എന്നെ ലൈക്കണേ....

Wednesday, March 18, 2015

മാര്‍ത്തഹള്ളിയിലെ നായ്ക്കള്‍


****
നായ്ക്കളെ കുറിച്ച്
കവിതയെഴുതുമ്പോള്‍
അറ്റം കൂര്‍ത്ത അണപ്പല്ലുകള്‍ 
ഓര്‍മ്മയില്‍ ആഴ്ന്നിറങ്ങുന്നു..!
മാര്‍ത്തഹള്ളിയില്‍
മോണോറെയിലിനു
കുറുകെ കടന്നു
ചിന്നപ്പനള്ളിയിലേക്കുള്ള
മണ്‍റോട്ടിലൂടെ
അര്‍ദ്ധരാത്രിക്ക് ഒരിക്കല്‍ മാത്രം
പോയാല്‍ മതി..
അരിച്ചിറങ്ങുന്ന
ചിവീടുകളുടെ
രാപ്പാട്ടുകള്‍ക്ക് മേലെ
ശ്വാനമര്‍മ്മരങ്ങള്‍
കൂട്ടുകിടക്കുന്ന പാതയില്‍
ഒരിക്കലെങ്കിലും
ഒറ്റപ്പെട്ടു പോവാത്തവര്‍
ഉണ്ടാവില്ല..
സംഭീതമായ
അവസ്ഥയാണത്..!
കുളിരുന്ന ഡിസംബറിലും
ഉഷ്ണമഴ പെയ്യുന്ന
മേഘമാകും നമ്മുടെ മേനി!!
ഷെട്ടി പോലീസിന്‍റെ
മുന്‍പില്‍ പോലും
ഇത്രയ്ക്കു ചൂളേണ്ടി വന്നിട്ടുണ്ടാകില്ല...
മാര്‍ത്തഹള്ളിയിലെ
തെരുവുനായ്ക്കള്‍
പകല്‍മാന്യന്മാരാണ്..
വാലാട്ടിക്കൊണ്ടല്ലാതെ
അവരെ കാണുവാനാകില്ല,
നാവു നീട്ടി യാചിക്കുന്നതു പോലെ
നമ്മള്‍ക്ക് അനുഭവപ്പെടും..
ചാവാലിപ്പട്ടികള്‍;
കാലു മടക്കി തൊഴിച്ചാല്‍ പോലും
നീട്ടി ഞരങ്ങി
കച്ചറഡബ്ബയുടെ ചാരത്ത്;
അഴുക്കുചാലിന്‍റെ ഓരത്ത്
ഒറ്റപ്പെടും; ഓരോ നായ്ക്കളും.. !
പകല്‍ 'സംഘടിക്കാത്ത' ഇസങ്ങളാണ്
ഓരോ നായ്ക്കുരകളും..!!
രാത്രിവണ്ടിയുടെ
അവസാനശ്വാസവും
അലിഞ്ഞു തീര്‍ന്ന
അന്തരീക്ഷത്തില്‍
നായ്ക്കളുടെ
വിറ പൂണ്ട അമറലുകള്‍
ഹാര്‍മണിചൂടും..
നായ്ക്കള്‍
ഒരൊറ്റ മേനിയുടെ
ഫ്രെയിമില്‍ പകുക്കപ്പെടുന്നതു
നമുക്ക് മനസ്സിലാകും..
പിന്തിരിയാന്‍
കാലുകള്‍ ശ്രമപ്പെടുമ്പോഴേക്കും
ഇരുട്ടില്‍ നിന്ന്
ഒരായിരം കാലുകളുള്ള
ഒരു നായ നമ്മുടെ നേര്‍ക്ക്‌
ആയം പിടിക്കുന്നുണ്ടാകും..
ചില തെരുവുകളിലെ
മനുഷ്യനായ്ക്കളെ
കുറിച്ച് വായിച്ചു തീര്‍ന്ന
ദിവസം
മാര്‍ത്തഹള്ളിയിലെ നായ്ക്കളെ
ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി..
പിന്തിരിഞ്ഞോടിയ
ആരൊക്കെയോ ആണ്
മാര്‍ത്തഹള്ളിയിലെ നായ്ക്കളുടെ
കടി കൊണ്ടത്‌..
ധൈര്യത്തോടെ അവയെ
കവച്ചു കടന്ന
ഒരാളെയും
അവയുടെ കോമ്പല്ലുകള്‍
പിന്തുടര്‍ന്നില്ല..!
മാര്‍ത്തഹള്ളിയില്‍
ഇപ്പോള്‍ നായ്ക്കള്‍
ബാക്കിയുണ്ടോ എന്തോ?
വന്ധ്യംകരിച്ചു
വരിയുടച്ച്
മനുഷ്യര്‍
അവയുടെ
എണ്ണം കുറച്ചു
തങ്ങളില്‍  ചേര്‍ത്തു... !!
.....
മാര്‍ത്തഹള്ളി : ബാങ്ലൂരിലെ ഒരു സ്ഥലം 

