എന്നെ ലൈക്കണേ....

Wednesday, March 18, 2015

തെരുക്കവി

അന്നു നീ കനവുകള്‍ കൊണ്ടൊ- 
രത്താഴം ഒരുക്കിവെച്ചു; 
നിന്‍റെ- പിഞ്ചു മോഹങ്ങളെ  
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-  
ലുദാത്തമാം കവിതകള്‍ മാത്രം; 
അത് നിന്‍റെ പശിയടക്കുന്നു.. 
നീ നിന്‍റെയഴല്‍ മറക്കുന്നു..! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ കനലാണ് നീ...! 

നേരുള്ള നിനവുകള്‍ 
എരിവുള്ള ജീവിതം 
പിടയുന്ന വാക്കുകള്‍ 
പടരുന്ന കവിത...!!! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ നിഴലാണ് നീ...! 

(എരിതീയിലുരുകുന്നൊരീയലോ ജന്മം?? 
വറുതിയില്‍ വിരിയുന്ന 
പൂക്കളോ  കാലം?? 
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍ 
മരണശേഷം പാടിവാഴ്ത്തുന്ന  ലോകമേ...!! )

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....! 

നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍ 
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ.. 
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍ 
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു.. 

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ.. 

നീ കെട്ടിയാടിയ വേഷങ്ങള്‍ 
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;  
സദാചാര ത്തെരുവിലെ 
വിഷപാന പാത്രമായ്  
നീ തന്നെ  മാറിയും....!! 

ഒടുവില്‍, 
ഉറുമ്പരിച്ച  കവിതയായ്  
നീ തന്നെ നിന്നെ വായിച്ച്  വായിച്ച്.....!

....
വര: സുരേഷ് കണ്ണന്‍


മാര്‍ത്തഹള്ളിയിലെ നായ്ക്കള്‍


****
നായ്ക്കളെ കുറിച്ച്
കവിതയെഴുതുമ്പോള്‍
അറ്റം കൂര്‍ത്ത അണപ്പല്ലുകള്‍ 
ഓര്‍മ്മയില്‍ ആഴ്ന്നിറങ്ങുന്നു..!
മാര്‍ത്തഹള്ളിയില്‍
മോണോറെയിലിനു
കുറുകെ കടന്നു
ചിന്നപ്പനള്ളിയിലേക്കുള്ള
മണ്‍റോട്ടിലൂടെ
അര്‍ദ്ധരാത്രിക്ക് ഒരിക്കല്‍ മാത്രം
പോയാല്‍ മതി..
അരിച്ചിറങ്ങുന്ന
ചിവീടുകളുടെ
രാപ്പാട്ടുകള്‍ക്ക് മേലെ
ശ്വാനമര്‍മ്മരങ്ങള്‍
കൂട്ടുകിടക്കുന്ന പാതയില്‍
ഒരിക്കലെങ്കിലും
ഒറ്റപ്പെട്ടു പോവാത്തവര്‍
ഉണ്ടാവില്ല..
സംഭീതമായ
അവസ്ഥയാണത്..!
കുളിരുന്ന ഡിസംബറിലും
ഉഷ്ണമഴ പെയ്യുന്ന
മേഘമാകും നമ്മുടെ മേനി!!
ഷെട്ടി പോലീസിന്‍റെ
മുന്‍പില്‍ പോലും
ഇത്രയ്ക്കു ചൂളേണ്ടി വന്നിട്ടുണ്ടാകില്ല...
മാര്‍ത്തഹള്ളിയിലെ
തെരുവുനായ്ക്കള്‍
പകല്‍മാന്യന്മാരാണ്..
വാലാട്ടിക്കൊണ്ടല്ലാതെ
അവരെ കാണുവാനാകില്ല,
നാവു നീട്ടി യാചിക്കുന്നതു പോലെ
നമ്മള്‍ക്ക് അനുഭവപ്പെടും..
ചാവാലിപ്പട്ടികള്‍;
കാലു മടക്കി തൊഴിച്ചാല്‍ പോലും
നീട്ടി ഞരങ്ങി
കച്ചറഡബ്ബയുടെ ചാരത്ത്;
അഴുക്കുചാലിന്‍റെ ഓരത്ത്
ഒറ്റപ്പെടും; ഓരോ നായ്ക്കളും.. !
പകല്‍ 'സംഘടിക്കാത്ത' ഇസങ്ങളാണ്
ഓരോ നായ്ക്കുരകളും..!!
രാത്രിവണ്ടിയുടെ
അവസാനശ്വാസവും
അലിഞ്ഞു തീര്‍ന്ന
അന്തരീക്ഷത്തില്‍
നായ്ക്കളുടെ
വിറ പൂണ്ട അമറലുകള്‍
ഹാര്‍മണിചൂടും..
നായ്ക്കള്‍
ഒരൊറ്റ മേനിയുടെ
ഫ്രെയിമില്‍ പകുക്കപ്പെടുന്നതു
നമുക്ക് മനസ്സിലാകും..
പിന്തിരിയാന്‍
കാലുകള്‍ ശ്രമപ്പെടുമ്പോഴേക്കും
ഇരുട്ടില്‍ നിന്ന്
ഒരായിരം കാലുകളുള്ള
ഒരു നായ നമ്മുടെ നേര്‍ക്ക്‌
ആയം പിടിക്കുന്നുണ്ടാകും..
ചില തെരുവുകളിലെ
മനുഷ്യനായ്ക്കളെ
കുറിച്ച് വായിച്ചു തീര്‍ന്ന
ദിവസം
മാര്‍ത്തഹള്ളിയിലെ നായ്ക്കളെ
ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി..
പിന്തിരിഞ്ഞോടിയ
ആരൊക്കെയോ ആണ്
മാര്‍ത്തഹള്ളിയിലെ നായ്ക്കളുടെ
കടി കൊണ്ടത്‌..
ധൈര്യത്തോടെ അവയെ
കവച്ചു കടന്ന
ഒരാളെയും
അവയുടെ കോമ്പല്ലുകള്‍
പിന്തുടര്‍ന്നില്ല..!
മാര്‍ത്തഹള്ളിയില്‍
ഇപ്പോള്‍ നായ്ക്കള്‍
ബാക്കിയുണ്ടോ എന്തോ?
വന്ധ്യംകരിച്ചു
വരിയുടച്ച്
മനുഷ്യര്‍
അവയുടെ
എണ്ണം കുറച്ചു
തങ്ങളില്‍  ചേര്‍ത്തു... !!
.....
മാര്‍ത്തഹള്ളി : ബാങ്ലൂരിലെ ഒരു സ്ഥലം 

