എന്നെ ലൈക്കണേ....

Sunday, March 1, 2015

കവിതയെന്ന രാജ്യം


എവിടെയാണെന്‍റെ സിംഹാസനം..? 
അധികാരചിഹ്നമായ് 
ശിരസ്സിലണിയിക്കുവാന്‍
വിശ്വം വണങ്ങുന്ന പൊന്‍കിരീടം ??

കവിതയാണെന്‍റെ യാഗാശ്വം..!
ദിഗ് വിജയത്തിനായിരം ഹൃദയരാജധാനികള്‍
പലായനത്തിന്‍ പാദ-
ചിഹ്നങ്ങളണിയുന്ന ജീവിതപ്പെരുവഴി..
പഴയ വേടന്‍റെയമ്പു ജന്മങ്ങളില്‍ പേറും
പ്രാക്കളുടെ ചിറകടി;
മുനികളുടെ മൗനസേകങ്ങള്‍…!
ഉത്തരാധുനികത !!

എന്‍റെ കുതിരക്കുളമ്പടിയൊച്ചകള്‍
കടിഞ്ഞാണില്ലാ ഭാവനകളാണതിന്‍ പ്രതിധ്വനി.. !
അവിടെ രത്നാകരത്തിരകള്‍ തിളക്കുന്നു..
മഴ പെയ്തിരമ്പുന്ന പൂക്കള്‍ തളിര്‍ക്കുന്നു..
വെയിലേറ്റ നൊമ്പരച്ചുടലകളില്‍
മഞ്ഞു പൊള്ളുന്ന മൗനമുരുകുന്നു..! 

ആരൊക്കെയോ സ്വയം തീര്‍ത്തു സിംഹാസനം
ആസനങ്ങള്‍ കൊണ്ടു മൂടുവാന്‍
ആസുരപദാവലികള്‍ കൊണ്ടു നാവാടുവാന്‍
സുര പോലെ നുരയുന്ന ബഹുമതികള്‍ നുണയുവാന്‍
സിരകളില്‍ കലഹവും, ശിലയൊത്ത ഹൃദയവും
പേറിയവരെന്നേ സ്വയം തികഞ്ഞു.. ! 

വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
തപ സാധകവുമായ് കാത്തിരിക്കുന്നു..
അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
കനല്‍വഴികളില്‍ പാദപതനമാടുന്നു..!

എവിടെയാണെന്‍റെ സിംഹാസനം..?
ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍ 
കീറിപ്പിളര്‍ക്കുന്നു..
നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
നേര്‍ത്ത താളിന്‍റെ മാറിലടരുന്നു.......!!!

.........................
(വെട്ടം ഓണ്‍ലൈന്‍ March 2015) 

8 comments:


 1. എവിടെയാണെന്‍റെ സിംഹാസനം..?
  ഉത്തരാധുനികത കവിതയാണെന്‍റെ യാഗാശ്വം..
  ദിഗ് വിജയത്തിനായിരം ഹൃദയ രാജധാനികള്‍
  പലായനത്തിന്‍ പാദ ചിഹ്നങ്ങളണിയുന്ന ജീവിത
  പെരുവഴിലൂടെ പായുന്ന ഒരു യാഗാശ്വം ...!
  അധികാരചിഹ്നമായ് ശിരസ്സിലണിയിക്കുവാന്‍
  വിശ്വം വണങ്ങുന്ന പൊന്‍കിരീടം ?
  ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍
  കീറിപ്പിളര്‍ക്കുന്നു..
  നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
  നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
  നേര്‍ത്ത താളിന്‍റെ മാറിലടരുന്നു...

  ReplyDelete
 2. സിംഹാസനം വലിയ ഭാരമാണ്!

  ReplyDelete
  Replies
  1. ചിലര്‍ക്ക് അത് മാത്രം ലക്ഷ്യവും

   Delete
 3. "വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
  തപ സാധകവുമായ് കാത്തിരിക്കുന്നു..
  അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
  കനല്‍വഴികളില്‍ പാദപതനമാടുന്നു..!'
  ആശംസകള്‍

  ReplyDelete
 4. കൊള്ളാം ട്ടോ ഷിറാസ്‌ .

  ReplyDelete