Sunday, March 1, 2015

കവിതയെന്ന രാജ്യം


എവിടെയാണെന്‍റെ സിംഹാസനം..? 
അധികാരചിഹ്നമായ് 
ശിരസ്സിലണിയിക്കുവാന്‍
വിശ്വം വണങ്ങുന്ന പൊന്‍കിരീടം ??

കവിതയാണെന്‍റെ യാഗാശ്വം..!
ദിഗ് വിജയത്തിനായിരം ഹൃദയരാജധാനികള്‍
പലായനത്തിന്‍ പാദ-
ചിഹ്നങ്ങളണിയുന്ന ജീവിതപ്പെരുവഴി..
പഴയ വേടന്‍റെയമ്പു ജന്മങ്ങളില്‍ പേറും
പ്രാക്കളുടെ ചിറകടി;
മുനികളുടെ മൗനസേകങ്ങള്‍…!
ഉത്തരാധുനികത !!

എന്‍റെ കുതിരക്കുളമ്പടിയൊച്ചകള്‍
കടിഞ്ഞാണില്ലാ ഭാവനകളാണതിന്‍ പ്രതിധ്വനി.. !
അവിടെ രത്നാകരത്തിരകള്‍ തിളക്കുന്നു..
മഴ പെയ്തിരമ്പുന്ന പൂക്കള്‍ തളിര്‍ക്കുന്നു..
വെയിലേറ്റ നൊമ്പരച്ചുടലകളില്‍
മഞ്ഞു പൊള്ളുന്ന മൗനമുരുകുന്നു..! 

ആരൊക്കെയോ സ്വയം തീര്‍ത്തു സിംഹാസനം
ആസനങ്ങള്‍ കൊണ്ടു മൂടുവാന്‍
ആസുരപദാവലികള്‍ കൊണ്ടു നാവാടുവാന്‍
സുര പോലെ നുരയുന്ന ബഹുമതികള്‍ നുണയുവാന്‍
സിരകളില്‍ കലഹവും, ശിലയൊത്ത ഹൃദയവും
പേറിയവരെന്നേ സ്വയം തികഞ്ഞു.. ! 

വേറെ ചിലര്‍ക്കായ് സിംഹാസനങ്ങള്‍
തപ സാധകവുമായ് കാത്തിരിക്കുന്നു..
അവരതില്‍ കേറിയിരിക്കാതെ നേരിന്‍റെ
കനല്‍വഴികളില്‍ പാദപതനമാടുന്നു..!

എവിടെയാണെന്‍റെ സിംഹാസനം..?
ചോദ്യമൊരു കവിതയായ് കവിഹൃദയപാളികള്‍ 
കീറിപ്പിളര്‍ക്കുന്നു..
നിണമിറ്റി തൂലികത്തുമ്പില്‍ പരക്കുന്നു..
നഖക്ഷതങ്ങള്‍ പോലെയക്ഷരങ്ങള്‍
നേര്‍ത്ത താളിന്‍റെ മാറിലടരുന്നു.......!!!

