എന്നെ ലൈക്കണേ....

Tuesday, May 14, 2013

ചിറകു മുളക്കുന്നവര്‍


 
ഇനിയെനിക്കീ വ്യോമസരണിയില്‍-
നനുനനെ-
ചിറകടികള്‍ തീര്‍ത്ത സ്വപ്നമാകാം..
മേഘങ്ങള്‍ പിളരുന്ന യന്ത്രവിഹംഗത്തിന്‍
ശീഘ്ര പലായനം സ്വന്തമാക്കാം..
പിന്നിട്ട കദനങ്ങള്‍ കാഴ്ചകളായ്‌ താഴെ-
തെന്നിയകലുന്നൊരാ സൈകതങ്ങള്‍..!
നരജീവിതം പോല്‍ തിളച്ചു മറിയുന്ന
നുര തേച്ച കടലിന്റെ ജലസീമകള്‍..!!
ഇനിയെനിക്കായ്‌ വര്‍ണ്ണരാജികള്‍-
കുനുകുനെ-
പുരളുന്ന പകലിന്റെ ചക്രവാളം ..
മരുവിന്റെയിരുള്‍ മണല്‍ തട്ടില്‍ നിന്നും
ഒരു കരിയിലക്കുരുവി തന്‍ ഗമനതാളം..!
ഇനിയെന്റെ രാപ്പകല്‍ക്കനവുകളില്‍- നിറ-
വാഴ്വിന്റെ ലവണഗന്ധങ്ങള്‍...
ഇനിയടരാനുള്ളോരായൂര്‍ദളങ്ങളെ
ഓമനിച്ചൊരു ജന്മമൌനം..!!
...ശുഭം...

സമര്‍പ്പണം: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് 

No comments:

Post a Comment