എന്നെ ലൈക്കണേ....

Saturday, February 27, 2010

കാത്തിരിക്കുന്നവന്‍റെ കവിത



സൂര്യഗായത്രി നീ...
മധുരഭരഗാത്രി നീ...
ഊഷര പതംഗങ്ങളാടുന്ന രാത്രിയില്‍
വിരഹപദ ഗന്ധങ്ങളാളുന്ന മാത്രയില്‍
എന്നാത്മശിഖിരത്തിലൊരു മൗനശിബിരമായ്
എന്‍ ഹൃദയധമനിയില്‍ നൊമ്പരധനുസ്സുമായ്‌
ഇനി യാത്ര മൊഴിയാതെ യാത്രയാവുന്നു നീ!
പിന്‍വിളികളായെന്‍റെ പ്രണയശലഭങ്ങള്‍ തന്‍-
ചിറകടികള്‍; ചിരകാലമായ് നാം മദം കൊണ്ട
രാക്കനവുകള്‍ തന്‍റെ ചെം നിറങ്ങള്‍...
പിന്തുടരുവാനെന്‍റെ ജന്മയാനങ്ങള്‍ തന്‍-
അനഘ പ്രയാണങ്ങള്‍ നേര്‍ന്ന ചരണങ്ങള്‍..!
രാവിന്‍ നിഴല്‍ കൊണ്ട് തീര്‍ത്ത ചലനങ്ങളില്‍..
സങ്കല്പമഗ്നി തിരയുന്ന ജ്വലനങ്ങളില്‍..
എന്‍റെ സ്വപ്നങ്ങളില്‍..
സ്മൃതി ജാലകങ്ങളില്‍..
ഒരു നേര്‍ത്ത നിനദമുയരുന്നു;
കരള്‍- പിടഞ്ഞൊരു വാനമ്പാടി പാടുന്നു!
ഇനിയെന്‍റെ പുലരിയില്‍ സൂര്യനില്ല...
ഇനിയെന്‍റെയിരവുകള്‍ക്കാതിരകളില്ല...
ഇനിയെന്‍റെയധരങ്ങള്‍ ചിരി തൊടില്ല; ഇനി-
യെന്‍ കവിതയില്‍ മോദ ലഹരിയില്ല!
വഴിക്കണ്ണുകള്‍ നാട്ടു നിശ്ചേഷ്ടനായ്
നിന്‍റെ വിരഹത്തിലുയിരറ്റു വീഴാതിരിക്കാന്‍
ഭൂപടങ്ങള്‍ തന്‍റെ കുറുകെ ത്തളിര്‍ക്കുന്ന
രേഖാംശരേഖയാണെന്നാശ്രയം..!
തുടങ്ങുന്നിടത്ത് തന്നെ തിരിച്ചെത്തുന്ന
യാത്രാപഥങ്ങളാണിന്നെന്‍റെ സ്വാന്ത്വനം..!!
പോയ്‌ വരിക പ്രേയസീ,
പാഥേയമായെന്‍റെ ഹൃദയവും പേറി നീ
പോയ്‌ വരിക; പഥ സീമകള്‍ നിന്‍റെ
പാദചിഹ്നങ്ങളെ കാത്തിരിക്കുന്നു...!
ഇവിടെ,
നിനക്കായ്‌ ഞാനും കാത്തിരിക്കുന്നു...!!

----ശുഭം----

No comments:

Post a Comment