എന്നെ ലൈക്കണേ....

Friday, February 10, 2017

..........

നിശ്ശബ്ദതയുടെ താഴ്‌വരയിൽ
ശൈത്യം പൂക്കുന്ന ദലമില്ലാമരങ്ങൾ..
ശരത്കാലത്തിന്റെ ശോകശിഖിരങ്ങൾ..
സ്മൃതിയെന്നു പേരുള്ള ഋതുവിൽ
മൃതി രുചിക്കാത്ത മൗനങ്ങൾ..!
മേഘച്ചവർപ്പുള്ള മഴരുചികളിൽ നിന്ന്
വേനൽമണങ്ങളെ പകുക്കുന്ന കാനൽ....!

മരുഭൂമിയിൽ നിന്ന്
മൊഴികളുടെ പുഴ പൊട്ടിയൊലിക്കുന്നു....
വിപ്ലവങ്ങളുടെ ചായക്കോപ്പകൾ
നിറഞ്ഞു കവിയുന്ന മജ്‍ലിസ്..
കവിതകളുടെ പട്ടം പറക്കുന്ന
ആകാശത്തിൽ നിന്ന്
ഒളിച്ചോടിപ്പോന്ന മേഘങ്ങൾ..

ഒറ്റപ്പെട്ടവരുടെ മരണങ്ങളിൽ നിന്ന്
ജീവിതം  പകുത്തെടുത്ത
കുന്തിരിക്കത്തിന്റെ ചൂരുള്ള
കഫൻനിനവുകൾ

ഉപേക്ഷിക്കപ്പെട്ട ദേഹങ്ങളിൽ നിന്ന്
പറന്നുയരുന്ന മുൻപേ
ചിറകു കുടഞ്ഞു തയ്യാറാവുന്ന
കിനാവിന്റെ പക്ഷികൾ...

ഇരുട്ടിന്റെയത്രക്ക് അപരിചിതമായ
നോട്ടങ്ങളിൽ നിന്ന്
അഴിച്ചെടുത്തു നെയ്യുന്ന
ഒരു നിമിഷം;
പരസ്പരം തിരിച്ചറിയാതെ
ഉടലറ്റു പോയ രണ്ട് നിഴലുകൾ...!!

🎑

.............

ഉന്മാദം
അതിന്റെ
വിരലുകൾ കൊണ്ട്
എന്റെ സ്വപ്നം വരയ്ക്കുന്നു..
അഴിഞ്ഞു പോയ
നിലാവിന്റെ
ചികുരഭാരങ്ങൾ
ഉടലിൽ പകർന്ന രാത്രി..
മറന്നു പോയ
പകലിലേക്ക്
തിരിച്ചെയ്യാനുള്ള
ഓർമ്മയുടെ മണമുള്ള
നിനവമ്പുകൾ..!

കടലതിന്റെ
തിരത്തലപ്പുകൾ കൊണ്ട്
എന്റെ കവിതയെപ്പുണരുന്നു..
വൃത്തങ്ങൾ പരന്നു പോയ
വിതാനങ്ങളിൽ നിന്ന്
തികച്ചും ഈണമറ്റ
വരികളുടെ
ബഹളങ്ങൾ...
മറഞ്ഞു പോയ
പ്രിയകവികളുടെ വിലാപങ്ങൾ;
പിടയുന്ന 'കവിതകൾ'...!!

മരണമതിന്റെ
കറുത്ത/വെളുത്ത പുടവ കൊണ്ട്
എന്റെ ജീവിതത്തെ പുതക്കുന്നു..
ഉടൽത്താഴ്‌വരയിൽ
മുകിൽച്ചിറകണിഞ്ഞ മൗനം..
മഞ്ഞവെയിൽപ്പടവിൽ
ഏകാകിയായൊരു മരുഭൂമി;
പ്രവാസം...!!!

🎑

Saturday, January 7, 2017

........

ഇരുട്ട്...
നിയോൺ ബൾബുകൾ തീർത്ത
വെളിച്ചങ്ങളുടെ
വേലികൾക്കപ്പുറത്തു
പതുങ്ങിക്കിടക്കുന്നു..
നിഴലുകൾ, നാഗങ്ങളായ്
പരസ്പരം ഇണചേരുന്ന
തെരുവുകളിൽ നിന്ന്
ഭാംഗിന്റെ മണമുള്ള
പാട്ടുകൾ വീടുവിട്ടിറങ്ങുന്നു..
ആകാശമെന്നു പേര് മാറ്റി വിളിച്ച
തകരഷീറ്റുകൾക്കു താഴെ
ജീവിതം തിളച്ചുമറിയുന്നു..
ഓരോ ചേരിയും നഗരത്തിന്റെ
ക്യാൻസറാണെന്ന് നീ പറയുമെങ്കിലും....!!

നോക്കൂ,
ഇന്നലെ രാത്രിയിൽ നിന്റെ
ബാൽക്കണിയിൽ ഇരുന്നു കാണാതെ കണ്ട
തെരുവാണിത്..
ഓരോപകലും,  അപരിചിതത്വത്തിന്റെ
ഉടുപ്പണിയിച്ചു തെരുവിന്റെ
ഇന്നലെകളെ മായ്ച്ചു കളയുന്നു..!
രാത്രികൾ ഓർമ്മയുടെ
വീഞ്ഞു പകരുന്നത്,
ഇരുട്ട് ഒരവാച്യമായ സുരക്ഷിതത്വം
നൽകുന്നത്,
എനിക്ക് മനസ്സിലാകും...
ഇരുട്ട്,
തലവെട്ടിയെടുത്ത
വെളിച്ചത്തിന്റെ
ശവകല്ലറയാണെന്ന്
നീ പറയുമെങ്കിലും...!

പകലുകൾ എന്ന് നീ വിളിക്കുന്ന
വെളിച്ചത്തിന്റെ കടലുകൾക്ക് മേലേ
നടക്കുവാൻ എനിക്കാവില്ല
രാത്രികൾ എന്ന് ഞാൻ വിളിക്കുന്ന
ഉത്തരീയങ്ങൾ എന്നെ പുതക്കുന്നു
അന്ധതയുടെ സാധ്യതകളിൽ നിന്ന്
ഒരിരുട്ടു മണം പെയ്യുന്നു

നോക്കു
ഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്
രാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;
ആവിഷ്ക്കാരപ്രതിസന്ധിയുടെ
അങ്ങേയറ്റം...
ചിറകില്ലാത്ത കിളികളുടെ ആകാശവിസ്താരങ്ങൾ!!

നീ കാണുന്നതിനേക്കാൾ ഞാൻ കാണുന്നുണ്ട്
ഇന്നലെ രാത്രിയിൽ
ധോബിവാലയുടെ കൂരയുടെ
അടുക്കളവാതിൽ തകർത്തു സദാചാരപ്പോലീസ് അയാളുടെ ഭാര്യയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്
ഞാൻ കണ്ടു...
(ഇവിടെ എന്റെ കാഴ്ചയുടെ പ്രസക്തിയെ ചോദ്യം ചെയ്യരുത് പ്ലീസ്)
ധോബിവാലയുടെ പതിനേഴു തികഞ്ഞ മകൾ തെരുവിലെ സ്വർണ്ണകടയുടമ സിന്ധിയുടെ മകനുമായി പ്രേമത്തിലായിരുന്നു!!

ഇന്ന് പകലിൽ
ധോബിവാലയെ ഭാര്യയെയും, മകളെയും കൊന്നതിനു സാക്ഷാൽ പോലീസ് വന്നു പിടിച്ചു കൊണ്ട് പോയതും ഞാൻ കണ്ടു..
കണ്ണുള്ളവർക്കു കാണാൻ കഴിയാത്ത പലതും
ഞങ്ങൾ, കണ്ണില്ലാത്തവർക്കു കാണാൻ കഴിയും

മരിച്ചവരുടെ രാത്രിയെക്കാളും
ജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി
വെളിച്ചം പല സത്യങ്ങളെയും മറക്കുന്ന മുഖംമൂടിയാണ്....!!

അറിയുമോ,
നീയെന്റെ രാത്രികളിൽ അത്രയ്ക്ക് വിശുദ്ധയാണ്
നിന്റെ ചൂട് മുഴുവൻ എന്റെ തണുപ്പിനെ പുതച്ചു കിടക്കും
നിന്റെ പകലുകളിൽ നീയെനിക്ക്
അപരിചിതയാണ്..
വൈകുന്നേരം തിരിച്ചു വന്നു
നിന്റെ ഉടലിൽ പറ്റിപ്പിടിച്ച
അപരിചിതത്വത്തിന്റെ അഴുക്കുകൾ കഴുകികളഞ്ഞു
നീ വീണ്ടും വിശുദ്ധയാകുന്നു....!!

രണ്ട് കാലങ്ങൾക്കിടയിലെ
ഋതുഭേദങ്ങളെ കുറിച്ച്
നിനക്ക് മനസ്സിലാകുന്നുണ്ടോ??
പകലുകൾ,
ഇരുട്ടിന്റെ ഇലകൾ പൊഴിഞ്ഞു തീരുന്ന ശിശിരം!
രാത്രികൾ.
അവയുടെ പുനർജന്മയോഗത്തിന്റെ
വസന്തം!!

നീയും ഞാനുമെന്ന പോലെ
........

Monday, December 26, 2016

............

കാഴ്ച്ചയുടെ
ചായക്കോപ്പകൾ..
മൊഴികളുടെ
കൊടുങ്കാറ്റുകൾ..
നിന്നെ പാനം ചെയ്യുന്ന
വെയിൽച്ചുണ്ടുകൾ...
നിന്നെ കിനാവുടുപ്പിക്കുന്ന
രാവിരലുകൾ...

വെറുംവാക്ക് കൊണ്ട്
പ്രണയം പറഞ്ഞു
ഭാഷയും ലിപികളും
വറ്റിപ്പോയിരിക്കുന്നു..
മറ്റൊരു കാലത്തിലേക്ക്
അടർന്നു പോയ വസന്തമെന്നു
നീ വിലപിക്കുന്നു...!

ഉടലുകളന്യോന്യം ചുണ്ടില്ലാതെ
സംസാരിക്കുന്നത്
നിഴലുകളുടെ സർപ്പങ്ങൾ
ഇണ ചേരുന്നത്
ഒരുഷ്ണത്തിന്റെ ഭാഷയിൽ
വിയർപ്പിന്റെ ലിപിയിൽ
നാം വായിച്ചെടുക്കുന്നു....

(((അല്ലെങ്കിലെന്നും ഇങ്ങനെയാണ്
ഒരു മാംസവാതായനം
തുറന്നിട്ട ഇടനാഴിയാണ്
പ്രണയം..... )))

മുറിച്ചിട്ട പല്ലിവാൽ പോലെ
ഓർമ്മകൾ പിടക്കുന്നു..!
മരം ചുറ്റിയ ഒരു വിശുദ്ധ പ്രണയം
മനസ്സിൽ മുളക്കുന്നു...!!

പഴയ കാലമെന്നു
പ്രണയത്തിന്റെ ഋതുക്കളെ
പകുത്തു
പുതിയ കാലത്തിന്റെ
സൈബർ ചുംബനങ്ങളിൽ
നമുക്ക് മുഴുകാം...
ചുംബിക്കാൻ ചുണ്ടുകൾ പോലും വേണ്ടാത്ത
E-കാലം 😎

🎑

Monday, December 12, 2016

........

ഇവിടെ,
എണ്ണക്കിണറിനു
ചുറ്റും
എണ്ണത്തിൽ പെടാത്ത
ചില
എണ്ണക്കറമ്പൻ കവികളുണ്ട്...

നിങ്ങൾ,
കണ്ണുകൾക്ക്‌ മേൽ
തുന്നി വെച്ച
വിമർശക്കണ്ണുകൾ കൊണ്ട്
കാണാനാകാത്ത
കണ്ണാടികവിതകൾ....

മരുഭൂമിയുടെ
മണ്ണാഴങ്ങളിൽ നിന്ന്
വിണ്ണിലേക്ക് പടർന്നു കയറിയ
പയറുമണിച്ചെടിയുടെ
വിരൽത്തുമ്പു പോറിയ
കവിതകൾ..

ഒട്ടകത്തിന്റെ,
ഷേരിയുടെ,
ഷവർമ്മയുടെ,
അരീസയുടെ,
കുബ്ബൂസിന്റെ,
അമൂസിന്റെ,
ബദുവിന്റെ,
ഊദിന്റെ,
ഖാവയുടെ;
കമ്പിളിയാടിന്റെയും
മണമുള്ള കവിതകൾ....

മരുപ്പച്ചയുടെ തണുപ്പുള്ള
കാറ്റിന്റെ മണ്‍ചൂടുള്ള
വെയിലിന്റെ കനൽചൂരുള്ള
കവിതകൾ...!

അറിയുമോ,
കവിതകളെ എംബാം
ചെയ്തു വെച്ച
മോർച്ചറികളിൽ നിന്ന്
നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്...;
മെട്രോറെയിൽപ്പാളങ്ങളിൽ ,
ഭൂമിക്കും ആകാശത്തിനുമിടയിലെ
ഗമനവേഗവിഭ്രാന്തിയിൽ നിന്ന്
ഉണർന്നെണീക്കുമ്പോഴേക്കും
നഷ്ടപ്പെട്ട യാത്രകൾ പോലെ....!

നിങ്ങൾ മറന്നു പോയ
ഒരയ്യപ്പൻ
ദേരയുടെ തിരക്ക് പിടിച്ച
ഗലികളിലൊന്നിൽ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്!!!

🎑

Sunday, December 11, 2016

.....

ആകാശത്തിന്റെ അതിരുകളിൽ നിന്ന്
പൊട്ടിയൊലിക്കുന്ന പുഴയിൽ
നക്ഷത്രക്കല്ലുകൾ തിളങ്ങുന്നു..

കടലിലേക്കല്ലാത്ത പ്രയാണങ്ങളിൽ
പൊടുന്നനെ,
പുഴയിൽ
ഒരിലകൊണ്ടുണ്ടാക്കിയ
കപ്പൽ പ്രത്യക്ഷപ്പെടുന്നു...
ഗതിവിഗതികൾ നിയന്ത്രിക്കപെടേണ്ട
ആവശ്യമില്ലാത്തത് കൊണ്ട്
തുഴച്ചിൽക്കാരോ, കപ്പിത്താനോ, യന്ത്രപങ്കകളോ ഇല്ലാത്ത കപ്പലാണത്..

കപ്പൽ ഒരു ഒഴുകിക്കൊണ്ടേയിരിക്കുന്ന
രാജ്യമായി രൂപാന്തരപ്പെടുന്നു..

യാത്രക്കാരെ ജനമെന്നു പേര് മാറ്റുന്നു..

ജനങ്ങളെ മറ്റനേകം കള്ളികളിലേക്ക് വിഭജിച്ചെഴുതി
കപ്പലിനുള്ളിൽ തന്നെ രാജ്യങ്ങൾ സൃഷ്ടിക്കുന്നു..

കച്ചവടക്കാർ വിലകൊടുത്തു കൊണ്ടുവന്ന പാവയെ
കപ്പിത്താനെന്നു വിളിച്ചു യാത്രക്കാരെ പറ്റിക്കുന്നു
നരച്ച മീശയും താടിയുമുള്ള പാവയെ കാണുമ്പോൾ
യാത്രക്കാർ/ജനങ്ങൾ എണീച്ചു നിന്ന് വണങ്ങിതുടങ്ങുന്നു..

കപ്പലിപ്പോൾ രാഷ്ട്രീയമായ ചില  കീഴടങ്ങലുകളുടെ കണക്കു പുസ്തകമാണ്..
പുഴയുടെ ഒഴുക്ക് പോലും തങ്ങളുടെ ചൊല്പടിക്കാണെന്നു പാവഗവണ്മെന്റ് പ്രഖ്യാപിക്കുന്നു.

തുഴച്ചിൽ നിരോധിക്കപ്പെട്ട യാത്രയിൽ
നമുക്ക് പോകേണ്ടത് ആകാശത്തിന്റെ അതിരിലേക്കാണെന്നു വേവലാതിപ്പെട്ട ചില യുവാക്കൾക്ക്
മാത്രം
നക്ഷത്രക്കണ്ണുകളുണ്ടായിരുന്നു...!

കൈകൾ തുഴകളാക്കി
ഒഴുക്കിനെതിരെ തുഴഞ്ഞു കൊണ്ടിരുന്ന അവരുടെ കഴുത്തിനു മേൽ തലകളുണ്ടാകരുതെന്നു
കച്ചവടക്കാർ വിധി കൽപ്പിക്കുന്നു

പാവപ്പൊലീസുകാർ
വെട്ടിയെടുത്ത തലകളിൽ
അനേകം
നക്ഷത്രക്കണ്ണുകൾ തിളങ്ങികൊണ്ടിരുന്നു..!

കപ്പലെന്നു പേരുള്ള രാജ്യത്തിന്
ദിശ നഷ്ടപ്പെടുന്നു
പുഴ ഒഴുകികൊണ്ടേയിരിക്കുന്നു
ആകാശത്തിന്റെ അതിരുകളിൽ നിന്നു
ഇല്ലാക്കടലിലേക്കുള്ള യാത്രയിൽ
കപ്പലിലെ യാത്രക്കാർക്ക് നക്ഷത്രക്കണ്ണുകൾ മുളച്ചു തുടങ്ങുന്നു..

മുറിച്ചു മാറ്റപ്പെടുന്ന ഓരൊ തലകളിലും നക്ഷത്രക്കണ്ണുകൾ
തിളങ്ങി കൊണ്ടിരുന്നു..

കണ്ണുകൾ ആവശ്യമില്ലാത്ത പാവകൾ മാത്രം ബാക്കിയാവുന്നതു വരെ തലയെടുക്കലുകൾ തുടരുന്നു...

കപ്പലിപ്പോൾ ശ്മശാനമാണ്
തലകളില്ലാത്ത ശവങ്ങളുടെ അഴുകിയ മണം..
മൌനത്തിന്റെ അലർച്ചകൾ...

പുഴ വറ്റിപ്പോയിരിക്കുന്നു;
മരുഭൂമിയുടെ മണൽച്ചുഴിയിൽ
ഒഴുക്ക് നഷ്ട്ടപ്പെട്ട കപ്പലെന്ന രാജ്യം...!
പാവത്തലകൾ മാത്രം
യാത്രയുടെ ലഹരിയിലാണ്...
കാരണം;
അവക്ക് കണ്ണുകളില്ലല്ലോ....!!

🙈🙊🙉

Friday, December 9, 2016

ജിപ്സി

ഇസ്‌താംബൂളിലെ
ഇടുങ്ങിയ തെരുവിൽ വെച്ചാണ്
നിന്നെ ഞാൻ കണ്ട് മുട്ടുന്നത്...!
മദ്യശാലയിൽ
*എന്റെ പേരുള്ള വീഞ്ഞ് നുകർന്ന്,
പരസ്പരം പെയ്യുന്ന വാക്കുകളുടെ
മഴ നനഞ്ഞ്,
നിന്റെ പേരുള്ള ഒരു കവിതയിലേക്ക്
അലിഞ്ഞിറങ്ങുകയായിരുന്നു നമ്മൾ..!

മദ്യശാല ഒരു രാജ്യമാണ്‌
നമ്മുടെ മേശ അതിന്റെ  (ഉന്മാദങ്ങളുടെ) തലസ്ഥാനവും..!
സംസാരിക്കുന്നവൻ രാജാവും,
കേൾവിക്കാർ പ്രജയും ആകുന്ന
നൈരന്തര്യത്തിന്റെ സൗന്ദര്യം
നിനക്ക് മനസ്സിലാകുന്നുണ്ടോ?

അനന്തരം നീയെന്റെ രാജാവായി..
നാക്കിൽ പൊള്ളുന്ന വാക്കുകൾ കൊണ്ട്
നീയെന്നെ ഭരിക്കാൻ തുടങ്ങി...!

ഞാനെന്റെ പേര് മറന്നു പോയിരുന്നു
അത്കൊണ്ട് തന്നെ മദ്യം വിളമ്പുന്നവനോട് ഞാനെന്റെ പേര് ചോദിച്ചു..
അവൻ പകർന്നു തന്ന വീഞ്ഞിനു എന്റെ പേരായിരുന്നു എന്നാണോർമ്മ....!

നിന്റെ പേര് നീയും മറന്നു പോയിരുന്നു
നീയെന്നു പേരുള്ള കവിത പോലും നമ്മൾ മറന്നു പോയിരുന്നു..!
ഓർമ്മയെന്നു പേരുള്ള വീഞ്ഞ് കുടിച്ചു
മറന്നു പോയ സ്വപ്നത്തിലേക്ക് നിഷ്ക്രമിക്കുന്ന അബോധത്തെ കുറിച്ച് മാത്രം നമുക്ക് മനസ്സിലാക്കാനാവുന്നു..

"നമ്മുക്ക്‌ നമ്മുടെ മറന്നു പോയ പേരുകൾ
ഭൂമിയിൽ ഉണക്കാനിട്ട്‌ മറ്റോരു രാജ്യത്തിന്റെ കടപ്പുറത്ത്‌
കപ്പലണ്ടിയും കൊറിച്ച്‌ നടക്കാം...."
നീ പറഞ്ഞു.

നമ്മിൽ നിന്നഴിഞ്ഞു പോയ പേരുകൾ
വഞ്ചികൾ/കപ്പലുകൾ ആയി പണിയെടുക്കാത്തവരുടെ രാജ്യം തേടി
തുഴഞ്ഞു പോകുന്നതു കണ്ട് എനിക്ക് ചിരി പൊട്ടി....

ഒരുകാര്യം അറിയുമോ?
അപ്പോഴൊന്നും
ശരിക്കും നമ്മൾ ജനിച്ചിരുന്നില്ല.
നമ്മളൊരിക്കൽ ജനിക്കുമെന്നും
നമുക്ക് പേരുകൾ ഉണ്ടാകുമെന്നും
പിന്നെ നമ് മൾ കണ്ടുമുട്ടുമെന്നും
ജനിക്കാതെ തന്നെ നമ്മളോർത്ത് നോക്കിയതാണ്....!

.....
**സഖാവെ..
ഒരൊറ്റ നിഴലിൽ നിന്ന്
നമ്മളെ അഴിച്ചെടുക്കാൻ
ഒരു വെയിൽസൂചി ഇപ്പോഴേ
കയ്യിൽ കരുതുന്നതല്ലേ  നല്ലത്.......??

💖
*ഷിറാസ് റോസ് (വൈൻ)
** വിനോദ് വാക്കയിൽ എന്ന പ്രിയകവിസുഹൃത്ത്

Wednesday, November 23, 2016

..........

മറവിമരങ്ങളിൽ നിന്നടർന്നു വീണ
ഓർമ്മദലങ്ങളുടെ ഫോസിലുകൾ
മണ്ണ് പുതച്ചു കിടന്നു;
ഒരാകാശം മുറിഞ്ഞു മഴച്ചോര വാർന്നു
നഗ്നമാക്കപ്പെടുന്നത് വരെ...!
നിശ്ചലമായ ഒരു തടാകമെന്നു
ജീവിതത്തെ വ്യാഖ്യാനിച്ചു
മൌനത്തിന്റെ കടലിലേക്ക് നടന്നു പോയ
പ്രവാചകനാണ് ഞാൻ..
ഓർമ്മയുണ്ടോ??

