എന്നെ ലൈക്കണേ....

Friday, November 14, 2014

കവിത

ഹൃദയത്തില്‍ നിന്നും 
ഉതിര്‍ന്നു വീഴുന്നൊരീ 
വാക്കിന്‍റെ ചോരയാണെന്‍ കവിത... 
അനുഭവത്തിന്‍റെ 
സൂര്യാതപം നീറ്റുന്ന 
വേനല്‍ച്ചിരാതെന്‍റെ കവിത... 
സങ്കല്‍പ്പമേഘങ്ങള്‍ 
പെയ്തുപാറുന്നൊരീ 
മഴനീര്‍പ്പിറാവെന്‍റെ കവിത... 
ആത്മരോഷത്തിന്‍റെ 
മൂര്‍ച്ചയില്‍ രാകുന്ന 
ഖഡ്ഗങ്ങളാണെന്‍റെ കവിത...! 

ഓര്‍മ്മകള്‍ പൂവിട്ട 
പൂവാംകുരുന്നില 
ബാല്യകാലത്തിന്‍റെ 
ചീയാത്ത പൂമണം... 
മുതല മട, കടലിനല 
പുഴ തൊടും കടവിലെ 
ഓളങ്ങളാണെന്‍റെ കവിത... 

നൊമ്പരങ്ങള്‍ ചരല്‍-
ക്കല്ലുകള്‍ പാകിയ 
നാട്ടുവഴി; വേര്‍പ്പിന്‍റെ
മണമുള്ള പാടം 
നെന്മണികള്‍ നന്മയുടെ 
തേന്‍ തുള്ളികള്‍ 
ആ പഴമ തിരയുന്നതെന്‍ കവിത...

മൌനങ്ങള്‍ വേടന്‍റെ- 
യമ്പായ് തറഞ്ഞ 
പ്രാകുറുകലില്‍ 
ചിറകറ്റ പ്രാണന്‍റെ യീണം 
കോണ്‍ക്രീറ്റു കാടുകള്‍; 
പുനര്‍ജന്മമറിയുന്ന 
വേടക്കിരാതര്‍ 
ആ നേരു ചികയുന്നതെന്‍ കവിത.... 

എന്നിലെയെന്നെഞാന്‍ 
തുന്നുന്ന തൂവാല 
എന്നില്‍ നിന്നെന്നെ  ഞാന്‍ 
കോര്‍ക്കുന്ന മാല 
എന്നിലേക്കെന്നെ ഞാന്‍ 
നോക്കുന്ന ജാലകമാണെന്‍റെ കവിത.....!! 



......... 
വര: അസ്രൂസ് 

Tuesday, November 11, 2014

ഋതു

വേനല്‍ക്കാടുകളില്‍
ഹിമകണങ്ങള്‍
ഒളിച്ചിരിക്കുന്ന
ഒരിലപൊഴിയാമരമുണ്ട്…
ശരത്കാലത്തോട്
പിണങ്ങി,
വസന്തത്തിനോട്
കുണുങ്ങി,
വര്‍ഷത്തിനോട്
ചിണുങ്ങി,
ഹേമന്ദത്തിനോട്
ഇണങ്ങിയങ്ങനെയങ്ങനെ….! 

നിനവിന്‍റെ നിഴല്‍ വീണ
മരത്തണലില്‍
ഇരുളും, നിലാവും,
പകലും, വെയില്‍, മാരിയും
കണ്ണാരം പൊത്തിക്കളിച്ചു..
മസ്തിഷ്കങ്ങളിലേക്ക്
ഒഴുകിപ്പരക്കുന്ന
ചിന്തകളുടെ പുഴകളില്‍
കുളിച്ചീറനാകുന്ന ഭാവനകള്‍….
ഋതുക്കളില്‍ നിന്ന്
അടര്‍ന്നു വീണ
പേരറിയാത്ത കാലങ്ങള്‍
ചിറകില്ലാപക്ഷികളായി
കവിതകളിലേക്ക് ചേക്കേറുന്നു…!
(ജനിമൃതികള്‍ക്കിടയിലെ
ഋതുഭേദങ്ങള്‍ക്ക് പക്ഷെ,
ഒരൊറ്റ നിറമാണ്;
ജീവിതം..!!) 

