എന്നെ ലൈക്കണേ....

Thursday, July 30, 2015

.....

എന്റെ സ്വപ്‌നങ്ങൾക്ക് മേലെ
വിരിച്ചിട്ടൊരാകാശമുണ്ട്...
നിനവുകളുടെ മുന്തിരിപ്പാടങ്ങൾക്ക്മേൽ
നിലാവിന്റെ പടുതയിടുന്ന ഒരു രാത്രിയും..

വഴിവിളക്കുകൾ നക്ഷത്രങ്ങളിലേക്ക്
കൂടുവിട്ടു കൂടുമാറിയ
പാതകളിൽ നിന്ന്
മറ്റൊരാകാശം കണ്ടെടുക്കുകയാണ്..!

നിന്റെ മൌനങ്ങൾ നുരയുന്ന
കടൽപ്പിറവിയിലേക്ക്
എന്റെ ചക്രവാളമലിയുന്നു...!

വിരഹത്തിന്റെ
പുറംകുപ്പായമണിഞ്ഞ്‌
മറ്റൊരു വർഷം കൂടി
പെയ്തുതോർന്നേക്കും....!! 

Monday, July 20, 2015

ലാസ എന്ന് പേരുള്ള കവിതയിൽ നിന്നും


ഞാൻ എഴുതിത്തുടങ്ങിയ കവിതയിൽ നീയിത്ര സുന്ദരിയായിരുന്നില്ല..
പേടമാൻ മിഴികളിലേക്ക്  നിന്റെ കണ്ണുകൾ വിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല...
ഖലിൽ ജിബ്രാന്റെ സാഹിത്യമോ
മൊസ്സർട്ടിന്റെ സിംഫണിയോ
വാൻഗോഗിന്റെ സൂര്യകാന്തിയോ ഒന്നും.. ഒന്നും തന്നെ നിന്റെയോർമ്മയിലേക്കുള്ള പാലങ്ങളായിരുന്നില്ല...
എന്റെ കവിതയിൽ നിന്ന് നിനക്കു  നിന്നിലേക്ക്‌ പറക്കാനൊരു ചിറകുപോലുമുണ്ടായിരുന്നില്ല...

എന്റെ കവിത ബൈലകുപ്പയിലെ തിബത്തൻ സ്വപ്നങ്ങളിലേക്ക് പുനർജനിക്കുന്നതിനു മുൻപ്‌
നിനക്കൊരു പേര് പോലും..!

നിന്നെ ലാസ എന്ന് വിളിച്ചു തുടങ്ങിയ സായാഹ്നം..
ഞാൻ ഒരവാച്യമായ സന്നിഗ്ധതയിലേക്ക് തെന്നി വീണു.. ലാസ എന്ന് പേരുള്ള പെണ്‍കുട്ടിയുടെ ഉടുപ്പിൽ നിന്റെ തനുവിനു കൂടുതൽ മൃദുലത കൈവന്നു..
വിറകു കൂട്ടിയിട്ടു കത്തിച്ചു തണുപ്പിനോട് യുദ്ധം ചെയ്യുന്ന രാവുകളിലൊന്നിൽ നിനക്കൊരുപാട് ഭംഗിയുണ്ടെന്നു തോന്നിത്തുടങ്ങുകയായിരുന്നു..
ലാസ എന്ന് പേരിട്ടു ഞാൻ കവിതകൾ എഴുതിത്തുടങ്ങിയത് അങ്ങനെയാണ്..
(എന്റെ കവിതകൾ അത്രയ്ക്ക് ഭംഗിയുള്ളവയായിരിക്കണം എന്ന് തോന്നുന്നത് അത്ര വലിയ തെറ്റാണോ??)