.........................
(വെട്ടം ഓണ്‍ലൈന്‍ March 2015) 

Friday, February 27, 2015

കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലൊരു പുഴയനക്കം



മൗനത്തിന്‍റെ നുരയും പതയും
കലരുന്ന നിശ്വാസങ്ങള്‍ക്ക്
പ്രണയത്തിന്‍റെ ഗന്ധമാണ്;
ലവണനിണം വാര്‍ന്ന
സിരാധമനികള്‍ കൊണ്ട്
വിരഹത്തിന്‍റെ ചുഴികളിലേക്ക്
നനഞ്ഞിറങ്ങുങ്ങുന്നുണ്ടെങ്കിലും!
കടല്‍ത്താളുകളില്‍
സ്വയമെഴുതിമാഞ്ഞുപോകുന്ന
ജലലിപികളില്‍ നിന്ന്
തിരകള്‍ക്കൊരു
കരയുടെ ഹൃദയം തൊടാ-
നിത്തിരി ബാക്കി വെക്കണം...
ഓരോ നിലാവും
ഊര്‍ന്നിറങ്ങുന്ന
വേലിയേറ്റങ്ങളില്‍
രതിയുടെ
ഗതിവിഗതികള്‍ കലര്‍ത്തണം...
ആഴങ്ങളില്‍ ഒളിപ്പിച്ചു വെച്ച
മഞ്ഞുമലകള്‍ക്ക് മേലെ
നിലയില്ലാക്കയങ്ങളുടെ
നിസ്സഹായത..
ചക്രവാളങ്ങളിലേക്കു
പരന്നിരമ്പുന്ന ജലപദത്തിന്‍റെ
അപാരസാധ്യതയില്‍
ഒരു പുഴയനക്കത്തിന്‍റെ
നിസ്സാരത...
.....................
അതെ,
നിന്‍റെയോര്‍മ്മകളുടെ
കടല്‍പ്പെരുക്കങ്ങള്‍ക്കിടയിലെന്നും
എന്‍റെ കാത്തിരിപ്പിന്‍റെ
പുഴയനക്കം...........! 

Sunday, February 22, 2015

.......

ജ്വരമാണു പ്രണയമേ
നീ, യെന്നിലുഷ്ണത്തി-
നിടനാഴി പണിയുന്നു
വിരഹബാഹുക്കളാല്‍...!
വ്രണിതസ്വപ്നങ്ങളേ 
നിങ്ങളെന്നന്തിയില്‍
ഇരുളിന്നുടല്‍ പൂകു-
മുയിരില്‍ വിതുമ്പുന്നു...!

പാലങ്ങളാകുന്ന കാലങ്ങളില്‍,
ജന്മങ്ങളാം ജനല്‍പാളികളില്‍
മഴ നെയ്ത ഋതുവാണു
പ്രണയം, നീയെങ്കിലും;
വെയില്‍ വിണ്ട വീഥിയില്‍,
വ്യഥിത ഗമനങ്ങളാ-
മീ പ്രവാസത്തിന്‍റെ
മരുമര്‍മ്മരങ്ങളില്‍..
ഓര്‍മ്മകള്‍ ലിപിയാര്‍ന്ന
കവിതയാകുന്നു നീ;
ഗൃഹാതുരമൊരു നിഴല്‍
പുനര്‍ജനിക്കുന്നിതാ................!!

Friday, January 16, 2015

മരുഭൂമിയിലെ ചില പെണ്ണുങ്ങള്‍

ചിരിയിലകള്‍ കൊഴിഞ്ഞു വീഴും
മരമായതെന്നു നീ ??
ചിതലരിച്ചു പോയ്‌
നിനവിന്‍റെ വേരുകള്‍;
പ്രണയമാം തായ്ത്തടി..!
വെയില്‍ തിന്നു പോയ്‌
കനവിന്‍റെ ശിഖരികള്‍;
ജന്മമുകുളങ്ങള്‍..!
വിയര്‍ക്കുന്ന
മഴമേഘങ്ങള്‍ക്ക് താഴെ
മരുഭൂമിയുടെ ഖബറുണ്ട്..
തണുത്തുറഞ്ഞ ഉടലഴകില്‍
ബെല്ലെ നൃത്തത്തിന്‍റെ ചൂടും..!
പെണ്‍ചിറകുകളില്‍ പറക്കുന്ന
ഒരു കുതിര ക്കിനാവില്‍
ആയിരത്തൊന്നു രാവുകളിലെക്കുള്ള
ഇടനാഴി തുടങ്ങുന്നു....
ഷെഹരസാദ്,
കഥകളുടെ ഒട്ടകങ്ങളെ
കെട്ടിയ ലായവും...!
എന്നിട്ടും,
ആണുടുപ്പിട്ട അടിമച്ചന്തകള്‍
നിന്‍റെ ചന്തികള്‍ക്ക് വില പറയുന്നു..
ഫുലൂസിന്‍റെ ചൂണ്ടയില്‍ കോര്‍ക്കപ്പെട്ട
ഇരയാണ് നീയെന്നു
ഞാനറിയുന്നു..
അറബിയുടെ
അറുപതാണ്ടെത്തിയ ലിംഗസ്രവം
നിറഞ്ഞു തൂവുന്ന കോളാമ്പിക്ക്
നിന്‍റെ മുഖച്ഛായ..!
ഞാന്‍ കാണുന്നു;
പര്‍ദ്ദക്കുള്ളില്‍ നീയതു
ഭംഗിയായ് മറയ്ക്കുന്നുണ്ടെങ്കിലും..!!

..................
സമര്‍പ്പണം: അറബിക്കല്യാണങ്ങളുടെ  ഇരകള്‍ക്ക്


Friday, January 9, 2015

മഴ..


മഴ കളിക്കൂട്ടായിരുന്നെനിക്ക്,
എന്‍റെ ബാല്യകാലത്തിലെ കടലാസുതോണികള്‍..
ചേമ്പില കൊണ്ട് മെനഞ്ഞ മഴക്കുട;
മഴയെന്‍റെ ജന്മസ്വരമായിരുന്നു!!
എങ്ങിനെയാണീ മഴ മേലെ നിന്നും
തുമ്പികള്‍ പോലെ പറന്നിറങ്ങി?
ആരുടേതാണീ ചിലമ്പുന്ന മണികള്‍;
ഏത് കൊലുസില്‍ നിന്നടര്‍ന്നു വീണു?
ചോദ്യങ്ങളൊരു മഴച്ചില്ല് പോലന്നു
ചേതനകളില്‍ വീണലിഞ്ഞു..
ചേതോഹരമാം നിഗൂഡത പോല്‍-
ചരല്‍ക്കല്ലു പോല്‍ മഴയിറ്റു വീണു..

മഴ പിന്നെ പ്രണയിനിയായിരുന്നു..
എന്‍റെ രഥ്യയെ ത്തേടി-
മുകില്‍ തേരിലേറി-
യവളെന്നുമെന്‍ ചാരത്തണഞ്ഞിരുന്നു..

മഴക്കെത്ര ഭാവങ്ങളായിരുന്നെന്നോ?

പിറവിയുടെ ബാധ്യത പൂണ്ട മഴ...
ഇരവിന്‍റെ നേര്‍ത്ത കിനാവുകളില്‍
നിഴല്‍ചാറലായിറ്റുന്ന രാത്രിമഴ...
വേനലായിടറി വിള്ളുന്ന നിനവില്‍
ദുഗ്ധമായുതിരും പകല്‍മഴ...
അമ്മയെപ്പോലെയമ്മിഞ്ഞ നീട്ടുന്നവ...
ദാരത്തെപ്പോലെ കെട്ടിപ്പിടിക്കുന്നവ...
ഭ്രാന്തിയെപ്പോലെയുന്മാദം നിറഞ്ഞവ...
തോഴിയെപ്പോലെ പയ്യാരം പറഞ്ഞവ...!


നൂറ്റാണ്ടുകള്‍ പേറും
ചരിതാവാശിഷ്ടങ്ങള്‍
വേട്ടയാടും അധിനിവേശങ്ങളില്‍...
വ്യഥയുടെ വഹ്നിയാളുന്ന ബോധങ്ങളില്‍...
യമിയുടെ മൌന സത്വങ്ങളില്‍...
തൈജസ-കീടമായ് ചിതറുമീ 

രുധിര ശീതങ്ങള്‍...!

മാറാട് കണ്ടവ...
ഗുജറാത്തിലാര്‍ത്തവ...
ബഗ്ദാദിനൊപ്പം കരഞ്ഞവ...
മ്യാന്മാറില്‍, റുവാണ്ടയില്‍, സയറില്‍, സിലോണില്‍,
തീരാത്ത മര്‍ത്യദുഖങ്ങളില്‍ പെയ്യാതെ-
പെയ്തു തളര്‍ന്നു തോരുന്നവ...

