എന്നെ ലൈക്കണേ....

Wednesday, February 19, 2014

ഉതിരുന്ന ഓര്‍മ്മക്കല്ലുരുട്ടി ഒരു ഭ്രാന്തന്‍റെ ജല്‍പ്പനങ്ങള്‍..



ഗിരിശൈലമേ നിന്നി-
ലിനിയുമൊരു ഭ്രാന്തന്‍റെ
സ്വപ്നശിലാ പ്രയാണം..
വാക്കുകള്‍ നിരത്തി-
യോര്‍മ്മകള്‍ ചേര്‍ത്തുരുട്ടിയീ
മുഖപുസ്തകത്താളി-
ലൊരു ഗമനദുന്ദുഭി....!
നിണമിറ്റി വീണെത്ര
മുകിലിന്‍ കബന്ധങ്ങള്‍
നിന്‍ ശിരോധമനിയില്‍
പുഴയായ് പുനര്‍ജനി..
മൊഴിവറ്റി മൗനത്തിനു-
ള്‍പ്പിരിവിലൂടെത്ര
കാറ്റിന്‍ ഹൃദന്തങ്ങള്‍
നീ നെയ്ത നിര്‍വൃതി....!


മഴകളായ് മറവികള്‍ ഊര്‍‍ന്നിറങ്ങി
താഴ്വരകളില്‍ കാലങ്ങളിടറി വിണ്ടു;
പാഴ്നിലാവിന്‍റെ ശവകുടീരങ്ങളായ്- 
രാത്രികളഴലിന്‍റെ നിഴല്‍വീണുറങ്ങി....!


പഴയൊരു പകല്‍ പിന്നി-
ലിളവെയില്‍ തുന്നിയെന്‍
ബാല്യമാം ഹേമന്തമധുരം
പകര്‍ന്നതും,,,,
ഇടവഴിയില്‍ സായാഹ്ന-
നാളമായവളുടെ
പരിഭവനിറങ്ങളെ  
പ്രണയം കവര്‍ന്നതും,,, 
മുനകൂര്‍ത്ത നോക്കിന്‍റെ
ഖഡ്ഗക്ഷതങ്ങളില്‍
മുറിവേറ്റ മൗനമാ-
യുയിരുയിരറിഞ്ഞതും,,,,
ഇനി ചേരുവാ-
നിടയിലിടമേതുമില്ലാതെ
ദേഹവും ദേഹിയു-
മൊരലകടല്‍ നനഞ്ഞതും,,,
ഏതു സ്വര്‍ഗ്ഗത്തിന്‍റെ
നൈമിഷികലാളനം....;
ഏതു സ്വപ്നത്തിന്‍റെ
രതിസുഖനിമന്ത്രണം......!!


ഇനിയെന്‍റെയോര്‍മ്മകള്‍
മറവികളാ-
യാര്‍ദ്രവര്‍ണ്ണങ്ങള്‍ മാഞ്ഞ-
മഴവില്‍ക്കൊടികളായ്..
ഇനിയെന്‍റെ മറവികള്‍
ഓര്‍മ്മകളായ്
സ്നിഗ്ദ്ധശിഖരങ്ങള്‍ മേഞ്ഞ-
നിലാമരത്തണലായ്......!


മാമലമേലെ, മറവിയുടെ കല്ലറക-
ളെന്നെ മണ്‍മൂടുന്ന മുന്നേ,
ഉതിരുന്നൊരോര്‍മ്മയില്‍
ഭ്രാന്തമാം സ്വപ്നഖനി മാത്രമെന്‍ സ്വന്തം;
ഞാനാണു ശൈലമേ പഴയൊരാ ഭ്രാന്തന്‍....!!!

.......ശുഭം....
 

4 comments:

  1. മുഖപുസ്തകത്താളിലൊരു ഗമനദുന്ദുഭി....! അതെന്താ അങ്ങനെ ? ബാക്കി എല്ലാം നന്നായി ആസ്വദിച്ചു.

    ReplyDelete
    Replies
    1. ഫേസ്ബുക്കിലെ ഒരു ഭ്രാന്തനില്‍ നിന്ന് പഴയ ഭ്രാന്തനിലേക്കുള്ള പരകായപ്രവേശമാണ്...// തമാശയില്‍ നിന്ന് എഴുതി തീര്‍ന്നപ്പോള്‍ ആ വരികള്‍ മായ്ക്കാന്‍ തോന്നിയില്ല. ഫേസ് ബുക്ക് ഭ്രാന്തനു സമര്‍പ്പിക്കുന്നു ഈ കവിത

      Delete
  2. കവിത ഇഷ്ടപ്പെട്ടു

    ReplyDelete