എന്നെ ലൈക്കണേ....

Wednesday, November 23, 2016

..........

മറവിമരങ്ങളിൽ നിന്നടർന്നു വീണ
ഓർമ്മദലങ്ങളുടെ ഫോസിലുകൾ
മണ്ണ് പുതച്ചു കിടന്നു;
ഒരാകാശം മുറിഞ്ഞു മഴച്ചോര വാർന്നു
നഗ്നമാക്കപ്പെടുന്നത് വരെ...!
നിശ്ചലമായ ഒരു തടാകമെന്നു
ജീവിതത്തെ വ്യാഖ്യാനിച്ചു
മൌനത്തിന്റെ കടലിലേക്ക് നടന്നു പോയ
പ്രവാചകനാണ് ഞാൻ..
ഓർമ്മയുണ്ടോ??

പ്രണയം നുരച്ച സ്ഫടികചഷകങ്ങളെന്നു
നിന്റെ കണ്ണുകളെ മൊത്തിക്കുടിച്ച
എന്റെ കവിത തന്നെയായിരുന്നു
ഏറ്റവുമൊടുവിൽ എന്നെ ഒറ്റിക്കൊടുത്തത്‌..

പുഴച്ചില്ലകളിൽ നിന്ന് മണ്‍പഴങ്ങൾ പറിച്ചെടുത്ത
യന്ത്രശകടപേലവങ്ങൾ
എന്റെ മറവിയിൽ നിന്ന്
ഓർമ്മകളെ അരിച്ചെടുക്കുന്നു..

ഗൃഹാതുരമെന്ന് പേരിട്ടു നഷ്ടപ്പെട്ട ഗതകാലം
ഗമനതാളം മുറിഞ്ഞു പോയ കാറ്റിന്റെ സ്പർശം..

ഒരിക്കലും എഴുതി മുഴുമിപ്പിക്കാനാകാത്ത
വേദപുസ്തകത്തിന്റെ
അവസാന താളിലാണ്
ഓർമ്മയും മറവിയും മണക്കുന്ന
നമ്മുടെ തുടക്കങ്ങൾ.....!!!!

......🎑

Wednesday, November 9, 2016

............

നിക്ക് സങ്കടം വന്നൂ...
മണ്ണായ മണ്ണ്‍ മുഴോൻ
സങ്കടപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സങ്കടനക്ഷത്രങ്ങൾ...
കടലായ കടല് മുഴോൻ
സങ്കടമത്സ്യങ്ങൾ...
സന്തോഷമെന്നു
നിന്റെ പ്രണയവിരലെന്റെ
സങ്കടത്തെ പേര് മാറ്റി വരയ്ക്കുന്ന മുന്നാണേ....!!

നിന്റെ പ്രണയവിരലെന്നെ
തൊട്ടപ്പോൾ
നിക്ക് സന്തോഷം വന്നൂ..
മണ്ണായ മണ്ണ്‍ മുഴോൻ
സന്തോഷപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സന്തോഷനക്ഷത്രങ്ങൾ....
കടലായ കടല് മുഴോൻ
സന്തോഷമത്സ്യങ്ങൾ....

നിക്ക് സങ്കടവും സന്തോഷവും വരുന്നു.......!!!!!

Monday, October 3, 2016

............

മൗനം
അതിന്റെ
ആഴങ്ങൾ കൊണ്ട്
എന്റെ
ഹൃദയത്തെ
വിഴുങ്ങിത്തുടങ്ങുന്നു..

നിന്റെ
കാലടിപ്പാടുകൾ
മാഞ്ഞു തുടങ്ങിയ
കടൽത്തീരം;
എന്റെ ഓർമ്മയുടെ
ശ്‌മശാനം...!

ആകാശത്തിലേക്ക്
മുറിഞ്ഞു വീണ
മേഘമരങ്ങളിൽ നിന്ന്
മഴപ്പൂവുകൾ
അടർന്നു വീഴുന്നു..

മഴത്തണലിലെ
വെയിൽവീടുകൾ;
എന്റെ വിചാരശവങ്ങളുടെ
കിടപ്പറ..!

