എന്നെ ലൈക്കണേ....
Wednesday, September 26, 2012
മ(മ)രണം
**
മരണം ഒരു സ്വപ്നമില്ലാത്ത ഉറക്കാണ്..
ജന്മങ്ങള്‍ക്കിടയിലെ നേര്‍ത്ത നൂല്പ്പാലത്തില്‍
"വഴിച്ചീട്ടിനായ്"നില്‍ക്കുന്ന ദേഹിയെ കാത്ത്
...ജീര്‍ണ്ണിക്കാനായൊരു ദേഹശകടം..
പറഞ്ഞു തീര്‍ത്ത പഴം പുരാണങ്ങള്‍
പറയാതെ ചീര്‍ത്ത പുതു പാഠകങ്ങള്‍
മുന്‍പേ നടന്നവര്‍ക്ക് വേണ്ടിയും
പുറകെ വരാനുള്ളവര്‍ക്ക് വേണ്ടിയും...
മരണം നിറമില്ലാത്ത സ്ഫടികവിതാനമാണ്..
ആകാശങ്ങള്‍ക്കിടയിലെ ശൂന്യതകള്‍
എത്ര നക്ഷത്രങ്ങള്‍ കൊണ്ട് നിറച്ചിട്ടും
സ്വയമണിയാന്‍ മറന്നു പോയ വര്‍ണ്ണം പോലെ..
നെയ്തു വെച്ച നിലാവുകളും
കൊയ്ത് വെച്ച വെയിലുകളും
കിനാവുകളും, നിനവുകളുമായി..!
അടുത്ത ജന്മതിലെക്കുള്ള കിളിവാതിലില്‍
ഒരു റൂഹാനിക്കിളിയുടെ ചിലപ്പ്..
ബാക്കി വെച്ച ഏതോ സ്വപ്നത്തിന്റെ ചില്ല തേടി
ഞാനും തിരിച്ചു വരുമായിരിക്കും..!!
മുഖപുസ്തകം അടക്കുമ്പോള്‍..
***
മുഖപുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍
കാലമൊളിപ്പിച്ചു വെച്ച
സൌഹൃദത്തിന്റെ മയില്‍പ്പീലികള്‍ തേടിയാണ്
...അവന്‍ വന്നത്..
'പൊയ്നാമ'ങ്ങളില്‍ ഒളിഞ്ഞിരുന്നു
അവരവനെ നോക്കി കൊഞ്ഞനം കുത്തി..
സോഫ്റ്റ്‌വെയര്‍ ക്ലീഷെകളില്‍
ഹാര്‍ഡ്‌വെയര്‍ ഈഗോകളില്‍
മൂക്കും കുത്തി മറിഞ്ഞു വീണ ആദര്‍ശങ്ങള്‍
ശൌച്യ കര്മ്മത്തിനുള്ള നാപ്കിനുകളായി..!
പ്രണയം ഇപ്പോള്‍ ലൈകിനും കംമെന്റിനും വേണ്ടിയുള്ള പോസ്റ്റുകളാണ്..
കാമത്തിലേക്ക് തുറക്കുന്ന കാമറകള്‍ പോലെ
അവരുടെ കണ്ണുകള്‍ കുറുകുന്നു..
നാവിന് മൌനത്തിന്റെ പൂപ്പല്‍ പിടിച്ചിരിക്കുന്നു..
വിരല്തുമ്പുകളാണിപ്പോള്‍ സംസാരിക്കുന്നത്..
എഴുതാന്‍ മഷി വേണ്ടാത്ത തൂവല്‍പ്പേനകള്‍..!!
എല്ലാത്തിനും മേമ്പൊടിയായി
മരണത്തിന് മുന്‍പേ, ആഡ് ചെയ്തു,
ടാഗ് ചെയ്തു ജീവിതമെന്ന ചിത്രം..!
ആരും അന്യോന്യം ഷെയര്‍ ചെയ്യപ്പെടുന്നെയില്ല..!!
