എന്നെ ലൈക്കണേ....

Monday, June 9, 2014

വീണ്ടുമൊരു പെണ്‍കുട്ടിയെക്കുറിച്ച്...


-1-
എനിക്ക് പറയാനുള്ളത്,


ആകാശം നിറഞ്ഞ കണ്ണുകളും
സാഗരം നിറഞ്ഞ ചിരികളും
വേനല്‍ പഴുത്ത നോട്ടവും
മഴ തുടുത്ത വാക്കുമായി
മഞ്ഞുപുതച്ച ഒരു പച്ചക്കവിതയില്‍ നിന്നിറങ്ങി വന്ന
കുഞ്ഞു മാലാഖയെ കുറിച്ചാണ്..


പുളിങ്കുരു കൊണ്ട്
കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്
അറ്റം ചതഞ്ഞ ഒരു മയില്‍പ്പീലിത്തുണ്ട് കൊണ്ട്
അവളെന്‍റെ ബാല്യം മെനയുന്നത്
അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍
കാലം പഴയൊരു ടാക്കീസിലെ
തിരശ്ശീലയാവുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ?? 


ഇന്നും ഒരു പെണ്‍കുട്ടിയെ കുറിച്ച്
എന്തിനാണ് നീയിങ്ങനെ ഓര്‍ത്തെടുക്കുന്നത്
എന്നൊരു ചെമ്പോത്ത് വാലാട്ടുന്ന
തൊടിയിലേക്ക്‌ 
പഴയൊരു നീലനിക്കറുകാരന്‍
പുള്ളിപ്പയ്യിനെ പോലെ
തുള്ളിച്ചാടി പോകുന്നുണ്ട്...
തോട്ടിന്‍വക്കത്തെ
ഒറ്റാലിക്കൂട്ടില്‍ കുടുങ്ങിയ
പള്ളത്തിയെ പോലെ മനസ്സും..!


-2-
അപ്പോഴും,
ആ പെണ്‍കുട്ടി
സ്വപ്നം നിറഞ്ഞു
നിദ്രയും കടന്നു
രാത്രികളെ കവിഞ്ഞു
പകലുകളിലേക്കെയ്യുന്ന
ചില ചോദ്യങ്ങളുണ്ട്..


ആ ചോദ്യങ്ങളില്‍,
മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ വാവലുകളാകുന്ന 
ചുവന്നു നരച്ച ബാല്‍ക്കണികള്‍ക്കപ്പുറത്ത്
രാതികള്‍ മാത്രം കാണാനുള്ള
കണ്ണുകളുറങ്ങുന്ന ചില ഇടങ്ങളുമുണ്ട്...!


മാലാഖയുടെ വെളുത്ത ചിറകുകളില്‍ 
രുധിരവര്‍ണ്ണം കലര്‍ന്നതെങ്ങിനെയെന്ന
ചോദ്യം ഇപ്പോള്‍ ഉത്തരമാകുന്നു....!!.............

9 comments:

 1. വെളുത്ത ചിരികളില്‍ രുധിരവര്‍ണ്ണം കലരാതിരിയ്ക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആഗ്രഹം.

  പിന്നെ എങ്ങനെയാണ് ഈ രുധിരവര്‍ണ്ണം പടരുന്നത്............??!!

  ReplyDelete
  Replies
  1. വെളുത്ത ചിരികള്‍ കറുക്കുകയും ചിറകുകള്‍ ചൊമക്കുകയും ചെയ്യുന്നിടത്തല്ലേ കാലിക സദാചാരപക്ഷി ചേക്കേറുന്നത്?? :/

   Delete
 2. ഒരിക്കലും മായാത്ത മധുരിക്കും ഓര്‍മ്മകള്‍.

  ReplyDelete