എന്നെ ലൈക്കണേ....

Monday, November 16, 2015

ഒറ്റപ്പെടൽ

ഒറ്റപ്പെടൽ
അതിന്റെ മൂർച്ചയുള്ള
കഠാരത്തലപ്പു കൊണ്ട്
ഉയിരിൽ വരയുന്ന
മുറിവുകളുണ്ട്‌...
രാത്രിക്കിടാത്തികളുടെ
സ്വപ്നദുപ്പട്ടകൾ  കൊണ്ട്
കെട്ടിവരിഞ്ഞിട്ടും
നിണമൊലിപ്പിക്കുന്നവ...
ഒരു വിതുമ്പൽ
മനസ്സിന്റെയാകാശത്തിൽ
ചിറകുപിടഞ്ഞ പക്ഷിയാകുന്നു..!

ഭൂമിയുടെ അറ്റത്തേക്ക്
ഒലിച്ചുപോകുന്ന പുഴയിൽ
ഓർമ്മയുടെ കടലാസ്സുതോണിയുണ്ട്..
പെയ്യാൻ മറന്ന മുകിൽച്ചോലകൾ
നെയ്തുനിറക്കുന്ന
മോഹവല്ലങ്ങളും...!

ഒറ്റപ്പെടൽ
അതിന്റെ കൂർത്ത ദ്രംഷ്ട്രങ്ങൾ കൊണ്ട്
ചിന്തകളിലേക്കാഴ്ന്നിറങ്ങുന്ന
സന്ധ്യകളിൽ
കിളി ചേക്കേറാനില്ലാത്ത കൂടിന്റെ മണമാണ്  ഹൃദയത്തിന്..

മരുഭൂമിയിൽ
കാറ്റ് വരച്ചു ചേർത്ത
ഒരു വഴിപ്പിറവിയുടെ
നൈമിഷികതയിൽ നിന്ന്
തിരികെ ജീവിതത്തിന്റെ
കാല്പാടുകൾ തേടി
പിന്നോട്ട് നടക്കുമ്പോൾ,

ഒറ്റപ്പെടൽ
അതിന്റെ അർബുദവേഗതയിൽ
മസ്തിഷ്കത്തെ പൊതിയുന്നു..
വഴി മറന്നു പോകുന്ന
കവിതയിൽ നിന്ന്
ഗൃഹാതുരമെന്നു പേരുവിളിച്ചൊരു
മൌനത്തെ മാത്രം അടർത്തിയെടുക്കുന്നു...

കവി തികച്ചും ഒറ്റപ്പെടുന്നു...!!
������

4 comments:

 1. ഒറ്റപ്പെടൽ
  അതിന്റെ കൂർത്ത ദ്രംഷ്ട്രങ്ങൾ കൊണ്ട്
  ചിന്തകളിലേക്കാഴ്ന്നിറങ്ങുന്ന
  സന്ധ്യകളിൽ
  കിളി ചേക്കേറാനില്ലാത്ത കൂടിന്റെ മണമാണ് ഹൃദയത്തിന്..

  ReplyDelete
 2. ഒറ്റപ്പെടലിന്‍റെ വ്യഥകള്‍
  ആശംസകള്‍

  ReplyDelete
 3. ഒറ്റപ്പെടുന്ന കവിയും ,ഒറ്റപെടലിന്റെ മുറിവുകളും... ചിന്തകൾ നന്നായി .. എന്റെ ആശംസകൾ.

  ReplyDelete