എന്നെ ലൈക്കണേ....

Saturday, April 16, 2016

...........

വിഷാദമതിന്റെ
വേരുകളാഴത്തിൽ  പടർത്തി
ആത്മാവിനോട് സംസാരിക്കുന്നു..
മുറിഞ്ഞു വീഴുന്ന ഓരോ
മൗനങ്ങളിൽ നിന്ന്
നിറങ്ങൾ വേണ്ടാത്ത ചിത്രങ്ങൾ
വരഞ്ഞു തീരുന്നു..

വർണ്ണങ്ങൾക്കിടയിൽ
ഉപേക്ഷിക്കുന്ന ചില ഇടങ്ങളിൽ നിന്നാണ് ഒരു ചിത്രമതിന്റെ #ഗഹനത സ്വായത്തമാക്കുന്നത്..
കരകൾ കൊണ്ട് ഈ കടലുകളെ വരച്ചു വെച്ച
ദൈവം എന്ന ചിത്രകാരനെ കുറിച്ച്
നീയെപ്പോഴും  പറയുമല്ലോ!

ജീവിതമെന്ന ഗൗളീകാഷ്ടമെന്ന്‌
ഞാനാണയിടുന്ന സായന്തനം;
രാവും പകലും കറുപ്പും വെളുപ്പുമായി നിന്റെ കൺതടങ്ങളിൽ നിഴലിച്ചു കിടന്നു..
അതിനുമപ്പുറം
ചക്രവാളം ചോരപ്പാടുകൾ ചാലിച്ച്
നിന്റെ പ്രണയം നിറഞ്ഞ ഹൃദയം പോലെ...

വിഷാദമതിന്റെ
മുറിവായകൾ വിടർത്തി
മനസ്സിനോട് കലഹിക്കുന്നു;
ഞാൻ നിന്നോട്
നീയെന്നോട്‌
ഞാനെന്നോട്‌
നീ നിന്നോട്
നമ്മൾ നമ്മോട്.......

(നമുക്കിടയിലെ കാലമൊരു
കടലായ് മുന്നിൽ നിറയുന്നുണ്ട്...!)

വിഷാദമതിന്റെ
നഖപ്പാടുകൾ വീഴ്ത്തിയ
നക്ഷത്രമിപ്പോൾ ആകാശച്ചെരുവിൽ തെളിയുന്നു;
നിനക്കവിടെ നിന്നും
എനിക്കിവിടെ നിന്നും
പരസ്പരമെത്തിച്ചേരാനുള്ള
ചില കണ്ണാടിനോട്ടങ്ങളെത്തിരഞ്ഞ്‌...!

(ജീവിതം)
വർണ്ണങ്ങൾക്കിടയിലെ
ഉപേക്ഷിക്കപ്പെടുന്ന
ഇടങ്ങളെ കുറിച്ച് നമ്മോട്
സ്വകാര്യം പറയുന്നു...
(ജീവിതം)
#ഗഹനമായ ഒരു ചിത്രത്തെ കുറിച്ച്
ഓർമ്മ വരുന്നുണ്ടോ....???

🌄🎑🌅

9 comments:

 1. ഗഹനമല്ലെന്ന് തോന്നിക്കുന്ന ഗഹനങ്ങൾ

  ReplyDelete
 2. ജീവിതം - വർണ്ണങ്ങൾക്കിടയിലെ
  ഉപേക്ഷിക്കപ്പെടുന്ന ഇടങ്ങളെ കുറിച്ച്
  നമ്മോട് എന്നും സ്വകാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു...

  ReplyDelete
 3. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete