എന്നെ ലൈക്കണേ....

Monday, August 28, 2017

■□■□■□■□■□■□■

കവിയുടെ വീട്;
അടുക്കി വെച്ച പുസ്തകങ്ങൾക്കപ്പുറം
ചിതറിക്കിടക്കുന്ന
വാക്കുകൾ..
ഏതു നിമിഷവും
മഷി തീർന്നു പോയേക്കാവുന്ന
പാർക്കർ പേന..
മൗനം തിന്നു തീർത്ത
രാപ്പകലുകൾ..
കരച്ചിൽ തിളയ്ക്കുന്ന
അടുക്കള..
മഴയുടെ നൂലേണിയേറി
മാനത്തേക്ക്
കയറിപ്പോകാവുന്ന
ചായ്പ്പ്..
കവിതകൾ,
മുളകും
മാങ്ങയും
നാരങ്ങയും ചേർത്ത്
ഉപ്പിലിട്ടു വെച്ച ഭരണികൾ..
കുടിച്ചു തീർത്തിട്ടും
ബാക്കിയായ
കവിതകളുടെ
ചില്ലുപുസ്തകങ്ങൾ...
മുറ്റം;
പുല്ലുകളുടെ
ഹരിതലിപികളാൽ
എഴുതപ്പെട്ട ഖണ്ഡകാവ്യം..
അടച്ചിടാനാവാത്ത ഗേറ്റ്;
ഓർമ്മയുടെ തുരുമ്പിച്ച ഭൂപടം..!

മറവിയുടെ ഓടാമ്പലിട്ട
വാതിലിനപ്പുറം
കവിയുടെ വീട്
മയങ്ങുന്നു..

എത്രയോ കൊല്ലങ്ങൾ
ഉണ്ണാതെ മിണ്ടാതെ
വെയിലും കാറ്റും മഴേം മഞ്ഞും കൊണ്ട്
കവിക്ക് വേണ്ടി ഉറങ്ങാതിരുന്നോളാണ്....
പാവം,
ഉറങ്ങിക്കോട്ടെ.....!
●○●○●○●

2 comments:

 1. എത്രയോ കൊല്ലങ്ങൾ
  ഉണ്ണാതെ മിണ്ടാതെ
  വെയിലും കാറ്റും മഴേം മഞ്ഞും കൊണ്ട്
  കവിക്ക് വേണ്ടി ഉറങ്ങാതിരുന്നോളാണ്....
  പാവം, ഉറങ്ങിക്കോട്ടെ.....!

  ReplyDelete
 2. മായാത്ത ചിത്രംപോലെ തെളിഞ്ഞുനില്‍ക്കുന്ന വരികള്‍!
  ആശംസകള്‍

  ReplyDelete