........................
വെട്ടം ഓണ്‍ലൈന്‍ 
(നവംബര്‍-2014)

Friday, November 7, 2014

ശവപാത്രം*

മൗനമായിരുള്‍ മേഞ്ഞ 
മാംസഗേഹത്തിലെന്‍ 
ജന്മമൊരു രുധിര സ്വപ്നത്തില്‍ 
നിമഗ്നമായ്..; 
പിറവിക്കു മുന്‍പേയുറഞ്ഞതാ- 
ണോര്‍മ്മകള്‍ 
മറവിയുടെ വെട്ടം പൊതിഞ്ഞതാ- 
ണെന്‍ മനം..! 


ഒരു രതിനിമന്ത്രണം 
പിന്‍വഴിയിലെവിടെയോ 
എന്‍റെ സ്വത്വം രചിക്കുന്നു.. 
നിഴലുകളിലുരഗങ്ങ- 
ളുള്‍ ചേര്‍ന്ന കാമത്തി-
ലെന്‍ പിറവി മൗനം ഭജിക്കുന്നു..! 


ഹൃദയം നുറുങ്ങുന്നതെന്തിനോ?
എന്നാത്മശിഖരം നടുങ്ങുന്നതെന്തിനോ? 
ലിപികളണിയാത്തൊരെന്‍ ഭാഷയാലീ 
പ്രജ്ഞ തന്‍താളിലെഴുതുന്ന നേരം?? 


ഒരു പിണം മാത്രമായ് 
ഞാന്‍ പിറക്കും 
നാളെ ഒരു മണ്‍കിനാവെന്ന- 
യേറ്റു വാങ്ങും 
അറുത്തു മാറ്റും മുന്‍പറുത്ത ബന്ധം 
അറിഞ്ഞൊരുപൊക്കിള്‍ കൊടി മാത്രം- 
വേദനിക്കും ...! 


ഒരുതരിസുഖത്തിനായ് 
നിമിഷസേകത്തിന്‍റെ 
സന്താപസന്തതിയാകുന്നു ഞാന്‍ 
മറുനിമിഷചിന്തയില്‍ 
പ്രായോഗികത്തിന്‍റെ 
കത്രികപ്പാടിന്‍റെ'യിര'യായി ഞാന്‍..! 


എന്‍റെ സ്വപ്നങ്ങളെ 
വേട്ടയാടിക്കൊന്ന 
കഴുകന്‍റെ കൂര്‍ത്ത നഖങ്ങള്‍ 
എന്‍റെ മോഹങ്ങളെ 
തൂക്കിലേറ്റിക്കൊന്ന 
സദാചാരക്കഴുമരങ്ങള്‍....! 


ആരാണ് ജന്മത്തിനവകാശി 
ദൈവമേ? 
ആരാണ് മരണത്തിനുപചാരം 
ചൊല്ലുവോന്‍..?? 
നീയാണ് ജനിക്കുവാന്‍, 
മരിക്കുവാന്‍, പിഴക്കുവാന്‍ 
കാരണമതെങ്കിലെന്‍ വിധിയുടെ ന്യായവും, 
നിന്‍റെ നയവും പറഞ്ഞീടുക?? 


ഇനിയേതു ജന്മത്തില്‍ 
ഞാന്‍ പിറക്കും 
നിന്‍റെ പിറവിക്കു താതനായ് 
കൂട്ടിരിക്കും..?? 
ചാപിള്ളയായ് നീ പിറക്കുന്ന മുന്നേ 
എന്‍റെ ജീവനെ പകരം തരും??? 



............ 

Saturday, November 1, 2014

പെണ്ണ്

ആണ്‍കടലുകള്‍
പെണ്‍പുഴകളിലേക്ക്
രതിയുടെ വേലിയേറ്റങ്ങള്‍
രചിക്കുന്ന രാത്രികള്‍...
തിരകളെ തടുക്കാന്‍ 
പുലിമുട്ടുകള്‍
പോലുമില്ല.....!
തിരികെയൊഴുകാന്‍
അവളുടെയുടലിനു
പാകമുള്ള ജലവഴിയുമില്ല..!

പെണ്‍ചൂരിനെ
ചുറ്റിപ്പറക്കുന്ന
ലിംഗക്കഴുകന്‍മാര്‍
സദാചാരച്ചങ്ങലയില്‍
കോര്‍ത്തെടുക്കുന്നുണ്ട്,
അവളുടെ സ്വാതന്ത്യം...!
ഒടുവിലൊരു മലവെള്ളപ്പാച്ചില്‍
കടലുകളെ മുക്കിക്കൊന്നു..
പാതിജീവനറ്റ
ചക്രവാളത്തില്‍
സൂര്യനും ചന്ദ്രനും
ഫെമിനിസ്റ്റുകളായി.. !

മരിക്കാത്ത മണ്‍കടല്‍
നോഹയുടെ പെട്ടകം
വാടകയ്ക്ക് വിളിച്ചു
സദാചാര ക്കോടതി കൂടി
പെണ്‍പ്രളയത്തിനു
മേലേ ആണ്‍കുരുതിയുടെ
കഴുമരമുയര്‍ന്നു....!
അവളുടെ ജീവിതത്തെ
ബലാല്‍സംഗം ചെയ്യാന്‍
കഴുമരമൊരു കറുത്ത ലിംഗമായി !!
......  ........
സമര്‍പ്പണം:  റെയ്ഹാനേ ജബ്ബാറി 


Wednesday, October 1, 2014

കാലം.. ലോകം; അപ്പുറമിപ്പുറം

അമ്മയാണെന്നോട് ചൊന്നതീ- 
വാനിന്‍റെയപ്പുറത്തൊരു ലോകമുണ്ടെന്ന്.. 
വെയിലുരുകി യൊഴുകുന്ന 
പുഴകളുണ്ടെന്ന്; 
നിലാമുകില്‍ പെയ്യുന്ന 
മഴകളുണ്ടെന്ന്...! 
നിനവുകള്‍ പൊന്‍പട്ടുടുത്തൊരുങ്ങും, 
കനവിന്‍റെ ഗോതമ്പ്പാടങ്ങളും.. 
നിഴലുകള്‍ നിറം ചേര്‍ന്ന മഴവില്ലുകള്‍, 
അഴലുകളെല്ലാമലിഞ്ഞ  വര്‍ഷം...! 

അമ്മയാണെന്നോട് ചോന്നതീ- 
കാലത്തിനപ്പുറത്തൊരു കാലമുണ്ടെന്ന്... 
നരസിരാധമനികള്‍ ചോരവാര്‍ക്കും- ജാതി- 
മത,ദേശ വിദ്വേഷമില്ലാത്ത കാലം 
പ്രണയവും, പരിണയപ്പുടവകളും- 
പണയമാകാത്ത ജിവിതവിതാനം! 

മാലാഖമാര്‍ മയില്‍പ്പീലി വീശി; 
മന്ദ-മാരുതന്‍ താരാട്ടു പാടി 
ഋതുഭേദമേതിലും മെലിയാത്ത നിളകള്‍ 
മൃദുസുസ്മിതം തരും നാളെകള്‍....! 

അവിടെയില്ല പെണ്ണെഴുത്തുകള്‍;
വര്‍ഗ്ഗസമരങ്ങള്‍  
രതിസംജ്ഞകള്‍ 
സത്യാഗ്രഹങ്ങള്‍ 
കുടിപ്പക 
രാഷ്ട്രീയം 
പരിപ്പുവട 
കുരിശ് 
കുന്തം 
തൊപ്പി 
കബന്ധങ്ങള്‍ 
ശവക്കുഴി 
വിഗ്രഹം 
ദല്ലാള്‍ 
മന്ത്രി 
തന്ത്രി 
ലോഡ്ജ് 
ദിനപ്പത്രം 
ചാനലുകള്‍ 
ലൈവ് ചര്‍ച്ച 
വേശ്യാലയം 
ബീവറേജ് 
പീഡനം 
ബാലവേല 
അഴിമതി 
വോട്ടു ബേങ്ക് 
വിലക്കയറ്റം 
ഗോമാതാവ് 
ധ്യാനം കൂടല്‍ 
കുത്തിമുറി റാതീബ് !! 

