അന്നു നീ കനവുകള്‍ കൊണ്ടൊ-
രത്താഴം ഒരുക്കിവെച്ചു;
നിന്‍റെ- പിഞ്ചു മോഹങ്ങളെ
ഊട്ടിയുറക്കുവാന്‍..!
പാതിപോലും നിറയാത്തൊരുദരത്തി-
ലുദാത്തമാം കവിതകള്‍ മാത്രം;
അത് നിന്‍റെ പശിയടക്കുന്നു..
നീ നിന്‍റെയഴല്‍ മറക്കുന്നു..!
തെരുവിലെക്കവിയാണ് നീ......
തീരാ- നോവിന്‍റെ കനലാണ് നീ...!
നേരുള്ള നിനവുകള്‍
എരിവുള്ള ജീവിതം
പിടയുന്ന വാക്കുകള്‍
പടരുന്ന കവിത...!!!
തെരുവിലെക്കവിയാണ് നീ......
തീരാ- നോവിന്‍റെ നിഴലാണ് നീ...!
(എരിതീയിലുരുകുന്നൊരീയലോ ജന്മം??
വറുതിയില്‍ വിരിയുന്ന
പൂക്കളോ കാലം??
ജീവിച്ചിരിക്കേ കാണാത്ത പാദങ്ങള്‍
മരണശേഷം പാടിവാഴ്ത്തുന്ന ലോകമേ...!! )
തെരുവിലെക്കവിയാണ് നീ
എന്‍റെ- ഉയിരിലെത്തിരിയാണ് നീ....!
നീ തകര്‍ത്തേതോ മതില്‍ക്കെട്ടുകള്‍
മനസ്സിന്‍റെ മേലേ പണിഞ്ഞതാണാരോ..
നീ വരച്ചിട്ടതാം പാതകള്‍ കവിത തന്‍
വിരല്‍ നീട്ടിയെന്നെ വഴി നടത്തുന്നു..
തെരുവിലെക്കവിയാണ് നീ
എന്‍റെ- ഇരവിന്‍റെ നിലവാണ് നീ..
നീ കെട്ടിയാടിയ വേഷങ്ങള്‍
നിയതിയുടെ ദോഷങ്ങള്‍ തീണ്ടിയും;
സദാചാര ത്തെരുവിലെ
വിഷപാന പാത്രമായ്
നീ തന്നെ മാറിയും....!!
ഒടുവില്‍,
ഉറുമ്പരിച്ച കവിതയായ്
നീ തന്നെ നിന്നെ വായിച്ച് വായിച്ച്.....!!