****
(ആകാശത്താളുകളില്‍ മാലാഖമാര്‍
ഒളിപ്പിച്ചു വെച്ച
സ്വര്‍ഗ്ഗത്തിന്റെ മയില്‍പ്പീലികള്‍ തേടിയാണ്
അവന്‍ മരിക്കുന്നത്...
അവിടെയും പൊയ്മുഖങ്ങളുമായി
അവരുണ്ടാകുമോ എന്തോ??)
----ശുഭം----
സമര്‍പ്പണം: ഫേക്ക് ഐഡികളില്‍ ഒളിപ്പിച്ച കാമസൌഹൃദത്തിന്റെ വിഷലിപ്തമായ വ്യര്‍ത്ഥതയില്‍ മനം നൊന്തു ഫേസ്ബുക്കില്‍ നിന്നും വിട പറഞ്ഞ എന്റെ സുഹൃത്തിന്..
ഒരു പൈങ്കിളിക്കവിത
***
ഇനി ഞാനിതെന്തിനെന്‍ തൂലികയാല്‍
നിന്റെ മൌനം മുറിക്കുന്നു തോഴീ..
ഇനിയെന്തിനായീ ചരല്പാതയില്‍
താന്തനൊരുവന്റെ പദനിസ്വനങ്ങള്‍..?
നീയാണ്ടു പോയൊരു മൂകസമാധിയി-
ലെന്‍ നിഴല്പ്പാടും പിടഞ്ഞു..
ഇന്നുമീ നീറുന്നൊരഴലായി നിന്‍
വിരഹനാളങ്ങലെന്നെ പൊതിഞ്ഞു..!
വെറുതെയൊരു കാലൊച്ച കേട്ട നേരം
ഞാനറിയാതെ വാതില്‍ തുറക്കേ
ഒരു മാത്രയേതോ വെയില്പാതയില്‍
നിന്റെ നിഴലനങ്ങുന്ന പോല്‍ തോന്നി..!
ഇരുള്‍ വീണുടഞ്ഞ നിലാചില്ലുകള്‍
എന്റെ മുറിവേറ്റ ചിത്രം രചിക്കേ,
രാസ്തലി പോലുമെന്നിണ തന്റെ മൌനം
സഹിക്കുവാനാകാതെ തേങ്ങി.!
കാല്‍ചിലമ്പിന്‍ നേര്‍ത്ത നാദമെങ്ങോ
കേട്ട മാത്ര ഞാന്‍ നിന്നെ തിരഞ്ഞു,
മുന തേഞൊരമ്പിതിന്നെന്‍ പിന്‍വിളി
നിന്റെ മറുവിളിക്കായ് വിതുമ്പുന്നു..!
ഇനിയെത്ര കാലമീ വത്മീക ശയ്യയില്‍
നീയുറങ്ങിത്തീര്‍ക്കുമെന്റെ തോഴീ..?
അത് വരെ ഞാനീ മഷിപ്പേനയെ
മൌനശാപം വിധിച്ചുറക്കട്ടെ...!!!!
------------ശുഭം----------
ഒരു എമെര്‍ജിംഗ് സ്വപ്നം..
***
എന്റെ സ്വപ്നത്തിന്റെ
നേരും നിറവും ചോദിക്കരുത്..
...ഹൃദയം പിളര്‍ന്നു അവര്‍ നിറച്ച
വിഷരക്താണുക്കളെ
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ ശുദ്ധീകരിച്ചത്...!
തലച്ചോറ് തുളച്ചു അവര്‍ തളിച്ച
ആശയങ്ങള്‍ക്ക് മേല്‍
എന്റെ സ്വപ്‌നങ്ങള്‍ കൊണ്ടാണ്
ഞാന്‍ വിജയം വരിച്ചത്..!!
നിറങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെന്നു
ഞാനറിയുന്ന മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നിറങ്ങളുണ്ടായിരുന്നിരിക്കണം..!
നേരുകള്‍ നുണകള്‍ക്ക്
ഓഹരി വില്‍ക്കുന്നതിന്‍ മുന്‍പേ
എന്റെ സ്വപ്നങ്ങള്‍ക്കും
നേരു തികഞ്ഞിരുന്നിരിക്കണം..!