അമ്മയാണെന്നോട് ചൊന്നതീ- 
ഭൂവിന്‍റെയപ്പുറം ഊഷരമെന്ന് 
ഇവിടെ നീ തീര്‍ക്കുന്നതരക്കില്ലമെന്ന് 
സ്വയംഹത്യ നിന്‍ വിധിയെന്ന്....!!


.........
പിന്നുര:
വാനിന്‍റെയപ്പുറത്തെ ലോകവും 
കാലത്തിനപ്പുറത്തെ കാലവും 
കാത്തിരിക്കുമ്പോള്‍ തന്നെ 
ഊഷരമല്ലാത്ത ഭൂമിയെ പുല്‍കുക !!

Thursday, September 11, 2014

നീ



ഹൃദയമൊരു ചഷകം;
പ്രണയം നുരക്കുന്ന
വീഞ്ഞാണ് നിന്‍ നിണം...!
നിലാവിന്‍റെ നനവുള്ള
സിരാധമനികള്‍;
കിനാവിന്‍റെ ലഹരി...!
നിദ്ര, തിര മൂടുന്ന
കണ്‍കടലുകള്‍;
രതിമധുരമാഴം..
ഓര്‍മ്മകള്‍ പറവകള്‍
കൃപാലമാകാശം;
മറവി മേഘങ്ങള്‍..!

മഴയാണ് നിന്‍ വിരല്‍
വെയിലാണ് നിന്‍ നിഴല്‍
മഞ്ഞാണ് നിന്നഴല്‍
ഇനിയെന്നുമെന്നിലെ,
ഋതുവാണ് നീ...!


Saturday, September 6, 2014

ഉപ്പിലിട്ട കവിതകള്‍

കവിതയെ  
അവന്‍ ഉപ്പിലിട്ടു വെച്ചിരുന്നു...! 

നെല്ലിക്കയുടെ ചവര്‍പ്പും  
മുളകിന്‍റെ എരിവും 
പാവക്കയുടെ കയ്പ്പും 
മാങ്ങയുടെ പുളിപ്പും, 
ഉപമകളും 
ഉല്‍പ്രേക്ഷകളും 
വൃത്തങ്ങളും 
സമാസങ്ങളുമായി 
വേര്‍തിരിക്കപ്പെടാത്ത 
രുചിഭേദങ്ങളായി 
ചില്ലുകുപ്പികളില്‍ ധ്യാനം പൂണ്ടു! 

കുഴൂരിലെ 
കഴുവേറ്റപ്പെടാത്ത 
ചില നിമിഷങ്ങളില്‍ നിന്ന് 
തിരിച്ചിറങ്ങാന്‍ 
ഇഷ്ടമുണ്ടായിട്ടല്ല! 
പ്രവാസത്തിന്‍റെ 
അറബിച്ചങ്ങലയില്‍ 
കാലും, കാലവും 
പണയം വെച്ചവന്‍റെ ദുര്യോഗം! 

പല മാസം കരിഞ്ഞു 
ഒരു മാസം കിളിര്‍ക്കുന്ന 
ഒരശോക മരത്തെക്കുറിച്ച് 
അവന്‍ ഓര്‍ത്തെടുത്ത പോലെ...!

***
നിലാവ് പെയ്തിറങ്ങുന്ന മുന്നേ 
സ്വച്ഛമായ കിനാവ്‌ പോലെ 
'സച്ചിതാനന്ദ'കാവ്യം 
അന്നെനിക്ക് മോന്തിക്കൂട്ടായി.. 

ആറ്റിന്‍കരയില്‍, 
പാട വരമ്പത്തും നട്ട 
കവിതമരങ്ങള്‍ക്കൊപ്പം 
എന്‍റെ ഹൃദയത്തിലും 
ചില മരപ്പിറവികള്‍...! 

***
തിരികെപ്പോകാന്‍ 
നേരത്താണ് 
കവിതകളെ  
ഉപ്പിലിട്ടു വെച്ച ഭരണിയില്‍ 
നിന്നിത്തിരി 
അവനെനിക്ക് തന്നത്...! 

കാ‍ന്താരി മുളകിനെക്കാള്‍ 
എരിവുള്ള 
അവന്‍റെ കവിതയെ 
രുചിച്ചു രുചിച്ചു 
കൊതി തീര്‍ന്നിരുന്നില്ല... 

