എന്നെ ലൈക്കണേ....

Saturday, November 16, 2013

കുന്നത്തങ്ങാടികുന്നേലച്ചന്റെ വരവിനു മുന്‍പ്
'കുന്നത്തങ്ങാടിയുടെ' പേരിന്
അവസ്ഥാന്തരങ്ങളില്ലായിരുന്നു..!
ദ്വയാര്‍ഥങ്ങള്‍ കന്മഷം തീണ്ടാതെ
കുന്നിന്‍ പുറത്തെ അങ്ങാടിയായി
പരിലസിച്ച നാളുകള്‍...
'നാടന്‍' എന്ന സാമാന്യവാക്കിനു പിറകെ,
കായക്കുല, ചേന, ചക്ക, മാങ്ങ
ഇനിയും പേരു പറഞ്ഞും, പറയാതെയും
ഗ്രാമത്തിന്‍റെ വിശുദ്ധവിളകള്‍
വില്‍ക്കപ്പെടുന്ന ഇടം..!
പരിശുദ്ധ അന്തോണീസ് പുണ്യാളനെ
വാഴ്ത്താനും; ഇടവകയിലെ കുഞ്ഞാടുകളെ
നേര്‍വഴിക്കു നടത്താനും
ഗ്രിഗരീസ് അച്ഛനെ സെമിനാരി നിയോഗിച്ച ദിവസം,
ആകാശത്തെ നക്ഷത്രങ്ങള്‍
ഓട്ടകണ്ണിട്ട് നോക്കിയത്
കുന്നത്തങ്ങാടി ചന്തയുടെ
ജാതകത്തിലേക്കായിരിക്കാം.....!
തൊലി വെളുത്ത അച്ഛന്‍
മനം കൂടി വെളുത്തവനായിരുന്നു..
ശീമയില്‍ നിന്നു കിഴക്കിന്റെ സീമയിലേക്ക്
ഉദിച്ച സൂര്യനെ പോലെ...
ആംഗലേയത്തില്‍
പേരു വിളിക്കപ്പെടാന്‍ വിധിക്കപ്പെട്ടിട്ടും
'കുന്നത്തെ അങ്ങാടിയുടെ' പാതിരിയെ
കുന്നേലച്ചനായി
നാട്ടുകാര്‍ വാഴ്ത്തിത്തുടങ്ങിയത്
അങ്ങനെയായിരുന്നു..
(ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന മുന്നേയാണെ..)
അങ്ങനെ കുന്നേലച്ചന്‍
മനസാ വാചാ കര്‍മണെ അറിയാതെ
കുന്നത്തങ്ങാടിയെ പേര് വിളിച്ചു ഭര്‍സിച്ചു തുടങ്ങി!
അങ്ങാടിയുടെ പേരില്‍ പുരണ്ട
അശ്ലീലത്തെ അപലപിക്കാന്‍
അന്ന് മുഖപുസ്തകങ്ങള്‍ തുറന്നിരുന്നില്ല..
ലൈവ് ചര്‍ച്ചകളോ, ചാനലുകളോ
മാധ്യമസിണ്ടിക്കേറ്റുകളോ ഉണ്ടായിരുന്നില്ല..
മനസ്സിലെ സ്നേഹം മുഴുവന്‍ ചാലിച്ച്
കുന്നെലച്ചന്‍
കുന്നത്തങ്ങാടിയെ വിളിച്ചു നടന്ന തൊടികളില്‍
ശീമക്കൊന്നകളും, വേലിപ്പത്തലുകളും
അശ്ലീലത്തെക്കുറിച്ച് ചിന്തിച്ചുമില്ല...
നല്ല ശമരിയാക്കാര്‍ കൂലംകഷമായി ചര്‍ച്ച ചെയാന്‍
അതൊരു സഭാവിഷയമായില്ല...

കാലങ്ങള്‍;
ചെളി നനഞ്ഞ പാടങ്ങളില്‍ നിന്നു
പറന്നു പോകുന്ന ദേശാടനക്കിളികളുടെ
ചിറകടികളായി...!!

കുന്നത്തങ്ങാടിയിലെ പഴയ ചന്ത
ഇപ്പോഴില്ല,
കുന്നേലച്ചനുമില്ല,
നാടന്‍ പാട്ടിലെ
കൈതോലപ്പായ വിരിച്ചു
പറെലൊരുപിടി നെല്ല് പൊലിച്ച്
കുഞ്ഞിന്‍റെ കാതുകുത്താന്‍ പോയ
അമ്മാവന്‍മാര്‍ കുടിക്കാന്‍ കേറിയ
ഷാപ്പുമില്ല..!!

സ്വാതന്ത്ര്യം കിട്ടിയ
എല്ലാ ഗ്രാമത്തെയും പോലെ
കുന്നത്തങ്ങാടിയിപ്പോള്‍
ആധുനികതയുടെ വില്‍പ്പനശാലയാണ്..!
നമ്മള്‍ മറന്നു പോയ
ഗ്രാമത്തിന്‍റെ വിശുദ്ധിയുടെ വിളപ്പില്‍ശാല!!


-------
ഇത് കുന്നത്തങ്ങാടിയുടെ ചരിത്രമല്ല.
വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് മാത്രം..

12 comments:

 1. വെറും ഭാവനയുടെ പകര്‍ത്തെഴുത്ത് കൊള്ളാവേ.......!!!

  ReplyDelete
  Replies
  1. അജിയേട്ടാ... നന്ദി, സന്തോഷം..!!

   Delete
 2. നല്ല ഭാവനയാണല്ലേ,,,നന്നായിട്ടുണ്ട് കുന്നത്തങ്ങാടിയുടെ

  ReplyDelete
 3. വരികൾ അത് കാലം വായിക്കട്ടെ

  ReplyDelete
  Replies
  1. താങ്കളുടെ അഭിപ്രായം തല്‍കാലം ഞാന്‍ വായിക്കട്ടെ.. സന്തോഷം..

   Delete
 4. കുന്നേലച്ചനും കുന്നത്തങ്ങാടിയുമില്ല !! വിളപ്പില്‍ ശാലകള്‍ മാത്രം കൂടുന്നല്ലോ ഇക്കാ!! :(

  ReplyDelete
 5. നന്നയി എഴുതി ...
  ഇതാണ് എന്റെ ബ്ലോഗ്‌ ...താങ്കൾ വായിക്കുമല്ലോ

  http://www.vithakkaran.blogspot.in/

  ReplyDelete
  Replies
  1. നന്നായി എന്ന് പറഞ്ഞത് കൊണ്ട് നോക്കൂല// അല്ലാതെ നോക്കാം
   സന്തോഷം//

   Delete
 6. അച്ചന്മാരൊക്കെ ഇപ്പോൾ കസ്തൂരിരംഗൻ റിപ്പോർട്ട് വായിച്ച് പഠിക്കുന്ന തിരക്കിലല്ലോ..

  ReplyDelete
  Replies
  1. ഒരച്ചന്‍ മാത്രം പഠിക്കൂല//

   Delete