പ്രണയം നുരച്ച സ്ഫടികചഷകങ്ങളെന്നു
നിന്റെ കണ്ണുകളെ മൊത്തിക്കുടിച്ച
എന്റെ കവിത തന്നെയായിരുന്നു
ഏറ്റവുമൊടുവിൽ എന്നെ ഒറ്റിക്കൊടുത്തത്‌..

പുഴച്ചില്ലകളിൽ നിന്ന് മണ്‍പഴങ്ങൾ പറിച്ചെടുത്ത
യന്ത്രശകടപേലവങ്ങൾ
എന്റെ മറവിയിൽ നിന്ന്
ഓർമ്മകളെ അരിച്ചെടുക്കുന്നു..

ഗൃഹാതുരമെന്ന് പേരിട്ടു നഷ്ടപ്പെട്ട ഗതകാലം
ഗമനതാളം മുറിഞ്ഞു പോയ കാറ്റിന്റെ സ്പർശം..

ഒരിക്കലും എഴുതി മുഴുമിപ്പിക്കാനാകാത്ത
വേദപുസ്തകത്തിന്റെ
അവസാന താളിലാണ്
ഓർമ്മയും മറവിയും മണക്കുന്ന
നമ്മുടെ തുടക്കങ്ങൾ.....!!!!

......🎑

Wednesday, November 9, 2016

............

നിക്ക് സങ്കടം വന്നൂ...
മണ്ണായ മണ്ണ്‍ മുഴോൻ
സങ്കടപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സങ്കടനക്ഷത്രങ്ങൾ...
കടലായ കടല് മുഴോൻ
സങ്കടമത്സ്യങ്ങൾ...
സന്തോഷമെന്നു
നിന്റെ പ്രണയവിരലെന്റെ
സങ്കടത്തെ പേര് മാറ്റി വരയ്ക്കുന്ന മുന്നാണേ....!!

നിന്റെ പ്രണയവിരലെന്നെ
തൊട്ടപ്പോൾ
നിക്ക് സന്തോഷം വന്നൂ..
മണ്ണായ മണ്ണ്‍ മുഴോൻ
സന്തോഷപ്പൂക്കൾ...
വിണ്ണായ വിണ്ണ് മുഴോൻ
സന്തോഷനക്ഷത്രങ്ങൾ....
കടലായ കടല് മുഴോൻ
സന്തോഷമത്സ്യങ്ങൾ....

നിക്ക് സങ്കടവും സന്തോഷവും വരുന്നു.......!!!!!

Monday, October 3, 2016

............

മൗനം
അതിന്റെ
ആഴങ്ങൾ കൊണ്ട്
എന്റെ
ഹൃദയത്തെ
വിഴുങ്ങിത്തുടങ്ങുന്നു..

നിന്റെ
കാലടിപ്പാടുകൾ
മാഞ്ഞു തുടങ്ങിയ
കടൽത്തീരം;
എന്റെ ഓർമ്മയുടെ
ശ്‌മശാനം...!

ആകാശത്തിലേക്ക്
മുറിഞ്ഞു വീണ
മേഘമരങ്ങളിൽ നിന്ന്
മഴപ്പൂവുകൾ
അടർന്നു വീഴുന്നു..

മഴത്തണലിലെ
വെയിൽവീടുകൾ;
എന്റെ വിചാരശവങ്ങളുടെ
കിടപ്പറ..!

മൗനം
അതിന്റെ
നഖമുനകൾ കൊണ്ട്
എന്റെ
കവിതയെ
നോവിക്കുന്നു..

ഞാൻ വീണ്ടും ഒറ്റക്കാവുകയാണ്...!!