്ട്...
പൊടിക്കാറ്റു പോലെ ഇടയ്ക്കിടയ്ക്ക് അവ്യക്തമായലയുന്ന മേഘങ്ങൾക്ക് മേലെ...!

ഒട്ടകക്കൂട്ടങ്ങൾ സ്വയം മേഞ്ഞു പോകുന്ന ഇല്ലാവഴിയിൽ
മുൻപേ നടന്നവരുടെ
കാല്പാടുകൾ
വേനൽക്കിനാക്കളാകുന്നു;
*ബദുക്കളുടെ ശീതീകരണികളില്ലാത്ത
ഗ്രാമത്തിനു പുറത്തു വെച്ച്
തളർന്നു വീഴുന്നത് വരെ
മുന്നോട്ടു നയിക്കുന്ന ഊർജ്ജം..!

നാട്ടറബിയുടെ ഖൈമയിൽ നിന്ന്
ആഘോഷരവങ്ങൾ കേൾക്കാതെ  കേൾക്കാം..
ബല്ലേ നൃത്തത്തിന്റെ ഉന്മാദചലനങ്ങൾക്കുള്ളിൽ
ഒരു പേർഷ്യൻ കവിതയുടെ സൗന്ദര്യം...
വാചാലമായേക്കാവുന്ന അവളുടെ കണ്ണുകളിലെ മൗനം...

ഖൈമക്കു വെളിയിൽ വെച്ച്
മിസ്‌രിപ്പാറാവുകാർ
കണ്ട് പിടിച്ചു കഴിയുമ്പോൾ
ഒരടിമയും ഒരുടമയും ജനിക്കുന്നു..

നിങ്ങളിപ്പോൾ
ജീവിതമെന്ന രാജ്യത്ത് നിന്ന്
പുറത്താക്കപ്പെട്ടവനെ കുറിച്ചു
ഓർത്തെടുക്കുകയാണ്;
മനസ്സിലായി..!!
അവന്റെ മുഖച്ഛായയെന്നിൽ
ആരോപിക്കപ്പെടുമെന്നും..
ചാട്ടവാറുകൾ കൊണ്ട് എന്നോട് സംസാരിക്കുമെന്നും....!

ഇല്ല സുഹൃത്തുക്കളെ
ഞാൻ പ്രണയം എന്ന നാട്ടുരാജ്യത്തു നിന്നാണ്..!
അവനു പോകേണ്ട മരണമെന്ന രാജ്യവും,
എനിക്ക് പോകേണ്ട മൗനമെന്ന രാജ്യവും,
ഒന്നാണെങ്കിലും....!!!

.........

Saturday, April 23, 2016

..........

പ്രണയത്തിന്റെ
എസ്കിമോയിൽ നിന്ന്
ഇസ്താംബൂളിലേക്കൊഴുകിയ
മഞ്ഞിന്റെ മണമുള്ള പുഴ...
ലിപികളില്ലാത്ത
ഒരു ജിപ്സിക്കവിതയിൽ നിന്ന്
നിന്നെ വായിച്ചെടുക്കുന്നു...!
മുഷിഞ്ഞ ഡെനിംതോലിനുള്ളിൽ
മൗനം സ്ഖലിച്ച ഉടൽ;
പലായനങ്ങളുടെ വഴിത്തഴമ്പുകൾ
നിന്റെ പാദചിഹ്നങ്ങളുടെ
ആകൃതികൾ മാറ്റിവരയ്ക്കുന്നു..!

സത്രഗലിയിലെ
ഉറക്കത്തിന്റെ ഹാങ്ങോവറിൽ
ഒരു പിശറൻ സ്വപ്നത്തിന്റെ
ഐസ്‌ക്യൂബലിയുന്നു
(നാളെ നടന്നു തീർക്കേണ്ട വഴികൾ
ഭൂപടത്തിൽ നിന്ന്
പെറുക്കിയെടുക്കുകയാണ്
നമ്മുടെ കിനാവുകൾ...!)

ഡ്യൂഡ്....
അലസതയുടെ കടലിലേക്കാണ്
നമ്മൾ നടക്കുന്നത്
കടൽ പിളർന്നു വഴി തികയാൻ
പ്രവാചകന്റെ വടി കരുതണം
അല്ലെങ്കിൽ കടലായ കടലൊക്കെ  മഞ്ഞുപാളികൾ കൊണ്ട്‌ മൂടണം...