മൗനം
അതിന്റെ
നഖമുനകൾ കൊണ്ട്
എന്റെ
കവിതയെ
നോവിക്കുന്നു..

ഞാൻ വീണ്ടും ഒറ്റക്കാവുകയാണ്...!!

Saturday, September 17, 2016

...............

പുതിയൊരാകാശത്തിലേക്ക്
പറന്നുതുടങ്ങിയ
പിറവിപ്പറവയുടെ ചിറകിൽ
ഒറ്റയിതൾപ്പൂവിലെന്ന പോലെ
നെറ്റിനനഞ്ഞു പോയ
ഒരിറ്റു മഞ്ഞു കണമുണ്ട്....
നമുക്കിടയിലെ രാപ്പകലുകളിലേക്ക്
ഉതിർന്നു വീണ ഗുൽമോഹറെന്നു
നീയുരുവിട്ട ഹിമദലം!!

ഒറ്റപ്പെടൽ
ഖബറിലെ പുഴുവരിച്ച
മൗനം കൊണ്ടെന്നെ
മുകരുമ്പോഴും
അളിഞ്ഞു തുടങ്ങിയ  മുഖത്തിൽ നിന്ന്
അഴിഞ്ഞു വീണു പോയേക്കാവുന്ന
ഒരു ചിരിയെ കുറിച്ചായിരുന്നു എന്റെ വേവലാതി..!

ഏകാന്തതയെന്ന കടലിൽ നിന്ന്
പൊന്തി  വന്ന നോവെന്ന ദ്വീപിലെ
ശോകാന്തമായ സന്ധ്യയിൽ
ഹൃദയതാളങ്ങൾ ഇടറുമ്പോഴും,
ആത്മാവിൽ നുരയുന്ന
നിന്നെ കുറിച്ചുള്ള കവിതകൾ
വരി തെറ്റാതെ പകർത്തുന്നതിനെ കുറിച്ചായിരുന്നു
എന്റെ ചിന്ത....!

ഒരഗ്നിപർവതം
ഉള്ളിൽ ചുമക്കുന്ന ജീവിതമെന്ന
ദുരന്തസ്ഥലിയിൽ നിന്ന്
നിന്റെ ഓർമ്മകൾ മാത്രം
ഉരുകിയുറഞ്ഞു പോകാതെ കാത്തെടുക്കണം;

ഉരുകിത്തിളയ്ക്കുന്ന എന്റെ
ഹൃദയവിചാരങ്ങളെ
വെറുമൊരു കവിതയെന്നു പേരിട്ടു
നീ പുറംതള്ളുമെങ്കിലും......!!

🍁🍁🍁

Friday, September 2, 2016

.........


ആഗ്നേയശയ്യയിൽ 
ഞാനുറങ്ങുന്നുവെൻ 
സ്മൃതികളും, 
സ്വപ്നസൂനങ്ങളും,  
മൗനവു- 
മനലവിശുദ്ധിയിൽ 
കഴുകിച്ചുവക്കുന്നു... 

ഇനി തുടർഗമനമാ- 
ണുയിർമാത്രമാണുടൽ; 
പാദചിഹ്നങ്ങൾ 
പകുക്കാത്ത പാതകൾ 
ഇത് ശോണനിറമുള്ള 
മൃതിതന്റെ നാളം; 
ഇത് ജന്മജന്മാന്തരങ്ങളുടെ താളം..! 

നിന്റെ കണ്ണീർക്കണങ്ങൾ പേറി- 
യൊരു മണ്‍കുടം വീണുടഞ്ഞു; 
എന്റെ തനുവിലന്നഗ്നി തൻ 
നടനം തുടങ്ങി.. 
എല്ലാമൊടുങ്ങി; 
ചാരമാണിന്നുടൽ 
ചിത നെയ്ത മൌന- 
മെന്നുയിരിലെരിയുന്നു...! 

മൗനം... 
മരണമെന്നപരനാമം.. 
ഈയഗ്നിയിൽ പിറവിയുടെ 
വാചാലയാമം  
ഇന്നെന്നെ പുണരുവാനൊരു ജന്മമിനിയും കാത്തിരിക്കുന്നു; 
ഞാനുണരുന്നു....!! 