മഴ ശവക്കച്ചയാണിന്നെനിക്ക്...
എന്റെ മരണത്തിനും മുന്‍പേ
യിരുള്‍ നൂലുകള്‍ നൂറ്റ
പടുതയാലെന്നെ(യീ)
മറവികള്‍ പൊതിയുന്ന മുന്‍പേ...
മഴത്തുള്ളികള്‍ വിരുന്നെത്തി-
യെന്നോര്‍മ്മയിലൂടെ തുളചിറങ്ങട്ടെ!!!

-----ശുഭം------ 


Friday, December 19, 2014

മെറി ക്രിസ്തുമസ്


മഞ്ഞുകാലം1 
ഐസ്മേഘംകൊണ്ട് മേല്‍ക്കൂര  കെട്ടിയ ആകാശമാണ്,  
ഓരോ വീടുകളും.. 
നക്ഷത്രങ്ങള്‍ ജിങ്കിള്‍ ബെല്‍സ് പോലെ കിലുങ്ങുന്നു...!  
ഉമ്മറത്തെ  പുല്‍ക്കൂട്ടില്‍ 
ഉണ്ണിയേശു  വൈക്കോല്‍ മെത്തയിലുറങ്ങുന്ന  
ക്രിസ്മസ് രാത്രിയില്‍ നിന്ന് 
മാലാഖമാര്‍ തണുത്ത ചിറകുകള്‍ വീശി 
പറന്നു വരികയാണ്..! 
ഒരു താഴ്വര മുഴുവന്‍ ലില്ലിപ്പൂവുകള്‍ 
വിടര്‍ന്ന പോലെ 
മെഴുതിരികള്‍ തെളിയുന്നു.. 
"എത്ര മനോഹരമാണ് ഈ ലോകം" 
ഈവയുടെ ചുവന്നു തുടുത്ത 
കവിളില്‍ ശ്വാസം കൊണ്ടുരുമ്മി 
ആസ്റ്റര്‍ പറഞ്ഞു.. 
ഹേമന്ദം വെളുപ്പിച്ച ശിഖരങ്ങള്‍ കൊണ്ട് 
പൈന്‍ മരങ്ങള്‍ തലയാട്ടി.. 
മുറിച്ചു വെച്ച കേക്കില്‍ നിന്ന് 
ചെറിപ്പഴങ്ങള്‍ അടര്‍ത്തിയെടുത്ത് 
നുണയുകയായിരുന്നു അവള്‍.. 
"എത്ര മനോഹരമാണ്  ഈ നിമിഷം..!" 
ഈവ അവന്‍റെ മാറില്‍ തലചായ്ച്ചു 

മഞ്ഞുകാലം2 
ഇനിയും തണുക്കാത്ത ഇടവഴിയില്‍ 
വറുതിയുടെ നിറം തേച്ച രാത്രി.. 
ഉഷ്ണം കലര്‍ന്ന ചിരിയുമായ് 
ഈവയെ നോക്കിയിരിക്കുകയാണ്  ആസ്റ്റര്‍ 
ക്രിസ്മസ് കരോള്‍ നഗരത്തില്‍ നിന്ന് ഉയരുന്നു 
പണക്കാരുടെ ആഘോഷമാണല്ലോ 
ക്രിസ്മസ് എന്ന് അവന്‍ പുലമ്പിക്കൊണ്ടിരുന്നു 
നമുക്കും ഒരു നല്ല കാലം വരുമെന്ന് 
ഈവ അവന്‍റെ കാതില്‍ മന്ത്രിച്ചു കൊണ്ടിരുന്നു.. 
അവര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ 
കഴിഞ്ഞിരുന്നില്ല 
അവാസാന പെനിക്ക് മേടിച്ച അപ്പം 
തെരുവില്‍ തളര്‍ന്നു കിടന്ന മേരി അമ്മൂമ്മക്ക്‌ കൊടുത്തു 
വിശപ്പിനെ കുറിച്ച് മറക്കാന്‍ വേണ്ടി 
അവന്‍ മഞ്ഞു കാലത്തെ കുറിച്ച് പാടാന്‍ തുടങ്ങി.. 


മഞ്ഞുകാലം2 ലെ ആസ്റ്റര്‍ ഈവക്ക് പാടിക്കൊടുത്ത പാട്ടാണ് 
മഞ്ഞുകാലം1 എന്ന് കവി പറയുന്നതിന് മുന്‍പ്.......




