എന്നെ ലൈക്കണേ....

Monday, December 12, 2016

........

ഇവിടെ,
എണ്ണക്കിണറിനു
ചുറ്റും
എണ്ണത്തിൽ പെടാത്ത
ചില
എണ്ണക്കറമ്പൻ കവികളുണ്ട്...

നിങ്ങൾ,
കണ്ണുകൾക്ക്‌ മേൽ
തുന്നി വെച്ച
വിമർശക്കണ്ണുകൾ കൊണ്ട്
കാണാനാകാത്ത
കണ്ണാടികവിതകൾ....

മരുഭൂമിയുടെ
മണ്ണാഴങ്ങളിൽ നിന്ന്
വിണ്ണിലേക്ക് പടർന്നു കയറിയ
പയറുമണിച്ചെടിയുടെ
വിരൽത്തുമ്പു പോറിയ
കവിതകൾ..

ഒട്ടകത്തിന്റെ,
ഷേരിയുടെ,
ഷവർമ്മയുടെ,
അരീസയുടെ,
കുബ്ബൂസിന്റെ,
അമൂസിന്റെ,
ബദുവിന്റെ,
ഊദിന്റെ,
ഖാവയുടെ;
കമ്പിളിയാടിന്റെയും
മണമുള്ള കവിതകൾ....

മരുപ്പച്ചയുടെ തണുപ്പുള്ള
കാറ്റിന്റെ മണ്‍ചൂടുള്ള
വെയിലിന്റെ കനൽചൂരുള്ള
കവിതകൾ...!

അറിയുമോ,
കവിതകളെ എംബാം
ചെയ്തു വെച്ച
മോർച്ചറികളിൽ നിന്ന്
നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്...;
മെട്രോറെയിൽപ്പാളങ്ങളിൽ ,
ഭൂമിക്കും ആകാശത്തിനുമിടയിലെ
ഗമനവേഗവിഭ്രാന്തിയിൽ നിന്ന്
ഉണർന്നെണീക്കുമ്പോഴേക്കും
നഷ്ടപ്പെട്ട യാത്രകൾ പോലെ....!

നിങ്ങൾ മറന്നു പോയ
ഒരയ്യപ്പൻ
ദേരയുടെ തിരക്ക് പിടിച്ച
ഗലികളിലൊന്നിൽ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്!!!

🎑

3 comments:

  1. എണ്ണക്കിണറിനു ചുറ്റും
    എണ്ണത്തിൽ പെടാത്ത ചില
    എണ്ണക്കറമ്പൻ കവികളുണ്ട്...
    കണ്ണുകൾക്ക്‌ മേൽ തുന്നി വെച്ചവിമർശ
    ക്കണ്ണുകൾ കൊണ്ട് കാണാനാകാത്ത ഉഗ്രൻ
    കണ്ണാടികവിതകൾ....!

    ReplyDelete
  2. കവികളെ ആരറിയുന്നു
    കവിതകളെ ആര്‍ വിലയിരുത്തുന്നു?!
    ആശംസകള്‍

    ReplyDelete
  3. കവിതകളെ എംബാം
    ചെയ്തു വെച്ച
    മോർച്ചറികളിൽ നിന്ന്
    നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്..

    കൊള്ളാം ...നന്നായിരിക്കുന്നു ആശംസകൾ

    ReplyDelete