ഇപ്പോള്‍ എന്റെ സ്വപ്നങ്ങളെ
കാണ്മാനില്ല..
ഞാനറിയാതെയാരാണു
അവ കട്ടെടുത്തത്?
അല്ലെങ്കില്‍ വിറ്റ്തുലച്ചത്??
അതുമല്ലെന്കില്‍ കൂട്ടികൊടുത്തത്???
ദിനപത്രങ്ങളില്‍, ചാനലുകളില്‍
കാണാതെ കണ്ടെത്തപ്പെടാന്‍ വേണ്ടി
ഒരു കോളം വാര്‍ത്ത..!
ഒരു ലൈവ് ചര്‍ച്ച....!!
പിന്കാഴ്ച..
**
തീരാത്തൊരഴലിന്റെ
മഷിയില്‍ മുക്കിത്തേച്ച
മായാതെ മായുന്ന
...പടമാണ് ജീവിതം..
ഉടയാത്ത മൌനത്തിന്‍
കടലായിരം തീര്‍ത്ത
വാചാലമാം തിരക-
ളാണെന്റെ പ്രണയം..
മഴയുടെ കുളിര്‍വിരല്‍
തുമ്പു കൊണ്ടീ കാല-
ദര്പ്പണത്തില്‍ പോറു-
മീറനാം ബാല്യം...
പുലരിയില്‍ വെയില്‍ മേഞ്ഞ
പാതയില്‍ പതിയെ-
യലിയുന്ന ഹിമബിന്ദു-
വാണെന്റെ യൌവനം..
പുഴയുടെ പുളിനപദനങ്ങളില്‍
ഒഴുകി..
ഒഴുകിയലയുന്നൊരോടങ്ങ-
ളോര്‍മ്മകള്‍..!
ഇരവിലെയിരുള്‍ തേഞ്ഞ
നിലവിന്റെ നെറുകയില്‍
ചന്ദനം ചാര്‍ത്തുന്ന
സ്മൃതിയുടെ സുഗന്ധം..!!
**
ദൃക്സാക്ഷിയോട്..
***
കണ്ണേ മടങ്ങുക;
കണ്ണാടി പോലും
നടുങ്ങുന്ന നേരാണ് മുന്നില്‍..
...മണ്ണോടു ചേരുന്നതിന്‍ മുന്‍പ് കാണുവാന്‍
മണ്ണിലൊരു നരകം വിളിക്കുന്നു..!
ആതുരഗൃഹത്തിന്റെ മൌനങ്ങളില്‍
ആകുലവേപമാലാര്‍ക്കുമീ നഗ്നത..
ആരോ വിശപ്പിന്റെ തീച്ചൂളയില്‍
അഗ്നിനാളമായുരുകിത്തിളക്കുന്നു..!
കണ്ണേ മറക്കുക;
കണ്ണീര്‍ തുടക്കുക..
ഭഗ്നമാം ദുസ്വപ്നമൂറുന്നൊരോര്‍മ്മയെ
വെണ്ണീറു കൊണ്ട് പുതക്കുക
വിഷഗന്ധമേറ്റ നെല്മണികള്‍ വിതക്കുക
വിധി മൌനമായേറ്റു വാങ്ങാന്‍ പഠിക്കുക..!
പൊട്ടിപ്പിളര്‍ന്ന കപാലങ്ങള്‍ തേടി
നട്ടതീ വിദ്യാകലാപങ്ങള്‍;
കെട്ട നപുംസകസ്പന്ദനങ്ങള്‍
നാട്ടിന്നിച്ചയറിയാത്ത സചിവാരവങ്ങള്‍..!!
കണ്ണേയൊടുങ്ങുക;
മണ്ണായ് നുറുങ്ങുക...
മതില്‍ കെട്ടി മുറിയുന്ന,
ചിത നീറ്റിയെരിയുന്ന,
മലയാണ്മ തന്‍ ചരിതായനത്തില്‍..
നില തെറ്റി വീഴുന്ന യൊവ്വനത്തില്‍..
ഈ നന്ഗ്ന ശോകത്തില്‍..;
മണ്ണിനെ, മരങ്ങളെ,
പുഴയെ, മേഘങ്ങളെ,
ചിന്തകളിറ്റുന്ന സിരയെ-
സംസ്കൃതിയെ
വില പേശി വില്‍ക്കുന്ന ജാരസേകത്തില്‍
ഇനിയെന്തിനായ് കാത്തുനില്‍ക്കുന്നു..??
*
ഇനിയെറിയാനൊരു പരശുവില്ലത്രേ...!
ഇനിയും വരാനൊരു രാമനില്ലത്രേ....!!
-------അശുഭം------
Monday, July 2, 2012
തലയും, വാലും...
തലക്കഷ്ണം:
ഇന്നെന്റെ ദിവ്യദൃഷ്ടിയില്‍...
ഒരു സുനാമിയുടെ പരകായ പ്രവേശം..!
ആര്‍ത്തട്ടഹസിച്ചു,
തിരമാലകളില്‍ സ്വയം കൊരുത്ത്,
ജനസമുദ്രത്തിന്റെ പുറപ്പാട്..!!
വിപ്ലവത്തിന്റെ ചായക്കോപ്പകള്‍
ഉരുക്കിപ്പണിത വാള്‍മുനകളില്‍
പിടഞ്ഞ രക്തസാക്ഷികളുടെ
പുനര്‍ജന്മ കാണ്ഡം..
തകര്‍ത്തെറിയാന്‍
വിഷലിപ്തമായ ആശയങ്ങള്‍..;
ആമാശയങ്ങള്‍ക്ക് വേണ്ടി
''ആരോ'' തിരുത്തിയ ആദര്‍ശങ്ങള്‍...!
വക്ക് പൊട്ടിയ "ബക്കറ്റുകള്‍" പണിയുന്ന
വിസ്മയ രമ്യഹര്മ്മ്യങ്ങള്‍..!!
*
നടുക്കഷ്ണം:
ഇന്നെന്റെ ആറാമിന്ദ്രിയം
ഒരു ബൈക്കിന്റെ ഇരമ്പമറിയുന്നു...
തലച്ചോറില്‍ സ്വപ്നങ്ങളുടെ പുഴുക്കളരിച്ചു,
അമ്പത്തൊന്നു ഖട്ഗക്ഷതങ്ങളില്‍
സ്വയം സ്വപ്നമായി തീര്‍ന്നോരാള്‍
എന്നോട് മെല്ലെ മന്ത്രിക്കുന്ന പോലെ:
""രക്തസാക്ഷിയെന്നു എന്നെ വിളിക്കരുത്,
ഞാനെന്റെ സ്വപ്നങ്ങളുടെ സാക്ഷിയാണ്......!!
എന്റെയോര്‍മ്മയില്‍ നുരഞ്ഞു പതയുന്ന
വാക്കുകളെടുത്തു വിതച്ചു കൊയ്ത്
നീ,
നിന്‍റെ ആശയം കൊണ്ടോരായുധം പണിയുക..!
കൊല്ലാനല്ല; കൊല്ലപ്പെടാതിരിക്കാന്‍..!!
ഇനിയെന്നെയാരാണ് വധിക്കുക?
ഞാനിനിയെന്നേക്കുമായി ജനിച്ചു കഴിഞ്ഞില്ലേ??""
*
വാല്‍ക്കഷ്ണം:
"അഭിനവ" സഖാക്കളെ..
നിങ്ങളൊരുക്കുന്ന കല്തുരുങ്കില്‍
കരയുന്ന മാര്‍ക്സ്, ഏന്‍ഗല്‍സ്..
പിടയുന്ന ചെഗുവേര..!!
ഇന്നെന്റെ ദിവ്യദൃഷ്ടിയില്‍...
ഒരു സുനാമിയുടെ പരകായ പ്രവേശം..!
ആര്‍ത്തട്ടഹസിച്ചു,
തിരമാലകളില്‍ സ്വയം കൊരുത്ത്,
ജനസമുദ്രത്തിന്റെ പുറപ്പാട്..!!