ഇറുകിയ കണ്‍കോണുകളിൽ നീ കരുതിയ കടൽതിരകളിൽ നനഞ്ഞു
എന്റെ നോട്ടങ്ങൾ നക്ഷത്രമത്സ്യങ്ങളായി മാറിത്തുടങ്ങി..
ലോകത്തിന്റെ അറ്റം നിന്റെ കാലടിപ്പാടുകളിലേക്ക് തേഞ്ഞു തീരുന്ന പോലെ...
അറിയുമോ...? ലാസ എന്ന് പേരുള്ള സ്വപ്നത്തിൽ നാമൊരു രാജ്യം പണിയുകയായിരുന്നു...
'തിന്താരു' എന്ന് പേരുള്ള കവിയെ  നമ്മുടെ അപദാനങ്ങൾ വാഴ്ത്തുവാൻ വേണ്ടി മാത്രം നിയമിച്ചിരുന്നു..
അല്ലെങ്കിലും കവിത എന്നത് ജോലിയും, കവി എന്നത് ഒരു ഉദ്യോഗവും ആകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
(അങ്ങനെയാണെങ്കിൽ  തെരുവുകൾ കത്തിയെരിയുമ്പോൾ, ഗർഭം പേറിയ വയറുകളിലേക്ക് വാൾത്തലകൾ ആഞ്ഞിറങ്ങുമ്പോൾ
ജീവിതങ്ങൾ മായ്ച്ചു കളയുന്ന സർഗ്ഗപ്രക്രിയയിൽ, കവിതകൾ  കൊണ്ട് വളരെ ഹൃദ്യമായ ന്യായങ്ങൾ നിരത്താമായിരുന്നു..
അന്വേഷണക്കമ്മീഷനുകൾ വർഷങ്ങളോളം തിന്നു കൊഴുത്ത് കൊളസ്ട്രോൾ പിടിക്കുന്നത്‌ ഒഴിവാക്കാമായിരുന്നു.. )

ഹോ ഇത് ലേഖനമല്ല കവിതയാണെന്ന കാര്യം മറന്നു പോയി!
അല്ലെങ്കിലും ഇക്കാലത്ത് കവിതയാണ് എഴുതുന്നത്‌ എന്ന് മറന്നു പോകുന്നത് കവിയുടെ ഒരു സ്ഥിരം എടവാടായിരിക്കുന്നു..!
ഇതൊരു രോഗമാണോ ഡോക്ടർ എന്ന് ചോദിച്ചു പോയാലും അത്‌ഭുധമില്ല...!

പറഞ്ഞുവന്നത് ലാസ എന്ന കവിതയിലെ ലാസ എന്ന നിന്നെ കുറിച്ചാണ്..
കവിത എഴുതി തുടങ്ങിയപ്പോൾ ഇല്ലാത്ത സൗന്ദര്യം എഴുതിതീരുമ്പോൾ എങ്ങിനെയുണ്ടായി എന്ന് ഞെട്ടുന്ന സ്മൈലി ഇട്ടു പ്രശ്നം സോൾവ് ചെയ്യാം..!

ലാസ എന്ന് പേരിട്ടാലും ഇല്ലെങ്കിലും കവിതയെ ഫേഷ്യൽ ചെയ്യാനൊരു ബ്യൂട്ടിപാർലർ അത്യാവശ്യമായിരിക്കുന്നു..
(ആയിരം പേർക്ക് ആയിരത്തൊന്നു കവികളുള്ള മലയാളം എന്ന് പേരുള്ള രാജ്യമാണെങ്കിൽ വിശേഷിച്ചും!!)
😄😄😄😄😄

കടപ്പാട്: തിന്താരു (കുഴൂർ വിത്സണ്‍)*

Thursday, June 25, 2015

പ്രവാസിയുടെ ഡയറിയിൽ നിന്ന്..

ഒറ്റക്കാവുന്ന ചില ഓർമ്മകളിൽ നിന്ന്
തെന്നി വീഴുന്ന മൗനം കൊണ്ട്
ഒരൊറ്റ കവിത കൂടി എഴുതിത്തീർക്കാനുണ്ട്..!

എന്റെ പ്രണയം, വറ്റിവരണ്ട നിളപോലെ വിലപിക്കുന്നില്ലെന്ന്
നിന്നോടാണയിടണം..

ഗുൽമോഹർ പൂത്ത വഴിയരികിൽ
നിന്നെ കുറിച്ചോർക്കുകയാണെന്ന്
വെയിൽ പഴുത്ത മരുവിലൊരു നുണ ചവച്ചിറക്കണം...
സ്വപ്‌നങ്ങൾ കൊണ്ട് ചുവന്നു തുടുത്ത രാത്രികളെ കുറിച്ച്
മൂട്ടച്ചോരയിൽ കുതിർന്ന് നിന്നോട്  ഗീർവാണിക്കണം..

