എന്നെ ലൈക്കണേ....

Sunday, April 25, 2010

ശീര്‍ഷകമില്ലാത്ത കവിത

*
തലക്കഷ്ണം:
*

ഇന്നലെ നീയെന്‍റെ പ്രണയത്തെ
കഴുത്തു ഞെരിച്ചു കൊന്നു...
നിനക്ക് വേണ്ടി തുടിച്ചു കൊണ്ടിരുന്ന ഹൃദയത്തില്‍
ക്രിപാണങ്ങള്‍ തുളച്ചിറങ്ങി...
നീയെന്ന കാഴ്ചയിലേക്ക് തുറക്കപ്പെട്ട ജാലകങ്ങള്‍-
എന്‍റെ കണ്ണുകള്‍-
നിന്‍റെ വഞ്ചനയുടെ കൊളുത്തുകളാല്‍
അടക്കപ്പെട്ടു...
നിന്‍റെ സ്വപ്‌നങ്ങള്‍ കൊണ്ടലന്കരിച്ചിരുന്ന
നിദ്രാടനങ്ങളില്‍
കറുത്ത ദുസ്വപ്നങ്ങളുടെ ചിതലുകള്‍
അരിച്ചിറങ്ങി...
നീയെന്‍റെ ആത്മാവിനെ
സ്ഫടികഗോളം പോലെ
നിലത്തെറിഞ്ഞുടക്കുകയായിരുന്നു...
മോഹങ്ങളില്‍ നഞ്ഞു പുരട്ടി
എന്‍റെ നെഞ്ചിലേക്ക്
മൗനങ്ങളുടെ വിരല്‍ത്തുമ്പ്‌ കൊണ്ടു
നീ കൊരുത്തിടുകയായിരുന്നു...
കാമത്തിന്‍റെ ചെങ്കനലുകളാല്‍
നീയൂതിയുണര്‍ത്തിയ നിനവുകളെ
വിരസതയുടെ ജലധാരകള്‍ കൊണ്ടു
നീ തന്നെയാണ് ചാരമാക്കിയത്...
ചേതനയുടെ മര്‍മ്മരങ്ങളാല്‍
നീ പാടി വിടര്‍ത്തിയ കനവുകളെ
ചതിയുടെ കൂര്‍ത്ത ചരല്‍ക്കല്ലുകള്‍ കൊണ്ട്
നീ തന്നെയാണ് എറിഞ്ഞുടച്ചത്..
ഇന്നലെ നീയെന്‍റെ ജന്മത്തെ
ഓര്‍മ്മത്തെറ്റുകളുടെ ഭാരം ചവര്‍ക്കുന്ന
കറിവേപ്പില പോലെ
വിധിയുടെ ചവറ്റുകൂനയിലുപേക്ഷിച്ച്
കടന്നു പോയി..
*
വാല്‍ക്കഷ്ണം:
*
പുനര്‍ജന്മത്തിലേക്ക്
ഞാനുണര്‍ന്നെണീക്കുമ്പോള്‍
എന്നിലെ "വികാരസംത്രാസങ്ങളെ" കുറിച്ച്
ചോദിക്കരുത്, "പ്ലീസ്...!"
ഇപ്പോള്‍
നിന്നെ ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ വെറുക്കുന്നു...!!

-----ശുഭം-----

No comments:

Post a Comment