എരിഞ്ഞു ചോന്ന 
ചുണ്ടുകള്‍ കൊണ്ട് 
അലിഞ്ഞു ചേര്‍ന്ന 
ഉള്ളുകള്‍ കൊണ്ട് 
യാത്ര പറയാതെ 
യാത്ര തുടര്‍ന്നു.. 

ഇനിയും തീരാത്ത 
എന്നേലും തീരേണ്ട പ്രവാസം...! 













Monday, August 25, 2014

വേര്‍പാടിന്‍റെ വെളിപാടുകള്‍




നിനവുകളിലേക്ക് പടരുന്ന 
തീമഴത്തുള്ളികളില്‍ 
നനഞ്ഞുപൊള്ളിയ 
വേര്‍പാടിന്‍റെ നിമിഷമാണിത്..!
നിന്‍റെ കാലൊച്ചയുടെ
അവസാനമാത്രയും
തേഞ്ഞുതീര്‍ന്ന താഴ്വരത്തണുപ്പില്‍
അകലേക്കൊറ്റപ്പെടുന്ന ഒരു വഴിത്താര....!!

തീക്ഷ്ണമായ പ്രണയത്തില്‍ നിന്ന്
(വിരഹത്തില്‍ നിന്നും)
അടര്‍ന്നു വീണ
ഈ വേദനയുടെ പുറംകുപ്പായങ്ങള്‍
തനുവും മനവും കൊണ്ട്
അണിഞ്ഞു തീര്‍ക്കണം..
വിസ്മൃതികളിലേക്ക്
പിന്തുടരുവാനായി
ഓര്‍മ്മകളുടെ ലാടം പൊതിഞ്ഞ
കുതിരക്കാലുകള്‍ പേറണം...
**ലോകത്തെവിടെയുമുള്ള
നിരാശാകാമുകരുടെ
സൈദ്ധാന്തികപ്രതിസന്ധിയാണിത്‌!

ശേഷം,
ജീവിതത്താഴ്വരയില്‍
ഉടഞ്ഞുവീണ സ്വപ്നങ്ങളുടെ
വിഗ്രഹത്തുണ്ടുകള്‍ പെറുക്കിയെടുത്ത്
പുതിയൊരു മോഹന്‍ജെദാരോ
കണ്ടെടുക്കപ്പെട്ടെക്കാം..
ചവുട്ടിമെതിക്കപ്പെട്ട
മോഹസാമ്രാജ്യങ്ങള്‍ക്കുമേല്‍
അധിനിവേശങ്ങളുടെ രഥചക്രങ്ങള്‍
പടര്‍ന്നുരുണ്ടേക്കാം...

അപ്പോഴും,
കാറ്റിന്‍റെ ഗോവണിയില്‍
ആകാശച്ചില്ലകളിലെവിടെയോ
നഷ്ടപ്പെട്ട പട്ടം പോലെ
ഒരാത്മാവ് പരിതപിക്കുന്നുണ്ടാകും..

വേപഥു തിന്നു തീര്‍ത്ത
ജീവിതത്തെ കുറിച്ച്
ഒരാത്മകഥയെഴുതുകയാണ്
'ടി'യാനിനി ചെയ്യാനുള്ളത്.. !

ഞാനുമൊരു ആത്മകഥ എഴുതിത്തുടങ്ങുകയാണ്!!

..........................

Tuesday, June 10, 2014

നൈതികത; ലൗകികം അലൗകികം


കുമ്പസാരക്കൂടിന് മനുഷ്യനായി പിറക്കാന്‍
ആഗ്രഹമുണ്ടായിട്ടല്ല..
ചില സൃഷ്ടികര്‍മ്മ പരിണിതികളില്‍ ...

ഒടയതമ്പുരാന്‍റെ പരിമിതികള്‍
പൊടുന്നനെ
ഒരുദിവസം
പ്രതീക്ഷിക്കാതെ
വയസ്സറിയിച്ച
പെണ്‍കുട്ടിയില്‍ നിന്നിറ്റിയ
ആര്‍ത്തവരക്തത്തുള്ളികളായതായിരിക്കാം.. !
അല്ലെങ്കില്‍ തന്നെ
കുമ്പസാരം,
പാപങ്ങളുടെ ടാലി സോഫ്റ്റ്‌വെയര്‍
മരപ്പടുതകളില്‍ കൊളുത്തിവെച്ച
ചുണ്ടിനും, ചെവിക്കുമിടയിലെ
അചലകാലമായിരുന്നു... !!