ചുംബനങ്ങളെന്നു പനിച്ചൂടിൽ പിടച്ച നിശ്വാസങ്ങളെ പേര് മാറ്റിവിളിക്കണം..
മറുതലക്കൽ ചിരികൾ കൊണ്ട് നീനെയ്ത ഉടയാടകളുടെ മഴവിൽനിറങ്ങളെ മനസ്സിൽ നിറയ്ക്കണം..

ഒടുവിൽ കണ്‍കോണിൽ അടർന്നു വീണ അവസാനതുള്ളിയിൽ
ദുഃഖങ്ങൾ എല്ലാമലിഞ്ഞുപോയെന്നു വീണ്ടും സ്വയം കടം പറഞ്ഞു നിദ്രയിലേക്ക് വീണുടയണം....!


Tuesday, May 5, 2015

യാ ഇലാഹീ....


നിരാമയനാണു നീ
പരബ്രഹ്മസാരമേ
മന്വന്തരങ്ങളില്‍
നിരന്തരസുഗന്ധമേ
ജന്മാന്തരങ്ങളില്‍
ജനിമൃതി പെടാത്തവന്‍
അനാദിപതിയാണു  നീ
നിയതിയുടെ ഗീതമേ....!

പാപഹരനാണു നീ
കോപ'രിപു'വാണു നീ
ഹര്‍ഷവര്‍ഷങ്ങളാല്‍
ഈര്‍ഷ്യ മണ്ണേറ്റുവോന്‍
കാരുണ്യവാരിധേ
ലോക സംരക്ഷകാ
കൈവല്യദായകാ
കാല-മെന്നും തവ നിദാനം....!

മണ്ണില്‍  പരസ്പരം
കണ്ണു ചൂഴുന്നവര്‍
വിണ്ണിലെ  നക്ഷത്ര-
മെണ്ണമറിയാത്തവര്‍
എത്ര നിസ്സാരമീ-
മര്‍ത്യത; മരണത്തി-
ലത്ര വരെ നീളുന്ന
വ്യര്‍ത്ഥ ഗമനം  വിഭോ....!

ഇന്നീ  നിറങ്ങള്‍ക്കു
മഴവില്ലു  ചാരുത
എന്നോ  നിറം വറ്റു-
മഴലിന്‍റെ ചാരമായ്...
അന്നും  ത്രികാലപതി;
ഊഴിയും, ആഴിയും
ഗഗനഭുവനങ്ങളും
കാക്കും  വിധുര്‍വ്വേ പ്രണാമം....!!


..........

Monday, April 13, 2015

....

ഇരുള് മുളച്ച രാത്രിമരം
കരളു മുറിച്ച നോവിന്‍റെ വേരുകള്‍..
ജലച്ചില്ലകള്‍ കടലിലേക്ക് നീട്ടിയെറിഞ്ഞു
മണ്ണ്‍ പുതച്ച ഒരു പുഴപ്പാട്ട്...
നരച്ചമാനത്ത്
ചിരിക്കുന്നത്,
എന്നോ മരിച്ച നക്ഷത്രങ്ങള്‍..
ആഴങ്ങളിലേക്ക്,
നീ നട്ട മൂകതയുടെ വിത്തുകള്‍ മുളയ്ക്കുന്നു..
വിരഹമെന്നു പേരുമാറ്റി വിളിക്കുന്നു..
വസന്തത്തെ അടര്‍ത്തിമാറ്റി
ഗ്രീഷ്മം എന്ന് സ്വയം പറയുന്ന
ശരത്കാലം നിറയുന്നു...
ഒരൊറ്റ രാത്രിയെ രണ്ടു പകല് കൊണ്ട്
അമര്‍ത്തിപ്പിടിച്ചു
ദിവസമെന്ന് മുരളുന്ന
ഒരിക്കലും പെയ്യാത്ത
തോരാമഴയിലേക്കാണ്
എന്‍റെ നിദ്രയെ ഞാന്‍ അഴിച്ചു വിടേണ്ടത്...! 


.....

Wednesday, March 18, 2015

തെരുക്കവി

അന്നു നീ കനവുകള്‍ കൊണ്ടൊ- 
രത്താഴം ഒരുക്കിവെച്ചു; 
നിന്‍റെ- പിഞ്ചു മോഹങ്ങളെ  
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-  
ലുദാത്തമാം കവിതകള്‍ മാത്രം; 
അത് നിന്‍റെ പശിയടക്കുന്നു.. 
നീ നിന്‍റെയഴല്‍ മറക്കുന്നു..! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ കനലാണ് നീ...! 

നേരുള്ള നിനവുകള്‍ 
എരിവുള്ള ജീവിതം 
പിടയുന്ന വാക്കുകള്‍ 
പടരുന്ന കവിത...!!! 

തെരുവിലെക്കവിയാണ് നീ......  
തീരാ- നോവിന്‍റെ നിഴലാണ് നീ...! 

(എരിതീയിലുരുകുന്നൊരീയലോ ജന്മം?? 
വറുതിയില്‍ വിരിയുന്ന 
പൂക്കളോ  കാലം?? 
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍ 
മരണശേഷം പാടിവാഴ്ത്തുന്ന  ലോകമേ...!! )

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....! 

നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍ 
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ.. 
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍ 
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു.. 

തെരുവിലെക്കവിയാണ് നീ 
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ.. 

നീ കെട്ടിയാടിയ വേഷങ്ങള്‍ 
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;  
സദാചാര ത്തെരുവിലെ 
വിഷപാന പാത്രമായ്  
നീ തന്നെ  മാറിയും....!! 

ഒടുവില്‍, 
ഉറുമ്പരിച്ച  കവിതയായ്  
നീ തന്നെ നിന്നെ വായിച്ച്  വായിച്ച്.....!

....
വര: സുരേഷ് കണ്ണന്‍


മാര്‍ത്തഹള്ളിയിലെ നായ്ക്കള്‍


****
നായ്ക്കളെ കുറിച്ച്
കവിതയെഴുതുമ്പോള്‍
അറ്റം കൂര്‍ത്ത അണപ്പല്ലുകള്‍ 
ഓര്‍മ്മയില്‍ ആഴ്ന്നിറങ്ങുന്നു..!
മാര്‍ത്തഹള്ളിയില്‍
മോണോറെയിലിനു
കുറുകെ കടന്നു
ചിന്നപ്പനള്ളിയിലേക്കുള്ള
മണ്‍റോട്ടിലൂടെ
അര്‍ദ്ധരാത്രിക്ക് ഒരിക്കല്‍ മാത്രം
പോയാല്‍ മതി..
അരിച്ചിറങ്ങുന്ന
ചിവീടുകളുടെ
രാപ്പാട്ടുകള്‍ക്ക് മേലെ
ശ്വാനമര്‍മ്മരങ്ങള്‍
കൂട്ടുകിടക്കുന്ന പാതയില്‍
ഒരിക്കലെങ്കിലും
ഒറ്റപ്പെട്ടു പോവാത്തവര്‍
ഉണ്ടാവില്ല..
സംഭീതമായ
അവസ്ഥയാണത്..!
കുളിരുന്ന ഡിസംബറിലും
ഉഷ്ണമഴ പെയ്യുന്ന
മേഘമാകും നമ്മുടെ മേനി!!
ഷെട്ടി പോലീസിന്‍റെ
മുന്‍പില്‍ പോലും
ഇത്രയ്ക്കു ചൂളേണ്ടി വന്നിട്ടുണ്ടാകില്ല...
മാര്‍ത്തഹള്ളിയിലെ
തെരുവുനായ്ക്കള്‍
പകല്‍മാന്യന്മാരാണ്..
വാലാട്ടിക്കൊണ്ടല്ലാതെ
അവരെ കാണുവാനാകില്ല,
നാവു നീട്ടി യാചിക്കുന്നതു പോലെ
നമ്മള്‍ക്ക് അനുഭവപ്പെടും..
ചാവാലിപ്പട്ടികള്‍;
കാലു മടക്കി തൊഴിച്ചാല്‍ പോലും
നീട്ടി ഞരങ്ങി
കച്ചറഡബ്ബയുടെ ചാരത്ത്;
അഴുക്കുചാലിന്‍റെ ഓരത്ത്
ഒറ്റപ്പെടും; ഓരോ നായ്ക്കളും.. !
പകല്‍ 'സംഘടിക്കാത്ത' ഇസങ്ങളാണ്
ഓരോ നായ്ക്കുരകളും..!!
രാത്രിവണ്ടിയുടെ
അവസാനശ്വാസവും
അലിഞ്ഞു തീര്‍ന്ന
അന്തരീക്ഷത്തില്‍
നായ്ക്കളുടെ
വിറ പൂണ്ട അമറലുകള്‍
ഹാര്‍മണിചൂടും..
നായ്ക്കള്‍
ഒരൊറ്റ മേനിയുടെ
ഫ്രെയിമില്‍ പകുക്കപ്പെടുന്നതു
നമുക്ക് മനസ്സിലാകും..
പിന്തിരിയാന്‍
കാലുകള്‍ ശ്രമപ്പെടുമ്പോഴേക്കും
ഇരുട്ടില്‍ നിന്ന്
ഒരായിരം കാലുകളുള്ള
ഒരു നായ നമ്മുടെ നേര്‍ക്ക്‌
ആയം പിടിക്കുന്നുണ്ടാകും..
ചില തെരുവുകളിലെ
മനുഷ്യനായ്ക്കളെ
കുറിച്ച് വായിച്ചു തീര്‍ന്ന
ദിവസം
മാര്‍ത്തഹള്ളിയിലെ നായ്ക്കളെ
ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി..
പിന്തിരിഞ്ഞോടിയ
ആരൊക്കെയോ ആണ്
മാര്‍ത്തഹള്ളിയിലെ നായ്ക്കളുടെ
കടി കൊണ്ടത്‌..
ധൈര്യത്തോടെ അവയെ
കവച്ചു കടന്ന
ഒരാളെയും
അവയുടെ കോമ്പല്ലുകള്‍
പിന്തുടര്‍ന്നില്ല..!
മാര്‍ത്തഹള്ളിയില്‍
ഇപ്പോള്‍ നായ്ക്കള്‍
ബാക്കിയുണ്ടോ എന്തോ?
വന്ധ്യംകരിച്ചു
വരിയുടച്ച്
മനുഷ്യര്‍
അവയുടെ
എണ്ണം കുറച്ചു
തങ്ങളില്‍  ചേര്‍ത്തു... !!
.....
മാര്‍ത്തഹള്ളി : ബാങ്ലൂരിലെ ഒരു സ്ഥലം 

Sunday, March 1, 2015

കവിതയെന്ന രാജ്യം


എവിടെയാണെന്‍റെ സിംഹാസനം..? 
അധികാരചിഹ്നമായ് 
ശിരസ്സിലണിയിക്കുവാന്‍
വിശ്വം വണങ്ങുന്ന പൊന്‍കിരീടം ??

കവിതയാണെന്‍റെ യാഗാശ്വം..!
ദിഗ് വിജയത്തിനായിരം ഹൃദയരാജധാനികള്‍
പലായനത്തിന്‍ പാദ-
ചിഹ്നങ്ങളണിയുന്ന ജീവിതപ്പെരുവഴി..
പഴയ വേടന്‍റെയമ്പു ജന്മങ്ങളില്‍ പേറും
പ്രാക്കളുടെ ചിറകടി;
മുനികളുടെ മൗനസേകങ്ങള്‍…!
ഉത്തരാധുനികത !!

എന്‍റെ കുതിരക്കുളമ്പടിയൊച്ചകള്‍
കടിഞ്ഞാണില്ലാ ഭാവനകളാണതിന്‍ പ്രതിധ്വനി.. !
അവിടെ രത്നാകരത്തിരകള്‍ തിളക്കുന്നു..
മഴ പെയ്തിരമ്പുന്ന പൂക്കള്‍ തളിര്‍ക്കുന്നു..
വെയിലേറ്റ നൊമ്പരച്ചുടലകളില്‍
മഞ്ഞു പൊള്ളുന്ന മൗനമുരുകുന്നു..! 

