പിന്നെയും മുഖത്തില്‍ നിന്നും എത്ര മുഖങ്ങള്‍ അടര്‍ന്നു വീണു.. ഇവിടെ വാക്കുകള്‍ മുഖം നഷ്ടപ്പെട്ട ശിരസ്സുകള്‍ പോലെ...!
വിപ്ലവകാരിയുടെ ഞരമ്പിലെ പ്രത്യയ ശാസ്ത്രം ആത്മീയവാദിയുടെ മനസ്സിലെ ഇന്‍ബോക്സിലേക്ക് അലിഞ്ഞിറങ്ങുന്നത് സൌഹൃദത്തിന്റെ പീച്ചാംകുഴലിലൂടെ... ദേശങ്ങള്‍ പകുക്കാത്ത ഒറ്റ ഭൂമിയിലേക്ക് പാലായനങ്ങളല്ലാത്ത പലായനങ്ങള്‍ .....!
പക്ഷെ, വദനപുസ്തകത്തിനു ഏകത്വമാണെന്നു ആരും ധരിക്കരുത്.. ജാതിയും മതവും രാഷ്ട്രീയവും ജാടയും മോടിയും ലിന്ഗഭേദങ്ങളും വിപ്ലവ ഭൌതിക വാദങ്ങളും പകുക്കുന്ന ചില ഇടങ്ങളുണ്ട്.. ആശയങ്ങള്‍ വിഭജിക്കുന്ന മനസ്സുകള്‍ കൊണ്ട് പരസ്പരദംശനം ചെയ്യുന്ന മുഖാനുരാഗികള്‍......! മാനവീയത്തിന്റെ കടലില്‍ പൂക്കുന്ന മൗനത്തിരകളില്‍ നാളത്തെ പൗരന്റെ കയ്യൊപ്പുകളുണ്ട്.. ആരും ആരെയും ആത്മാവ് കൊണ്ട് കണ്ടെത്തുന്നില്ല..!!
എങ്കിലും, മോന്തപ്പുസ്തകത്താളില്‍ ഗൃഹാതുരതയുടെ മയില്പ്പീലിത്തുണ്ടുകള് പെറ്റും പെരുകിയും നിറയുന്നതിനിടക്ക് ഒരൊഴിവുകാലത്തിന്റെ ആലസ്യം പോലെ പൊഴിഞ്ഞുവീഴുന്ന സ്റ്റാറ്റസ്തുള്ളികള്‍ക്ക് ഒരു തണുപ്പുണ്ട്...; നാട്ടുവഴിയില്‍, പാടവരമ്പില്‍ , നെല്ലിമരത്തിന്റെ കൊമ്പില്‍, ഇല്ലിക്കുന്നിന്റെ തുമ്പില്‍, ചന്തയില്‍, ചിന്തയില്‍, അമ്പലപ്പന്തിയില്‍, എപ്പോഴോ പരസ്പരം നിഴലുകള്‍ മെനഞ്ഞ കളിക്കൂട്ടുകാരന്റെ സാമിപ്യം അറിയുന്നത്രക്ക്..! പള്ളിക്കൂടത്തിലെ മരബഞ്ചില്‍, കലാലയവരാന്തയില്‍, വിനോദയാത്രകളുടെ നിലയില്ലാക്കലമ്പലില്‍, എന്നോ പരസ്പരം പെയ്തുതോര്‍ന്നിരുന്ന സതീര്‍ത്ഥ്യരുടെ സ്പന്ദനമണിയുന്നത്രക്ക്..!!
ഒരിക്കലീ വരാന്തയില്‍ പരസ്പരം കാതോര്‍ത്തിരുന്ന പദനിസ്വനങ്ങളെക്കുറിച്ച് നിനക്കോര്‍മ്മയുണ്ടോ?? വിരസമായൊരു മഞ്ഞു പോലെ പുതഞ്ഞ പഠനയാമങ്ങളില്‍ നിന്റെ സാമിപ്യമെനിക്കൊരു വേനല്‍സ്പര്‍ശമായിരുന്നു..
നമ്മുടെ കാലൊച്ചകള്‍ പോലെ മഴച്ചാറ്റലൊരു ജൂണില്‍ പിറന്നു.. നമ്മുടെ സൌഹൃദവര്‍ണ്ണങ്ങള്‍ ചൂടി സന്ധ്യയില്‍ ചന്തം വളര്‍ന്നു...!
(ഇതെല്ലാമിന്നലെ കണ്ടുകഴിഞ്ഞ വെറുമൊരു പകല്‍ക്കിനാവെന്നോ? എല്ലാമൊരേ കനല്ക്കല്ലു കൊണ്ടീ ഹൃദയം മുറിക്കുവാനെന്നോ??)
വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂവിന്റെ നോവില്‍ നമ്മുടെ സ്പന്ദനമുണ്ടായിരുന്നു.. പരസ്പരം കണ്ടെത്തിയ നിമിഷദളങ്ങളില്‍ ഇനിയെന്നോ പറയേണ്ടിയിരുന്ന യാത്രാമൊഴികള്‍ കോറിയിട്ടതാരായിരുന്നു..?
വേര്‍പാടുകള്‍ പിറവിയുടെ ബാധ്യത പോലെ..
സത്യത്തിന്റെ തീക്ഷ്ണ ജ്വരം പടര്‍ന്നു നാവു വരണ്ടിരിക്കുന്നു തലച്ചോറില്‍ തടാകമായി മൌനം തളം കെട്ടി ഒരു തിരയിളക്കം പോലുമില്ലാതെ സിരകളില്‍ ചോര നിലക്കുന്നു.. തിരിച്ചു പോകുവാന്‍ തുറന്നിട്ട വാതിലിനപ്പുറം മറവികളെന്നെ കാത്തിരിക്കുന്നുണ്ട്..!