താന്‍ ചെയ്തതല്ലെങ്കിലും,
നൂറ്റാണ്ടുകളുടെ പാപക്കറ പുരണ്ട
ശരീരം കൊണ്ട്
കിളി ചേക്കേറാത്ത കൂട്
മനുഷ്യനെപ്പോലെ,
അല്ല,
മനുഷ്യനായി മാറുകയാണ്..

അവന്‍റെ പാപങ്ങള്‍ തേക്കുന്ന
കുമ്പസാരക്കൂടായി മനുഷ്യനും....!!

(പരകായ പ്രവേശത്തിന്‍റെ
സാധ്യതകളുടെ പറുദീസ)

അകലെ,
ദൈവപുത്രനിലേക്ക്
തറക്കപ്പെടുന്ന കുരിശു
മൂന്നാം ദിനം
ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്ന
ചാനല്‍ ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വേണ്ടി
കവി
കവിതയെ
ഷട്ട്ഡൌണ്‍ ചെയ്യുകയാവണം...

.........
 

Monday, June 9, 2014

വീണ്ടുമൊരു പെണ്‍കുട്ടിയെക്കുറിച്ച്...


-1-
എനിക്ക് പറയാനുള്ളത്,


ആകാശം നിറഞ്ഞ കണ്ണുകളും
സാഗരം നിറഞ്ഞ ചിരികളും
വേനല്‍ പഴുത്ത നോട്ടവും
മഴ തുടുത്ത വാക്കുമായി
മഞ്ഞുപുതച്ച ഒരു പച്ചക്കവിതയില്‍ നിന്നിറങ്ങി വന്ന
കുഞ്ഞു മാലാഖയെ കുറിച്ചാണ്..


പുളിങ്കുരു കൊണ്ട്
കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്
അറ്റം ചതഞ്ഞ ഒരു മയില്‍പ്പീലിത്തുണ്ട് കൊണ്ട്
അവളെന്‍റെ ബാല്യം മെനയുന്നത്
അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍
കാലം പഴയൊരു ടാക്കീസിലെ
തിരശ്ശീലയാവുന്നത് നിങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ടോ?? 


ഇന്നും ഒരു പെണ്‍കുട്ടിയെ കുറിച്ച്
എന്തിനാണ് നീയിങ്ങനെ ഓര്‍ത്തെടുക്കുന്നത്
എന്നൊരു ചെമ്പോത്ത് വാലാട്ടുന്ന
തൊടിയിലേക്ക്‌ 
പഴയൊരു നീലനിക്കറുകാരന്‍
പുള്ളിപ്പയ്യിനെ പോലെ
തുള്ളിച്ചാടി പോകുന്നുണ്ട്...
തോട്ടിന്‍വക്കത്തെ
ഒറ്റാലിക്കൂട്ടില്‍ കുടുങ്ങിയ
പള്ളത്തിയെ പോലെ മനസ്സും..!


-2-
അപ്പോഴും,
ആ പെണ്‍കുട്ടി
സ്വപ്നം നിറഞ്ഞു
നിദ്രയും കടന്നു
രാത്രികളെ കവിഞ്ഞു
പകലുകളിലേക്കെയ്യുന്ന
ചില ചോദ്യങ്ങളുണ്ട്..


ആ ചോദ്യങ്ങളില്‍,
മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ വാവലുകളാകുന്ന 
ചുവന്നു നരച്ച ബാല്‍ക്കണികള്‍ക്കപ്പുറത്ത്
രാതികള്‍ മാത്രം കാണാനുള്ള
കണ്ണുകളുറങ്ങുന്ന ചില ഇടങ്ങളുമുണ്ട്...!


മാലാഖയുടെ വെളുത്ത ചിറകുകളില്‍ 
രുധിരവര്‍ണ്ണം കലര്‍ന്നതെങ്ങിനെയെന്ന
ചോദ്യം ഇപ്പോള്‍ ഉത്തരമാകുന്നു....!!



.............