തിര തെറുക്കാൻ മടിപിടിച്ചു പോയ
ഒരു കടലിനെ കുറിച്ച്
ഓർത്തു നോക്കൂ....!!


....

Saturday, April 16, 2016

...........

വിഷാദമതിന്റെ
വേരുകളാഴത്തിൽ  പടർത്തി
ആത്മാവിനോട് സംസാരിക്കുന്നു..
മുറിഞ്ഞു വീഴുന്ന ഓരോ
മൗനങ്ങളിൽ നിന്ന്
നിറങ്ങൾ വേണ്ടാത്ത ചിത്രങ്ങൾ
വരഞ്ഞു തീരുന്നു..

വർണ്ണങ്ങൾക്കിടയിൽ
ഉപേക്ഷിക്കുന്ന ചില ഇടങ്ങളിൽ നിന്നാണ് ഒരു ചിത്രമതിന്റെ #ഗഹനത സ്വായത്തമാക്കുന്നത്..
കരകൾ കൊണ്ട് ഈ കടലുകളെ വരച്ചു വെച്ച
ദൈവം എന്ന ചിത്രകാരനെ കുറിച്ച്
നീയെപ്പോഴും  പറയുമല്ലോ!

ജീവിതമെന്ന ഗൗളീകാഷ്ടമെന്ന്‌
ഞാനാണയിടുന്ന സായന്തനം;
രാവും പകലും കറുപ്പും വെളുപ്പുമായി നിന്റെ കൺതടങ്ങളിൽ നിഴലിച്ചു കിടന്നു..
അതിനുമപ്പുറം
ചക്രവാളം ചോരപ്പാടുകൾ ചാലിച്ച്
നിന്റെ പ്രണയം നിറഞ്ഞ ഹൃദയം പോലെ...

വിഷാദമതിന്റെ
മുറിവായകൾ വിടർത്തി
മനസ്സിനോട് കലഹിക്കുന്നു;
ഞാൻ നിന്നോട്
നീയെന്നോട്‌
ഞാനെന്നോട്‌
നീ നിന്നോട്
നമ്മൾ നമ്മോട്.......

(നമുക്കിടയിലെ കാലമൊരു
കടലായ് മുന്നിൽ നിറയുന്നുണ്ട്...!)

വിഷാദമതിന്റെ
നഖപ്പാടുകൾ വീഴ്ത്തിയ
നക്ഷത്രമിപ്പോൾ ആകാശച്ചെരുവിൽ തെളിയുന്നു;
നിനക്കവിടെ നിന്നും
എനിക്കിവിടെ നിന്നും
പരസ്പരമെത്തിച്ചേരാനുള്ള
ചില കണ്ണാടിനോട്ടങ്ങളെത്തിരഞ്ഞ്‌...!

(ജീവിതം)
വർണ്ണങ്ങൾക്കിടയിലെ
ഉപേക്ഷിക്കപ്പെടുന്ന
ഇടങ്ങളെ കുറിച്ച് നമ്മോട്
സ്വകാര്യം പറയുന്നു...
(ജീവിതം)
#ഗഹനമായ ഒരു ചിത്രത്തെ കുറിച്ച്
ഓർമ്മ വരുന്നുണ്ടോ....???

🌄🎑🌅

Friday, April 8, 2016

...........

നിശബ്ദമായ രാത്രിയുടെ
നഗ്നമായ ഇടനാഴി...
വെളിച്ചത്തിന്റെ വേരുകൾ
മുളച്ചു തുടങ്ങിയ
ഒരു ഗലിയുടെ അകലക്കാഴ്ച...
കറുത്ത സ്വപ്നങ്ങളുടെ
ഉറക്കമിളിച്ച കണ്ണുകൾ പോലെ
ആകാശത്തിലെ നക്ഷത്രങ്ങൾ...
ഉള്ളിലിരമ്പുന്ന ഭാംഗിന്റെ കടൽ...!

നഗരത്തിലേക്കുള്ള ഈ പാതയിൽ
ഞാൻ *ഷഹബാസിനെ ഓർമ്മിക്കുന്നു
നിശബ്ദമായ എന്റെ രാവുകളിൽ
ആർദ്രമായ സ്വരശിഖരങ്ങൾ പടർത്തുന്ന മരത്തണലാണവൻ..

"തേടുന്നതാരെ ശൂന്യതയിൽ.........."
ഒരു ശോകമസൃണമായ തലോടൽ പോലെ അവൻ മന്ത്രിക്കുന്നത്...

