എന്നെ ലൈക്കണേ....

Tuesday, February 5, 2013

ചന്തുക്കോമരം..


ചന്തുക്കോമരത്തിനു ഇന്ഗ്രീസ് 
മുക്കാനും മൂളാനും അറിയാമായിരുന്നു.. 
എന്ന് വെച്ച്, പരിഷ്കാരത്തിന്റെ ചിഹ്നങ്ങളൊന്നുമണിഞ്ഞില്ല.. 
കാല്‍ശരായി കാലില്‍ പോയിട്ട് 
കൈ കൊണ്ട് തൊട്ട് നോക്കിയിട്ട് പോലുമില്ല...
കുന്നത്തു ബനിയനും 
മടക്കിക്കുത്ത് ലുങ്കിയും 
അതിനും താഴെ തല നീട്ടുന്ന വള്ളിനിക്കറും 
കറുത്തിരുണ്ട കോമരത്തിനു 
വേഷത്തിന്റെ വര്‍ണ്ണങ്ങളെഴുതി..! 
എള്ളും, പൂവും, പൊരിയും, ത്രിത്താവും 
വാളിന്റെ തുമ്പില്‍ ചേര്‍ത്ത് 
ധ്യാനിച്ച്‌ പൂജിച്ച് 
ഭക്തജനങ്ങള്‍ക്ക്‌ മേലെ ചൊരിയുമ്പോള്‍ മാത്രം, 
ചുവന്ന പട്ടും, ചിലങ്കയും, 
മേല്‍മുണ്ടും, ഗോപിയും 
കോമരത്തിന്റെ തനുവില്‍ 
ആര്‍ഭാടത്തിന്റെ അടയാളങ്ങളായി..! 
ഗുളികനും, ചാത്തനും, 
കാളിയും, കൂളിയും, നാഗത്താന്മാരും 
ചന്തുക്കോമരത്തിന്റെ നാവില്‍ 
അരുളപ്പാടുകളായ് 
പിറവിയെടുത്തു കൊണ്ടേയിരുന്നു... 
മറുതയും, യക്ഷിയും, ഒടിയനും, മായനും 
ചന്തുക്കോമരത്തിന്റെ വഴിവരവില്‍ 
പേടിചൊളിച്ചു കൊണ്ടേയിരുന്നു... ! 
.
ചന്തുക്കോമരത്തിനു 
വായിക്കാനറിയാമായിരുന്നു.. 
എന്ന് വെച്ച് കണ്ണിക്കണ്ട- 
മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചിട്ടേ ഇല്ല.. 
ദിനപത്രങ്ങളും, ആനുകാലികങ്ങളും 
അക്ഷരങ്ങള്‍ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം 
ഇടക്ക്.... 
കലാവേദി ലൈബ്രറിയില്‍ നിന്ന് 
നോവലുകളും, കഥകളും 
ഇടയ്ക്കിടയ്ക്ക്...... 
ചെമ്മീന്‍ വായിച്ചു തീര്‍ന്ന രാത്രി, 
പരീക്കുട്ടിയെ പ്രാകിക്കൊന്ന് 
നേരെ അമ്മിണിച്ചോത്തിയുടെ വീട്ടില്‍ ചെന്ന് 
അവളെ വിളിച്ചിറക്കിക്കൊണ്ടു വന്നു.... 
പിറ്റെന്നാള്‍ വേറാരോ താലി കെട്ടേണ്ട 
അവളുടെ കഴുത്തില്‍ 
അമ്പലമുറ്റത്ത് വെച്ച് 
മഞ്ഞച്ചരട് ചാര്‍ത്തി 
കോമരം മൂളി; 
"മുത്തപ്പന്റെ അരുളപ്പാടാ...!" 
കോമരത്തിനു വേണ്ടി 
കാലങ്ങളായി സൂക്ഷിച്ചു വെച്ച 
അവളുടെ പ്രണയം 
അങ്ങനെ ഒരു വഴിക്കായി..! 
.
ചന്തുക്കോമരത്തിനു 
പാടാനറിയാമായിരുന്നു... 
എന്ന് വെച്ച് ശാസ്ത്രീയം, അശാസ്ത്രീയം 
അങ്ങനെ 
വകഭേദങ്ങളുടെ ചതുരങ്ങളൊന്നും 
കോമരത്തിന്റെ പാട്ടിലില്ലായിരുന്നു.. 
കായലരികത്ത് വലയെറിഞ്ഞപ്പം 
വളകിലുക്കിയ സുന്ദരിയെ കുറിച്ച് 
ചന്തുക്കോമരം തന്നെ പാടണം.. 
കൊടുങ്ങല്ലൂര്‍ ഭരണിക്ക് 
പോകുന്ന വഴിക്കാണ് 
കോമരത്തിന്റെ 
അനര്‍ഗ്ഗള സ്വരതാരുണ്യം 
ജനങ്ങള്‍ക്ക്‌ സ്വായത്തമാകുക..! 
തെറിപ്പാട്ട് പടാവോ എന്ന് 
സന്ദേഹം പറഞ്ഞ അബ്ദുമൂപ്പനെ 
ഉപ്പ,യുപ്പൂപ്പമാര്‍ക്ക് വിളിച്ച് 
തെറിപ്പാട്ടില്‍ കുളിപ്പിച്ചിട്ടും 
വര്‍ഗ്ഗീയ കലാപങ്ങളൊന്നും 
ഉണ്ടായുമില്ല...!! 
.
ചന്തുക്കോമരത്തിനു 
ജീവിക്കാനറിയില്ലായിരുന്നു.. 
നാടാറുമാസം പോലെ 
കാവുകളിലെ പൊറുതിയും, 
കാടാറുമാസം പോലെ 
വേലയില്ലാ വറുതിയും 
ജീവിതത്തിന്റെ അരുളപ്പാടുകള്‍ 
തെറ്റിച്ചുകൊണ്ടിരുന്ന
ഒരു കര്‍ക്കിടകത്തില്‍, 
ചന്തുക്കോമരം 
മഴ നനഞ്ഞ മരത്തിന്റെ 
താഴേക്കു തൂങ്ങിയ ചില്ലയായി..!! 

....ശുഭം...

2 comments:

 1. ചന്തു കോമരം പറയട്ടെ , ഇന്ന് പറയാൻ അറിയാത്ത ഈ നാടിനോട്

  ReplyDelete
  Replies
  1. അത് ഒരു സംസ്കാരത്തിന്റെ തിരിച്ചറിവാണ്..!
   നന്ദി..

   Delete