എന്നെ ലൈക്കണേ....

Friday, November 14, 2014

കവിത

ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! ......... 
വര: അസ്രൂസ് 

6 comments:

 1. ഇതാണെന്റെ കവിത
  ഇതൊക്കെയാണെന്റെ കവിത

  നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. പതിവിനു വിപരീതമല്ല .. അജിത്തേട്ടന്‍ വന്നു..
   സന്തോഷം

   Delete
 2. എന്നിലെയെന്നെഞാന്‍ 
  തുന്നുന്ന തൂവാല 
  എന്നില്‍ നിന്നെന്നെ  ഞാന്‍ 
  കോര്‍ക്കുന്ന മാല 
  എന്നിലേക്കെന്നെ ഞാന്‍ 
  നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 

  ഈ വരികള്‍ വളരെയിഷ്ടപ്പെട്ടു...

  ReplyDelete
 3. "എന്നിലേക്കെന്നെ ഞാന്‍
  നോക്കുന്ന ജാലകമാണെന്‍റെ കവിത."
  നന്നായിരിക്കുന്നു.

  ReplyDelete