എന്നെ ലൈക്കണേ....

Thursday, March 4, 2010

സ്വം


*
നിലാപൂക്കള്‍ വാടുമീ പുലര്‍ കാല വേനലില്‍..
നിരാലംബനായി ഞാന്‍ വരുംകാല വീഥിയില്‍..
സുഖമോ, യിരുള്‍ തൊടും ദുഖമോ
പ്രണയമയ ഹൃദയങ്ങള്‍ മുറിവേല്‍ക്കവേ..?
പറയൂ കനല്‍ ചുട്ട മൗനമോ
നിണമേറെ വാര്‍ന്ന നിഴല്‍ മൃതി കൊര്‍ക്കവേ..?
തിരികെ തരാനില്ലയിനിയെന്‍റെ പേലവ-
പുടങ്ങളില്‍ സ്വപ്‌നങ്ങള്‍ രാതോര്‍ന്നു പോയ്‌..
കൊടിയ ദുരിതങ്ങള്‍ തന്നിടനാഴികള്‍
കടും നിറമാര്‍ന്ന നേര്‍ത്ത നെടുവീര്‍പ്പുകള്‍
നെഞ്ചിലുടയുന്ന സ്ഫടികങ്ങളായ് വാക്കുകള്‍..
കണ്ണിലുറയുന്ന ശ്യാമലിപിയായ് നോക്കുകള്‍..!
ഒരു നിമിഷമെന്‍ ചാരെ നില്ക്ക നീ
വേര്‍ത്തോരുടലിനെ നിന്നോട് ചേര്‍ക്ക നീ;
നിന്‍ നിഴലിലെന്‍ നിഴലിനെ ചേര്‍ത്ത പോലെ..
നിന്നുയിരിലെന്നുയിരിനെ ചേര്‍ത്ത പോലെ..
ഒരു നിമിഷമെങ്കിലും വേള്‍ക്ക നീ,
ഉള്‍ത്തടങ്ങളില്‍ മഴനൂലിനാല്‍ കോര്‍ക്കുമീ-
യാലിലത്താലി മാറോടെല്‍ക്ക നീ;
ഈയെന്നെ നീയായ് നിന്നിലിളവേല്‍ക്ക നീ..
നീ ചോന്ന സമ്മതമാണെന്‍ മതം
നിന്‍റെ പേരിനാലുടല്‍ തീര്‍ത്തതാണെന്‍ പദം
നിന്‍റെ ഹൃദയമാണെന്‍ വഴിയിലുരുളും രഥം
നിന്‍റെ സ്വപ്നമാണെന്‍ രാവിലമരും രദം
നീ തന്ന സ്നേഹമാണെന്‍ വസന്തം
നീ തന്ന പ്രണയമാണെന്‍ സുഗന്ധം
നിന്‍റെ ജന്മങ്ങള്‍ മാത്രമാണെന്‍റെ സ്വന്തം..!
നിന്‍റെ വേര്‍പാടില്‍ മാത്രമാണെന്‍റെയന്ത്യം..!!

-----------ശുഭം-----------

No comments:

Post a Comment