എന്നെ ലൈക്കണേ....

Saturday, June 29, 2013

ആല്‍ത്തറ.കോം
ആല്‍ത്തറകളോര്‍മ്മയുടെ നേര്‍ത്ത വര്‍ണ്ണങ്ങളും,
കൂര്‍ത്ത ദെണ്ണങ്ങളും തീര്‍ത്ത ഹൃദയങ്ങളെ...
ആര്‍ത്തലച്ചെത്തുന്ന വിഹഗസ്വപ്നങ്ങളെ...
നേരം വധിക്കുന്ന നാട്ടുകൂട്ടങ്ങളെ...
നേര്‍വഴികള്‍ തെറ്റുന്നൊരുഷ്ണശില്പങ്ങളെ...
നേരിന്റെ നാക്കായ്‌, നിലാവിന്റെ പൂക്കളാ-
യീ വഴികള്‍ നിറയുന്ന യുവസൌഹൃദങ്ങളെ...
ഒരു പോലെ, പെറ്റമ്മ പോലെ പരിപാലിച്ചു
ഇരുളും, വെളിച്ചവും ഇതളിട്ട പൊരുളു പോ-
ലൊരു തത്വസംഹിതയെ വാര്‍ത്തെടുക്കുന്നു..!!
*
'ത്രിഗുണനാം' ദൈവത്തിനശരീരി കെട്ടോരാള്‍
സ്ഫടികചഷകങ്ങളില്‍ സ്വപ്നം തുളുമ്പുമീ
മുന്തിരിച്ചാറുമായ്, മന്ത്രാക്ഷരങ്ങളായ്‌
ഒരു നാട്ടുചരിതത്തെയോര്‍ത്തെടുക്കുന്നു..!
*
കവലയതിലൊരു കള്ള്ഷാപ്പിന്റെ തിണ്ണയില്‍
കലപിലകള്‍ നുരയുന്ന മണ്‍കോപ്പകള്‍
ചെഞ്ചുണ്ടില്‍ കനല്‍ ചിന്തുമഗ്നികുണ്ഠം;
ചന്ത പിരിയുന്ന നേരത്തെയുന്മാദ ദൃശ്യം...!

പിന്നിട്ട പെരുവഴിയിലെവിടെയോ കൈവിട്ട
പൊന്നിട്ടൊരാ ഗ്രാമ ചേതനകളെ,
മുളങ്കാടു പൂക്കുന്നൊരിടവഴിത്താരയെ,
മുള പൊട്ടി വിരിയും കതിര്‍ക്കുലകള്‍; കാറ്റിന്റെ
വിരലുകളിലിളകുന്ന ഹരിത നേദ്യങ്ങളെ;
കരകളില്‍ തോരണം നെയ്ത കേരങ്ങളെ,
സര്‍ഗ്ഗസന്ദേശങ്ങളില്‍ പുനര്‍ജനിക്കുന്ന
സ്വര്‍ഗ്ഗ ചിത്രങ്ങളായെഴുതുന്നതാരൊരാള്‍...

അമ്മ തന്‍ കൈപുണ്യമേറ്റ മണ്‍പാത്രത്തി-
ലന്തിക്ക് കൂടപ്പിറപ്പിനോടോത്തു പങ്കിട്ടു;
തന്‍ പങ്കിനെ ചൊല്ലി, പയ്യാരം-
പറഞ്ഞമ്മ കാണ്‍കെ കിണ്‌ുങ്ങിക്കരയവേ
സ്വന്തം വിശപ്പാറ്റുവാനമ്മ ബാക്കിവെച്ചൊ-
രു തരിച്ചോറുമെന്‍ കണ്ണനെന്നോതി
വിളമ്പുന്ന വാല്‍സല്യ മഴയില്‍ നനഞ്ഞോരാള്‍...

പുത്തനാം പുസ്തകങ്ങള്‍ തന്റെ ഗന്ധവും
പുതുമഴകളൂഴിയില്‍ തേച്ചോരുന്മാദവും
പകലറുതി തന്‍ സ്വര്‍ണ്ണ വര്‍ണ്ണ ചിത്രങ്ങളും
മതി വരുവോളമാത്മാവിലാവാഹിച്ചു
മൃദു ശലഭമായ് ബാല്യമാം മലര്‍ശയ്യയില്‍
രാപ്പകലുകള്‍ നേര്‍ന്ന സ്വപ്നം തിരഞൊരാള്‍..

ഒരു തുമ്പി തന്‍ പിറകെ മറുതുമ്പി പോലെ
ഇല്ലാത്ത ചിറകുകളാട്ടിപ്പറന്നതും
ഒരുതുമ്പയും, തെച്ചി, പിച്ചകപ്പൂക്കളും
കൊണ്ടൊരത്തത്തിന്റെ മോദം നുകര്‍ന്നതും,
കണിക്കൊന്നകള്‍ പൂത്ത പോലെ തിളങ്ങുന്ന
നാണയത്തുട്ടുകള്‍ കൈനീട്ടമായതും
ഇനിയാര്‍ക്കുമേകുവാനാകാത്ത നിധി പോലെ
മനതാരിലോര്‍മ്മയുടെ ഖനി സ്വന്തമായൊരാള്‍...

