എന്നെ ലൈക്കണേ....

Monday, July 2, 2012

തലയും, വാലും...



തലക്കഷ്ണം: 

ഇന്നെന്റെ ദിവ്യദൃഷ്ടിയില്‍... 
ഒരു സുനാമിയുടെ പരകായ പ്രവേശം..!
ആര്‍ത്തട്ടഹസിച്ചു,
തിരമാലകളില്‍ സ്വയം കൊരുത്ത്,
ജനസമുദ്രത്തിന്റെ പുറപ്പാട്..!!
വിപ്ലവത്തിന്റെ ചായക്കോപ്പകള്‍
ഉരുക്കിപ്പണിത വാള്‍മുനകളില്‍
പിടഞ്ഞ രക്തസാക്ഷികളുടെ
പുനര്‍ജന്മ കാണ്ഡം..
തകര്‍ത്തെറിയാന്‍
വിഷലിപ്തമായ ആശയങ്ങള്‍..;
ആമാശയങ്ങള്‍ക്ക് വേണ്ടി
''ആരോ'' തിരുത്തിയ ആദര്‍ശങ്ങള്‍...!
വക്ക് പൊട്ടിയ "ബക്കറ്റുകള്‍" പണിയുന്ന
വിസ്മയ രമ്യഹര്മ്മ്യങ്ങള്‍..!!
*
നടുക്കഷ്ണം:

ഇന്നെന്റെ ആറാമിന്ദ്രിയം
ഒരു ബൈക്കിന്റെ ഇരമ്പമറിയുന്നു...
തലച്ചോറില്‍ സ്വപ്നങ്ങളുടെ പുഴുക്കളരിച്ചു,
അമ്പത്തൊന്നു ഖട്ഗക്ഷതങ്ങളില്‍
സ്വയം സ്വപ്നമായി തീര്‍ന്നോരാള്‍
എന്നോട് മെല്ലെ മന്ത്രിക്കുന്ന പോലെ:
""രക്തസാക്ഷിയെന്നു എന്നെ വിളിക്കരുത്,
ഞാനെന്റെ സ്വപ്നങ്ങളുടെ സാക്ഷിയാണ്......!!
എന്റെയോര്‍മ്മയില്‍ നുരഞ്ഞു പതയുന്ന
വാക്കുകളെടുത്തു വിതച്ചു കൊയ്ത്
നീ,
നിന്‍റെ ആശയം കൊണ്ടോരായുധം പണിയുക..!
കൊല്ലാനല്ല; കൊല്ലപ്പെടാതിരിക്കാന്‍..!!
ഇനിയെന്നെയാരാണ് വധിക്കുക?
ഞാനിനിയെന്നേക്കുമായി ജനിച്ചു കഴിഞ്ഞില്ലേ??""
*
വാല്‍ക്കഷ്ണം:

"അഭിനവ" സഖാക്കളെ..
നിങ്ങളൊരുക്കുന്ന കല്തുരുങ്കില്‍
കരയുന്ന മാര്‍ക്സ്, ഏന്‍ഗല്‍സ്..
പിടയുന്ന ചെഗുവേര..!!


----ശുഭം??----




2 comments:

  1. പ്രിയപ്പെട്ട ഷിറാസ്,

    മനോഹരമായൊരു ഭാവി എന്തേ സ്വപ്നം കാണുന്നില്ല?

    ശുഭപ്രതീക്ഷയുടെ വരികള്‍ എവിടെ?

    ആവേശവും ജയ് വിളികളും മനുഷ്യന്റെ നന്മക്ക് വേണ്ടി മാത്രം !

    സന്തോഷത്തിന്റെ നാളെ............

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഇതൊരു സെക്കുലര്‍ നിലപാടില്‍ നിന്നുണ്ടായ അനുരണനം മാത്രമാണ്.. മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം ഇവയൊക്കെ തുളഞ്ഞു കേറുന്ന ഒരു വാല്തലയുടെ തുമ്പില്‍ നഷ്ടപ്പെടുമ്പോള്‍ നിലപാട് തറ നഷ്ടപ്പെട്ട ആദര്‍ശങ്ങള്‍ സാമൂഹിക ധാര്‍ഷ്ട്യത്തിനു നേരെ കൊമ്ജനം കുത്തുന്നു.. പ്രതീക്ഷ നഷ്ടപ്പെടുന്നില്ല.. വീണ്ടും നല്ല നാളെക്കായി കാത്തിരിക്കുന്നു. അടയാളപ്പെടുത്തുന്നത് നഷ്ടപ്പെട്ട ഒരു മനുഷ്യജീവന്റെ ആദര്‍ശം മാത്രം..!

      Delete