...... 
🎑

Saturday, July 9, 2016

............

കാട് തളിർക്കുന്നത്
ഞെട്ടറ്റു വീണുപോയ ദലങ്ങളുടെ
ശവമണം പേറിയാണ്...
പേരറിയാത്തൊരു മരച്ചില്ലയിൽ നിന്ന്
കാറ്റുരഞ്ഞു വാക്കണിഞ്ഞ
നിലവിളികൾ പെയ്യുന്നു..;
കാട്ടുതീയുടെ ചൂടും ചൂരുമുള്ള
നാട്ടുകാണിയുടെ ചാറ്റുപാട്ട് പോലെ..!

നെഞ്ചറയിൽ കനലു ചിന്തിയ
അടിയോരെ കരിങ്കനവിൽ
സങ്കടക്കടല് നീന്തിയ വരാലുണ്ട്..
മുളയരിപ്പഴങ്കഞ്ഞി പാതി മോന്തി
മാടത്തിലന്തിക്ക് ചായുന്ന
ചെറുമി  പേറുന്ന
നിനവിന്റെ ഒറ്റാലും..!

കാട് തളിർക്കുന്നത്
അഴിഞ്ഞു വീണ മേഘവിഷാദങ്ങളുടെ
വിവസ്ത്രമായ മൗനത്തിൽ നിന്നാണ്...
കാട്ടാറു ചവച്ചു തുപ്പിയ
വെള്ളാരംകല്ലുകൾ പോലെ
ഋതുക്കളിൽ നിന്ന് വസന്തം ഒറ്റപ്പെടുന്നു.

കാട്
തളിർക്കുന്നത്
പൂക്കളുടെ
മരണങ്ങളിൽ നിന്നാണ്
അടർന്നു വീണ
ഒരൊറ്റയിതളും
ഓർമ്മയിൽ
ബാക്കിയാവില്ല..

ഒടുവിൽ,
അഗ്നിയുടെ
ചുവന്ന പൂക്കൾ
പൂക്കുവാനുള്ള
ഈ കാടുപോലും...!!


🎑

Wednesday, June 22, 2016

.........

ഉന്മാദികളുടെ നഗരത്തിൽ
എനിക്കുമൊരു വീടുണ്ടായിരുന്നു..
വാതിലുകൾക്കു പകരം
മൗനം തേച്ച ശൂന്യത...!
അവിടെ,
മേൽക്കൂരയില്ലാത്ത അടുക്കളയിലെ
പാതി വെന്ത കൂടോത്രപ്പാത്രത്തിൽ നിന്ന്
വാരിത്തിന്നു വിശപ്പാറ്റി
ദിവസങ്ങൾ മരിച്ചു വീണിരുന്നു..

ശിരസ്സുകൾ മുറിഞ്ഞുപോയ
ആളുകൾക്കിടയിൽ
സ്വയം തിരയുന്ന എന്നെ കുറിച്ച്
ഞാനോർക്കുന്നു..
നഗരത്തിൽ,
ഉദ്ധരിച്ച ലിംഗങ്ങൾ കൊണ്ടാണ് ഓരോരുത്തരും തിരിച്ചറിയുക..
മുഖങ്ങളെക്കാൾ സ്വാഭാവികത
അവക്കുണ്ടായിരുന്നത് കൊണ്ടാവാം..
മുഖംമൂടികളുടെ മറവികളിൽ പൊതിയപ്പെടാത്തതു കൊണ്ടുമാകാം...

തിരിച്ചറിവിന്റെ തീസിസ് കബന്ധങ്ങളിൽ നിന്ന് പഠിച്ചു തുടങ്ങണം..
നിറമില്ലായ്മയിൽ നിന്നൊരു മഴവില്ലു തെളിയുന്നതു പോലെ
അത്രക്ക് സന്നിഗ്ധമാണത്..