"സജ്നീ.. സജ്നീ.. ഇനി വേറെയായ് കഴിയുന്നതാണ് വേദന...."
പ്രണയത്തിന്റെ വിരഹവിഷാദം
നേർത്ത ഷഹനായിക്കൊപ്പം
ആത്മാവിൽ കലരുന്നത്.....

നിശബ്ദമായ രാത്രിയിൽ
ഷഹബാസ് അമൻ എന്റെ ഹൃദയത്തിൽ പാടിക്കൊണ്ടിരിക്കുന്നു...

അകലെ
നഗരം ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാകും,
എങ്കിലും നിശബ്ദമായ ഒരു നഗരത്തെ കുറിച്ച് ഓർക്കാൻ കൂടി വയ്യ.
ഏകാന്തത അതിന്റെ തണുത്ത കരങ്ങൾ കൊണ്ടെന്നെ ചേർത്ത് പിടിക്കുന്നു..

"ദൂരെ നിന്നാരോ പാടിടുന്നു
ആത്മവിലാപങ്ങൾ തീരുകില്ല....."
  ഒരു നോവിന്റെ ശലഭസ്വകാര്യം പോലെ ഗസൽ...!

ഈ വഴിയുടെ അറ്റത്ത്‌
എന്റെ സജ്നിയുടെ മൗനം മുറിഞ്ഞു വീഴുന്ന പകലുണ്ടെന്ന്..
ഒരായിരം തിരകൾ നുരക്കുന്ന
ജീവിത്തിന്റെ കടലുണ്ടെന്ന്..
നിശബ്ദമായ രാത്രിയിൽ
നീയാണെന്നോട് മന്ത്രിക്കുന്നത്‌....!!!

🌻🌻🌻

Wednesday, April 6, 2016

............

മഞ്ഞുരുകിയൊഴുകുന്ന
പുലർപ്പുഴയിൽ നിന്ന്
വെയിൽച്ചിറകുള്ള പക്ഷി
പറന്നുയരുന്നു...
മഴപ്പുടവയണിഞ്ഞ മേഘസുന്ദരികൾ
ആകാശജനാലയിൽ
നിന്നെത്തി നോക്കുന്നു..

താഴെ,
ഭൂമി പൂത്തുവിരിയുന്ന വാക മരമാണ്.
പൂവിതളുകൾ ഊർന്നുവീഴുന്ന
മരച്ചില്ലകളിൽ നിന്ന് നാം
നമ്മെ കണ്ടുമുട്ടുന്നു.
ഏതു നിമിഷവും
അടർന്നു വീണേക്കാവുന്ന
ഹൃദയമെന്ന പൂവിൽ
നിനക്ക് വേണ്ടി കരുതിയ
പ്രണയമാണെന്ന്
ഞാൻ പറയുന്നു...
വെറുതെ പറഞ്ഞതല്ല
ഓരോ കാറ്റനക്കവും
എന്നെ ആവർത്തിക്കുന്നു..
ഓരോ കിളികളും അതേറ്റു പറയുന്നു...
ആ ഓരോ നിമിഷവും
ഞാൻ ജീവിച്ചുകൊണ്ടേയിരുന്നു....

മേഘസുന്ദരികൾക്ക്
കുശുമ്പു തോന്നുന്നു...
അവർക്ക് കരച്ചിൽ വരികയാണ്;
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
നിറുത്താതെ നിറുത്താതെ
അവർ കരഞ്ഞു തുടങ്ങുന്നു...

വാകമരം മുഴുവൻ
കറുത്ത പൂക്കൾ വിരിയുന്നു..

സത്യമായിട്ടും
നിനക്കിപ്പോൾ ഇതേ ചെയ്യാനുള്ളൂ:
"ഇരുൾ വീണു
നഷ്ടപ്പെടുന്നതിന് മുൻപ്,
എന്റെ നിഴലിൽ നിന്നു നിന്നെ
നീ വീണ്ടെടുക്കുക..
വിരഹം എന്ന കവിതയിലേക്ക്
നീയെന്നെ കൊരുത്തുവെക്കുക..!

അനന്തരം,
ഒരു യാത്രയുടെ നിഴലിൽ
എന്നെയുപേക്ഷിക്കുക.....!!"
...

💒💒💒

.........

