എന്നെ ലൈക്കണേ....

Monday, June 2, 2014

മനുഷ്യപുരാണം


——————————————
സീനയുടെ പര്‍ദ്ദയുടെ പേര്
‘ഹ’ എന്നായിരുന്നിരിക്കണം;
കാരണം,
പര്‍ദ്ദയിട്ടപ്പോള്‍ സീനയുടെ പേര്
‘ഹസീന’യെന്നായിരുന്നു!
സ്വല്‍പ്പം പരിഷ്കാരം
പേര്‍ഷ്യന്‍ ‘ഊദി’നൊപ്പം പൂശിയ
മാമന്‍മാരുണ്ടായിരുന്നത് കൊണ്ട്
‘കമലാനെഹ്രുവില്‍’ എസ്സെസ്സെല്‍സിയും
‘മായ ആര്‍ട്സ് കോളേജില്‍’ പ്രീഡിഗ്രിയും
ഹസീനക്ക് സ്വായത്തമായി…
കെട്ടുപ്രായം കഴിഞ്ഞിട്ടും
’17′ വയസ്സില്‍ തയ്യലു പഠിക്കാന്‍ പോയി…!
കവലയില്‍ വെച്ച്
കണ്ടുമുട്ടാറുള്ള ക്രിസ്ത്യാനിച്ചെക്കന്‍
അവളുടെ മനസ്സിന്‍റെ ‘കഅബയെ’ ‘ത്വവാഫ്’ ചെയ്യാന്‍ തുടങ്ങിയ
ഒരു വേനല്‍ക്കാലം മുതല്‍
ആദ്യാനുരാഗത്തിന്‍റെ സൂര്യകിരണങ്ങള്‍
അന്തരാത്മാവിനെ തൊട്ടുണര്‍ത്തിയതും,
നിദ്രാവിഹീനങ്ങളായ രാത്രികളും
മൗനജനീനങ്ങളായ പകലുകളും
അവളുടെ കനവുകളും, നിനവുകളും പകുത്തതും,
എല്ലാം,
കഥയിലെ മഴ പോലെ
കവിതയിലെ കടല്‍ പോലെ
പെയ്തു; നുരഞ്ഞു….!!
***
സ്നേഹം നിറഞ്ഞുതുളുമ്പിയ ഹൃദയങ്ങള്‍
ഇരുവര്‍ക്കും താങ്ങാനാവാത്ത ഭാരങ്ങളായപ്പോള്‍
പരസ്പരം പകര്‍ന്നു തീര്‍ക്കുവാന്‍
ജന്മങ്ങള്‍ കൊണ്ടവര്‍ കടം മെനഞ്ഞു;
കോയമ്പത്തൂരിലേക്കുള്ള ആനബസ്സില്‍
അവരുടെ പ്രണയം നിറച്ച ശരീരങ്ങളും….!
***
കൊവെയിലെ വറുഗീസുമാപ്ല
ഹൃദയവിശാലത കൊണ്ടല്ല അവരെ സ്വീകരിച്ചത്,
മരണത്തെക്കാള്‍ വേദന പകരുന്നതായിരുന്നു
‘തറവാട്ടുപയ്യന്‍റെ എരണം കെട്ട ഏര്‍പ്പാട്.
ഇനിയെങ്ങനെ നാട്ടാരെ കാണാനാണ്??
ഈശോ,
കുടുംബത്തിന്‍റെ മാനം കപ്പലു കയറിയല്ല്…!!’
പക്ഷെ, മറിയാമ്മചേടത്തി നയതന്ത്രജ്ഞയായിരുന്നു;
അതുകൊണ്ട് തന്നെ,
അന്ന് മുതല്‍ ഹസീന ആന്‍റണി കെട്ടിയ സീനയായി!
കുരിശുമൂട്ടില്‍ തറവാടിന്‍റെ മണവാട്ടിയായി!!
***
പ്രണയത്തിന്‍റെ മാമോദീസ മുങ്ങിനിവര്‍ന്നപ്പോള്‍
‘ഹ’ യെന്ന പര്‍ദ്ദയഴിഞ്ഞു വീണ സീനയെ
ആന്‍റണി ചേര്‍ത്തു പിടിച്ചു:
‘അലിഞ്ഞു പോയത് നീയല്ല, ഞാനല്ല….
നമ്മിലെ ജാതിമതങ്ങളാണ്….!
നമുക്കിടയിലെ അതിര്‍വരമ്പുകളാണ്…!!’
***
ദൈവത്തെ പോലെ
മതമില്ലാതെ രണ്ടു മനുഷ്യര്‍
ജീവിതം തുടങ്ങിയത് അങ്ങനെയാണ്…!!!

******ശുഭം******

(വെട്ടം ഓണ്‍ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച കവിത)
 

14 comments:

 1. മതമില്ലാതെ രണ്ടു മനുഷ്യര്‍
  ജീവിതം തുടങ്ങിയത് അങ്ങനെയാണ്

  നല്ല വരികൾ..

  ReplyDelete
 2. മതമില്ലാത്ത സ്നേഹം!!!!

  ReplyDelete
 3. മായ ആര്‍ട്സ് കോളേജാവുമ്പോള്‍ ഇതു വലപ്പാടും തൃശ്ശൂരും കേരളവും ഇന്ത്യയും ലോകവും അനുഭവങ്ങളും കാഴ്ചകളും അടങ്ങിയ ചിന്ത.

  ReplyDelete
  Replies
  1. സ്ഥലങ്ങള്‍ ആപേക്ഷികമാണ്... കൊല്ലത്തെ എന്‍റെ സുഹൃത്തിന്‍റെ അനുഭവം പറിച്ചു നട്ടത്... അനീഷ്‌

   Delete
 4. പുതുമ തോന്നിയില്ല.

  ReplyDelete
  Replies
  1. പഴയത് തന്നെയാണ് വിഡ്ഢിമാന്‍.. നന്ദി

   Delete
 5. വേറിട്ട എഴുത്ത്. ഇഷ്ടപ്പെട്ടു...

  ReplyDelete
 6. സ്നേഹത്തിന് എന്ത് മതം ? ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ ഉണ്ടായിരുന്നത് ഇതായിരുന്നല്ലോ സ്നേഹം...പ്രേമം ...ഇഷ്ടപ്പെട്ടു.

  ReplyDelete