പൊട്ടിപ്പൊളിഞ്ഞ മരബഞ്ചുകളിലന്തിച്ചു
കൂട്ടുകാരോടോത്തിരുന്നു ടാക്കീസില-
ന്നാദ്യമായ്‌ കണ്ട 'കണ്ടം ബെച്ച കോട്ട്';
പൂരപ്പറമ്പിലന്നാദ്യമായാനക്കു
മുന്നില്‍ നിരന്നു ചെണ്ടക്കു കൈതാളമി-
ട്ടാമോദചിത്തരായ്‌ രാവുറങ്ങാതെ
തമ്മില്‍ ചിരിച്ചാര്‍ത്തതുമോര്‍ത്തു കരയുന്നൊരാള്‍...

അപരാഹ്നവേളകളിലപരന്റെ ഗുണദോഷ-
മിഴകീറിയതു ചൊല്ലി പിന്നെപ്പരസ്പരം
തലതല്ലിയും പല പുലഭ്യം പറഞ്ഞും
ഒടുവിലതുമെല്ലാം മറന്നു കൈകോര്‍ത്തൊറ്റ-
നിഴലു പോല്‍, കടലു പോല്‍ തമ്മില്‍ പുണര്‍ന്നും
നാട്ടുവഴികള്‍ താണ്ടുന്നൊതോര്‍ത്തു തേങ്ങുന്നൊരാള്‍...

കൂടെപ്പഠിച്ചോരാ പെണ്‍കിടാവിന്റെ കണ്‍-
കോണില്‍ തളിര്‍ത്തതനുരാഗമൌനത്തിന്റെ
വാചാലമന്ത്രങ്ങളെന്നു കരുതി; കരളി-
ലവള്‍ പോലുമറിയാതെ കാത്തു സൂക്ഷിച്ചു-
കാലം തേച്ചു മായ്ക്കാതെയിന്നും തുളുമ്പുന്ന
മധുരനൊമ്പരമാര്‍ന്ന സ്മൃതിയില്‍ കുതിര്‍ന്നൊരാള്‍..

കരിപ്പുക വമിക്കുന്നൊരഗ്നിരഥത്തി-
ലന്നാദ്യമായേറി മഹാനഗരവീഥിയില്‍
കരി പുരളുമെത്രയോ ജീവകാണ്ഡങ്ങളും
താണ്ടിയൊരു യാത്രയില്‍ കാല്പാടു തേഞൊരാള്‍...

കടല്‍ കടന്നൊടുവിലീ മണ്‍കാട്ടിലെത്തിയോര്‍
കരള്‍ കൊണ്ടൊരുക്കുന്നൊരാല്‍ത്തറയില്‍
സ്മരണശലഭങ്ങള്‍ പുനര്‍ജനികളായി,
ഗൃതാതുരത മെനയുന്ന നിര്‍വചനമായി,
ഹൃദയവഴിയില്‍ ഹിമകണങ്ങളായ്‌ പെയ്തു-
തോരാതെ, ഇനി പെയ്തു തോരാതെ...............!!!

..........ശുഭം...... 

6 comments:

 1. അപരാഹ്നവേളകളിലപരന്റെ ഗുണദോഷ-
  മിഴകീറിയതു ചൊല്ലി പിന്നെപ്പരസ്പരം
  തലതല്ലിയും പല പുലഭ്യം പറഞ്ഞും
  ഒടുവിലതുമെല്ലാം മറന്നു കൈകോര്‍ത്തൊറ്റ-
  നിഴലു പോല്‍, കടലു പോല്‍ തമ്മില്‍ പുണര്‍ന്നും
  നാട്ടുവഴികള്‍ താണ്ടുന്നൊതോര്‍ത്തു തേങ്ങുന്നൊരാള്‍..,.,.വളരെ മനോഹരമായ ഒരു കവിത ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി asif shameer.. ഇനിയും വരിക..

   Delete
 2. ന്‍റെ റബ്ബേ.. വായിച്ച് ന്‍റെ ഊപ്പാട് ഇളകി.. :)

  നന്നായിരിക്കുന്നു ട്ടോ...

  ReplyDelete
  Replies
  1. (അങ്ങനെയെങ്കിലും അതൊന്നു ഇളകിയല്ലോ...
   ഹഹ..)

   സന്തോഷം ചങ്ങാതി..

   Delete
 3. ഹൃദയമാം താളങ്ങൾ എവിടെയോ നിലച്ചുവോ..കവിതയ്ക് പിറകെ?
  മനസ്സിൻ മുക്കോണിൽ നിന്നും ഞാനറിയിക്കുന്ന അഭിനന്ദനത്തിൻ കുറിപ്പിനെ കാണെരുതൊരിക്കലും കുറവായ് എൻ സ്നേഹിതാ...
  സത്യം ഞാൻ വിലപിക്കുന്നു, ഞാനായി നശിപ്പിച്ച നീയുമൊത്തുള്ള സൌഹൃദത്തിൻ ആ നല്ല നാളിനെ..

  ReplyDelete
  Replies
  1. മഫു... നന്ദി പറഞ്ഞു വാക്കുകളെ കൃത്രിമത്വത്തിന്റെ ഉടുപ്പ് അണിയിക്കുന്നില്ല. നിന്റെ നല്ല ചങ്ങാതിയായി എന്നും ഞാന്‍ ബാക്കിയാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. സന്തോഷം..................!!

   Delete