"ഉടലിന്റെ കോപ്പയിൽ 
നുരഞ്ഞു തുളുമ്പിയ 
എന്റെ പ്രണയത്തിന്റെ 
കടല് കുടിച്ചു വറ്റിച്ചിട്ടും 
നിന്റെ കണ്ണുകൾക്കിനിയും 
ദാഹമെന്നോ.........????" 
.
.
.
.
.
.
രാത്രിയെന്നു പേരുള്ള പ്രണയിനി
എന്നോട് ചോദിക്കുന്നു..!! 

🎑🎑🎑

Sunday, March 20, 2016

............

'എന്നെക്കുറിച്ച് കവിതയെഴുതാത്തതെന്താ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങിയിട്ട്
കുറെ നാളായി.
'അല്ല ഓനെ കുറിച്ച് കവിതയെഴുതാൻ മാത്രം
എന്താണുള്ളത്..?'
എന്ന് ഞാനും..!

ജീവിതമെന്ന തെരുവ്
തകരഷീറ്റ് മേഞ്ഞ ചായ്പ്പുകൾ
ചെളി നിറഞ്ഞ ഗലികൾ...!
നഗരത്തിലേക്ക് നീളുന്ന നിരത്തിന്റെയോരത്ത്
അവൻ ഒരു ചമാർ ആയിരിക്കണം..
അല്ലെങ്കിൽ ധോബി
അതുമല്ലെങ്കിൽ ഇളനീർക്കച്ചവടക്കാരൻ..

ചായ്പ്പിൽ കുറെ ജീവിതങ്ങൾ
ഒറ്റജാലകത്തിന്റെ വെളിച്ചവാതിൽ തുറക്കുന്നതും കാത്ത്...

നിന്നെ കുറിച്ച് കവിതയെഴുത്യാൽ
എന്റെ കവിത നിറച്ചു ധർമസങ്കടങ്ങളുടെ പൂക്കൾ വിരിയുമെന്ന് അവനോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു......
കവിതയൊരു ജഡ്ക യാന്നോ എന്നവനും..
ചേരിയിൽ നിന്ന് രാവിലെ വലിച്ചുരുട്ടി കൊണ്ടുപോയി
നഗരത്തിലെ മാന്യൻമാരെ പേറി രാത്രി വരെ വിയർപ്പിന്റെ കിതപ്പുള്ള ചുമച്ചുവടുകൾ വെക്കുന്ന റിക്ഷക്കാരനായിരുന്നു അവൻ...
വലിക്കാനല്ലാതെ, ചവിട്ടാനല്ലാതെ
അതിൽ കേറി സഞ്ചാരിയാവാൻ അവന്റെ സങ്കടങ്ങൾക്കാവില്ലല്ലോ??
ഭാങ്ങ്‌ കുടിച്ചു കുടിച്ചു വീണു കിടന്ന
അന്തിപ്പാടികളിൽ അവന്റെ
പാട്ടുകൾ ലഹരിയുടെ നിറം തേച്ചു പടർന്നു;
ചിട്ടി ആയിഹെ..... വതൻസെ.. ചിട്ടി ആയിഹെ...
'നാച്ഘറിൽ' നിന്ന് ചിലങ്കകളുടെ വശ്യതാളങ്ങൾ ഇരുട്ടിലേക്ക് പ്രലോഭനങ്ങളുടെ സ്വരക്ഷണങ്ങൾ
മുഴക്കുമ്പോൾ പോക്കറ്റിൽ  അവശേഷിച്ച അവസാന ചില്ലറയും
പെയ്തൊഴിയും..

പതിരാവ്
വീട്ടിലേക്കെത്തുന്ന നേരം
അരപ്പട്ടിണിയുടെ ദൈന്യതയിൽ പക്ഷെ,
പ്രതീക്ഷയുടെ നിലാവ് പരയ്ക്കുന്ന
മുഖങ്ങളെ അവഗണിച്ചു കീറിപ്പറിഞ്ഞ തന്റെ കമ്പിളിയുടെ ഇല്ലാച്ചൂടിലേക്ക് രക്ഷപ്പെടുമ്പോൾ
ഇന്നും ഒന്നും കൊണ്ടുവന്നില്ലേ എന്ന് അങ്കലാപ്പോടെ വിലപിക്കാൻ
അവന്റെ ഭാര്യ മറക്കുന്നില്ല.
ദേഷ്യത്തോടെ മുരണ്ട് എന്നെ പഠിപ്പിക്കാൻ നീയായോടീ ...*മോളെ എന്ന് അവളുടെ നഭിക്കിട്ടു ചവിട്ടാൻ അവനും..