Sunday, March 1, 2015

കവിതയെന്ന രാജ്യം


എവിടെയാണെന്‍റെ സിംഹാസനം..? 
അധികാരചിഹ്നമായ് 
ശിരസ്സിലണിയിക്കുവാന്‍
വിശ്വം വണങ്ങുന്ന പൊന്‍കിരീടം ??

കവിതയാണെന്‍റെ യാഗാശ്വം..!
ദിഗ് വിജയത്തിനായിരം ഹൃദയരാജധാനികള്‍
പലായനത്തിന്‍ പാദ-
ചിഹ്നങ്ങളണിയുന്ന ജീവിതപ്പെരുവഴി..
പഴയ വേടന്‍റെയമ്പു ജന്മങ്ങളില്‍ പേറും
പ്രാക്കളുടെ ചിറകടി;
മുനികളുടെ മൗനസേകങ്ങള്‍…!
ഉത്തരാധുനികത !!

എന്‍റെ കുതിരക്കുളമ്പടിയൊച്ചകള്‍
കടിഞ്ഞാണില്ലാ ഭാവനകളാണതിന്‍ പ്രതിധ്വനി.. !
അവിടെ രത്നാകരത്തിരകള്‍ തിളക്കുന്നു..
മഴ പെയ്തിരമ്പുന്ന പൂക്കള്‍ തളിര്‍ക്കുന്നു..
വെയിലേറ്റ നൊമ്പരച്ചുടലകളില്‍
മഞ്ഞു പൊള്ളുന്ന മൗനമുരുകുന്നു..! 

ആരൊക്കെയോ സ്വയം തീര്‍ത്തു സിംഹാസനം
ആസനങ്ങള്‍ കൊണ്ടു മൂടുവാന്‍
ആസുരപദാവലികള്‍ കൊണ്ടു നാവാടുവാന്‍
സുര പോലെ നുരയുന്ന ബഹുമതികള്‍ നുണയുവാന്‍
സിരകളില്‍ കലഹവും, ശിലയൊത്ത ഹൃദയവും
പേറിയവരെന്നേ സ്വയം തികഞ്ഞു.. ! 

വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
തപ സാധകവുമായ് കാത്തിരിക്കുന്നു..
അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
കനല്‍വഴികളില്‍ പാദപതനമാടുന്നു..!

എവിടെയാണെന്‍റെ സിംഹാസനം..?
ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍ 
കീറിപ്പിളര്‍ക്കുന്നു..
നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
നേര്‍ത്ത താളിന്‍റെ മാറിലടരുന്നു.......!!!

.........................
(വെട്ടം ഓണ്‍ലൈന്‍ March 2015)