ക്രിസ്മസ് അപ്പൂപ്പന്‍ സമ്മാനപ്പൊതിയുമായി 
അവരുടെ തകര ഷീറ്റ് കൊണ്ട മേഞ്ഞ വീട്ടില്‍ എത്തി 
കൂടെ മാലാഖമാര്‍ ഉണ്ടായിരുന്നു 
മാലാഖമാരുടെ കയ്യില്‍ 
ഉണ്ണിയേശു ചിരിച്ചു കളിക്കുന്നുണ്ടായിരുന്നു.. 
ആട്ടിടയന്‍മാരും, പണ്ഡിതന്മാരും ഉണ്ടായിരുന്നു.. 
നേര്‍ത്ത ചവര്‍പ്പുള്ള വീഞ്ഞ് പകര്‍ന്നു 
തോഴിമാര്‍ അവരെ സന്തോഷിപ്പിച്ചു 
ക്രിസ്മസ് കരോള്‍ പാടാന്‍ ഗായകവൃന്ദം നിരന്നു.. 

ക്രിസ്മസ് അപ്പൂപ്പന്‍ 
അവര്‍ക്ക് വേണ്ടിയുള്ള സമ്മാനപ്പൊതി തുറന്നു... 

അതില്‍ മഞ്ഞുകാലം1 ആയിരുന്നു..!! 

........ശുഭം...... 
എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹവും, നന്മയും നിറഞ്ഞ  ക്രിസ്മസ് ആശംസകള്‍ 

Thursday, December 18, 2014

പ്രണയശാസ്ത്രം: ജ്യാമിതീയം


പ്രണയമൊരു 
വഴിക്കണക്കാണ്.. 
ഹാര്യവും, 
ഹാരകവും, 
ശിഷ്ടവും 
ഒരു സ്വപ്നത്തിന്‍റെ ചതുരക്കള്ളിയില്‍ 
കലര്‍ന്നു കിടക്കുന്നു.. 

ഇലഞ്ഞിപ്പൂവുകള്‍ 
കൊഴിഞ്ഞു വീണ വഴികളില്‍ 
കാത്തിരിപ്പിന്‍റെ 
ജ്യാമിതീയ രൂപം മെനയുന്ന 
കാല്‍പ്പാടുകള്‍.. 

ഒരു നോട്ടം  ലസാഗുവും 
മറുനോട്ടം  ഉസാഘയും 

ഹൃദയങ്ങള്‍  
ചുവന്ന വൃത്തങ്ങള്‍; 
കുറുകെ വരഞ്ഞ രേഖകള്‍ പോലെ 
സിരാധമനികള്‍.. !

സ്മൃതികള്‍ 
സ്മേരങ്ങളില്‍ പൊതിഞ്ഞു 
ഗതകാലത്തിലേക്ക് നീട്ടിത്തൊടുന്ന 
സ്കെയില്‍ ദൂരങ്ങള്‍.. 

മിഴിയിലെ  മോഹങ്ങള്‍,  
നിറഞ്ഞു തുളുമ്പിയ  
ഏഞ്ചുവടിക്കടലുകള്‍ 
മൊഴിയിലെ മൗനങ്ങള്‍,  
അലിഞ്ഞുമെലിഞ്ഞ  
പൈത്തഗോറസ് കനലുകള്‍ 

ചുംബനങ്ങള്‍  
നാഗവേഗങ്ങളില്‍ ഇഴയുന്ന 
സങ്കലനങ്ങള്‍..  
വിരഹങ്ങള്‍ 
ശ്യാമലിപികളില്‍ പിടയുന്ന 
വ്യവകലനങ്ങള്‍..
 
*
പ്രണയം 
വെയിലിനെ നിലാവാക്കുന്ന 
കോമ്പസ് ക്കിനാവാണ്..! 
യാഥാര്‍ത്യം, 
വക്ക് പൊട്ടിയ റബ്ബര്‍ത്തുണ്ടാകുന്ന 
ജീവിതത്തിന്‍റെ ഇന്‍സ്ട്രുമെന്റ് ബോക്സ്..!!

......... 

