എന്നെ ലൈക്കണേ....

Saturday, December 15, 2012

ജീവിതം=യുദ്ധം


ജീവിതയുദ്ധം.. 
ഇത് ജീവിതയുദ്ധം..

സ്വപ്നങ്ങളാണ് നിന്നായുധങ്ങള്‍..
സ്മരണകളാണ് നിന്നനുഗാമികള്‍..
ദുഃഖങ്ങള്‍ സിര തീര്‍ത്ത ഹൃദയമോ-
നിന്‍ പടച്ചട്ട...!
സത്യങ്ങളാണ് നിന്‍ സത്ത...!!

നിന്‍മിഴിയിലുതിരുന്ന
ശോണബാഷ്പങ്ങളില്‍
നഷ്ടസ്വര്‍ഗ്ഗത്തിന്റെ
വര്‍ണ്ണമാകാം..
വിണ്ചെരുവിലലയുന്ന
മേഘങ്ങളൊരുപക്ഷെ
ഇനിയും ഒടുങ്ങാത്ത
മോഹങ്ങളാകാം...!
നിന്നിലിനിയും അടങ്ങാത്ത
ദാഹങ്ങളാകാം...!!

വേപഥുവിലിഴയുന്നൊരചലകാലം
നിന്റെ പാദചിഹ്നങ്ങളില്‍
തളം കെട്ടി നില്‍ക്കെ,
വര്‍ത്തമാനത്തിന്റെയാകുലതയില്‍
നിന്റെ ഹൃദയതാളങ്ങള്‍
ഇടറിവീണു..!

നിന്നെ തനിച്ചാക്കിയൊരു
പാത ബാക്കിയായ്‌;
ശിശിരമൌനങ്ങളില്‍
ഇല പൊഴിഞ്ഞിരവുകള്‍, പകലുകള്‍-
ആത്മ ശിഖരങ്ങള്‍..;
നീ കണ്ട കനവുകള്‍
കനലായെരിഞ്ഞു വിഭൂതികളായ്
മേഘരൂപന്‍ തന്റെ മാന്ത്രിക വിരല്‍ തൊട്ടു
ചിറകറ്റ ശലഭങ്ങളായ്‌..!!

ഒറ്റയ്ക്ക് താണ്ടി നീയേത്തെണ്ടതല്ലേ,
ജീവിതപ്പെരുവഴി?
ജന്മയാനങ്ങള്‍ തന്‍
ഗമനസരണി...;
ഇത് തീരാത്ത ദുര്യോഗധരണി...!!

ഇനി നിന്റെ നിനവുകള്‍
മുന തീര്‍ത്തെടുക്കുക...,
അവിശ്രാന്ത ധിഷണയാല്‍
തീ കോര്‍ത്തെടുക്കുക...,
നിന്റെ ജീവയുദ്ധത്തിന്റെ
കാഹള വിരാവങ്ങള്‍
ഏറ്റു പാടാനൊരു പുലരി വരും വരെ..!!

2 comments:

 1. ഒറ്റയ്ക്ക് താണ്ടി നീയേത്തെണ്ടതല്ലേ,
  ജീവിതപ്പെരുവഴി?

  കൊള്ളാം ഇഷ്ടായി....

  ചില വാക്കുകളൊക്കെ അല്പം കട്ടിയുണ്ട് ട്ടോ....

  ReplyDelete
  Replies
  1. നന്ദി.... കട്ടി ആയിപ്പോയതാ പകരം വെക്കാന്‍ വാക്കുകളില്ല....

   Delete