എന്നെ ലൈക്കണേ....

Friday, July 28, 2017

........

🔽🔼🔽🔼🔽
യാത്രകളുടെ മണമുള്ള
തുറമുഖം;
കടലിന്റെ ഹൃദയത്തിലേക്ക്
തുളഞ്ഞിറങ്ങാനുള്ള
കഠാരികൾ പോലെ
കപ്പലുകൾ..!
മഞ്ഞു കുടഞ്ഞു
പാഞ്ഞു പോകുന്ന
കാറ്റിന്റെ ഉയിർപ്പാട്ട്;
വറുതിയുടെ നിറമുള്ള
ഓക്ക് മരങ്ങളുടെ
പിറുപിറുപ്പ്...!
നേരം വെളുത്തിട്ടും
മേഘപ്പുതപ്പിനുള്ളിൽ
മൂടിപ്പുതച്ചുറങ്ങുന്ന
സൂര്യബാല്യം;
മഴയേറ്റതു പോലെ
നനഞ്ഞ നിനവുകളുമായി
അവളുടെ
പുലർകാലം.....!

🔘🔘🔘
'എമ്മെ' എന്ന് പേരുള്ള
പെൺകുട്ടി
ആ തുറമുഖ നഗരത്തിൽ
എന്ത് ചെയ്യുന്നു..??

ഭൂപടത്തിൽ നിന്നും
അഴിച്ചെടുത്ത
മൺരേഖകൾ കൊണ്ട്
വരച്ചു തീർക്കാനാവാത്ത
ഒരു നഗരത്തിന്റെ ചിത്രം
അവളുടെ കണ്ണുകളിൽ
തിളങ്ങുന്നു..
ഒരു  ബ്രെഡിൽ
തേച്ചു തീർന്ന ചീസു പോലെ
അവളുടെ സങ്കടം
തേഞ്ഞു തീർന്നതാവാം...

🔘🔘🔘
ചോദ്യം അപ്പോഴും ബാക്കിയാണ്;
'എമ്മെ' എന്ന് പേരുള്ള
ആ തുറമുഖ നഗരത്തിൽ
പെൺകുട്ടി എന്ത് ചെയ്യുകയാണ്..??

ആ നഗരത്തിന്റെ പേരാണോ
ആ പെൺകുട്ടിയുടെ പേരാണോ
"എമ്മെ"
എന്ന് സംശയിച്ചു
വായനയുടെ
സംത്രാസത്തിൽ പെട്ടുഴലുന്ന
അനുവാചകനെ കാണുമ്പോൾ
ഉള്ളിൽ പൊട്ടിയ ചിരിയൊതുക്കി
കവിയോർക്കാൻ ശ്രമിക്കുന്നു;
അല്ല,
ശരിക്കും ആരുടെ പേരാണ്
"എമ്മെ"....????

കവിത നിശ്ചലമായ
തടാകമാകുന്നു..
അപ്പോഴാണ്..
അതേ..
അപ്പോൾ തന്നെയാണ്
കവിക്ക് ഓർമ്മ വരുന്നത്.....!!

താൻ കവിയേ അല്ല !!!!!

താനൊരു കഥാകാരൻ  ആയിരുന്നു....!!!!!
താനെഴുതി തുടങ്ങിയ
കഥയായിരുന്നു അത്.....!!!!

വിസ്മൃതിയുടെ വിഹായസ്സിൽ നിന്ന്
അടർന്നു വീണ
സ്മൃതിയുടെ നനവുള്ള
സലിലദളങ്ങൾ
അയാളെ പൊതിയുകയാണ്‌..
പൊഴിഞ്ഞു പോയ
തൂവൽ  തേടി
പറന്നു പോയ പറവയെ പോലെ
അഴിഞ്ഞു വീണ
കാലത്തിന്റെ ചരടുകൾ
അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു...!!

ശരിക്കുമതൊരു മരുഭൂമിയായിരുന്നു..
ഒട്ടകമായിരുന്നു..
മണൽക്കാറ്റായിരുന്നു....!!
അതായാളായിരുന്നു......!!
അത് ഞാൻ തന്നെയായിരുന്നു.....!!

🔘🔘🔘
അപ്പോൾ എമ്മെ ആരായിരുന്നു ??
നിനക്കിപ്പോൾ ഓർമ്മ വരുന്നുണ്ടോ??

🌎ഗുൽമോഹർ പൂത്ത
പാതയോരങ്ങളിൽ
പ്രണയത്തിന്റെ
പ്രാപ്പിടിയൻ മിഴികളുമായി
ഞാൻ നിന്നെ കാത്തു നിന്നിരുന്നു ..
വയലറ്റ് നിറമുള്ള
ആകാശമെന്നു
ഞാൻ നിന്റെ സ്വപ്നങ്ങളെയും,
ചോര തെറിച്ച നിലാവിനെ
ചവച്ചരക്കുന്ന സ്രാവുകളെന്നു
നീയെന്റെ ചുംബനങ്ങളെയും
പേരുവിളിച്ച സായാഹ്നങ്ങൾ....!!

ഉടലുകൾക്കിടയിൽ
നിഴലുകൾക്കിഴയാൻ പോലും
ഇടമില്ലാതെ പോയ
രാപ്പകലുകളിൽ നിന്ന്
നമുക്കിടയിലലിഞ്ഞു പോയ
മൌനത്തിന്റെ സാഗരം;
വിരഹത്തിന്റെ മരുഭൂമി..!!

എമ്മെ എന്ന് പേരുള്ള പെൺകുട്ടി
നമുക്ക് പിറക്കാനിരുന്ന
നമ്മുടെ മകളായിരിക്കണം....!
അതുമല്ലെങ്കിൽ
ഞാനെഴുതാനിരുന്ന കവിതയുടെ
പേരായിരിക്കണം;
എഴുതിയെഴുതി കഥയായിത്തീരുന്ന
ചില കവിതകൾ.....!!!!

🔴🔵🔴🔵🔴🔵

2 comments:

 1. വിസ്മൃതിയുടെ വിഹായസ്സിൽ നിന്ന്
  അടർന്നു വീണ സ്മൃതിയുടെ നനവുള്ള
  സലിലദളങ്ങൾ അയാളെ പൊതിയുകയാണ്‌..
  പൊഴിഞ്ഞു പോയ തൂവൽ തേടി പറന്നു പോയ
  പറവയെ പോലെ അഴിഞ്ഞു വീണ കാലത്തിന്റെ ചരടുകൾ
  അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു...!

  ReplyDelete
 2. കഥാകൃത്ത്‌ കവിയായിമാറുമ്പോള്‍....
  ആശംസകള്‍

  ReplyDelete