ഉറക്കത്തിന്‍റെ നീതിശാസ്ത്രം



ഓരോ ഉറക്കത്തിലേക്കുള്ള വഴിയിലും  
മരണത്തിന്‍റെ ഒച്ചുകള്‍ ഇഴയുന്നുണ്ട്.. 
നേര്‍ത്ത സ്വപ്നത്തിന്‍റെ സ്ഫടികശിലകള്‍  
ചുറ്റിലും നിറയുകയാണ്‌.... 
ഒരു മറവിയുടെ ഇരുളിനപ്പുറം 
ഓര്‍മ്മയുടെ ഒരു നദിയൊഴുകുന്നു.. 
പിറവി നനുത്ത മഴയാണ്; 
നിദ്രയില്‍ കുറുകുന്ന 
നെഞ്ചുകൂട്ടിലെ കിളിപ്പിറവികള്‍ 
മരണത്തില്‍ നിന്നും നമ്മളെ 
വിളിച്ചുണര്‍ത്തുന്നു..! 

ആത്മാവില്‍ നുരഞ്ഞ സാഗരം 
ഒരു ചുണ്ടനക്കത്തില്‍  ഒടുങ്ങുകയാണ്.. 
വഴിയിലെ നിഴലുകള്‍ക്കിപ്പോള്‍ 
ചുംബനങ്ങളുടെ വ്യര്‍ത്ഥവര്‍ണ്ണങ്ങള്‍..! 
ഉറങ്ങുന്നതിനു മുന്‍പ് 
നീയെന്‍റെ ചുണ്ടുകളില്‍ തേച്ച പ്രണയത്തിനു 
വിഷം തീണ്ടിയിരുന്നില്ല 

(ഉറക്കത്തില്‍ നമുക്ക് വസ്ത്രങ്ങളില്ല.. 
ആഹാരവും, പാര്‍പ്പിടവുമില്ല.. 
അതുകൊണ്ട് തന്നെ; 
ചുംബന സമരവും, 
നില്‍പ്പുസമരവും,  
ഇരിപ്പുസമരവും, 
നഗ്നസമരവും,  
ജീവിതസമരവും...!! 

ഉറക്കത്തില്‍ നമുക്ക് ജാതിയില്ല 
മതവും, രാഷ്ട്രീയവുമില്ല .. 
അതുകൊണ്ട് തന്നെ 
അമ്പലവും, 
മോസ്കും, 
ചര്‍ച്ചും, 
ഗുരുദ്വാരയും, 
മന്ത്രിമന്ദിരവും...! )
..
ഉറക്കത്തില്‍ 
നമ്മള്‍ നമ്മളല്ല; 
അല്ലെങ്കില്‍ 
നമ്മള്‍ തന്നെയില്ല! 
നമ്മുടെ  ദൈവം നാം തന്നെയാകുന്നതിനെ കുറിച്ച് 
ഓര്‍ത്തു നോക്കൂ!! 


.....ശുഭം.... 
(ഹരിശ്രീ ഓണ്‍ലൈന്‍ Dec 2014)





Saturday, December 13, 2014

അഭിനവ രജനി




മണ്ണിന്‍റെ പെണ്‍ചൂരു തേടി
ആകാശവേലി ചാടിയ
രാത്രിമേഘങ്ങള്‍ക്കും, 
നിദ്രയിലേക്ക്
പൊട്ടിയൊലിച്ച
സ്വപ്നങ്ങള്‍ക്കും,
ജാരപ്രയാണത്തിന്‍റെ
ജ്വരവര്‍ണ്ണങ്ങള്‍..!
നിനവു കൊണ്ട് തുന്നിയ
പകല്‍പ്പടുതയില്‍
സൂര്യനുടഞ്ഞു വീണു...
വെയില്‍ ചില്ലുകള്‍
നിഴല്‍പ്പടവുകളിലേക്ക്
തറഞ്ഞു മാഞ്ഞു..
ചുംബനങ്ങള്‍ കൊണ്ട്
ഇരവിന്‍റെയധരം
നുണഞ്ഞുണര്‍ന്ന
ഇരുള്‍ഗല്ലിയില്‍
സദാചാരപ്പോലീസിന്‍റെ
ഡ്യൂട്ടി തുടങ്ങുകയാണ്....!!
...  ....