നഷ്ടപ്പെട്ട തല തേടി
ഉന്മാദികളുടെ നഗരത്തിൽ നിന്ന്
ഞാനും പലായനം ചെയ്യുന്നു..
മുഖംമൂടികൾ കൊണ്ട് പരസ്പരം തിരിച്ചറിയുന്ന നഗരത്തിലേക്ക്..
ലിംഗങ്ങൾക്ക്‌ പകരം ഒരു തല മുളച്ചു പൊന്തുമെന്നും
തലച്ചോറിന് പകരം ശുക്ലം സ്രവിക്കുമെന്നും അറിയാതെയല്ല;
ഞാനെന്നെ എന്നിൽ നിന്ന് അടർത്തിമാറ്റുന്നതിന് മുൻപ്‌
തലയില്ലാത്തവരുടെ നഗരം
എന്നെ വേട്ടയാടികൊല്ലുമെന്നും....!

പലായനം പലപ്പോഴും രക്ഷപെടലല്ല;
യാത്രയുടെ നൈരന്തര്യം
ഒരു സത്രത്തിലേക്കും നമ്മെ നയിക്കുന്നില്ല..
ഒടുവിൽ നഷ്ടപ്പെടലിന്റെ കടലിലേക്ക്
ഒഴുകിത്തീരാനുള്ള പുഴകളായ്
നമ്മൾ മാറുക മാത്രമാണ്...!!

......

Saturday, June 4, 2016

........

നമുക്കിടയിലെ ദൂരങ്ങളിൽ
ഒഴുകി നിറയുന്ന കടലിനെ
മൗനമെന്നു പേരു മാറ്റിവിളിക്കുന്നു..
#കടൽ... #മൗനം...
ക്ലീഷേയുടെ ഉപ്പുരസം ചവർക്കുന്നു...!

നീയെന്നും  കാത്തിരിക്കുന്ന 'ലോഹ'പ്പക്ഷിയെ കുറിച്ച്
ഒരു ചിറകുടഞ്ഞ ഇണക്കിളിയെന്നോട് കരളു പിടഞ്ഞു പാടുന്നുണ്ട്..

നമുക്കിടയിലെ കറുത്ത രാത്രികളെ
വിരഹമെന്നു പേരിടുന്നു ഞാൻ!

ആയുസ്സിന്റെ ആൽമരത്തിൽ നിന്നും
അടർന്നു വീഴുന്ന ഇലത്തുമ്പുകളെ
പ്രവാസമെന്ന വേനൽക്കാലം
ചുട്ടുപൊള്ളിക്കുന്നു..
എന്നിട്ടും,
നിന്റെ പ്രണയത്തിന്റെ വർഷങ്ങൾ
പെയ്തുനിറയുന്ന സാകേതം
എന്റെ ഓർമ്മവിരലുകൾ തൊട്ടറിയുന്നു...!

നമുക്കിടയിലെ വെളുത്ത പകലുകളെ
സ്വപ്നങ്ങളെന്നു പേര് മാറ്റുന്നു..

മണ്‍പുടവയണിഞ്ഞ ഈ ഭൂമിയിൽ
പിന്നിൽ ബാക്കിയാക്കിയ ഒരോ കാൽപ്പാടുകളും നമുക്ക് വേണ്ടി നൊന്തു പിറന്ന കാത്തിരിപ്പിന്റെ കുഞ്ഞുങ്ങളാണ്...
പാതയിൽ ഇനി പിറക്കാൻ പോകുന്ന പ്രതീക്ഷകളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രം സംസാരിക്കാം...

നമുക്കിടയിലെ കടൽത്തീരങ്ങൾ
ഓർമ്മനൗകകൾ നങ്കൂരമിട്ട
ഈ വേർപാടിന്റെ ശിശിരകാലത്തിനു ശേഷം
നാമൊരൊറ്റ കടൽ മാത്രമാകുന്ന ഋതു വരാനിരിക്കുന്നു..

പേര് മാറ്റി വിളിക്കുവാൻ പക്ഷെ,
ആ ഋതുവിനു പേരില്ല...!!


🎑

Tuesday, May 31, 2016

.......

