എന്നെ ലൈക്കണേ....

Sunday, April 11, 2010

ആള്‍ദൈവങ്ങള്‍..

*
ദൈവത്തിന്‌ ജീവനുള്ള വിഗ്രഹങ്ങള്‍
ആവശ്യമായത് എന്തിനാണ്?
കന്യകാത്വം നഷ്ടപ്പെടാത്ത,
മീശ മുളക്കാത്ത,
വിശപ്പും, നശിപ്പുമുള്ള വിഗ്രഹങ്ങള്‍..!

ജരാനര ബാധിക്കാതിരിക്കാന്‍
ഒരു ഹോര്‍മോണ്‍ ചികിത്സയെ കുറിച്ച്
ആലോചിക്കേണ്ടിയിരിക്കുന്നു..

'മുന്‍'ദൈവങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍
വേലയും കൂലിയും വേണമെന്ന്..
ദേവാലയത്തിന് പുറത്തേക്കു പ്രവേശനമില്ലാത്ത,
ആരെയും കാണാന്‍ അനുവാദമില്ലാത്ത
കാലിക ദൈവം എങ്ങനെ പഠിക്കും?

ഓണ്‍ലൈന്‍ പഠനത്തിന്‍റെ
സാധ്യതയെ കുറിച്ച്
ചിന്തിക്കേണ്ടിയിരിക്കുന്നു..!
ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍
ചേര്‍ന്നാല്‍ മതിയായിരുന്നു..;
വിദൂരപഠനം ഒരു മനോഹര സാധ്യതയാണല്ലോ?

എന്തിനു ദൈവം പഠിക്കണം,
എന്നാണെങ്കില്‍,

ദൈവത്തിന്‍റെ ഉടയാടകള്‍
ഊരിവെക്കപ്പെടെണ്ടി വരുന്ന പ്രായത്തില്‍
ഈ ജീവനുള്ള വിഗ്രഹത്തിനു
വയറു നിറക്കാന്‍ അന്നവുമായി
പിന്നെ, ചെകുത്താന്‍ വരുമോ?

എന്തിനു ദൈവത്തിന്‍റെ ഉടയാടകള്‍
ഊരിവെക്കപ്പെടണം
എന്നാണെങ്കില്‍,

മരിച്ചു മണ്ണടിയേണ്ടി വന്നേക്കാവുന്ന
ദൈവത്തിന്‍റെ ഗതികേട്
പിന്നെ, ഈ കവിതയെഴുതിയാല്‍ തീരുമോ..??

1 comment:

 1. ആള്‍ ദൈവങ്ങള്‍.. ഒരു പിന്‍ കുറിപ്പ്:
  *
  നേപ്പാളില്‍ ലേവ എന്ന സമുദായത്തിന്‍റെ ആചാരമാണ് എന്നെ ഈ കവിത എഴുതാന്‍ പ്രേരിപ്പിച്ചത്..
  അവിടെ കന്യകകളായ പെണ്‍കുട്ടികളെ ദൈവമായി പ്രതിഷ്ടിച്ചു ദേവാലയത്തില്‍ പാര്‍പ്പിക്കുന്ന രീതിയുണ്ട്.. അവര്‍ക്ക് സമൂഹത്തോട് നേരിട്ട് ഇടപെടാന്‍ ആവില്ല.
  പഠിക്കാനോ, മറ്റു മാനുഷികമായ ക്രയവിക്രയങ്ങളില്‍ മുഴുകാനോ ആവില്ല.. ദൈവത്തിന്‍റെ ജീവനുള്ള വിഗ്രഹമല്ലേ?
  ഒരു പ്രായം കഴിഞ്ഞാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ ഉടുപ്പ് ഊരിവെച്ചു പോകേണ്ടി വരും. അടുത്ത കുട്ടിക്ക് വഴി മാറി കൊടുത്തു കൊണ്ട്..!
  ഇത്തരം നിര്ഭാഗ്യവതികളുടെ അവസാനം ശരിക്കും ദുരന്തമാണ്.
  കാരണം, ദൈവത്തിന്‍റെ കുപ്പായം അഴിച്ചു വെച്ച് സമൂഹത്തിലേക്ക് തിരികെ നടക്കുമ്പോള്‍ ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗം അവരുടെ പക്കല്‍ ഉണ്ടാവില്ല..

  ഈയിടെ നേപ്പാള്‍ കോടതി ഇത്തരം ആള്‍ദൈവങ്ങള്‍ ആകേണ്ടി വരുന്നവര്‍ക്ക് സ്കൂള്‍ പഠനം നടത്താനുള്ള നിയമപരമായ അനുവാദം കൊടുത്തു കൊണ്ടു വിധി നല്‍കി.
  ലേവ സമുദായത്തിന്‍റെ ഇപ്പോഴത്തെ ദൈവക്കുട്ടി "സാനിറ" പഠിക്കുകയാണ്..

  ഇത്തരുണത്തില്‍ ഈ കവിത ഒരു പുനര്‍വായനക്ക് വിധേയമാക്കാന്‍ എന്‍റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥന..

  ReplyDelete