വിപ്ലവത്തിന്റെ ചായക്കോപ്പകള്‍
ഉരുക്കിപ്പണിത വാള്‍മുനകളില്‍
പിടഞ്ഞ രക്തസാക്ഷികളുടെ
പുനര്‍ജന്മ കാണ്ഡം..
തകര്‍ത്തെറിയാന്‍
വിഷലിപ്തമായ ആശയങ്ങള്‍..;
ആമാശയങ്ങള്‍ക്ക് വേണ്ടി
''ആരോ'' തിരുത്തിയ ആദര്‍ശങ്ങള്‍...!
വക്ക് പൊട്ടിയ "ബക്കറ്റുകള്‍" പണിയുന്ന
വിസ്മയ രമ്യഹര്മ്മ്യങ്ങള്‍..!!
*
നടുക്കഷ്ണം:
ഇന്നെന്റെ ആറാമിന്ദ്രിയം
ഒരു ബൈക്കിന്റെ ഇരമ്പമറിയുന്നു...
തലച്ചോറില്‍ സ്വപ്നങ്ങളുടെ പുഴുക്കളരിച്ചു,
അമ്പത്തൊന്നു ഖട്ഗക്ഷതങ്ങളില്‍
സ്വയം സ്വപ്നമായി തീര്‍ന്നോരാള്‍
എന്നോട് മെല്ലെ മന്ത്രിക്കുന്ന പോലെ:
""രക്തസാക്ഷിയെന്നു എന്നെ വിളിക്കരുത്,
ഞാനെന്റെ സ്വപ്നങ്ങളുടെ സാക്ഷിയാണ്......!!
എന്റെയോര്‍മ്മയില്‍ നുരഞ്ഞു പതയുന്ന
വാക്കുകളെടുത്തു വിതച്ചു കൊയ്ത്
നീ,
നിന്‍റെ ആശയം കൊണ്ടോരായുധം പണിയുക..!
കൊല്ലാനല്ല; കൊല്ലപ്പെടാതിരിക്കാന്‍..!!
ഇനിയെന്നെയാരാണ് വധിക്കുക?
ഞാനിനിയെന്നേക്കുമായി ജനിച്ചു കഴിഞ്ഞില്ലേ??""
*
വാല്‍ക്കഷ്ണം:
"അഭിനവ" സഖാക്കളെ..
നിങ്ങളൊരുക്കുന്ന കല്തുരുങ്കില്‍
കരയുന്ന മാര്‍ക്സ്, ഏന്‍ഗല്‍സ്..
പിടയുന്ന ചെഗുവേര..!!
----ശുഭം??----
Wednesday, February 2, 2011
വിളക്കുകള്‍
വിളക്കുകള്‍ സ്വയമെരിഞ്ഞ കാലമുണ്ടായിരുന്നു..
ഒരിക്കല്‍, ജന്മങ്ങള്‍ക്കപ്പുറത്ത്
പ്രോമിത്യൂസില്‍ നിന്ന് പകര്‍ന്നെരിഞ്ഞ
ഒരു നുള്ള് തീയില്‍ നിന്ന്
പുനര്‍ജനിച്ച അതേ വിളക്കുകള്‍...
സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്,
സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്യത്തിലേക്ക്,
ദൈവികതയില്‍ നിന്ന് മാനവികതയിലേക്ക്
അഗ്നിനാഗങ്ങള്‍ ഫണം വിടര്‍ത്തി..!
മോശയുടെ ചൂരല്‍വടിത്തുമ്പിലും,
പ്രവാചകന്‍റെ നീളന്‍ കുപ്പായക്കയ്യിലും,
ഋഷികളുടെ കമണ്ടലുവിലുമെല്ലാം
മോക്ഷമാര്‍ഗത്തിന്‍റെ മൗനം പുതച്ച്
വിളക്കുകള്‍ എരിഞ്ഞടങ്ങി...!
ഇപ്പോള്‍
വിളക്കുകള്‍ക്കു നല്ല കാലം..