ആരൊക്കെയോ സ്വയം തീര്‍ത്തു സിംഹാസനം
ആസനങ്ങള്‍ കൊണ്ടു മൂടുവാന്‍
ആസുരപദാവലികള്‍ കൊണ്ടു നാവാടുവാന്‍
സുര പോലെ നുരയുന്ന ബഹുമതികള്‍ നുണയുവാന്‍
സിരകളില്‍ കലഹവും, ശിലയൊത്ത ഹൃദയവും
പേറിയവരെന്നേ സ്വയം തികഞ്ഞു.. ! 

വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
തപ സാധകവുമായ് കാത്തിരിക്കുന്നു..
അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
കനല്‍വഴികളില്‍ പാദപതനമാടുന്നു..!

എവിടെയാണെന്‍റെ സിംഹാസനം..?
ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍ 
കീറിപ്പിളര്‍ക്കുന്നു..
നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
നേര്‍ത്ത താളിന്‍റെ മാറിലടരുന്നു.......!!!

.........................
(വെട്ടം ഓണ്‍ലൈന്‍ March 2015) 

Friday, February 27, 2015

കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലൊരു പുഴയനക്കം



മൗനത്തിന്‍റെ നുരയും പതയും
കലരുന്ന നിശ്വാസങ്ങള്‍ക്ക്
പ്രണയത്തിന്‍റെ ഗന്ധമാണ്;
ലവണനിണം വാര്‍ന്ന
സിരാധമനികള്‍ കൊണ്ട്
വിരഹത്തിന്‍റെ ചുഴികളിലേക്ക്
നനഞ്ഞിറങ്ങുങ്ങുന്നുണ്ടെങ്കിലും!
കടല്‍ത്താളുകളില്‍
സ്വയമെഴുതിമാഞ്ഞുപോകുന്ന
ജലലിപികളില്‍ നിന്ന്
തിരകള്‍ക്കൊരു
കരയുടെ ഹൃദയം തൊടാ-
നിത്തിരി ബാക്കി വെക്കണം...
ഓരോ നിലാവും
ഊര്‍ന്നിറങ്ങുന്ന
വേലിയേറ്റങ്ങളില്‍
രതിയുടെ
ഗതിവിഗതികള്‍ കലര്‍ത്തണം...
ആഴങ്ങളില്‍ ഒളിപ്പിച്ചു വെച്ച
മഞ്ഞുമലകള്‍ക്ക് മേലെ
നിലയില്ലാക്കയങ്ങളുടെ
നിസ്സഹായത..
ചക്രവാളങ്ങളിലേക്കു
പരന്നിരമ്പുന്ന ജലപദത്തിന്‍റെ
അപാരസാധ്യതയില്‍
ഒരു പുഴയനക്കത്തിന്‍റെ
നിസ്സാരത...
.....................
അതെ,
നിന്‍റെയോര്‍മ്മകളുടെ
കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലെന്നും
എന്‍റെ കാത്തിരിപ്പിന്‍റെ
പുഴയനക്കം...........! 

Sunday, February 22, 2015

.......

ജ്വരമാണു പ്രണയമേ
നീ, യെന്നിലുഷ്ണത്തി-
നിടനാഴി പണിയുന്നു
വിരഹബാഹുക്കളാല്‍...!
വ്രണിതസ്വപ്നങ്ങളേ 
നിങ്ങളെന്നന്തിയില്‍
ഇരുളിന്നുടല്‍ പൂകു-
മുയിരില്‍ വിതുമ്പുന്നു...!

പാലങ്ങളാകുന്ന കാലങ്ങളില്‍,
ജന്മങ്ങളാം ജനല്‍പാളികളില്‍
മഴ നെയ്ത ഋതുവാണു
പ്രണയം, നീയെങ്കിലും;
വെയില്‍ വിണ്ട വീഥിയില്‍,
വ്യഥിത ഗമനങ്ങളാ-
മീ പ്രവാസത്തിന്‍റെ
മരുമര്‍മ്മരങ്ങളില്‍..
ഓര്‍മ്മകള്‍ ലിപിയാര്‍ന്ന
കവിതയാകുന്നു നീ;
ഗൃഹാതുരമൊരു നിഴല്‍
പുനര്‍ജനിക്കുന്നിതാ................!!