എന്നെ ലൈക്കണേ....

Monday, August 28, 2017

●○●○●○●


മാരത്തള്ളി അഥവാ
മാർത്തഹള്ളിയിലെ ദിവസങ്ങൾക്കു
ചാണകത്തിന്റെ മണവും,
നായ്ക്കളുടെ നോട്ടവും,
സൈനികവിമാനങ്ങളുടെ ഇരമ്പവുമായിരുന്നു...
പ്രതീക്ഷ ബാറിന്റെ കോണിപ്പടിയിൽ പരസ്പരം
വാക്കും, ഗോൾഡ് ഫ്‌ളേക് കിങ്ങും
പുകച്ചു തള്ളി നമ്മളിരുന്നു..
പണിക്കർ ട്രാവൽസിലെ
കന്നഡ മാത്രം മാത്താടുന്ന മലയാളി പെണ്ണിനെ
ചിന്തകളിൽ ചുംബിച്ചു പകലുകളും,
സ്വപ്നങ്ങളിൽ രമിച്ചു രാത്രികളും.....!
മോണോറെയിൽ മുറിച്ചിട്ട
നഗരത്തിന്റെ ഹൃദയം പോലെ,
നമ്മളും;
ഒന്നാണെങ്കിലും രണ്ടായിരുന്നു...
ചങ്ങാതി,
നമുക്കിടയിലൊരു മൗനത്തിന്റെ റിങ് റോഡുണ്ടായിരുന്നു..
വോഡ്കയുടെ ചവർപ്പിൽ
മുങ്ങിപ്പോയ ഒരു ഡിസംബർത്തെരുവിൽ
നാക്കിൽ മരിച്ച വാക്കുകൾ കൊണ്ടെന്നെ നോക്കി
നീ നടന്നു പോയി;
ആൾക്കടലിന് മുകളിലൂടെ പ്രവാചകനെ പോലെ.....!
നിന്റെ പ്രയാണത്തിന്റെ തുടർച്ചകൾ
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിൽ നിന്ന്
തിരിച്ചെടുക്കാൻ കഴിയാത്ത പാതകൾ പോലെ
എന്നിൽ ബാക്കിയായി.

കാലമൊരു തീവണ്ടിയായിരുന്നു..
അനുനിമിഷം ക്ലിക്ക് ചെയ്തു കൊണ്ടിരുന്ന
'പകൽക്കിനാവന്റെ' ക്യാമറകവിതകൾ പോലെ
ജനലുകൾ പരശ്ശതം ചിത്രങ്ങൾ നെയ്തു കൊണ്ടിരുന്നു..
തുടർച്ചയായ നിശ്ചലദൃശ്യങ്ങളുടെ കൊളാഷുകൾ;
(തുടർച്ചകൾ മടുപ്പിക്കുമെങ്കിലും...!)

ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇഴഞ്ഞെത്തിയ ജൂണിൽ
പാലികാബസാറിന്റെ ആൾച്ചുവരുകൾക്കുള്ളിൽ
നിന്നെ ഞാൻ വീണ്ടും കണ്ടെത്തി..
ജോധ്പുരി ചപ്പലു വിറ്റു ഭേൽപുരി മേടിച്ചു തിന്നു
'കുഴൂരിന്റെ' കവിത മൂളി നീ ജീവിച്ചു കൊണ്ടിരുന്നു.
"നോക്ക്, ഈയാകാശത്തിലേക്ക് വേരുകൾ മുളച്ച
അവന്റെ കവിതമരത്തിലേക്ക്  കയറിക്കയറിപ്പോവുകയാണ് ഞാൻ"
ഭാംഗിന്റെ ചൂരുള്ള നിശ്വാസങ്ങൾ കൊണ്ട്
നീയെന്നെ തൊട്ടുകൊണ്ടിരുന്നു...

അടർന്നുവീണ നിമിഷദളങ്ങൾ എന്ന് ക്ളീഷേ പുരട്ടി വിളിച്ചു
സമയത്തിന്റെ കടൽവഴിയിലൂടെ
മരുഭൂമിയിലേക്ക് സ്വയം നഷ്ടപ്പെട്ട സെപ്റ്റംബർ..
ഉരുകിത്തിളക്കുന്ന ലോഹപ്പാത്രമാണ്
ഈ നഗരമെന്ന് നീ പറയുമായിരുന്നു എന്ന് ഞാനോർത്തു ..
ജോലിത്തിരക്കുകളിൽ നിന്ന് ജോലിത്തിരക്കുകളിലേക്ക്
പണിതിട്ട പാലങ്ങളായിരുന്നു ദിവസങ്ങൾ..
നിന്നെ ഞാൻ മറന്നു പോയിരുന്നു..
എന്തിനു,
എന്നെ പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു...
എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്ന
ദളങ്ങളായിരുന്നു ഞാൻ...

ഇപ്പൊ നിന്നെ ഓർക്കാൻ കരണമെന്താവോ??
"നീയും ഞാനുമില്ലാത്ത കവിതയെഴുതിത്തീർന്നു;
മരണമെന്ന് പേരിട്ടു"
എന്ന സ്റ്റാറ്റസ് അപ്‌ഡേഷന് ശേഷമായിരിക്കണം..
നീയിപ്പോൾ എവിടെയായിരിക്കും??
ഒരുപക്ഷെ,
ഏതെങ്കിലുമൊരു പൗരാണിക നഗരത്തിലെ
വിഗ്രഹങ്ങളുടെ വ്യാപാരശാലയിൽ,
അല്ലെങ്കിൽ വാക്കുകൾ വിൽക്കുന്ന ഒരു പത്രമോഫീസ്...
അതുമല്ലെങ്കിൽ,
തുടർച്ചകളിൽ മനം മടുത്തു മഹാമൗനത്തിന്റെ
നിശ്ശബ്ദതയിൽ..

സാധ്യതകൾ ആകാശത്തിലേക്ക് വേരുമുളച്ചു തുടങ്ങിയ മരമാകുന്നു;

ചിലപ്പോൾ നീയിപ്പോഴൊരു
ആൾദൈവമായിരിക്കും;
നമ്മുടെ നാട്ടിലിപ്പോൾ അതിനാണല്ലോ ഒരു ഒരു ഒരിത്....!!

□■□■□■□■

2 comments:

 1. എന്നെ പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു...
  എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്ന
  ദളങ്ങളായിരുന്നു ഞാൻ...

  ReplyDelete
 2. സാധ്യതകൾ ആകാശത്തിലേക്ക് വേരുമുളച്ചു തുടങ്ങിയ മരമാകുന്നു;
  ആശംസകള്‍

  ReplyDelete