എന്നെ ലൈക്കണേ....

Tuesday, January 1, 2013

പുതുവത്സരാശംസകള്‍..

കാലങ്ങള്‍ക്കിടയിലെ അക്കങ്ങളുടെ ചതുരങ്ങള്‍ 
കറുപ്പും ചുവപ്പും പുതച്ചു കിടക്കുമ്പോള്‍ 
ഒരു ഹിമകണത്തിന്റെ ശീത സൌന്ദര്യം 
കലണ്ടര്‍ക്കിനാവുകളില്‍ കലരുകയാണ്.. 
അസ്തമിച്ച പകലിനും 
വീണ്ടുമുദിച്ച മറുപകലിനുമിടയില്‍ 
ഇരവു നുരഞ്ഞ വീഞ്ഞുപാത്രത്തില്‍ 
നിലാവലിഞ്ഞു വീണു..! 
ആശംസകളില്‍ പ്രത്യാശ കലരുന്നതു 
മാനവീയത്തിന്റെ ഉദാരത .. 
തെരുവില്‍ പടര്‍ന്ന ചോരച്ചുവപ്പ് കൊണ്ട് 
ചക്രവാളത്തോളം നിറവുള്ള സാധ്യത പോലെ 
പുതിയൊരു കാലപ്രകര്‍ഷം..! 
അഴിഞ്ഞുലഞ്ഞ പെണ്‍കനവുകള്‍ക്ക് 
തിരികെ നല്‍കാന്‍ റെഡിമെയ്ഡ് മാനം..!! 
(മുഷിയില്ല....!)
പുതു വസന്തങ്ങള്‍ കാത്തുകിടക്കുന്ന 
ഈ കലികാല സരണിയില്‍ 
പ്രതീക്ഷകളുടെ ദലമര്‍മ്മരങ്ങള്‍ 
മന്ത്രിച്ചു കൊണ്ടിരിക്കട്ടെ.. 
ഇനിയും പുലരാത്ത നിയമകല്പനകള്‍ 
പെയ്തൊഴിയാന്‍ മേഘങ്ങളാകട്ടെ.. 
ബാല്യങ്ങളും കൌമാരങ്ങളും യൌവ്വനങ്ങളും 
ഭീതിയേതുമില്ലാതെ രാവിലും, തെരുവിലും, 
ബസ്സിലും, ട്രെയിനിലും ചരിക്കുമാറാകട്ടെ.. 
വിഷം തളിച്ച് അര്‍ബുദം ബാധിച്ച സ്വപ്ങ്ങള്‍ 
പറങ്കി മാങ്ങകള്‍ പോലെ ചവര്‍ച്ച മധുരം 
കാസര്‍ഗോഡിനു തരാതിരിക്കട്ടെ.. 
ലാലൂരും, വിളപ്പില്‍ശാലയും 
മലയാളത്തിന്റെ ചവറ്റു കൊട്ടയാവാതിരിക്കട്ടെ.. 
നാദാപുരവും, മാറാടും 
മലയാളിയുടെ മാനം കെടുത്താതിരിക്കട്ടെ.. 
ലോകാസമസ്തോ സുഖിനോ ഭവന്തു..! 
അതാട്ടെ, നമ്മുടെ നവവത്സരാശംസ..!!
4 comments:

 1. ഫോണ്ട് കണ്ണില്‍ കുത്തുന്നു ശിരു

  ReplyDelete
 2. പുതു വസന്തങ്ങള്‍ കാത്തുകിടക്കുന്ന
  ഈ കലികാല സരണിയില്‍
  പ്രതീക്ഷകളുടെ ദലമര്‍മ്മരങ്ങള്‍
  മന്ത്രിച്ചു കൊണ്ടിരിക്കട്ടെ..

  പ്രതീക്ഷയില്‍ നമുക്ക്‌ ജീവിക്കാം...

  ReplyDelete
 3. എന്ത് മനോഹരമായ സ്വപ്‌നങ്ങള്‍

  ReplyDelete
 4. ഈ ചുവന്ന നിറം വായനയെ തടസ്സപ്പെടുത്തിട്ടോ..

  ReplyDelete