വിദ്യുത്ചാലകങ്ങള്‍ പകല്‍ജാലകം തീര്‍ക്കുന്ന
കലികാല മലകളില്‍
കച്ചവട വിശ്വാസത്തിന്‍റെ മുഖം മൂടി പോലെ
വിളക്കുകള്‍ തെളിയുന്നു..
ഒരിത്തിരി വോട്ടുകള്‍ക്ക് വേണ്ടി
രാഷ്ട്രീയ "യമികളുടെ" മൗനം;
അരാജകത്വ സംഹിതയിലേക്കുള്ള
തീരാ പലായനം.!
----------------------ശുഭം-----------------------------------
Wednesday, May 5, 2010
മരുഭൂമിയെ കുറിച്ച്..
മണല്‍ത്തരികള്‍
അശാന്തമായ മൌനവുമായി
ഉഷ്ണമാപിനികളെ പൊള്ളിച്ചു
കാറ്റിന്‍റെ വിരല്‍ത്തുമ്പിലിളകി
യാത്ര ചെയ്യുന്നോരിടം..!
പിറവിയുടെ നൈമിഷികതയുമായി
സാകേതങ്ങള്‍..
ഒരു നിമിഷത്തിലെ പര്‍വതം
മറു നിമിഷത്തിലെ സമതലമായി;
ജീവിതം നിര്‍വചനമായി
ഇവിടെ വിയര്‍ത്തു കിടക്കുന്നു..!
മരീചികയിലേക്ക് തുറക്കപ്പെടുന്ന
അദൃശ്യ ജാലകങ്ങള്‍..
കണ്ണുകള്‍ സാധ്യതകളുടെ
ദ്രിശ്യവത്കരണ ദര്‍പ്പണങ്ങള്‍..!
മരുഭൂവിലേക്കെറിഞ്ഞുടയാന്‍
മേഘമൊരു സ്ഫടികദളമായിരുന്നെങ്കില്‍
എന്‍റെയാത്മാവിലെരിയുന്ന
ഏകാന്തതയുടെ ഊഷരശ്മശാനങ്ങള്‍
നനഞൊടുങ്ങുമായിരുന്നു..
മഴയുടെ നഗ്നതയിലേക്ക് തപസ്സിരിക്കാന്‍
മരുവിലെ ചിതറുന്ന മണല്‍കൊമ്പിലേക്ക്
എന്നാണൊരു വേഴാമ്പലിന്‍റെ പുറപ്പാട്....??
-----ശുഭം-----
അശാന്തമായ മൌനവുമായി
ഉഷ്ണമാപിനികളെ പൊള്ളിച്ചു
കാറ്റിന്‍റെ വിരല്‍ത്തുമ്പിലിളകി
യാത്ര ചെയ്യുന്നോരിടം..!
പിറവിയുടെ നൈമിഷികതയുമായി
സാകേതങ്ങള്‍..
ഒരു നിമിഷത്തിലെ പര്‍വതം
മറു നിമിഷത്തിലെ സമതലമായി;
ജീവിതം നിര്‍വചനമായി
ഇവിടെ വിയര്‍ത്തു കിടക്കുന്നു..!
മരീചികയിലേക്ക് തുറക്കപ്പെടുന്ന
അദൃശ്യ ജാലകങ്ങള്‍..
കണ്ണുകള്‍ സാധ്യതകളുടെ
ദ്രിശ്യവത്കരണ ദര്‍പ്പണങ്ങള്‍..!
മരുഭൂവിലേക്കെറിഞ്ഞുടയാന്‍
മേഘമൊരു സ്ഫടികദളമായിരുന്നെങ്കില്‍
എന്‍റെയാത്മാവിലെരിയുന്ന
ഏകാന്തതയുടെ ഊഷരശ്മശാനങ്ങള്‍
നനഞൊടുങ്ങുമായിരുന്നു..
മഴയുടെ നഗ്നതയിലേക്ക് തപസ്സിരിക്കാന്‍
മരുവിലെ ചിതറുന്ന മണല്‍കൊമ്പിലേക്ക്
എന്നാണൊരു വേഴാമ്പലിന്‍റെ പുറപ്പാട്....??
-----ശുഭം-----
Subscribe to:
Posts (Atom)