നേരം വെളുക്കുമ്പോൾ
'എന്നെ കുറിച്ച് കവിതയെഴുതാത്തതെന്തേ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങും...
നിന്നെ കുറിച്ച് കവിതയെഴുതാൻ
എന്താണുള്ളത് എന്ന് ഞാനും..!

....
ജീവിതമെന്ന കവിത
എഴുതിയാൽ വായിക്കാൻ കൊള്ളില്ല,
പലപ്പോഴും.....!!

Tuesday, March 15, 2016

...........

ആകാശത്തിന്റെ ചരടറുത്ത്
പകൽ മരത്തിലേക്ക്
ഇഴഞ്ഞിറങ്ങുന്നുണ്ടൊരു മഴ..

കടലിന്റെ ജലച്ചിതയിലേക്ക്
തിരപ്പടവുകളിലൂടെ
ഒഴുകിയലിയുന്നുണ്ടൊരു പുഴ..
🌊
ഇലപൊഴിയും കാലത്തിലേക്ക്
ഇലഞ്ഞിമണം പൊഴിച്ച്
തിരളുന്നുണ്ടൊരു കാറ്റ്..
🍃

Wednesday, March 2, 2016

................

ഇസ്താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
കവിത ഓൺലൈനിൽ കോപിപേസ്റ്റ് ചെയ്യുന്ന ഫേക്ക്സുന്ദരിയുടെ നമ്പർ ഓർമ്മയുണ്ടോ സഖാവേ?

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ്മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതാ നല്ലത്.......

🎑💖🎑

Saturday, February 27, 2016

..........

ഒറ്റി കൊടുത്തവരോട്
പകരം വീട്ടുവാൻ വേണ്ടി
ഉയിർത്തെണീറ്റവൻ,
(കറുത്ത) ദൈവപുത്രൻ..!
മഹിഷമാംസം കൊണ്ട്
മേഘങ്ങൾ പടക്കുന്നു
വാഗ്ദത്ത ഭൂമികൾ
തിട്ടൂരമില്ലാതെ സ്വന്തമാക്കിയ
പൂണൂൽക്കച്ചവടക്കാർക്ക് മേലെ
തോരാത്ത മഴ പെയ്യിക്കുന്നു..

നഗ്നനായ നാട്ടുരാജാവ്;
ഇല്ലാത്ത രാജ്യസ്നേഹത്തിന്റെ
അഗ്നികുടിച്ചു വറ്റിയ നിയമപുസ്തകം..!
ഭഗ്നമായ ഋതുക്കളെ കുറിച്ച്
പാട്ടു പാടി ത്തളർന്ന ഗായകർ;
ഒരു രാഷ്ട്രമായ് മാറിയ
കലാലയം....... കലികാലം..!

വെമുലയെന്നു പേരുള്ള
കനൽക്കിനാവിനെ
പോരാട്ടം എന്ന കവിതയിലേക്ക്
പകർത്തിയെഴുതുന്നു, കവി...!!


.....

Monday, February 22, 2016

ഞാനൊരു തെറ്റ് ചെയ്തു.. ഒരു പുസ്തകം ഇറക്കി

ഞാനൊരു തെറ്റ് ചെയ്തു..
ഒരു പുസ്തകം ഇറക്കി 

Monday, January 11, 2016

..........

നമുക്കിടയിൽ തളം കെട്ടിക്കിടക്കുന്ന മൗനത്തിന്റെ തടാകത്തിൽ നിന്ന്
സ്വർണ്ണച്ചെകിളകളുള്ള  മീനുകൾ
കയറിവരുന്നു..
ഓരോ മീനുകളും ഓരോ
കാലത്തിൽ നാം കണ്ട സ്വപ്നങ്ങളാണ്....
മീനുകൾ സംസാരിച്ചു തുടങ്ങുന്നു...
സംസാരിച്ചു സംസാരിച്ച്
മീനുകൾക്ക്/സ്വപ്നങ്ങൾക്ക് ശ്വാസം മുട്ടുന്നു..
എന്നിട്ടും തിരിച്ചു മൗനത്തിലേക്കുള്ള വഴിയറിയാതെ
മീനുകൾ/സ്വപ്‌നങ്ങൾ....!

നമുക്കിടയിപ്പോൾ സ്വപ്നങ്ങളുടെ
ഖബറുകളാണ്
നമ്മളിപ്പോൾ
ആ ഖബറുകൾക്ക് മേലെയുള്ള മീസാൻ കല്ലുകളും...!!

◾◽◾◽◾