ജീവിതം..
ഇരുളിലേക്ക്
വേരുകളാഴ്ത്തിയ
പകൽമരങ്ങൾ..

സന്ധ്യ..
ചോരചുമച്ചു ചത്ത
പകൽക്കിനാവുകൾ...

രാത്രി..
കൂടണഞ്ഞ
നിദ്രക്കിളികളുടെ
പകൽച്ചില്ലകൾ..

പകൽ...
ഉണർച്ചയിൽ
ചില സ്വപ്നങ്ങളുടെ
ചിത...!

മരണം..
മൂന്നു പകലുകൾ
ഒരുമിച്ചു പുതച്ച
രാത്രി...!!

Sunday, May 15, 2016

...............

മൗനമെന്ന രാജ്യത്തേക്ക് നാടു കടത്തപ്പെട്ട ഞാൻ
വിരഹമെന്ന മരുഭൂമിയിലൂടെ
കാറ്റു മായ്ച്ച വഴികളെ തിരയുന്നു..
തേടലിന്റെ ഒരുഷ്ണജലപ്രവാഹമുള്ളിൽ
ഒളിപ്പിച്ചു വെച്ചാണ്
ഓരോ മരുഭൂമിയും
വിയർത്തു പൊള്ളുന്നത്...!

ചില നേരം,
ആകാശം (മരു)ഭൂമിക്കു നേരേ പിടിച്ച  കണ്ണാടി പോലെയാണ്..
നരച്ച മണ്‍ശീല പോലെ നിവർത്തിയിട്ട്...
പൊടിക്കാറ്റു പോലെ ഇടയ്ക്കിടയ്ക്ക് അവ്യക്തമായലയുന്ന മേഘങ്ങൾക്ക് മേലെ...!

ഒട്ടകക്കൂട്ടങ്ങൾ സ്വയം മേഞ്ഞു പോകുന്ന ഇല്ലാവഴിയിൽ
മുൻപേ നടന്നവരുടെ
കാല്പാടുകൾ
വേനൽക്കിനാക്കളാകുന്നു;
*ബദുക്കളുടെ ശീതീകരണികളില്ലാത്ത
ഗ്രാമത്തിനു പുറത്തു വെച്ച്
തളർന്നു വീഴുന്നത് വരെ
മുന്നോട്ടു നയിക്കുന്ന ഊർജ്ജം..!

നാട്ടറബിയുടെ ഖൈമയിൽ നിന്ന്
ആഘോഷരവങ്ങൾ കേൾക്കാതെ  കേൾക്കാം..
ബല്ലേ നൃത്തത്തിന്റെ ഉന്മാദചലനങ്ങൾക്കുള്ളിൽ
ഒരു പേർഷ്യൻ കവിതയുടെ സൗന്ദര്യം...
വാചാലമായേക്കാവുന്ന അവളുടെ കണ്ണുകളിലെ മൗനം...

ഖൈമക്കു വെളിയിൽ വെച്ച്
മിസ്‌രിപ്പാറാവുകാർ
കണ്ട് പിടിച്ചു കഴിയുമ്പോൾ
ഒരടിമയും ഒരുടമയും ജനിക്കുന്നു..

നിങ്ങളിപ്പോൾ
ജീവിതമെന്ന രാജ്യത്ത് നിന്ന്
പുറത്താക്കപ്പെട്ടവനെ കുറിച്ചു
ഓർത്തെടുക്കുകയാണ്;
മനസ്സിലായി..!!
അവന്റെ മുഖച്ഛായയെന്നിൽ
ആരോപിക്കപ്പെടുമെന്നും..
ചാട്ടവാറുകൾ കൊണ്ട് എന്നോട് സംസാരിക്കുമെന്നും....!

ഇല്ല സുഹൃത്തുക്കളെ
ഞാൻ പ്രണയം എന്ന നാട്ടുരാജ്യത്തു നിന്നാണ്..!
അവനു പോകേണ്ട മരണമെന്ന രാജ്യവും,
എനിക്ക് പോകേണ്ട മൗനമെന്ന രാജ്യവും,
ഒന്നാണെങ്കിലും....!!!

.........